സുഹൃത്ത് ചൊല്ലിയ ജപമാലയാൽ സൗഖ്യം പ്രാപിച്ച യുവതി

പെട്ടെന്നൊരു ദിവസം താൻ കാൻസർ രോഗബാധിതയാണ് എന്നറിഞ്ഞപ്പോൾ രൂപിക എന്ന യുവതി ആകെ തളർന്നുപോയി. എന്നാൽ അവളുടെ സുഹൃത്തായ ശാന്തിനി കാൽഡേര അവൾക്കു വേണ്ടി മുടങ്ങാതെ ജപമാല ചൊല്ലി പ്രാർത്ഥിച്ചു. സുഹൃത്തിന്റെ സൗഖ്യത്തിനും വിശ്വാസത്തിലുള്ള വളർച്ചയ്ക്കും വേണ്ടിയുള്ള ആ പ്രാർത്ഥന കേൾക്കാതിരിക്കുവാൻ പരിശുദ്ധ അമ്മയ്ക്കും കഴിഞ്ഞില്ല. പരിശുദ്ധ അമ്മയുടെ പ്രത്യേക മദ്ധ്യസ്ഥതയാൽ അത്ഭുതകരമായി രോഗം സുഖപ്പെട്ടു. പ്രതീക്ഷ നഷ്ടപ്പെട്ട രോഗത്തിന്റെ വേദനയിൽ രൂപികയ്ക്ക് ധൈര്യം പകർന്നത് ജപമാല പ്രാർത്ഥനയായിരുന്നു.

“ആരോഗ്യകേന്ദ്രത്തിൽ ഉണ്ടായിരുന്നപ്പോൾ അവൾ വളരെ വിഷാദത്തിലായിരുന്നു. രൂപികയുടെ രോഗവിവിവരം കേട്ടപ്പോൾ എനിക്കും പ്രതീക്ഷ നഷ്ടപ്പെട്ടു. രൂപിക ഒരു ക്രിസ്ത്യൻ കുടുംബത്തിൽ വളർന്നുവന്ന കുട്ടിയായിരുന്നു. എന്നാൽ ചില ബുദ്ധസുഹൃത്തുക്കളുടെ ക്ഷണപ്രകാരം ആ മതത്തിന്റെ പ്രാർത്ഥനകളും ആചാരങ്ങളും അവൾ പിന്തുടർന്നിരുന്നു” – കാൽഡേര പറയുന്നു.

ഇവർ താമസിക്കുന്ന സ്ഥലം വളരെ ദൂരത്തായിരുന്നതിനാൽ വാട്സാപ്പിൽ രൂപികയുമായുള്ള ബന്ധം തുടർന്നു. പകർച്ചവ്യാധിയുടെ നിയന്ത്രണങ്ങൾ കാരണം കാൽഡേരയ്ക്ക് അവളെ നേരിട്ട് സന്ദർശിക്കാൻ കഴിഞ്ഞില്ല. അതിനാൽ കാൽഡേര എല്ലാ ദിവസവും തന്റെ സുഹൃത്തിനു വേണ്ടി ജപമാല ചൊല്ലി പ്രാർത്ഥിക്കാൻ തുടങ്ങി. ചികിത്സയ്‌ക്കൊപ്പം പ്രാർത്ഥനയും തുടർന്നു. അങ്ങനെ രൂപിക പതിയെ യേശുവിനോടും പരിശുദ്ധ അമ്മയോടും കൂടുതൽ അടുക്കാൻ തുടങ്ങി. അങ്ങനെ ഈ സെപ്റ്റംബറിൽ നടന്ന അവസാനത്തെ പരിശോധനയിൽ അവളിൽ നിന്നും രോഗം പൂർണ്ണമായി മാറിയെന്ന് പരിശോധനാഫലം വന്നു. ഇത് ഡോക്ടർമാരെപ്പോലും അത്ഭുതപ്പെടുത്തി.

ഡോക്ടർമാരിൽ ഒരാൾ രൂപികയോട് ചോദിച്ചു, “ആരാണ് നിങ്ങളുടെ കാൻസർ ഭേദമാക്കിയത്? ഇത് ഒരു അത്ഭുതം ആണ്.” അതിന് അവൾ മറുപടി പറഞ്ഞു: “പരിശുദ്ധ അമ്മ എല്ലാം സാധ്യമാക്കി.”

കൊളംബോ അതിരൂപതയിലെ 57 -കാരിയായ തമിഴ് കത്തോലിക്കാ സ്ത്രീയാണ് കാൽഡേര. കാൽഡേര ജപമാലയെക്കുറിച്ച് പറയുന്നത് ഇപ്രകാരമാണ്. “എന്റെ ജീവിതത്തിലെ ഏക ആയുധം ജപമാലയാണ്. ജീവിതത്തിലെ പല നിർണ്ണായക അവസരങ്ങളിലും എനിക്ക് ശക്തി പകർന്നത് ഈ പ്രാർത്ഥനയാണ്.”

സി. സൗമ്യ മുട്ടപ്പിള്ളിൽ DSHJ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.