നന്ദിയുടെ വഴിയേ…

(അല്‍ഫോന്‍സാമ്മയുടെ വിശുദ്ധപദ പ്രഖ്യാപനത്തിന് സഭ അംഗീകരിച്ച അത്ഭുത രോഗശാന്തി ലഭിച്ച ജിനില്‍ എഴുതുന്നു).

2008 ഒക്‌ടോബര്‍ 12-ാം തീയതി എന്റെ ജീവിതത്തിലെ ഒരു പുണ്യദിനമായിരുന്നു. അന്നാണല്ലോ വാഴ്ത്തപ്പെട്ട അല്‍ഫോന്‍സാമ്മയെ ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ വിശുദ്ധയായി പ്രഖ്യാപിച്ചത്. ഭാരത കത്തോലിക്കാ സഭയ്ക്കും ലോകത്തിനും ചരിത്രസംഭവമായി മാറിയ ആ പ്രഖ്യാപന ചടങ്ങില്‍ പങ്കെടുക്കുവാന്‍ ദൈവം എന്നെയും എന്റെ കുടുംബാംഗങ്ങളെയും അനുവദിച്ചു.

സഹനത്തിന്റെ അമ്മയായ വി. അല്‍ഫോന്‍സാമ്മയോട്, വേദന കൊണ്ട് കഷ്ടപ്പെടുന്ന ആരും എന്ത് ചോദിച്ചാലും അതിന് ആശ്വാസം കിട്ടും എന്നുള്ളതിന്റെ ഉത്തമ ദൃഷ്ടാന്തമാണ് എന്റെ ജീവിതം. ജന്മനാ രണ്ട് കാലിനും സ്വാധീനമില്ലാതെ നടക്കാന്‍ സാധിക്കാതെ ഇഴഞ്ഞുനീങ്ങിയ എനിക്ക്, എന്റെ കാലുകള്‍ സുഖപ്പെടുത്തി എന്നെ സാധാരണജീവിതത്തിലേയ്ക്ക് മടക്കിക്കൊണ്ടുവന്ന വി. അല്‍ഫോന്‍സാമ്മയോട് എന്റെ ജീവിതകാലം മുഴുവന്‍ ഞാന്‍ കടപ്പെട്ടിരിക്കും.

ഒഴിവുള്ള സമയങ്ങളില്‍ ഞാന്‍ അല്‍ഫോന്‍സാമ്മയുടെ കബറിടം സന്ദര്‍ശിക്കുകയും എനിക്ക് കിട്ടിയ അനുഗ്രഹത്തിന് നന്ദി പറയുകയും ചെയ്യാറുണ്ട്. എന്റെ മാതാപിതാക്കള്‍ ചൊല്ലിത്തുടങ്ങിയ അല്‍ഫോന്‍സാമ്മയുടെ നൊവേന, നിത്യവും മുടക്കാതെ ഞാന്‍ ചൊല്ലിവരുന്നു. അല്‍ഫോന്‍സാമ്മയോടുള്ള നന്ദിസൂചകമായി ഞാന്‍ ഈ പ്രാര്‍ത്ഥനയെ കാണുകയാണ്. പലവിധ രോഗങ്ങളാല്‍ ബുദ്ധിമുട്ടുന്ന എന്റെ സഹപാഠികളില്‍ ചിലര്‍ക്ക് ഞാന്‍ ഈ പ്രാര്‍ത്ഥന കൊടുക്കുകയും അവരുടെ പ്രാര്‍ത്ഥനയില്‍ ഞാനും കൂടി പങ്കുകൊള്ളുകയും ചെയ്യാറുണ്ട്. അങ്ങനെ രോഗശമനം ലഭിച്ച എന്റെ സഹപാഠികളിലൂടെ ഞാന്‍ അല്‍ഫോന്‍സാമ്മയെ ദര്‍ശിക്കുന്നു.

ക്ലേശങ്ങളെ എങ്ങനെ നേരിടണമെന്ന് അല്‍ഫോന്‍സാമ്മ നമ്മെ പഠിപ്പിക്കുന്നു. സഹനത്തിന്റെ മൂല്യം അമ്മ നമുക്ക് കാട്ടിത്തരുന്നു. തന്റെ പ്രാര്‍ത്ഥനയോട് സഹനവും ചേര്‍ത്തതു കൊണ്ടാണ് അല്‍ഫോന്‍സാമ്മയുടെ പ്രാര്‍ത്ഥന അനേകര്‍ക്ക് സഹായകരമായത്. ഇത് മനസ്സിലാക്കിയ ഞാന്‍, എനിക്കും എന്റെ കുടുംബാംഗങ്ങള്‍ക്കുമുണ്ടാകുന്ന ക്ലേശങ്ങളിലും രോഗങ്ങളിലും എനിക്ക് സഹിക്കാനുള്ള ശക്തി തരണമേ എന്ന് പ്രാര്‍ത്ഥിച്ചുകൊണ്ട് ”എന്റെ അല്‍ഫോന്‍സാമ്മേ, എന്റെ പ്രാര്‍ത്ഥന കേള്‍ക്കണമേ…” എന്ന സുകൃതജപം 36 തവണ ചൊല്ലിക്കഴിയുമ്പോള്‍ ഞങ്ങളുടെ ക്ലേശങ്ങളും രോഗാവസ്ഥയും വി. അല്‍ഫോന്‍സാമ്മ മാറ്റിത്തന്നിട്ടുണ്ട്.

”എന്നെ മുഴുവനും സ്‌നേഹത്തിന്റെയും പരിഹാരത്തിന്റെയും ബലിവസ്തുവായി ഈശോയ്ക്ക് സമര്‍പ്പിക്കുന്നു” എന്ന അല്‍ഫോന്‍സാമ്മയുടെ വാക്കുകള്‍ പൂര്‍ത്തീകരിക്കുന്നതിനു വേണ്ടി ഞാന്‍ എന്റെ ജീവിതവും ഈശോയ്ക്ക് സമര്‍പ്പിക്കുന്നു. അല്‍ഫോന്‍സാമ്മ സന്തതസഹചാരിയായി കൂടെയായിരിക്കുന്ന അനുഭവമാണ് എനിക്കിന്ന്. അമ്മയുടെ ആഗ്രഹം പോലെ ക്ലേശിക്കുന്നവര്‍ക്ക് അത്താണിയാകുവാന്‍ ഭാവിയില്‍ ഒരു ഉത്തമ വൈദികനായി ജീവിക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.

ഇന്നത്തെ തലമുറയ്ക്ക് വേദനയും ക്ലേശങ്ങളും പരാജയങ്ങളും സഹിക്കുക എന്നത് വളരെ ദുഃസ്സഹമാണ്. അപ്പോഴൊക്കെ അവര്‍ സ്വയം കുറ്റപ്പെടുത്തി ജീവിതം അവസാനിപ്പിക്കാനുള്ള വഴികള്‍ തേടുന്നു. മാതാപിതാക്കന്മാരുടെ തിരുത്തലും ശാസനയും അവരെ നിരാശയിലാഴ്ത്തുന്നു. ഇങ്ങനെയുള്ള തലമുറയ്ക്ക് മനക്കരുത്ത് ലഭിക്കുവാന്‍ സഹനത്തിന്റെ അമ്മയായ വി. അല്‍ഫോന്‍സാമ്മയോട് നമുക്ക് പ്രാര്‍ത്ഥിക്കാം.

ജിനിൽ

കടപ്പാട്: ഗോതമ്പുമണി