യുനെസ്‌കോയുടെ പൈതൃക പട്ടികയിൽ ഇടംപിടിക്കാൻ തിരുക്കുടുംബത്തിന്റെ യാത്രാവഴി 

ജോസഫും കന്യാമറിയവും യേശുവിനെയും വഹിച്ചുകൊണ്ട് ഈജിപ്തിലേയ്ക്ക് സഞ്ചരിച്ച യാത്രാവഴി, യുനെസ്കോയുടെ പൈതൃക പട്ടികയിൽ  ഉൾപ്പെടുത്താനുള്ള ശ്രമങ്ങളുമായി ഈജിപ്ഷ്യൻ സർക്കാർ.

ഇതിനായുള്ള ശ്രമത്തിന്റെ ഭാഗമായി “വേ ഓഫ് ദി ഹോളി ഫാമിലി” എന്ന പുസ്തകം ഇംഗ്ലീഷിലേയ്ക്കും അറബിയിലേയ്ക്കും തർജ്ജമ ചെയ്തു കഴിഞ്ഞിരിക്കുകയാണ്. ഈജിപ്ഷ്യൻ പുരാവസ്തു വകുപ്പാണ് ഇതിന് നേതൃത്വം നല്കിയിരിക്കുന്നത്.

ഈജിപ്തിന്റെ പുരാവസ്തു വകുപ്പ് മന്ത്രി ഖലീൽ അൽ ആദാനി കഴിഞ്ഞ ദിവസം നടത്തിയ പ്രസംഗത്തിൽ, തിരുക്കുടുംബം ഈജിപ്തിൽ താമസിച്ചതിന്റെ ചരിത്രപരവും സഭാപരവുമായുള്ള  പ്രാധാന്യത്തെപ്പറ്റി പരാമർശിച്ചിരിന്നു. കൂടാതെ പൈതൃക പട്ടികയിൽ ഉൾപ്പെടുത്തുന്നതിന് ആവശ്യമായ വാദി നട്രുണിലെ ആശ്രമം, കെയ്റോയിലെ എൽ മട്ടാറിയയിൽ സ്ഥിതിചെയ്യുന്ന “മേരിയുടെ മരം”, മിന്യ പ്രവിശ്യയിൽ സ്ഥിതിചെയ്യുന്ന കന്യാമറിയത്തിന്റെ ദേവാലയം, ഡേയ്ൽ അൽ-മുഹറക്ക്  ആശ്രമം  തുടങ്ങിയവയുടെ ചിത്രങ്ങളും വിവരങ്ങളും അധികൃതർ ഉടൻ തന്നെ യുനെസ്കോയ്ക്ക് കൈമാറും.

ഹേറോദേസിന്റെ മരണം വരെ ഏതാനും വർഷങ്ങൾ, തിരുക്കുടുംബം ഈജിപ്തിൽ താമസിച്ചിരുന്നു എന്നാണ് വിശ്വസിച്ചുപോരുന്നത്. വിനോദസഞ്ചാരത്തിന്റെ ഭാഗമായും തിരുക്കുടുംബത്തിന്റെ യാത്രാവഴിക്ക്  ഈജിപ്ഷ്യൻ സർക്കാർ പ്രചാരണം നൽകുന്നുണ്ട്.