കുഷ്ഠരോഗികളെ സേവിക്കുന്നതിനായി ജീവിതം സമർപ്പിച്ച ആറ് വിശുദ്ധർ

കുഷ്ഠരോഗികളെ ശുശ്രൂഷിച്ച അനേകം വിശുദ്ധരുണ്ട്. ഇന്ന് പോളിക്രോമോ തെറാപ്പി ചികിത്സയിലൂടെ ഭേദമാക്കാന്‍ കഴിയുന്ന ഒരു രോഗമാണ് കുഷ്ഠം. എന്നാൽ, മുൻപ് അങ്ങനെ ആയിരുന്നില്ല. കുഷ്ഠരോഗം ബാധിച്ചവരെ പരിചരിക്കുന്നതിനായി ജീവിതം സമർപ്പിക്കുകയും ഈ രോഗം മൂലം ദുരിതമനുഭവിക്കുന്ന സഹോദരങ്ങളെ ശുശ്രൂഷിക്കുകയും ചെയ്ത വിശുദ്ധജീവിതങ്ങളെ നമുക്ക് പരിചയപ്പെടാം.

1. മൊളോക്കോയിലെ വി. ഡാമിയൻ

വി. ഡാമിയൻ, 1840 ജനുവരി മൂന്നിന് ബെൽജിയം എന്ന നഗരത്തില്‍ ജനിച്ചു. ഒരു മിഷനറി വൈദികനാകാൻ ആഗ്രഹിച്ച അദ്ദേഹം മിഷനറിയായി തന്നെ അമേരിക്കയിലെ ഹവായിയിലേയ്ക്ക് അയയ്ക്കപ്പെട്ടു. 1864 മെയ് 24 -ന് ഹോണോലുലുവിൽ വച്ച് വൈദികനായി അഭിഷിക്തനായി.

കുഷ്ഠരോഗം പടർന്നുപിടിച്ച സമയത്ത് രോഗികളെ മാത്രം മൊളോക്കോ എന്ന ഒരു ചെറിയ ദ്വീപിൽ മാറ്റിപ്പാർപ്പിച്ചു. ഫാ. ഡാമിയൻ അവരെ സഹായിക്കാനായി അധികാരികളോട് അനുവാദം വാങ്ങി നിരവധി കുഷ്ഠരോഗികളുമായി മൊളോക്കോയിലേയ്ക്ക് വന്നു. ഫാ. ഡാമിയന്റെ സാമിപ്യം കൊണ്ട് ഈ സ്ഥലം വിശുദ്ധീകരിക്കപ്പെട്ടു. ജനങ്ങളുടെ ആത്മീയവും ഭൗതികവുമായ ആവശ്യങ്ങൾ നിറവേറ്റുവാനും രോഗികള്‍ക്ക് അവരുടെ വേദനയിൽ സമാധാനവും പ്രത്യാശയും നൽകുവാനും ഈ വൈദികൻ പരിശ്രമിച്ചു. 1885-ൽ അദ്ദേഹത്തിന് കുഷ്ഠരോഗം പിടിപെട്ടെങ്കിലും ചികിത്സയ്ക്കായി മൊളോക്കോ വിട്ടുപോകുവാൻ അദ്ദേഹം വിസമ്മതിച്ചു. വളരെയേറെ വേദനയുണ്ടായിട്ടും ദ്വീപിൽ തന്റെ ജോലി അദ്ദേഹം തുടർന്നുപോന്നു. അങ്ങനെ കുഷ്ഠരോഗം ബാധിച്ച് 1889 ഏപ്രിൽ 15-ന് അദ്ദേഹം അന്തരിച്ചു.

1995 -ൽ അദ്ദേഹത്തെ വാഴ്ത്തപ്പെട്ട പദവിയിലേയ്ക്ക് ഉയർത്തുകയും 2009 ഒക്ടോബർ 11-ന് വിശുദ്ധനായി നാമകരണം ചെയ്യപ്പെടുകയും ചെയ്തു.

