അന്ന് തടങ്കൽപ്പാളയങ്ങളിൽ ക്രിസ്തുവിനെ പ്രഘോഷിച്ച വനിത ഇനി വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക്

സോവിയറ്റ് യൂണിയൻ, റഷ്യൻ കോൺസെൻട്രേഷൻ ക്യാമ്പുകളിൽ പീഡനം അനുഭവിച്ചവരെ അസാധാരണമാംവിധം സുവിശേഷം അറിയിച്ച ഒരു സാധാരണ സ്ത്രീ ഉണ്ടായിരുന്നു. ജെത്രൂഡ് ഡെറ്റ്സെൽ എന്നായിരുന്നു അവരുടെ പേര്. ഈ ധീരവനിതയെ കസാക്കിസ്ഥാനിലെ കത്തോലിക്കാ സഭ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയർത്താനുള്ള ശ്രമങ്ങളുമായി മുന്നോട്ടു പോവുകയാണ്.

മുൻ സോവിയറ്റ് യൂണിയനിൽ 1930 ഏപ്രിൽ മുതൽ 1960 ജനുവരി വരെ ഔദ്യോഗികമായി പ്രവർത്തിച്ചിരുന്ന കോൺസെൻട്രേഷൻ അല്ലെങ്കിൽ നിർബന്ധിത ലേബർ ക്യാമ്പുകളാണ് ഗുലാഗ്. ഒരു സാധാരണക്കാരിയായിരുന്നുകൊണ്ട് അസാധാരണമാംവിധത്തിലായിരുന്നു ജെത്രൂഡ് അവിടെ സേവനം ചെയ്തത്.

1903 നവംബർ എട്ടാം തീയതി കോക്കസിൽ റോസ്‌ടേറ്റ്‌വെൻസ്‌കോ എന്ന ഗ്രാമത്തിലാണ് ജെത്രൂഡ് ജനിച്ചത്. ഒരു കത്തോലിക്കാ കുടുംബത്തിലെ 17 സഹോദരങ്ങളിൽ മൂന്നാമത്തെ കുട്ടിയായിരുന്നു അവൾ. കുട്ടിയായിരുന്നപ്പോൾ ദൈവത്തിനു സ്വയം സമർപ്പിക്കാൻ അവൾ ആഗ്രഹിച്ചു. പക്ഷേ സ്ത്രീകൾക്ക് പുരോഹിതരാകുവാൻ കഴിയില്ലെന്ന് അറിഞ്ഞപ്പോൾ അവൾക്ക് വളരെയധികം സങ്കടം തോന്നി. എന്നാൽ ഒരു സാധാരണക്കാരിയായിരുന്നുകൊണ്ടു തന്നെ ഫ്രാൻസിസ്കൻ മൂന്നാം സഭയിൽ ചേർന്ന് ക്രിസ്തുവിനെ പ്രഘോഷിക്കാൻ അവൾ തീരുമാനിച്ചു.

1941 -ൽ രണ്ടാം ലോക മഹായുദ്ധത്തിൽ സോവിയറ്റ് യൂണിയന്റെ പ്രവേശനത്തോടെ അവളെ തെക്കൻ കസാക്കിസ്ഥാനിലേയ്ക്ക് നാടു കടത്തി. അവിടെ വച്ച് അവളെ നിർബന്ധിത ജോലി ചെയ്യാൻ വിധിച്ചു. പരുത്തി പെറുക്കുന്ന ജോലിയായിരുന്നു അവൾക്ക് നൽകിയത്. ആ ജോലിയോടൊപ്പം തന്നെ അവൾ അവിടെ സുവിശേഷവും പ്രാർത്ഥനയുമായി ജീവിച്ചു. വയലിൽ അവൾക്കൊപ്പമുണ്ടാകാറുള്ള സ്ത്രീകളോടൊപ്പം പ്രാർത്ഥിക്കുന്നത് അവൾ പതിവാക്കിയിരുന്നു. കഠിനാദ്ധ്വാനം ചെയ്തിട്ടും അവൾ എപ്പോഴും സന്തോഷവതിയായിരുന്നു. “നമുക്കായി ഒരു കുരിശ് കർത്താവ് നൽകിയിട്ടുണ്ട്. അത് വഹിക്കാൻ അവൻ നമ്മെ സഹായിക്കും” എന്ന് അവൾ എപ്പോഴും പറയുമായിരുന്നു. അവൾ അവിടെയുള്ളവരെ സുവിശേഷം പഠിപ്പിച്ചു, ജ്ഞാനസ്നാനം നടത്തി, മരിച്ചവരെ അടക്കം ചെയ്യാൻ സഹായിച്ചു.

