“പെൺകുട്ടികൾ കണ്ണീരോടെ മെസേജുകൾ അയയ്ക്കുന്നു, സാധിക്കുമ്പോൾ ഞാൻ അങ്ങോട്ട് മടങ്ങും” – അഫ്ഗാനിസ്ഥാനിൽ നിന്നും രക്ഷപ്പെട്ട് ഇറ്റലിയിലെത്തിയ സന്യാസിനി

“കാബൂളിൽ നിന്നും പെൺകുട്ടികൾ എനിക്ക് കണ്ണീരോടെ മെസേജുകൾ അയയ്ക്കുന്നു. പറ്റുമെങ്കിൽ ഞാൻ കാബൂളിലേക്ക് മടങ്ങും” – അഫ്ഗാനിസ്ഥാനിൽ നിന്നും ഒഴിപ്പിക്കപ്പെട്ടവരെ രക്ഷപ്പെടുത്തിക്കൊണ്ടു വന്ന അവസാനത്തെ വിമാനത്തിൽ ഇറ്റലിയിലെത്തിയ സിസ്റ്റർ ഷഹനാസിന്റെ വേദനയോടെയുള്ള വാക്കുകളാണിത്. അഫ്ഗാനിസ്ഥാനിലെ വേദനകളും മുറവിളികളും ഇനിയും അവസാനിച്ചിട്ടില്ല. അനേകർ നിസ്സഹായരായി അവിടെ അവശേഷിക്കുന്നുണ്ട്. കാബൂളിൽ നിന്നും രക്ഷപ്പെട്ടതിന്റെ ഭീതിതമായ രംഗങ്ങളാണ് സിസ്റ്റർ ഷഹനാസ് വെളിപ്പെടുത്തുന്നത്.

സിസ്റ്റർ ഷഹനാസ് താലിബാൻ അധിനിവേശ കാബൂളിലെ ദിവസങ്ങൾ ഒരിക്കലും മറക്കില്ല. അവിടെ നിന്നും രക്ഷപെടുവാനായി ആകാംക്ഷയോടെ അനേകം ദിവസങ്ങൾ കാത്തിരുന്നു. അധികൃതർ സംഘടിപ്പിച്ച എയർലിഫ്റ്റിന്റെ അവസാന വിമാനത്തിലാണ് സിസ്റ്റർ ഇറ്റലിയിലെത്തിയത്. കാബൂളിലെ (പിബികെ) ബുദ്ധിമാന്ദ്യമുള്ള കുട്ടികളെ ശുശ്രൂഷിക്കുന്ന സ്ഥാപനത്തിൽ സേവനം ചെയ്തിരുന്ന സി. ഷഹനാസ് ഇപ്പോഴും ഭീതിയിലാണ്. “ഞാൻ ഇവിടെ ആയിരിക്കുമ്പോൾ പോലും വാതിലിൽ മുട്ടുന്നതു കേൾക്കുമ്പോൾ ഞെട്ടലാണ്. ഓരോ തവണയും വാതിലിൽ മുട്ടുന്നതു കേൾക്കുമ്പോഴോ, കാറ്റിൽ വാതിലടയുന്ന ശബ്ദം കേൾക്കുമ്പോഴോ ഭയംകൊണ്ട് വിറച്ചുപോകുന്നു.”

അഫ്ഗാൻ തലസ്ഥാനത്തെ വിമാനത്താവളത്തിനു ചുറ്റും തടിച്ചുകൂടിയ ജനക്കൂട്ടത്തെ മാധ്യമങ്ങളിലൂടെ കണ്ടപ്പോഴും ആക്രമണത്തിന്റെ ചിത്രങ്ങൾ കാണുമ്പോഴും സിസ്റ്ററിൽ കഴിഞ്ഞ ദിവസങ്ങളിലെ പേടിപ്പെടുത്തുന്ന ഓർമ്മകൾ സജീവമായി. ആർക്കും ഒരാപത്തും വരുത്തരുതേയെന്ന് ഉള്ളുരുകി പ്രാർത്ഥിക്കുകയാണ് 46 -കാരിയായ സി. ഷഹനാസ്.

അവിടെ നടന്ന സംഭവങ്ങളെക്കുറിച്ച് സിസ്റ്റർ വിവരിക്കുന്നത് ഇപ്രകാരമാണ്: “നഗരത്തിലെ എല്ലാവരും പരിഭ്രാന്തിയിലായിരുന്നു. എങ്ങനെയും രക്ഷപെടണമെന്നാണ് എല്ലാവരുടെയും ആഗ്രഹം. രാജ്യം വിടാൻ ഞങ്ങൾ സേവനം ചെയ്യുന്ന സ്ഥാപനത്തിന്റെ പേരിൽ ഒരു കത്തയച്ചു. പക്ഷേ, അത് ഉപകാരപ്രദമാകില്ലെന്ന് എനിക്കറിയാമായിരുന്നു. കാരണം നഗരത്തിലെ എല്ലാ ഓഫീസുകളും അടച്ചിരിക്കുന്നു.”

