കുഞ്ഞുങ്ങളെ വിശ്വാസത്തിൽ വളർത്താൻ 5 മാർഗ്ഗങ്ങൾ 

    ഇന്ന് ഏറ്റവും കൂടുതൽ വെല്ലുവിളി നേരിടുന്ന ഒന്നാണ് നമ്മുടെ വിശ്വാസം. ഓരോ ദിവസം കഴിയുമ്പോഴും ദൈവ വിശ്വാസത്തെ മുറുകെപ്പിടിക്കുന്നവർക്ക് നേരിടേണ്ടിവരുന്ന പ്രതിസന്ധികൾ ഏറിവരികയാണ്. ഈ സാഹചര്യത്തിൽ നമുക്ക് ചെയ്യാവുന്ന ഒരു കാര്യം ആഴമായ ക്രിസ്തീയമൂല്യങ്ങളുള്ള ഒരു തലമുറയെ വാർത്തെടുക്കുക എന്നതു മാത്രമാണ്.

    കുട്ടികളെ സംബന്ധിച്ചിടത്തോളം അവർ വിശ്വസത്തിൽ വളരണമെങ്കിൽ അതിന് ആവശ്യമായ പരിശീലനം ബാല്യത്തിലെ പകർന്നുനൽകണം. കതിരിൽ കൊണ്ട് വളം വച്ചിട്ട് കാര്യമില്ല എന്ന് മുതിർന്നവർ പറയുന്നതിൽ കാര്യമില്ലാതില്ല എന്ന് പ്രത്യേകം ഓർക്കുമല്ലോ. കുഞ്ഞുങ്ങളിൽ, മാതാപിതാക്കൾ പകർന്നുനൽകുന്ന വിശ്വാസം, മൂല്യങ്ങൾ, അതിന്റെ പ്രാധാന്യം അത് എത്ര വളർന്നാലും അവരുടെ മനസ്സിൽ നിന്ന് മായുകയില്ല. ഇനി അവർ അപ്രതീക്ഷിതമായി തെറ്റായ മാർഗ്ഗത്തിൽ ചരിച്ചാലും അവരുടെയുള്ളിൽ നിങ്ങൾ പകർന്നുനൽകിയ വിശ്വാസമൂല്യങ്ങൾ തെറ്റിന്റെ പാതയിൽ നിന്നും വളരെവേഗം ദൈവത്തിലേയ്ക്ക് ഓടിയടുക്കുവാൻ അവരെ നിർബന്ധിക്കും. അതാണ് ബാല്യത്തിൽ ശരിയായ വിശ്വാസപരിശീലനം നൽകേണ്ടതിന്റെ പ്രാധാന്യവും പ്രയോജനവും.

    കുഞ്ഞുങ്ങൾക്ക് ശരിയായ വിശ്വാസം പകർന്നുനൽകുവാൻ ഉതകുന്ന ഏതാനും ചില മാർഗ്ഗങ്ങൾ ഇതാ:

    1. ദേവാലയവുമായി ബന്ധപ്പെട്ട പരിപാടികളിൽ നിന്ന് കുട്ടികളെ അകറ്റി നിർത്തരുത് 

    കുട്ടികളുടെ വിശ്വാസപരിശീലനത്തിനായി ഓരോ ഇടവകകളിലും പ്രത്യേക പരിപാടികൾ നടത്താറുണ്ട്. വിശ്വാസോത്സവം, വിവിധ സംഘടനകളുടെ നേതൃത്വത്തിൽ നടത്തുന്ന കൂട്ടായ്മകൾ, വിനോദയാത്രകൾ, മതബോധന ക്ലാസുകൾ തുടങ്ങിയവയിൽ നിന്ന് കുട്ടികളെ ഒരിക്കലും അകറ്റിനിർത്തരുത്. മറിച്ച്, വിശ്വാസ സംബന്ധമായ ഇത്തരം കൂട്ടായ്മകളുടെ ഭാഗമായി പ്രവർത്തിക്കുവാൻ പ്രോത്സാഹിപ്പിക്കുക. അത് അവരിൽ വിശ്വാസികളുടെ കൂട്ടായ്മയോട് ചേർന്നുനിൽക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ബോധവാന്മാരാക്കും.

