വിയറ്റ്നാമില്‍ വത്തിക്കാന്‍ സ്ഥാനപതിമന്ദിരം തുറക്കും

വിയറ്റ്നാം – വത്തിക്കാന്‍ ഉഭയകക്ഷി ചര്‍ച്ചകള്‍ ഫലവത്തായി സമാപിച്ചു. അപ്പസ്തോലിക സ്ഥാനപതിയുടെ മന്ദിരം തലസ്ഥാന നഗരത്തില്‍ ഉടനെ തുറക്കും. വത്തിക്കാന്‍ – വിയറ്റ്നാം ഉഭയകക്ഷി ബന്ധങ്ങള്‍ മെച്ചപ്പെട്ട സ്ഥിതിഗതിയിലാണെന്നും ഫലവത്താണെന്നും ഉഭയകക്ഷി ചര്‍ച്ചകളില്‍ തെളിഞ്ഞിരുന്നു. അതിനാൽ ആസന്നഭാവിയില്‍ തലസ്ഥാന നഗരമായ ഹാനോയില്‍ വത്തിക്കാന്‍ സ്ഥാനപതിയുടെ മന്ദിരം തുറക്കുമെന്ന്, ആഗസ്റ്റ് 23-ാം തീയതി വെള്ളിയാഴ്ച പ്രസിദ്ധപ്പെടുത്തിയ ഉഭയകക്ഷി പ്രവര്‍ത്തകസമിതിയുടെ സംയുക്ത പ്രസ്താവന വെളിപ്പെടുത്തി.

വിയറ്റ്നാമും അവിടത്തെ കത്തോലിക്ക സമൂഹവും തമ്മിലുള്ള ബന്ധം സംബന്ധിച്ച ഉഭയകക്ഷി ചര്‍ച്ചകളില്‍ ഇരുപക്ഷവും ഏറെ സംതൃപ്തി പ്രകടിപ്പിക്കുകയുണ്ടായി. രാഷ്ട്രത്തിന്‍റെ നിയമപരിധികളില്‍ നിന്നുകൊണ്ട് സഭാംഗങ്ങള്‍ക്ക് പ്രാര്‍ത്ഥിക്കാനും പ്രവര്‍ത്തിക്കാനുമുള്ള സ്വാതന്ത്ര്യവും അതുപോലെ വിദ്യാഭ്യാസം, ആതുരശുശ്രൂഷ പോലുള്ള മറ്റു സേവനങ്ങള്‍ ചെയ്യുന്നതിനുമുള്ള അവസരങ്ങളും ലഭ്യമാണെന്നതിനെക്കുറിച്ച് ഇരുകക്ഷികളും സംതൃപ്തി പ്രകടിപ്പിക്കുകയുണ്ടായി.

വിയറ്റ്നാമിന്‍റെ രാജ്യാന്തര ബന്ധങ്ങള്‍ക്കുള്ള ഏജന്‍സിയും വിയറ്റ്നാമില്‍ താമസമില്ലാത്ത വത്തിക്കാന്‍റെ സ്ഥാനപതി, ആര്‍ച്ചുബിഷപ്പ് മാറെക്ക് സലേസ്ക്കിയുമായി നടത്തിയ ചര്‍ച്ചകള്‍ ഏറെ ക്രിയാത്മകവും ഇരുപക്ഷവും തമ്മിലുള്ള നയതന്ത്രബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കുന്നതുമായിരുന്നെന്ന് സംയുക്ത പ്രസ്താവന വ്യക്തമാക്കി. ചര്‍ച്ചകള്‍ക്കിടയില്‍ പ്രതിനിധിസംഘം ഫ്രാന്‍സിസ് പാപ്പായുമായും, വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദ്ദിനാള്‍ പിയെത്രോ പരോളിനും, വിദേശകാര്യങ്ങള്‍ക്കായുള്ള സെക്രട്ടറി ആര്‍ച്ചുബിഷപ്പ് പോള്‍ ഗ്യാലഹറുമായും ഫലവത്തായ സ്വകാര്യചര്‍ച്ചകള്‍ നടത്തിയതായും അറിയിച്ചു.

ആഗസ്റ്റ് 21 മുതല്‍ 22 വരെ തീയതികളാലാണ് വത്തിക്കാന്‍ – വിയറ്റ്നാം നയതന്ത്രബന്ധങ്ങളെ സംബന്ധിച്ച പ്രവര്‍ത്തക സമിതിയുടെ 9-ാമത് ചര്‍ച്ചകള്‍ വത്തിക്കാനില്‍ നടന്നത്. വിയറ്റ്നാമിന്‍റെ വിദേശകാര്യങ്ങള്‍ക്കുള്ള ഉപമന്ത്രി ഹാന്‍ ദൂങ്, വത്തിക്കാന്‍റെ വിദേശകാര്യങ്ങള്‍ക്കായുള്ള ഉപകാര്യദര്‍ശി, മോണ്‍സീ‍ഞ്ഞോര്‍ ആന്റണി കമലിയേരി എന്നിവരാണ് പ്രതിനിധി സംഘങ്ങള്‍ക്ക് നേതൃത്വം നല്കിയത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.