2. കൽക്കട്ടയിലെ വി. മദർ തെരേസ

1910 ആഗസ്റ്റ് 26 -ന് സ്കോപ്ജെയിലില്‍ ജനിച്ച തെരേസ, പിന്നീട് അൽബേനിയയിലും മാസിഡോണിയയിലും ജീവിച്ചു. അവളുടെ യഥാർത്ഥ പേര് ഗോൺഷാ ആഗ്നസ് ബോജാക്ഷിയു എന്നായിരുന്നു. കോൺവെന്റിൽ പ്രവേശിച്ചപ്പോൾ തെരേസ എന്ന് പേര് മാറ്റി.

1928 -ൽ അവൾ ലോറെറ്റോ സിസ്റ്റേഴ്സിന്റെ കോൺഗ്രിഗേഷനിൽ പ്രവേശിക്കുകയും ഒരു വർഷത്തിനുശേഷം ഇന്ത്യയിലെത്തുകയും ചെയ്തു. 1937-ൽ ആദ്യവ്രത വാഗ്ദാനം സ്വീകരിച്ചു. 20 വർഷം ലോറെറ്റോ കോൺഗ്രിഗേഷനിൽ അംഗമായിരുന്നെങ്കിലും 1950 ഒക്ടോബർ ഏഴിന് കൂടുതൽ പാവപ്പെട്ടവരിലേയ്ക്ക് ഇറങ്ങിച്ചെല്ലുവാൻ വേണ്ടി മിഷനറീസ് ഓഫ് ചാരിറ്റി എന്ന കോൺഗ്രിഗേഷൻ സ്ഥാപിച്ചു. ചേരികളിൽ സഞ്ചരിച്ചും കുടുംബങ്ങളെ സന്ദർശിച്ചും കുട്ടികളുടെ മുറിവുകൾ കഴുകിയും കുഷ്ഠരോഗികളെയും ആരുമില്ലാത്തവരെയും സഹായിച്ചും ‘തൊട്ടുകൂടാത്തവർ’ എന്നുപറഞ്ഞ് സമൂഹം മാറ്റിനിര്‍ത്തിയ താഴ്ന്ന ജാതിക്കാരുടെ അടുത്തേയക്ക് ഇറങ്ങിച്ചെല്ലുകയും ചെയ്തു.

സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിച്ച മദർ തെരേസ 1997 സെപ്റ്റംബർ അഞ്ചിന് ഇന്ത്യയിലെ കൊൽക്കത്തയിൽ എൺപത്തിയേഴാം വയസ്സിൽ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. 2016 -ൽ ഫ്രാൻസിസ് മാർപാപ്പ മദർ തെരേസയെ വിശുദ്ധ പദവിയിലേയ്ക്ക് ഉയർത്തി.

3. വി. ജോസ് ഡെൽ റൊസാരിയോ ബ്രോചെറോ

ജോസ് ഗബ്രിയേൽ ഡെൽ റൊസാരിയോ ബ്രോചെറോ 1840 മാർച്ച് 16 -ന് അർജന്റീനയിലെ കോർഡോബയിൽ ആണ് ജനിച്ചത്. 1866 നവംബർ 4 -ന് പുരോഹിതനായി നിയമിതനായി. കോർഡോബ കത്തീഡ്രലിൽ പുരോഹിത ശുശ്രൂഷയ്ക്കായി നിയമിക്കപ്പെട്ട അദ്ദേഹം 1869 നവംബർ 19 -ന് ന്യൂസ്ട്ര സെനോറ ഡി ലോറെറ്റോ സെമിനാരി കോളേജിൽ വികാരിയായി തിരഞ്ഞെടുക്കപ്പെട്ടു. 1916 മുതൽ വില്ല ഡെൽ ട്രാൻസിറ്റോ എന്ന പട്ടണത്തിൽ താമസമാക്കി.

