വീൽ ചെയറിലെ പോരാളിയും കൂട്ടുകാരും 

ലിപി ജസ്റ്റിന്‍
ലിപി ജസ്റ്റിന്‍

ഇന്ന് ഒരു പോരാളിയെ കാണാൻ ഞങ്ങൾ പോയിട്ടുണ്ടായിരുന്നു. ആരെയാണെന്നല്ലേ..? ഇരുപത് വർഷത്തോളമായി ‘വിധി’ എന്ന രണ്ടക്ഷരത്തെ ആത്മവിശ്വാസം കൊണ്ട് പൊരുതി തോൽപ്പിച്ചു കൊണ്ടിരിക്കുന്ന, ജീവിതത്തിലെ വെല്ലുവിളികളെ നോക്കി സദാസമയം പുഞ്ചിരി പൊഴിക്കുന്ന വിജു എന്ന സുഹൃത്തിനെ!

കോട്ടയ് ക്കൽ സെന്റ്‌ തെരേസാസ് കോളേജിൽ ഡിഗ്രിക്ക് കൂടെ പഠിച്ച കൂട്ടുകാരനാണ് മടത്തുംപടിക്കാരൻ വിജു. ഡിഗ്രി കഴിഞ്ഞ് പല വഴിക്ക് തിരിഞ്ഞു പോയ ഞങ്ങൾ ഒരുദിവസം ആരോ പറഞ്ഞറിഞ്ഞു, അവന് ജഡ്ജിമുക്കിൽ വച്ച് ബൈക്ക് അപകടം പറ്റിയെന്നും സീരിയസ് ആണെന്നുമൊക്കെ. ആശുപത്രി കിടക്കയിൽ ചെന്നുകണ്ട സുഹൃത്തുക്കൾക്കൊക്കെ അവനെ കണ്ട്, അവന്റെ സ്ഥിതിയോർത്ത് കണ്ണീർ പൊഴിക്കാൻ മാത്രമേ അന്ന് കഴിഞ്ഞിരുന്നുള്ളൂ.

ഒരു വർഷത്തിലേറെ കോമാ സ്റ്റേജിലായിരുന്നു. പിന്നീടെപ്പോഴോ കണ്ണു തുറന്ന് സ്വയം കരയാനായി. കാണാൻ വരുന്നവരോട് സംസാരിക്കാൻ പറ്റാത്തതിന്റെ ദേഷ്യവും വാശിയും, എഴുന്നേറ്റു നടക്കാൻ പറ്റാത്തത്തിന്റെ വിഷമവുമൊക്കെ അവൻ അമ്മയോടും സഹോദരങ്ങളോടും പ്രകടിപ്പിച്ചു തീർത്തു. കിടപ്പ് രോഗിയായി ഒട്ടേറെ കാലം കഴിച്ചുകൂട്ടി. പിന്നീട് കൂട്ടുകാർ കൊടുത്ത വീൽ ചെയറിൽ ലോകത്തെ കാണാൻ ഒന്ന്‌ എഴുന്നേറ്റിരിക്കാറായി.

അന്നുമുതൽ ഇന്നുവരെ തുടർന്നുകൊണ്ടിരിക്കുന്ന ചികിത്സയുടെയും ഒരുപാട് പേരുടെ പ്രാർത്ഥനയുടെയും ഫലമായി ഇപ്പോൾ കുറച്ചൊക്കെ സംസാരിക്കാറായി. ആൾക്കാരെ തിരിച്ചറിയാറായി. ഓർമ്മകളെ കൈപ്പിടിയിൽ ഒതുക്കാറായി.

ഇന്ന് വീടിന്റെ പുറകിൽ വീൽചെയറിൽ പുറത്തോട്ടു നോക്കിയിരിക്കുന്ന അവന്റെ അടുത്ത് ചെന്ന് ‘ഡാ, വിജു…’ എന്ന് വിളിച്ചപ്പോഴേയ്ക്കും അവൻ ‘ലിപി’ എന്നുറക്കെ പറഞ്ഞു ചിരിച്ചു. കൂടെയുണ്ടായിരുന്ന പ്രമിതയുടെ പേര് കുറച്ചൊന്നു തപ്പി. എഫ്രേമിനെ പെട്ടെന്നുതന്നെ മനസ്സിലായി. പ്രവീണിനെ അറിയാം; പക്ഷെ പേര് പിടികിട്ടിയില്ല എന്ന് തുറന്നുപറഞ്ഞു. സന്തോഷിനെയും വേഗത്തിൽ തിരിച്ചറിഞ്ഞു. ശ്യാം ഇടക്കിടക്ക് അവനെ കാണാൻ പോകുന്നതു കൊണ്ട് അവനെ പരിചയപ്പെടുത്തേണ്ട ഒരാവശ്യവും ഉണ്ടായിരുന്നില്ല; എന്നല്ല അവൻ വിജുവിന്റെ കുടുംബാംഗങ്ങളെ ഞങ്ങൾക്ക് പരിചയപ്പെടുത്തി തരികയും ചെയ്തു.