കാബൂളിൽ നിന്നും രക്ഷപെടുന്നതിനു മുൻപ്, ദിവസങ്ങളായി അവർ പരിപാലിക്കുന്ന ബുദ്ധിമാന്ദ്യമുള്ള 14 കുട്ടികളോടൊപ്പം സ്വന്തം ഭവനത്തിൽ പേടിച്ചുവിറച്ചു കഴിയുകയായിരുന്നു. സിസ്റ്റർ ഷഹനാസിനോടൊപ്പം മറ്റ് നാല് സിസ്റ്റേഴ്സും ഉണ്ടായിരുന്നു. “ഞങ്ങളെ രക്ഷപ്പെടുത്തുവാനുള്ള ഉത്തരവാദിത്വം ഏറ്റെടുക്കാൻ ഒരു ഏജൻസിക്കും തോന്നിയില്ല. സുരക്ഷ ഉറപ്പുവരുത്താനാകാത്തതിനാൽ എയർപോർട്ട്, നാറ്റോ, കാത്തലിക് റിലീഫ് സർവീസസ്, ഉനാമ (അഫ്ഗാനിസ്ഥാനിലെ ഐക്യരാഷ്ട്ര സഭയുടെ മിഷൻ), റെഡ് ക്രോസ് എന്നിങ്ങനെയുള്ള വിവിധ സംഘടനകളുമായി ഞങ്ങൾ ബന്ധപ്പെട്ടിട്ടുണ്ട്. പല അവസരങ്ങളിലും ‘ഇപ്പോൾ രക്ഷപെടാം’ എന്ന പ്രതീക്ഷ ഉണ്ടായെങ്കിലും ഓരോ തവണയും അവസാന നിമിഷത്തിൽ ഞങ്ങൾക്ക് രക്ഷപ്പെടുവാനുള്ള വ്യവസ്ഥകൾ അനുവദനീയമല്ല എന്ന് അറിയിക്കുന്ന ഫോൺ കോളുകൾ ലഭിച്ചു” – സിസ്റ്റർ വെളിപ്പെടുത്തുന്നു.

ആക്രമണം ആരംഭിച്ച ആദ്യ ദിവസങ്ങളിൽ ഒരു പ്രാവശ്യം താലിബാന്റെ ആളുകൾ വന്ന് വാതിലിൽ മുട്ടി. അപ്പോൾ ആ ഭവനത്തിൽ ഞാനും പിബികെ സ്കൂളിൽ വികലാംഗരായ കുട്ടികൾക്കൊപ്പം ജോലി ചെയ്തിരുന്ന മറ്റൊരു സിസ്റ്ററും മാത്രമേ ഉണ്ടായിരുന്നുള്ളൂ. വാതിലിൽ മുട്ടുന്ന ശബ്ദം കേട്ടയുടനെ ഞങ്ങൾ ഒളിച്ചു. അവർ വാതിൽ തകർത്ത് അകത്തു കയറിയാൽ ഞങ്ങൾ രക്ഷപെടില്ലെന്ന് അറിയാമായിരുന്നിട്ടും പ്രാർത്ഥനയോടെ ഞങ്ങൾ അതിനകത്തു തന്നെ ഒളിച്ചിരുന്നു. ഭാഗ്യവശാൽ, ഏതാനും മിനിറ്റുകൾക്കു ശേഷം അവർ തിരിച്ചുപോയി. എനിക്ക് ഒറ്റയ്ക്ക് രക്ഷപ്പെടാൻ നിരവധി അവസരങ്ങൾ ലഭിച്ചിട്ടുണ്ട്. പക്ഷേ, എന്റെ കൂടെയുള്ളവരെ തനിച്ചാക്കി പോകുവാൻ എനിക്കാകുമായിരുന്നില്ല. ഒന്നുകിൽ ഞങ്ങൾ ഒരുമിച്ച് രക്തസാക്ഷികളായി മരിക്കും. അല്ലെങ്കിൽ ഞങ്ങൾ ഒരുമിച്ച് രക്ഷപ്പെടും” – സിസ്റ്റർ കൂട്ടിച്ചേർത്തു.

