വത്തിക്കാനിൽ വിശ്വാസത്തിന്റെ ശബ്ദമായി മാറാൻ ഇന്ത്യയിൽ നിന്നുള്ള സന്യാസിനിയും 

വത്തിക്കാനിൽ നടക്കുന്ന ആഗോള വനിതാ സംഗമത്തിൽ ഇന്ത്യയിൽ നിന്നുള്ള കന്യാസ്ത്രീയും പങ്കെടുക്കും. യൂണിയൻ ഓഫ് സിസ്റ്റേഴ്സ് കോൺഗ്രിഗേഷൻ അംഗമായ സി. ശാലിനി മുളയ്ക്കലാണ് സംഗമത്തിൽ പ്രബന്ധം അവതരിപ്പിക്കുന്നത്. ഒക്ടോബർ മൂന്നാം തീയതി നടക്കുന്ന ഈ സംഗമത്തിന് ‘വിശ്വാസത്തിന്റെ ശബ്ദം’ എന്ന പേരാണ് നല്കിയിരിക്കുന്നത്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള അത്മായ സ്ത്രീകളും, സന്യസ്തരും, ബിഷപ്പുമാരും സംഗമത്തിൽ പങ്കെടുക്കും. സഭയിലെ സ്ത്രീസാന്നിധ്യത്തെ ശക്തിപ്പെടുത്തുകയും അവരുടെ ഭാഗത്തു നിന്ന് സഭയുടെ വളർച്ചയെ വിലയിരുത്തുകയും വളർച്ചയ്ക്കാവശ്യമായ നിർദ്ദേശങ്ങൾ ആരായുകയും ചെയ്യുക എന്നതാണ് ഈ സംഗമത്തിന്റെ ലക്ഷ്യം.

സി. ശാലിനി മുളയ്ക്കൽ ഇന്ത്യൻ തിയോളജി അസോസിയേഷന്റ ആദ്യ വനിതാ പ്രസിഡണ്ട്‌ ആണ്. ജസ്യൂട്ട് വൈദികരുടെ കീഴിൽ നടത്തുന്ന വിദ്യാജ്യോതി തിയോളജി കോളേജിൽ അധ്യാപികയായി സേവനം ചെയ്യുന്ന ഇവർ, ഇന്ത്യയിലെ നിരവധി സെമിനാരികളിലും സ്ഥാപനങ്ങളിലും വിസ്റ്റിംഗ് പ്രഫസർ ആണ്. നിരവധി പ്രബന്ധങ്ങൾ അവതരിപ്പിച്ചിട്ടുള്ള സിസ്റ്റർ, സ്ത്രീകൾ സമൂഹത്തിൽ നേരിടുന്ന പ്രശ്നങ്ങളെ എതിർക്കുകയും സ്ത്രീകൾക്കൊപ്പം നിലകൊള്ളുകയും ചെയ്തിട്ടുണ്ട്.