വര്‍ഷങ്ങള്‍ നീണ്ട തടവറ ജീവിതത്തിനുശേഷം ആയിരങ്ങളോട് ക്രിസ്തുവിനെ പ്രഘോഷിക്കുന്ന തെരേസ ലൂ

ക്രിസ്തുവിശ്വാസം പിന്തുടര്‍ന്നതിന്റെ പേരില്‍ വര്‍ഷങ്ങള്‍ ജയില്‍ശിക്ഷ അനുഭവിക്കേണ്ടി വന്നെങ്കിലും ക്രിസ്തുവിനോടുള്ള സ്‌നേഹത്തില്‍ തരിമ്പുപോലും കുറവ് വന്നിട്ടില്ല തെരേസ ലൂവിന്. അതുകൊണ്ടു തന്നെയാണ് എണ്‍പത്തിയാറു വയസ്സുകാരിയായ തെരേസ ലൂ, ഇന്ന് ചൈനീസ് കുടിയേറ്റക്കാരെയും ഓസ്‌ട്രേലിയന്‍ ജനതയെയും യേശുവിലേയ്ക്ക് നയിക്കുന്നതും.

1957 മുതല്‍ 1977 വരെയാണ് തെരേസ ലൂ ചൈനയിലെ ജയിലില്‍ കഴിഞ്ഞിരുന്നത്. വിചാരണ പോലും ചെയ്യാതെയാണ് തെരേസയെ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ ജയിലിലടച്ചത്. വിപ്ലവ വിരുദ്ധ സംഘടന എന്ന് കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ വിശേഷിപ്പിച്ചിരുന്ന ലീജിയന്‍ ഓഫ് മേരി എന്ന കത്തോലിക്ക അല്‍മായ സംഘടനയില്‍ അംഗമായി എന്നതാണ് അവര്‍ ചെയ്ത കുറ്റം. തുടര്‍ച്ചയായി ഏഴ് മാസം ഏകാന്ത തടവും തെരേസയ്ക്ക് അഭിമുഖീകരിക്കേണ്ടതായി വന്നു.

കൂദാശകളും, ബൈബിളും നിഷേധിക്കപ്പെട്ടിരുന്നുവെങ്കിലും ജയിലില്‍ പ്രാര്‍ത്ഥനയില്‍ അഭയം പ്രാപിച്ച് വിശ്വാസം നെഞ്ചോട് ചേര്‍ത്ത് തെരേസ ലൂ, തന്റെ ക്രിസ്തീയമനോഭാവത്തെ ഊട്ടിയുറപ്പിക്കുകയായിരുന്നു. ഏകാന്തതയുടെ നാളുകളില്‍ കട്ടിലില്‍ ജപമാല നിശബ്ദമായി ചൊല്ലിയാണ് തെരേസ സമയം നീക്കിയത്. ‘ഈശോയെ,നീയല്ലാതെ എനിക്ക് മറ്റൊന്നുമില്ല, നിന്നെ ഉപേക്ഷിക്കാന്‍ എനിക്ക് ഇടയാക്കരുതെ…’ എന്നായിരുന്നു തന്റെ പ്രാര്‍ത്ഥനയെന്ന് തെരേസ വെളിപ്പെടുത്തുന്നു.

ജയില്‍ മോചിതയായതിനു ശേഷം 1980-ല്‍ ഭര്‍ത്താവുമൊന്നിച്ച്, അവര്‍ ഓസ്‌ട്രേലിയയിലേയ്ക്ക് കുടിയേറുകയായിരിന്നു. ഭര്‍ത്താവും 22 വര്‍ഷം ജയിലില്‍ കഴിഞ്ഞ ആളായിരുന്നു. ഇപ്പോള്‍ ദക്ഷിണ സിഡ്‌നിയിലുള്ള സെന്റ് മൈക്കിള്‍സ് ദേവാലയത്തിലെ അംഗമാണ് തെരേസ ലൂ. ചൈനീസ് ഭാഷയായ മന്‍ഡാരിനിലൂടെ ചൈനയില്‍ നിന്നുള്ള കുടിയേറ്റക്കാര്‍ക്ക് തെരേസ, വിശ്വാസപരിശീലനം നല്‍കി വരികയാണ്. ഇതിലൂടെ അനേകരെ കത്തോലിക്കാ വിശ്വാസത്തിലേയ്ക്ക് ആകര്‍ഷിക്കാന്‍ അവര്‍ക്ക് സാധിച്ചു. പ്രാര്‍ത്ഥനയുടെ വ്യക്തി എന്നാണ് തെരേസയെ അറിയുന്നവര്‍ അവരെ വിളിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.