ഒടുവിൽ, അവിടെ സേവനം ചെയ്യുന്ന ഫാ. ജിയോവന്നി ഞങ്ങളെ വിളിച്ചു. അന്ന് വൈകുന്നേരം പുറത്തു കടക്കുവാൻ തയ്യാറാകാൻ പറഞ്ഞു. ഏകദേശം 9.30 -ഓടെ ഒരു ബസ് ഞങ്ങളുടെ ഗേറ്റിന് മുന്നിലെത്തി. ഒരു പോലീസ് കാറിനൊപ്പം ഫാദർ സ്കെലീസും റെഡ് ക്രോസിലെ ആൽബർട്ടോ കൈറോയും ഉണ്ടായിരുന്നു. അങ്ങനെ ഞങ്ങൾ അവിടെ നിന്നും പുറത്തു കടന്നു. പറഞ്ഞറിയിക്കാനാവാത്ത ഉത്കണ്ഠ നിറഞ്ഞതായിരുന്നു ആ യാത്ര. ആളുകൾ എയർപോർട്ടിലേക്ക് എത്തുവാൻ തെരുവുകളിലൂടെ ഓടുന്നത് ഞങ്ങൾ കണ്ടു. താലിബാൻകാരുടെ വെടിയൊച്ചകൾ തുരുതുരെ മുഴങ്ങുന്നതും കേൾക്കാമായിരുന്നു. ഞങ്ങളുടെ കാറിനു മുന്നിൽ നിലത്തുവീണ ഒരു വ്യക്തിയെ വെടിവയ്ക്കുന്നത് വണ്ടിയിൽ ഇരുന്നുകൊണ്ട് ഭീതിയോടെ ഞങ്ങൾ കണ്ടു. പരിശോധനകളൊക്കെ കടന്ന് ഞങ്ങൾ സുരക്ഷിതരായി. ഞങ്ങളെ അകമ്പടി സേവിച്ച പോലീസ് താലിബാൻകാർ ആണെന്ന് പിന്നീട് ഞങ്ങൾ ഞെട്ടലോടെ മനസ്സിലാക്കി” – നാടകീയമായ ആ നിമിഷങ്ങളെക്കുറിച്ച് സിസ്റ്റർ വിവരിച്ചു.

ഇപ്പോൾ സിസ്റ്റർ ഇറ്റലിയിൽ സുരക്ഷിതയാണെങ്കിലും അവരുടെ മനസ് ശാന്തമല്ല. എന്റെ ഹൃദയം ഇപ്പോഴും കാബൂളിലാണ്. ഞങ്ങളുടെ സ്കൂളിലെ കുട്ടികൾക്കും അവരുടെ കുടുംബങ്ങൾക്കുമൊപ്പമാണ്. എപ്പോൾ വേണമെങ്കിലും ആക്രമിക്കപ്പെടാം എന്ന ഭീതിയിലാണ് അവർ. സഹായം അഭ്യർത്ഥിച്ച് കണ്ണീരോടെ എനിക്ക് സന്ദേശങ്ങൾ അയയ്ക്കുന്ന പെൺകുട്ടികളെക്കുറിച്ചും താലിബാൻ തങ്ങളുടെ കുട്ടികളെ ഗറില്ലകളാക്കാൻ കൊണ്ടുപോകുമെന്നു ഭയപ്പെടുന്ന മാതാപിതാക്കളെക്കുറിച്ചുമാണ് എന്റെ ചിന്ത. അതേ സമയം ആ കുട്ടികൾ തങ്ങളുടെ പഠനം തുടരാനും ആഗ്രഹിക്കുന്നുണ്ട്. ഞാൻ ഇവയെല്ലാം ദൈവത്തിനു സമർപ്പിക്കുന്നു” – സിസ്റ്റർ വേദനയോടെ വെളിപ്പെടുത്തി.

ഇനിയും അഫ്ഗാനിസ്ഥാനിലേക്ക് തിരിച്ചുപോകുവാൻ തന്നെയാണ് സിസ്റ്റർ ഷഹനാസിന്റെ തീരുമാനം. “തിരിച്ചുപോകാനായി സാധ്യമായതെല്ലാം ഞാൻ ചെയ്യും. എന്റെ വിദ്യാർത്ഥികൾ, അവരുടെ മാതാപിതാക്കൾ, ജീവനക്കാർ, സഹപ്രവർത്തകർ ഇവരെല്ലാം അവിടെ വേദനയിലും ഭീതിയിലുമാണ്. കാബൂളിലേക്ക് എനിക്ക് മടങ്ങാൻ കഴിയുന്നത് എന്നാണോ അന്ന് ഞാൻ അവിടെയുണ്ടാകും എന്നു മാത്രമേ എനിക്ക് ഇപ്പോൾ പറയാൻ കഴിയൂ” – സിസ്റ്റർ പറഞ്ഞുനിർത്തി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.