വൈകല്യങ്ങൾ നിറഞ്ഞവരുടെ ലോകത്ത് ആശ്വാസമായി മാറിയ അൽമായ സ്ത്രീ 

    അപ്രതീക്ഷിതമായാണ് ഗീത പാട്രിക് പോൾ എന്ന നാഗ്പ്പൂർകാരി ജീവോദയ സ്കൂളിൽ എത്തുന്നത്. വൈകല്യങ്ങൾ തളർത്തിയ കുഞ്ഞുങ്ങളുടെ ഒരു ലോകം കണ്ട ആ യുവതിക്ക് പിന്നീട് അവിടെനിന്നും പോകുവാൻ കഴിഞ്ഞില്ല. ദൈവം തനിക്കായി ഒരുക്കിയ ശുശ്രൂഷാമണ്ഡലം ഇതാണെന്ന് മനസിലായ അവർ, അവിടെ തുടരുവാൻ തീരുമാനിച്ചു. ആ കുഞ്ഞുങ്ങൾക്കായി മാറ്റിവച്ച ജീവിതം ഇന്ന് 28 വർഷങ്ങൾ പിന്നിടുകയാണ്. ലാഭം മാത്രം പ്രതീക്ഷിച്ച് നന്മ ചെയ്യുന്നവരുടെ ലോകത്തിൽ ദൈവസ്നേഹത്തിന്റെ നിറവ് ആവശ്യക്കാരിലേയ്ക്ക് ചൊരിയുന്ന ഈ അൽമായ സ്ത്രീയുടെ ജീവിതത്തിലൂടെ കടന്നുപോകാം.

    ഒരിക്കൽപ്പോലും ജീവോദയ സ്കൂളിലേയ്ക്ക് എത്തേണ്ട ഒരാൾ ആയിരുന്നില്ല ഗീത. അങ്ങനെയായിരുന്നെങ്കിൽ കൂടി ദൈവത്തിന്റെ പ്രത്യേക പദ്ധതി – കരുതൽ അതായിരുന്നു അവരെ അവിടെ കൊണ്ടെത്തിച്ചത്. വൈകല്യമുള്ള കുട്ടികളെ സംരക്ഷിക്കുന്നതിനായി, അസീസി സിസ്റ്റേഴ്സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് എന്ന സന്യാസ സമൂഹത്തിന്റെ കീഴിൽ നടത്തിവന്നിരുന്ന ഒരു സ്ഥാപനമാണ് ജീവോദയ സ്കൂൾ ഫോർ ഡിഫറെന്റലി ഏബിൾഡ് എന്നത്. 28 വർഷങ്ങൾക്കു മുമ്പ്, ഒരു സിസ്റ്ററിനു സംഭവിച്ച ആക്സിഡന്റ് വഴിയാണ് ഗീത ആദ്യമായി ഈ സ്ഥാപനത്തിൽ എത്തുന്നത്. ആക്സിഡന്റ് സംഭവിച്ച സിസ്റ്ററിനെ കോൺവെന്റിൽ ആക്കുന്നതിനായി എത്തിയതായിരുന്നു അവള്‍. കോൺവെന്റിലെ മനോഹരമായ പൂന്തോട്ടത്തെക്കാളും ഭംഗിയായി അലങ്കരിച്ച രൂപക്കൂടിനെക്കാളും ഗീതയെ ആകർഷിച്ചത് അവിടെ വൈകല്യങ്ങൾ മൂലം കഷ്ടപ്പെടുന്ന കുട്ടികളെ പരിശീലിപ്പിക്കുന്ന സ്ഥാപനമായിരുന്നു.

