ളോഹയിലെ മുറിവ്…

കുറവിലങ്ങാട് ഇന്നത്തെയത്രയും വികസനമാകാത്ത ഒരു കാലത്ത് ചൊവ്വായും വെള്ളിയുമായിരുന്നു ചന്ത ദിവസങ്ങൾ. ചന്തയുടെ പഴയ പ്രതാപമൊക്കെ ഇന്ന് എങ്ങോ പോയ്‌ മറഞ്ഞു. എന്റമ്മ ചന്തയ്ക്ക് പോകുമ്പോൾ അവധിദിവസമാണെങ്കിൽ കൂടെ ഞാനുമുണ്ടാകും. ഇന്നത്തെപ്പോലെ ഓട്ടോറിക്ഷകളിലൊന്നുമായിരുന്നില്ല അന്നത്തെ യാത്രകൾ.

വീട്ടിൽ നിന്ന് പള്ളിക്കവലയിലെ ചന്ത വരെ നടക്കണം. തിരിച്ചും, ഉദ്ദേശം മൂന്നര കിലോമീറ്ററോളം. ഒരിക്കൽ ചന്തയിൽ നിന്ന് വാങ്ങിയ ഉണക്ക ചെമ്മീനും പച്ചമാങ്ങായുമൊക്കെ പ്ലാസ്റ്റിക് സഞ്ചിയിൽ തൂക്കി വീട്ടിലേക്കു പോരും വഴി ഒരു പള്ളീലച്ചനെ കണ്ടു. അതുവരെ വീട്ടിൽ ചെന്നിട്ട് മത്തി കറി വയ്ക്കുകയാണോ വറക്കുകയാണോന്നൊക്കെ അമ്മയോട് ചോദിച്ചോണ്ടിരുന്ന എനിക്ക് മറ്റൊരു വിഷയം കിട്ടി. ഞാൻ അമ്മയോട് ചോദിച്ചു: ”അമ്മേ, ആ അച്ചന്റെ ഉടുപ്പിന്റെ അടിഭാഗം എന്താ അമ്മേ കീറി ഇരിക്കുന്നെ.” എടുപ്പത് സാധനങ്ങൾ അമ്മയുടെ തലയിലുമുണ്ട്. ദേഷ്യപ്പെട്ട് അമ്മയൊന്ന് നോക്കി. ഒരു ഒന്നൊന്നര നോട്ടം.

എന്റെ ചോദ്യം അച്ചൻ കേട്ടിരിക്കുമോ എന്ന ഭീതികൂടി ഉണ്ടായിരുന്നു ആ മുഖത്ത്. അച്ചൻ കേട്ടോ ഇല്ലയോ അതൊന്നും എന്നെ ബാധിക്കുന്ന വിഷയം ആയിരുന്നില്ലല്ലോ.’നീ നടക്ക് ഞാൻ പറയാം.’ എനിക്ക് ഉത്സാഹം കൂടി നടക്കാൻ. അങ്ങനെ അമ്മ ആ കഥ ചുരുക്കി പറഞ്ഞു. ”പ്രേതപിശാചുക്കളെ സിമിത്തേരിയിലെ സ്ലാബിൽ ആണിയിൽ തറച്ചു നിർത്തുമായിരുന്ന ഭയങ്കരനായ അച്ചനാണ്, ഈ അച്ചൻ. ഒരിക്കൽ ഒരു പ്രേതത്തെ തറയ്ക്കാൻ പോയ വഴി ളോഹ കൂട്ടി ആണി തറച്ചു. അങ്ങനെ വന്നതാണ് ളോഹയിലെ മുറിവ്.” അമ്മ കഥ അങ്ങനെ ചുരുക്കിയെങ്കിലും എനിക്ക് പല പല സംശയങ്ങളും ഉണ്ടായിരുന്നു. പക്ഷേ പേടികൊണ്ട് അതിനെപ്പറ്റി ഒന്നും ചോദിച്ചില്ല.