ഒരിക്കൽ ഒരു ഞായറാഴ്ച അവൾ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകിക്കൊണ്ടിരിക്കുമ്പോൾ ഒരു സൈനികൻ ബാരക്കിലേക് പ്രവേശിച്ചു. പെട്ടന്നു തന്നെ മറ്റെല്ലാവരും നിശബ്ദരായെങ്കിലും ജെർത്രൂഡ് അവളുടെ പ്രാർത്ഥന തുടർന്നു. പ്രാർത്ഥന പൂർത്തിയായപ്പോൾ അവൾ കമാൻഡറെ സമീപിച്ചു പറഞ്ഞു: “ഞാൻ ക്ഷമ ചോദിക്കുന്നു. ഞങ്ങൾ കത്തോലിക്കരാണ്. പ്രാർത്ഥിക്കുമ്പോൾ ഞങ്ങൾ ദൈവത്തോട് സംസാരിക്കുന്നു. അതുകൊണ്ടാണ് ഞങ്ങളുടെ പ്രാർത്ഥനയെ തടസ്സപ്പെടുത്താൻ സാധിക്കാത്തത്.” “എനിക്ക് മനസ്സിലാകുന്നു. നിങ്ങൾ പ്രാർത്ഥന നിർത്തി ഓടിരക്ഷപെട്ടിരുന്നെങ്കിൽ ഇതൊരു യഥാർത്ഥ വിശ്വാസം തന്നെയാണോ എന്ന് ഞാൻ സംശയിക്കുമായിരുന്നു. നിങ്ങൾ ആദ്യം ബഹുമാനിക്കേണ്ടത് ദൈവത്തെയാണ്” -കമാൻഡർ മറുപടി പറഞ്ഞു.

പിന്നീട് ജയിലിൽ നിന്ന് മോചിപ്പിക്കപ്പെട്ടതിനു ശേഷം ജെത്രൂഡ് പറഞ്ഞു: “ഞാനൊരു കത്തോലിക്കയാണ്. നമ്മുടെ എല്ലാ അറിവും മറ്റുള്ളവർക്കായി നൽകണമെന്നും അവരെ സഹായിക്കണമെന്നും നമ്മുടെ വിശ്വാസം ആവശ്യപ്പെടുന്നു. നാം മറ്റുള്ളവർക്കു വേണ്ടി ചെയ്യുന്നതെല്ലാം ദൈവത്തിനു വേണ്ടിയാണ് ചെയ്യുന്നത്.” 1956 -ൽ, ധാരാളം കത്തോലിക്കർ ഉണ്ടായിരുന്ന കരഗാണ്ടയിലേക്ക് അവൾ പുറപ്പെട്ടു. അവിടേക്ക് ഗുളജിൽ നിന്ന് പുറത്തു കടക്കാൻ സാധിച്ച പുരോഹിതന്മാരും എത്തിച്ചേർന്നു. നൂറുകണക്കിനാളുകളായിരുന്നു ജെത്രൂഡിൽ നിന്ന് വിശ്വാസം സ്വീകരിച്ചത്.

“12 പുരോഹിതന്മാരും നിരവധി കന്യാസ്ത്രീകളും കരഗാണ്ടയിലെ കത്തോലിക്കാ സമൂഹത്തിൽ നിന്ന് ഉയർന്നുവന്നിട്ടുണ്ടെങ്കിൽ ഇത് പ്രധാനമായും അവരുടെ യോഗ്യതയാണ്. മിക്കവാറും ഈ ആളുകളോ അവരുടെ മാതാപിതാക്കളോ ജെത്രൂഡിന്റെ വിദ്യഭ്യാസത്തിലൂടെയാണ് വളർന്നത്” – നോവോസിബിർസക് ബിഷപ്പ് ജോസഫ് വെർത്ത് പറഞ്ഞു. 1971 ആഗസ്റ്റ് 16 -ന് ശ്വാസകോശത്തിൽ അർബുദരോഗ ബാധിതയായി ജെത്രൂഡ് മരണമടഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.