യൗസേപ്പിതാവ് വളർത്തിയ മകന്റെ വാക്കുകൾ

ഫാ. ജെൻസൺ ലാസാലെറ്റ്
ഫാ. ജെൻസൺ ലാസാലെറ്റ്

വൈദികനാകണമെന്ന അതിയായ ആഗ്രഹത്തോടെയാണ് ആ യുവാവ് സെമിനാരിയിൽ ചേരുന്നത്. സ്വപ്നങ്ങളെയെല്ലാം തകർക്കുന്നതായിരുന്നു പരിശീലന കാലം. തുടക്കസമയത്തു തന്നെ ശ്വാസകോശത്തെ ബാധിച്ച രോഗം. ‘ഒരു ശ്വാസകോശം എടുത്തുമാറ്റേണ്ടതായി വരും. ചിലപ്പോൾ മരണം വരെ സംഭവിക്കാം’ എന്ന് ഡോക്ടർമാർ വിധിയെഴുതിയപ്പോൾ, നിറമിഴികളോടെ ആ ചെറുപ്പക്കാരൻ ദൈവാലയത്തിലേക്ക് ഓടുകയായിരുന്നു.

അവിടെ പ്രതിഷ്ഠിക്കപ്പെട്ടിരുന്ന വി. യൗസേപ്പിതാവിന്റെ തിരുസ്വരൂപത്തിനു മുമ്പിൽ മുട്ടുകുത്തി അയാൾ പ്രാർത്ഥിച്ചു: “ഈശോയെ അപകടങ്ങളിൽ നിന്നെല്ലാം കാത്തുപരിപാലിച്ച വി. യൗസേപ്പിതാവേ, ബലിപീഠത്തിലേക്കുള്ള എന്റെ യാത്രയിൽ തുണയാകണേ. ഒരു പുരോഹിതനാകാൻ എനിക്ക് കഴിഞ്ഞാൽ ജീവിതം മുഴുവനും ഞാൻ നിന്റെ ഭക്തനായിരിക്കും.”

രോഗപീഢകളെ അതിജീവിച്ച് ആ മകൻ പഠനം പൂർത്തീകരിച്ചു; വൈദികനായി. പിന്നീട് മെത്രാനും കർദ്ദിനാളുമായി മാറി. “യൗസേപ്പിതാവ് വളർത്തിയ മകനാണ് താൻ” എന്ന് ആവർത്തിച്ചു പ്രഖ്യാപിക്കാൻ മടിയില്ലാത്ത തിരുസഭയുടെ തലവനായ ഫ്രാൻസിസ് പാപ്പയാണ് അദ്ദേഹം.

2021-22 വർഷം യൗസേപ്പിതാവിന്റെ വർഷമായി പ്രഖ്യാപിച്ചുകൊണ്ട് തന്റെ ഭക്തിയും ആദരവും തിരുസഭയ്ക്ക് മുമ്പിൽ പാപ്പ തുറന്നു കാട്ടി. വി. യൗസേപ്പിതാവിൽ പ്രകടമായ രണ്ട് ഗുണങ്ങളെക്കുറിച്ച് വി. മത്തായി രേഖപ്പെടുത്തുന്നുണ്ട്: യൗസേപ്പ് നീതിമാനും ദൈവദൂതൻ കല്പിച്ചതനുസരിച്ച് പ്രവർത്തിച്ചവനുമായിരുന്നു (Ref: മത്തായി 1: 19, 24). ദൈവത്തോട് ചേർന്നുനിന്ന് കുടുംബത്തോട് നീതി പുലർത്തിയവനാണ് യൗസേപ്പ്. ദൈവവും വേണം കുടുംബവും വേണം എന്നു ചിന്തിച്ചവൻ. ഇതിൽ ഏതെങ്കിലും ഒന്നു വേണ്ട എന്നു വയ്ക്കുന്ന  വ്യക്തി ദൈവഹിതത്തിന് പ്രാധാന്യം കൊടുക്കുന്ന വ്യക്തിയല്ലെന്നു സാരം.

വി. യൗസേപ്പിന്റെ തിരുനാൾ ആഘോഷിക്കുന്ന വേളയിൽ, വിശുദ്ധന്റെ മാതൃക പിഞ്ചെന്ന് ദൈവത്തോടും കുടുംബത്തോടും നീതി പുലർത്തുന്നവരാകാൻ നമുക്ക്  ശ്രമിക്കാം. എല്ലാവർക്കും വി. യൗസേപ്പിതാവിന്റെ വർഷത്തിൽ ആ വിശുദ്ധന്റെ തിരുനാൾ മംഗളങ്ങൾ!

ഫാ. ജെൻസൺ ലാസലെറ്റ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.