ദൈവത്തിലേക്കുള്ള വാതിലാണ് കാവൽമാലാഖമാർ: മാർപാപ്പ

ജീവിത യാത്രയിൽ കാവലാകാനും കരുതൽ നൽകാനും വഴികാട്ടാനുമായി ദൈവം നമുക്ക് നൽകിയിരിക്കുന്നവരാണ് കാവൽമാലാഖമാരെന്ന് ഫ്രാൻസിസ് മാർപാപ്പ. ചൊവ്വാഴ്ച കാസാ സാന്താ മാർത്തയിൽ വിശുദ്ധ ബലിയ്ക്കിടെയാണ് മാർപാപ്പ ഇക്കാര്യം പറഞ്ഞത്.

ചിലയാളുകൾക്ക് ജീവിതത്തിൽ മുന്നേറ്റങ്ങൾ നടത്താനും പുതിയ തീരുമാനങ്ങൾ എടുക്കാനുമൊക്കെ ഭയമാണ്. തങ്ങൾ കളങ്കിതരാവുമോ, അപകടം സംഭവിക്കുമോ, തങ്ങൾ നശിച്ചുപോകുമോ എന്നൊക്കെയാണ് അവരുടെ ഭയം. എന്നാൽ ഒഴുകാതെ കെട്ടിക്കിടക്കുന്ന വെള്ളമാണ് വേഗം മലിനമാകുന്നതെന്ന് പറഞ്ഞതുപോലെ ഉപയോഗിക്കാതെ വയ്ക്കുന്ന കഴിവുകളാലും അവസരങ്ങളാലുമാണ് നാം മോശക്കാരാവുന്നത്. ഇത് മനസിലാക്കി മുന്നോട്ട് പോകണമെന്നുണ്ടെങ്കിൽ തീർച്ചയായും കാവൽമാലാഖമാരുടെ സഹായവും സംരക്ഷണവും നമുക്കുണ്ടാവും. മാർപാപ്പ പറഞ്ഞു.

കാവൽമാലാഖമാരുടെ സംരക്ഷണത്തെ ബഹുമാനിക്കണം. പരിശുദ്ധാത്മാവിൽ നിന്നുവരുന്ന അവരുടെ സ്വരത്തിന് കാതോർക്കണം. നിങ്ങളുടെ കാവൽമാലാഖയോട് നിങ്ങൾ സംസാരിച്ചിട്ടുണ്ടോ, മാലാഖയുടെ സ്വരം കേട്ടിട്ടുണ്ടോ, മാലാഖയുടെ പേര് അറിയാമോ, മാർപാപ്പ ചോദിച്ചു.

ജീവിതവഴി കാട്ടുന്നു എന്ന് മാത്രമല്ല, ദൈവം എന്ന ലക്ഷ്യത്തിൽ നമ്മെ എത്തിക്കുകയും ചെയ്യുന്നുണ്ട്, കാവൽമാലാഖമാർ. അതുകൊണ്ടാണ് വിശുദ്ധ മത്തായി സുവിശേഷകൻ ഇപ്രകാരം പറയുന്നത്, ഈ ചെറിയവരിൽ ഒരുവനെയും നിന്ദിക്കാതിരിക്കാൻ സൂക്ഷിച്ചുകൊള്ളുവിൻ. എന്തെന്നാൽ അവരുടെ ദൂതന്മാർ സ്വർഗത്തിൽ തങ്ങളുടെ ദൈവത്തിന്റെ മുഖം സദാ ദർശിച്ചുകൊണ്ടിരിക്കുകയാണ്, എന്ന്. അതുകൊണ്ട് ജീവിതയാത്രയിൽ കാവൽമാലാഖമാരുടെ കൈ പിടിച്ച്, സുരക്ഷിതരായി നീങ്ങാം, മാർപാപ്പ കൂട്ടിച്ചേർത്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.