2023 -ലെ ലോക യുവജന സംഗമത്തിനായുള്ള തീം സോങ് പുറത്തിറങ്ങി

2023 -ൽ ലിസ്ബണിൽ നടക്കുവാനിരിക്കുന്ന ലോക യുവജന ദിനത്തിന്റെ തീം സോങ് സംഘാടകർ ലോകമെമ്പാടുമുള്ള യുവജനങ്ങൾക്കായി സമർപ്പിച്ചു. “വായുവിൽ വലിയ തിരക്കുണ്ട്” -എന്ന് തുടങ്ങുന്ന ഗാനം പോർച്ചുഗീസ് ഭാഷയിലാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്. പരിശുദ്ധ അമ്മയുടെ ജീവിതവുമായി ബന്ധപ്പെടുത്തി കർമ്മ നിരതരാകുവാനുള്ള യുവജനങ്ങളോടുള്ള ആഹ്വാനമാണ് ഗാനത്തിന്റെ ഉള്ളടക്കം. ഏലീശ്വായുടെ അടുത്തേക്കുള്ള പരിശുദ്ധ കന്യകാ മറിയത്തിന്റെ തിടുക്കത്തിലുള്ള പുറപ്പെടലിനെ പരസ്നേഹത്തിന്റെ മാതൃകയാക്കിക്കൊണ്ട് യുവാക്കളും ജീവിതത്തിൽ മറ്റുള്ളവർക്കായി നിസ്വാർത്ഥതയോടെ സേവനം ചെയ്യണമെന്ന് ഓർമ്മിപ്പിക്കുകയാണിവിടെ.

പോർച്ചുഗീസിന്‌ പുറമെ ഇംഗ്ലീഷ്, സ്പാനിഷ്, ഫ്രഞ്ച്, ഇറ്റാലിയൻ എന്നീ ഭാഷകളിൽകൂടിയും ഗാനം ഇറങ്ങിയിട്ടുണ്ട്. യുവാക്കൾക്ക് കൂടുതൽ ഊർജ്ജം നൽകുന്ന രീതിയിലാണ് ഗാനത്തിന്റെ കോറസ്. കൊറോണ വൈറസിന്റെ പശ്ചാത്തലത്തിൽ ലോക ജനതയ്ക്കുവേണ്ടി യുവാക്കൾക്ക് ഒരുപാട് കാര്യങ്ങൾ ചെയ്യുവാൻ സാധിക്കുമെന്ന് സൂചിപ്പിക്കുന്ന രീതിയിലുള്ളതാണ് വരികൾ. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ലഭിച്ച നൂറിലധികം ഗാനങ്ങളിൽ നിന്നുമാണ് വിദഗ്ധരായ സംഗീതജ്ഞർ ഈ ഗാനം തിരഞ്ഞെടുത്തത്.

1985 -ൽ ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പയാണ് മൂന്ന് വർഷത്തിലൊരിക്കൽ ലോക യുവജന ദിന സംഗമം നടത്തുവാൻ തീരുമാനിച്ചത്. 2022 ഓഗസ്റ്റ് മാസത്തിൽ നടത്തി വന്നിരുന്ന സംഗമം കോവിഡ് 19 മൂലം 2023 ഓഗസ്റ്റിലേക്ക് മാറ്റിവെയ്ക്കുവാൻ കഴിഞ്ഞ വർഷം തന്നെ തീരുമാനിച്ചിരുന്നു.

2023 -ലെ ലിസ്ബൺ യുവജന കൂട്ടായ്‌മയുടെ ഭാഗമായി ഫ്രാൻസിസ് പാപ്പാ ലോകമെമ്പാടുമുള്ള യുവാക്കൾക്ക് ഒരു മിഷൻ ചലഞ്ചു നൽകിയിരുന്നു. കോവിഡ് മഹാമാരിമൂലം ലോകത്തിൽ ഒറ്റപ്പെട്ടു കഴിയുന്ന തങ്ങളുടെ പ്രിയപ്പെട്ടവരെ കണ്ടെത്തി അവരെ ഫോണിലൂടെയോ മറ്റു മാധ്യമങ്ങളിലൂടെയോ ബന്ധപ്പെട്ടുകൊണ്ട് ഒറ്റപ്പെടലിന്റെ വിഷമത്തിൽ നിന്നും മുക്തരാക്കുവാനും നാളെയുടെ സുവിശേഷ പ്രഘോഷകരാകുവാനുമുള്ള വലിയ വെല്ലുവിളിയായിരുന്നു അത്. ലോകമെമ്പാടുമുള്ള അനേകായിരം യുവ ജനങ്ങൾ ഹൃദയപൂർവ്വം ഈ വിളിയെ ഏറ്റെടുത്തു കഴിഞ്ഞു എന്ന് ഭാരവാഹികൾ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.