ഫാ. ബ്രോചെറോ, സുവിശേഷം പ്രഘോഷിക്കുന്നതിനും ദരിദ്രരെ പഠിപ്പിക്കുന്നതിനും സഹായിക്കുന്നതിനുമായി തന്റെ ജീവിതം മാറ്റിവച്ചു. കോർഡോബയിൽ ഉണ്ടായ കോളറ പകർച്ചവ്യാധിയിൽ അദ്ദേഹം അനേകർക്ക് താങ്ങായി. കുഷ്ഠരോഗികളെ പരിപാലിച്ചതിന്റെ ഫലമായി 1914 -ൽ രോഗബാധിതനാവുകയും പിന്നീട് രോഗം മൂലം അന്ധനായി മരണപ്പെടുകയുമായിരുന്നു.

2016 ഒക്ടോബർ 16 -ന് അദ്ദേഹത്തെ വിശുദ്ധനായി പ്രഖ്യാപിക്കുകയും അർജന്റീനയിലെ രണ്ടാമത്തെ വിശുദ്ധനായി മാറുകയും ചെയ്തു.

4. വി. മരിയാന്നെ കോപ്പേ

മരിയ അന്ന ബാർബറ കൂബ്, 1838 ജനുവരി 23 -ന് ജർമ്മനിയിലെ ഹെപ്പൻഹൈമിൽ ജനിച്ചു. അവള്‍ക്ക് മൂന്നു വയസ്സുള്ളപ്പോൾ, കുടുംബം അമേരിക്കയിലേയ്ക്ക് മാറി, ന്യൂയോർക്കിലെ യൂട്ടിക്കയിൽ താമസമാക്കി. ഫ്രാൻസിസ്കൻ തേർഡ് ഓർഡർ സിസ്റ്റേഴ്സിനൊപ്പം കോൺവെന്റിൽ പ്രവേശിച്ച ശേഷം മരിയൻ എന്ന പേര് സ്വീകരിച്ചു.

ഹവായിയിലെ ഡേവിഡ് കലാകാവ രാജാവ് കുഷ്ഠരോഗികൾക്ക് സഹായം തേടുന്നുവെന്ന് മനസിലാക്കി മരിയാനും മറ്റ് ആറുപേരും കുഷ്ഠരോഗികളെ ശുശ്രൂഷിക്കാൻ തയ്യാറായി. 1883 -ൽ അവർ മിഷനറിമാരായി ഹൊനോലുലുവിലേയ്ക്കും കുഷ്ഠരോഗികളെ സഹായിക്കാനായി 1888 -ൽ മൊളോക്കോയിലെ കലൂപപയിലേയ്ക്കും മാറി. കുഷ്ഠരോഗികളെ ശുശ്രൂഷിച്ചിരുന്ന വി. ഡാമിയന് ഈ രോഗം പിടിപെട്ടപ്പോൾ മരിയാനെയാണ് അദ്ദേഹത്തെ പരിചരിച്ചത്. അദ്ദേഹത്തിന്റെ മരണശേഷം, അവളും സഹോദരിമാരും അടുത്ത 30 വർഷത്തേയ്ക്ക് കലൂപപ രോഗികളെ പരിചരിച്ചു. 1918 ഓഗസ്റ്റ് ഒൻപതിന് എൺപതാം വയസ്സിൽ രോഗം പിടിപെടാതെ അവള്‍ മരിച്ചു. 2012 ഒക്ടോബർ 21 -ന് ബെനഡിക്റ്റ് പതിനാറാമൻ മരിയാന്നെയെ വിശുദ്ധയാക്കി ഉയർത്തി.

