“ഞാൻ അയാളോട് ക്ഷമിക്കുന്നു” – തന്നെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചയാളോടുള്ള ഒരു വൈദികന്റെ വാക്കുകൾ

ഇറ്റലിയിലെ പാർമയിൽ തന്റെ ഇടവകയിൽ മാസങ്ങളോളം അഭയമരുളിയ വൈദികനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച വ്യക്തിയോട് ക്ഷമിച്ചുകൊണ്ട് മാതൃക കാട്ടി ഒരു വൈദികൻ. 57 -കാരനായ വ്യക്തിയാണ്, പാട്ട് ശബ്ദം കുറച്ചു വയ്ക്കാൻ വൈദികൻ ആവശ്യപ്പെട്ടതിൽ പ്രകോപിതനായി വൈദികനെ ആക്രമിച്ചത്. ഇറ്റലിയിലെ ഫിഡൻസ പട്ടണത്തിലെ സാന്താ മരിയ അൻസിയാറ്റ ഇടവകയിലാണ് സംഭവം.

മിലാനീസ് വംശജനായ അക്രമി മദ്യപിച്ചിട്ടുണ്ടായിരുന്നു. പലപ്പോഴും ഫാ. മാരിയോ അദ്ദേഹത്തെ സഹായിച്ചിട്ടുമുണ്ടായിരുന്നു. ഒക്ടോബർ 13 -ന് രാത്രി 11 മണിയോടെയാണ് ആക്രമണം നടന്നത്. പാട്ട് ശബ്ദം കുറച്ചുവയ്ക്കാൻ ആവശ്യപ്പെട്ടതിൽ ക്ഷുഭിതനായ അക്രമി വൈദികനെ അടിക്കുകയും ചവിട്ടുകയുമായിരുന്നു. ഫാ. മാരിയോ രക്ഷപെടുന്നതിനു വേണ്ടി സ്വന്തം മുറിയിൽ കയറുകയും വിവരം പോലീസിനെ അറിയിക്കുകയും ചെയ്തു. എന്നാൽ, അക്രമി അവിടെയുമെത്തി വൈദികനെ കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു. പോലീസ് എത്തി വൈദികനെ രക്ഷപെടുത്തുകയായിരുന്നു. അദ്ദേഹത്തെ ഉടൻ ആശുപത്രിയിലാക്കി. അപകടനില തരണം ചെയ്തു.

“ഇന്നലെ രാത്രി സംഭവിച്ചതിന്റെ ഞെട്ടൽ ഇപ്പോഴുമുണ്ട്. എന്നാൽ ആവശ്യമുള്ളവരെ സഹായിക്കുന്ന രീതി ഞാൻ അവസാനിപ്പിക്കുകയില്ല, ഇനിയും തുടരും. ഞാൻ അദ്ദേഹത്തോട് ക്ഷമിക്കുന്നു” – ഫാ. മാരിയോ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.