    2. ബൈബിൾ വായന കുട്ടികളെക്കൊണ്ട് ചെയ്യിക്കാം

    അക്ഷരം കൂട്ടിവായിക്കാൻ കഴിയുന്ന പ്രായം മുതലേ കുട്ടികളെക്കൊണ്ട് ബൈബിൾ വായിപ്പിക്കണം. അത് വിശുദ്ധ ഗ്രന്ഥവുമായി ആഴമായ ഒരു ബന്ധം കുട്ടികളിൽ വളർത്തും. കഴിയുമെങ്കിൽ എല്ലാ ദിവസവും രാവിലെ കുട്ടികളെ കൊണ്ട് ബൈബിൾ വായിപ്പിക്കാൻ ശ്രമിക്കണം. ആ ബൈബിൾ വായനയിൽ മാതാപിതാക്കളും ഭക്തിപൂർവ്വം പങ്കുകൊള്ളണം. അതിരാവിലെ വിശുദ്ധ ഗ്രന്ഥം വായിച്ച്, അന്നേദിവസം ദൈവത്തിന് സമർപ്പിക്കുന്ന ശീലം കുട്ടികളിൽ ഉണ്ടാക്കിയെടുത്താൽ അതവരുടെ ജീവിതത്തെ അനുഗ്രഹപ്രദമാക്കി തീർക്കും.

    3. ഇടദിവസങ്ങളിൽ കുട്ടികളെയും കൂട്ടി പള്ളിയിൽ പോകാം

    ഞായറാഴ്ച ഉറപ്പായും കുട്ടികളെ ദേവാലയത്തിൽ അയയ്ക്കുവാൻ മാതാപിതാക്കൾ ശ്രദ്ധിക്കുന്നുണ്ട്. എന്നാൽ, അതല്ലാതെ കഴിയുന്ന ദിവസങ്ങളിലൊക്കെ കുട്ടികളെയും കൂട്ടി വിശുദ്ധ കുർബാനയിൽ പങ്കെടുക്കാൻ ശ്രദ്ധിക്കാം.

    4. കടമുള്ള ദിവസങ്ങൾ വിശുദ്ധമായി ആചരിക്കും

    തിരുസഭ വിശുദ്ധമായി പ്രഖ്യാപിച്ചിരിക്കുന്ന തിരുനാളുകൾ ഏറ്റവും വിശുദ്ധമായി തന്നെ ആചരിക്കുവാൻ കുട്ടികളെ പഠിപ്പിക്കാം. അതിനുള്ള പരിശീലനം ചെറുപ്പം മുതൽ നൽകാം. കടമുള്ള ദിവസങ്ങളുടെ പ്രധാന്യം കുട്ടികൾക്ക് പറഞ്ഞുകൊടുക്കുകയും അന്നേദിവസം വിശുദ്ധ കുർബാനയിൽ പങ്കെടുക്കുവാൻ അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യാം. ഒപ്പംതന്നെ ഇത്തരം ദിവസങ്ങളിൽ ജീവകാരുണ്യ പ്രവർത്തികളിൽ വ്യാപാരിക്കുവാനും ശ്രദ്ധിക്കാം.

    5. സന്ധ്യാപ്രാർത്ഥനയ്ക്ക് ഒരു പ്രത്യേക സമയം മാറ്റിവയ്ക്കാം

    തോന്നുന്ന സമയങ്ങളിൽ തോന്നുന്നപോലെ നടത്തുന്ന ഒന്നായി മാറരുത് കുടുംബങ്ങളിലെ സന്ധ്യാപ്രാർത്ഥന. അതിന് ഒരു നിശ്ചിതസമയം മാറ്റിവയ്ക്കാം. എല്ലാദിവസവും ആ സമയം തന്നെ പ്രാർത്ഥിക്കുവാൻ ശ്രമിക്കണം. ആ സമയങ്ങളിൽ വീട്ടിലുള്ളവർ എല്ലാവരും ഒരുമിച്ചിരുന്ന് പ്രാർത്ഥിക്കുവാൻ ശ്രമിക്കണം. കഴിവതും ഫോൺ സ്വിച്ച് ഓഫ് ചെയ്തു വയ്ക്കുക. നിങ്ങൾ പ്രാർത്ഥനയ്ക്ക് എത്രത്തോളം പ്രാധാന്യം നല്കുന്നുവോ അത്രത്തോളം തന്നെ കുഞ്ഞുങ്ങളുടെ മനസ്സിൽ വിശ്വാസം ആഴപ്പെടും.