    മഠത്തിന്റെ ചുറ്റുപാടുകളിൽ നിന്ന് അവർ ആ സ്കൂളിലേയ്ക്ക് നടന്നു. വൈകല്യങ്ങളുള്ള ധാരാളം കുട്ടികളെയും അവരെ, ഒരു അമ്മയുടെ സ്നേഹത്തോടെ ശുശ്രൂഷിക്കുകയും പരിശീലിപ്പിക്കുകയും ചെയ്യുന്ന അധ്യാപകരെയും ഗീതയ്ക്ക് അവിടെ കാണുവാൻ കഴിഞ്ഞു. അവരെയൊക്കെ കണ്ടുകഴിഞ്ഞപ്പോൾ ഗീത എന്ന വീട്ടമ്മയുടെയുള്ളിൽ, ഇവർക്കായി എന്റെ സ്നേഹം പകർന്നു നൽകുമോ എന്ന ഒരു ചോദ്യം ഉയർന്നു. എന്തു പറയണം എന്നറിയാതെ നിന്ന ഒരവസ്ഥ. മനസില്ലാമനസ്സോടെ അവർ അവിടെ നിന്ന് മടങ്ങി.

    വീട്ടിലെത്തിയപ്പോഴും മനസ് ജീവോദയ സ്കൂളിൽ തന്നെയായിരുന്നു. ആ ചിന്തകൾ മനസിനെ വല്ലാതെ വലയ്ക്കുന്നു എന്ന് തോന്നിയപ്പോൾ അവർ ചിന്തിച്ചു: “കുട്ടികൾ സ്കൂളിൽ പോയിക്കഴിഞ്ഞാൽ ഞാൻ വീട്ടിൽ ഒറ്റയ്ക്കാണ്. ആ സമയം ആ കുഞ്ഞുങ്ങൾക്കൊപ്പം ആയാലോ..?” ആ ചിന്ത ഒരിക്കൽക്കൂടി ഗീതയെ ജീവോദയ സ്കൂളിന്റെ മുറ്റത്ത് എത്തിച്ചു. അവിടെയുണ്ടായിരുന്ന സിസ്റ്ററിനോട് ചോദിച്ചു. “ഞാനും ഈ കുഞ്ഞുങ്ങളെ ശുശ്രൂഷിക്കുവാൻ വന്നോട്ടെ..?” നിറഞ്ഞ മനസോടെ അവർ ഈ അഭ്യർത്ഥനയെ സ്വീകരിച്ചു. അന്നുമുതൽ ഈ ഭവനത്തിലെ ഒരു അംഗമായി മാറുകയായിരുന്നു ഗീത.

    അപ്പോള്‍ മുതൽ സ്വന്തം മക്കളെ നോക്കുന്നതു പോലെയാണ് ഗീത ഈ കുഞ്ഞുങ്ങളെയും നോക്കുന്നത്. “ഇവിടെയുള്ള ഓരോ കുട്ടികളും വ്യത്യസ്തരാണ്. ചിലപ്പോഴൊക്കെ അവരെ കൈകാര്യം ചെയ്യുക ബുദ്ധിമുട്ടാണ്. നല്ല ക്ഷമയും ദൈവാശ്രയബോധവും ഒക്കെ ആവശ്യമാണ്. ഈ കുട്ടികളൊക്കെയും അനുഗ്രഹീതരാണ്. ദൈവത്തിന്റെ മക്കളാണ്” – ഗീത പറയുന്നു. വൈകല്യമുള്ള കുട്ടികളെ പരിശീലിപ്പിക്കുവാൻ തക്ക പ്രാക്റ്റിസ് ഒന്നും ഗീതയ്ക്ക് ഉണ്ടായിരുന്നില്ല. എന്നാൽ, ഇന്ന് കുട്ടികളെ വിവിധ തലത്തിൽ പരിശീലിപ്പിക്കുവാൻ ഇവർക്ക് കഴിയുന്നു. എല്ലാം ദൈവാനുഗ്രഹമെന്ന് വിശേഷിപ്പിക്കുവാനാണ് ഗീതയ്ക്ക് ഇഷ്ടം.

    മൂന്ന് വയസ് മുതൽ 60 വയസ് വരെയുള്ള 300 കുട്ടികൾ ഈ സ്ഥാപനത്തിലുണ്ട്. ഇവർക്കായി ഗീതയെക്കൂടാതെ സേവനം ചെയ്യുന്ന മറ്റ് അല്‍മായരും ഉണ്ട്.