“എടീ, നീ ഇപ്പഴും അടിച്ചുപൊളിച്ച് നടക്കുകയാണല്ലേടി…”എന്നും പറഞ്ഞ് എന്നോട് അസൂയ പൂണ്ടു. “നീ ഇങ്ങനെ ആണെങ്കിൽ നിന്റെ മക്കൾ എങ്ങനെയായിരിക്കും…” എന്ന അവന്റെ ആകുലത കേട്ട്‌ ഞങ്ങൾ ഒത്തിരി ചിരിച്ചു. എല്ലാവരുടെയും കുടുംബാംഗങ്ങളുടെ വിശേഷങ്ങൾ അവൻ ചോദിച്ചറിഞ്ഞു. മൊബൈലിൽ ഓരോരുത്തരുടെയും ഫോട്ടോ കാണിച്ചുകൊടുക്കാൻ ആവശ്യപ്പെട്ടു. മൊത്തത്തിൽ സന്തോഷത്തിന്റെ കുറച്ചു നിമിഷങ്ങൾ ഞങ്ങൾ അവനും, അവൻ ഞങ്ങൾക്കും പകർന്നു നൽകി.

അവന്റെ കൂടെ നിന്ന് ഞങ്ങൾ ഫോട്ടോ എടുത്തു. ഓരോ ഫോട്ടോയും അവൻ നോക്കി അഭിപ്രായം പറഞ്ഞു.”ഇതിൽ എന്റെ തല നേരെയല്ല… പ്രമിത തൂണിന്റെ പുറകിൽ ആണ്… എഫ്രേമിനെ ശരിക്കും കാണാനില്ല…” തുടങ്ങിയ പരാതികൾ പരിഗണിച്ച് ഫോട്ടോ എടുപ്പ് തുടർന്നുകൊണ്ടേയിരുന്നു. ഗ്രൂപ്പിൽ അവന്റെ ഫോട്ടോ ഇടണമെങ്കിൽ അവൻ അപ്പ്രൂവ് ചെയ്തതു മാത്രമേ ഇടാവൂ എന്നവൻ മുന്നറിയിപ്പും തന്നു.

അപ്പൻ നേരത്തെ മരിച്ചു. എൺപത് വയസ്സായ അമ്മയുടെയും മെഡിക്കൽ റെപ്പായ ചേട്ടന്റെയും പരിരക്ഷണയിലാണ് അവൻ ജീവിതം വീൽചെയറിൽ തള്ളിനീക്കുന്നത്. ഇപ്പോൾ നടത്തുന്ന ഒരു ആയുർവേദ ട്രീറ്റ്മെന്റിൽ കുറച്ചുകൂടി മാറ്റങ്ങൾ സംഭവിക്കുന്നുണ്ടെന്ന് പറഞ്ഞ് അവന്റെ അമ്മ സ്വയം ആശ്വസിച്ചു. തളർന്നുപോയ വലതുഭാഗം കുറച്ചൊന്ന് അനക്കം വെച്ചിട്ടുണ്ടെന്ന് കാണിച്ചുതരാൻ അവൻ ഓരോരുത്തരുടെയും കൈപിടിച്ച് ഞെരിച്ച് തന്റെ അളവില്ലാത്ത സന്തോഷം രേഖപ്പെടുത്തി.

ഇറങ്ങാൻ നേരത്ത് ‘പോയിട്ട് പിന്നെ വരാമെടാ…’ എന്നു പറഞ്ഞപ്പോൾ തീയതി അടക്കം പറയണം എന്നായി അവൻ! “പിന്നെയ്, നീ ഇനി നിന്റെ മുടി ക്രോപ്പ് ചെയ്യണ്ടാട്ടാ…” എന്ന ഉപദേശം എനിക്കും.

ഞങ്ങൾ യാത്ര പറഞ്ഞ് ഞങ്ങളുടെ ലോകത്തിലേയ്ക്ക് പടിയിറങ്ങിയപ്പോൾ അവനും പതിയെ ഇറങ്ങി, ഇരുപത് വർഷമായി വിധി അവന് സമ്മാനിച്ച അവന്റെ മാത്രം ആ ലോകത്തിലേയ്ക്ക്‌.

ലിപി ജസ്റ്റിൻ