5. വാഴ്ത്തപ്പെട്ട ലൂയിസ് വരിയാര

1875 -ൽ ഇറ്റലിയിലാണ് ലൂയിസ് വരിയാര ജനിച്ചത്. പന്ത്രണ്ടാം വയസ്സിൽ വാൽഡോക്കോ ഓററ്ററിയിൽ പ്രവേശിച്ച അദ്ദേഹം വി. ജോൺ ബോസ്കോയെ ജീവിതത്തിന്റെ അവസാന കാലഘട്ടത്തിൽ കണ്ടുമുട്ടി. ഒരു സലേഷ്യൻ വൈദികനാകണം എന്നതായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം.

നഗരത്തിലെ കുഷ്ഠരോഗികളുടെ മിഷനറിയായിരുന്ന ഫാ. ഉനയെ കണ്ടുമുട്ടിയശേഷം അദ്ദേഹം കൊളംബിയയിലെ അഗുവ ഡി ഡിയോസിലേയ്ക്ക് മാറി. രണ്ടായിരം നിവാസികളുടെ സേവനത്തിനാണ് വരിയാരയെ നിയമിച്ചത്. അതിൽ 800 പേർ രോഗം ബാധിച്ചവരായിരുന്നു. യുവജനങ്ങളുമായി ഇടപെട്ടപ്പോൾ തൊഴിൽപരമായ ആശങ്കകളുള്ള ചില പെൺകുട്ടികളെ അദ്ദേഹം അവിടെ കണ്ടു. പക്ഷേ, ഒരു കോൺഗ്രിഗേഷനും ഒരു കുഷ്ഠരോഗിയെയോ കുഷ്‌ഠരോഗികളുടെ മകളെയോ സ്വീകരിച്ചിരുന്നില്ല. അങ്ങനെ, യേശുവിന്റെയും മറിയത്തിന്റെയും വിശുദ്ധ ഹൃദയങ്ങളുടെ പുത്രിമാരുടെ സഭ ആരംഭിക്കുവാൻ ഫാ. ലൂയിസ് തീരുമാനിച്ചു.

1923 ഫെബ്രുവരി ഒന്നിന് കൊളംബിയയിലെ കൊക്കട്ടയിൽ വച്ച് അദ്ദേഹം അന്തരിച്ചു. 2002 -ൽ വി. ജോൺപോൾ രണ്ടാമൻ പാപ്പാ അദ്ദേഹത്തെ വിശുദ്ധ പദവിയിലേയ്ക്ക് ഉയർത്തി.

6. വാഴ്ത്തപ്പെട്ട ജുവാൻ ബേസിം

1850 മെയ് 15 -ന് വോൾഹീനിയയിലെ ബേസിമി വിയൽകിയിലാണ് ജുവാൻ ബേസിം ജനിച്ചത്. ഉക്രെയ്‌നിലെ ടാർനോപോളിലെയും ചിറോവിലെയും ജെസ്യൂട്ട് സ്കൂളുകളിൽ അധ്യാപകനും സംരക്ഷകനുമായിരുന്നു അദ്ദേഹം. 48-ാം വയസ്സിൽ, കുഷ്ഠരോഗികളെ സേവിക്കാനായി അദ്ദേഹം മഡഗാസ്കറിലേയ്ക്ക് പുറപ്പെട്ടു. സമൂഹത്താല്‍ ഉപേക്ഷിക്കപ്പെടുകയും പാർശ്വവൽക്കരിക്കപ്പെടുകയും ചെയ്ത കുഷ്ഠരോഗികളുടെ ചികിത്സയ്ക്കായി അദ്ദേഹം മുന്നിട്ടുനിന്നു.

വിശ്വാസവും കന്യാമറിയത്തോടുള്ള വലിയ സ്നേഹവുമാണ് അദ്ദേഹത്തിന്റെ സേവനജീവിതത്തിന്റെ സവിശേഷത. 1912 ഒക്ടോബർ രണ്ടിന് അദ്ദേഹം അന്തരിച്ചു. 2002-ൽ വി. ജോൺപോൾ രണ്ടാമൻ പാപ്പാ അദ്ദേഹത്തെ വിശുദ്ധപദവിയിലേയ്‌ക്ക് ഉയർത്തി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.