പിന്നീട് പലപ്പോഴും ആ അച്ചനെ കാണാറുണ്ട്. കാണുമ്പോഴൊക്കെ ആ ളോഹയിലാകും എന്റെ കണ്ണ്. അങ്ങനെ പലപ്പോഴായി ഒരു കാര്യം ഞാൻ ഉറപ്പിച്ചു. ഈ അച്ചന് ഒരു ളോഹയെയുള്ളൂ. ഈ പ്രേത പിശാചുക്കൾ അത്ര നല്ല ടീമുകൾ ഒന്നുമല്ല. അതുകൊണ്ടാണല്ലോ അവരെ സിമിത്തേരിയിൽ തന്നെ ആണിയടിച്ചു തറയ്ക്കുന്നെ. നന്മയല്ലേ അച്ചൻ ചെയ്യുന്നേ. എന്നിട്ടും ഈ അച്ചനൊരു ളോഹ ആരും വാങ്ങിക്കൊടുക്കാത്തതെന്തേ? ഇതൊക്കെയായിരുന്നു അന്നത്തെ ചിന്തകൾ.

പിന്നീട് വൈദീകരെയൊക്കെ കാണുമ്പോൾ ഞാൻ ആദ്യം ശ്രദ്ധിച്ചിരുന്നത് അവരുടെ ളോഹയായിരുന്നു. ആ ളോഹയിലെ മുറിവ് വല്ലാത്തൊരു മുറിവായി മനസ്സിൽ വളർന്നപ്പോൾ ആഗ്രഹിച്ചു, ഒരിക്കൽ ആ വൈദീകനൊരു ളോഹ വാങ്ങി കൊടുക്കണമെന്ന്. പക്ഷേ കാലം എന്റെ സമയത്തിന് കാത്തു നിൽക്കാതെ അദ്ദേഹത്തെ സ്വർഗ്ഗീയപൂന്തോട്ടത്തിലേയ്ക്ക് കൂട്ടിക്കൊണ്ടു പോയെങ്കിലും മറുവശത്ത് ളോഹയെ കൂടുതൽ ഇഷ്ടപ്പെടാനും ബഹുമാനിക്കാനും ഈ മുറിവുള്ള ളോഹ ഒരു നിമിത്തമായി.

മാസങ്ങളും വർഷങ്ങളും കടന്നു പോയി. ഇന്ന് തിരിഞ്ഞു നോക്കുമ്പോൾ തൊട്ടടുത്ത ബന്ധത്തിൽ രണ്ടു യുവ വൈദീകരുണ്ട്. കൂടാതെ നിരവധി വൈദീകരെ പരിചയപ്പെടാനും അവരെയൊക്കെത്തന്നെ സ്നേഹിക്കാനും ബഹുമാനിക്കാനും അനുഗ്രഹാശീർവാദങ്ങൾ ഏറ്റുവാങ്ങാനും കഴിയുമ്പോഴും, ബാല്യകാലത്ത് കണ്ടുമുട്ടിയ മുറിവുള്ള ളോഹ മനസ്സിൽ ഇന്നുമൊരു തേങ്ങലാണ്. ഇങ്ങനെയൊരു കഥ കേട്ടിട്ടുണ്ട്. ഒരു വൈദീകന് സ്ഥലം മാറ്റം കിട്ടി. അദ്ദേഹം തന്റെ പുസ്തകങ്ങളും വസ്ത്രങ്ങളുമൊക്കെ ഹാർഡ് ബോർഡ്  പെട്ടിയിലാക്കി വണ്ടിയില്‍ കയറ്റിക്കൊണ്ടിരിക്കുകയാണ്. ഇതുകണ്ടു നിന്ന ഒരു ചേട്ടൻ ആ വൈദീകനോട് പറഞ്ഞു. ‘അച്ചന് ഒന്നുമാത്രം ഇവിടെ നിന്നു കൊണ്ടുപോകാനാവില്ലച്ചോ. അച്ചന്റെ സ്വാധീനം.’

അതെ, ഒരു വൈദീകന്റെ ളോഹ എന്നെ ഇത്രയധികം സ്വാധീനിച്ചെങ്കിൽ ഒരു വൈദീകനിലെ ക്രിസ്തുവിനെ എത്രത്തോളം സ്വാധീനിക്കുന്നുണ്ടാകും ഓരോ മനുഷ്യരിലും?

അജി ജോസഫ് കാവുങ്കൽ 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.