മലങ്കര കത്തോലിക്കാ സഭയുടെ വിവിധ ഭദ്രാസന അതിര്‍ത്തികള്‍ പുനര്‍നിര്‍ണ്ണയം ചെയ്തു

മലങ്കര കത്തോലിക്കാ സഭയുടെ പൂന-ഖഡ്കി, പുത്തൂര്‍, മാര്‍ത്താണ്ഡം ഭദ്രാസനങ്ങളുടെ അജപാലന അതിര്‍ത്തികള്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ അംഗീകാരത്തോടു കൂടി മലങ്കര കത്തോലിക്കാ സഭാ സുന്നഹദോസ് പുനര്‍നിര്‍ണ്ണയം ചെയ്തു. സഭയുടെ പുനരൈക്യപ്രസ്ഥാനത്തിന്റെ നവതി ആഘോഷങ്ങളോടനുബന്ധിച്ച് മാവേലിക്കര പുന്നമൂട് സെന്റ് മേരിസ് കത്തീഡ്രല്‍ ദൈവാലയത്തില്‍ നടന്ന പൊതുസമ്മേളനത്തിടയിലാണ് സുന്നഹദോസ് തീരുമാനങ്ങള്‍ മേജര്‍ ആര്‍ച്ചുബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലിമിസ് കാതോലിക്കാ ബാവ അറിയിച്ചത്.

ഇതനുസരിച്ച് പൂന-ഖഡ്കി ഭദ്രാസനത്തിന്റെ പരിധിയിലുണ്ടായിരുന്ന കര്‍ണ്ണാടക, ആന്ധ്ര, തെലുങ്കാന, മഹാരാഷ്ട്ര, ഗോവ തുടങ്ങിയ സംസ്ഥാനങ്ങളിലായി വ്യാപിച്ചുകിടന്ന ഭൂപ്രദേശം സഭയുടെ സുന്നഹദോസിന് പൂര്‍ണ്ണ അധികാരമുള്ള അജപാലന പ്രദേശമായി മാര്‍പാപ്പ പ്രഖ്യാപിച്ചു. ഇതില്‍ നിന്നും നിലവില്‍ കന്യാകുമാരി മാത്രമായിരുന്ന മാര്‍ത്താണ്ഡം ഭദ്രാസനത്തോട് തമിഴ്‌നാട്ടിലെ 20 റവന്യൂ ജില്ലകളുടെ ഭൂപ്രദേശം കൂടി കൂട്ടിച്ചേര്‍ത്തു.

ദക്ഷിണ കന്നഡ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന പുത്തൂര്‍ ഭദ്രാസനത്തില്‍ ബാംഗ്ലൂര്‍ നഗരമടക്കമുള്ള 7 ജില്ലകളുടെ ഭൂപ്രദേശം കൂടി കൂട്ടിച്ചേര്‍ത്തു. പ്രദേശങ്ങളില്‍ പുതിയ ഇടവകകള്‍ രൂപീകരിക്കുന്നതിന് ഭദ്രാസനങ്ങള്‍ക്ക് പൂര്‍ണ്ണ അധികാരം ലഭിക്കുന്നു. സുന്നഹദോസ് തീരുമാനങ്ങളടങ്ങിയ കല്പന കൂരിയ മെത്രാന്‍ ബിഷപ്പ് യൂഹാനോന്‍ മാര്‍ തെയഡോഷ്യസ് വായിച്ചു. പൂന-ഖഡ്കി, മാര്‍ത്താണ്ഡം, പുത്തൂര്‍ ഭദ്രാസനങ്ങളുടെ വളര്‍ച്ചയ്ക്ക് ഈ തീരുമാനം വളരെ സഹായകമാകുമെന്ന് മാര്‍ ക്ലീമിസ് ബാവ പറഞ്ഞു. ചടങ്ങില്‍ സഭയിലെ മറ്റു മെത്രാപ്പോലീത്താമാര്‍ സംബന്ധിച്ചു.

ഫാ. ബോവസ് മാത്യു

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.