ആദരവിന്‍റെയും സഹിഷ്ണുതയുടെയും മൂല്യങ്ങൾ തലമുറകൾക്ക് കൈമാറണം: പാപ്പാ

‘ദൈവനാമത്തെ നിന്ദിക്കുന്നവരുടെ ആക്രമണങ്ങളെ ജയിക്കാന്‍ ശക്തമാണ് സാഹോദര്യം’ എന്ന് മാര്‍പ്പാപ്പാ. 1994 ജൂലൈ 18-ന് തന്‍റെ ജന്മനാടായ അര്‍ജന്റീനയുടെ തലസ്ഥാനമായ ബ്യുണസ് ഐറിസില്‍ യഹൂദരുടെ പാരസ്പര്യ സംഘടനയുടെ ആസ്ഥാനത്ത് ബോബാക്രമണം നടക്കുകയും 85 പേര്‍ കൊല്ലപ്പെടുകയും ഇരുനൂറോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തിന്റെ ഇരുപത്തിയഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ച്, പാപ്പാ ഇസ്രായേല്‍ക്കാരുടെ പാരസ്പര്യ സംഘടനയ്ക്ക് (AMIA) അയച്ച കത്തിലാണ് ഈ പ്രസ്താവനയുള്ളത്.

മതത്തിന്‍റെ പേരില്‍ ജീവിതങ്ങളെയും പ്രത്യാശകളെയും തകര്‍ക്കുന്നത് ഈശ്വരനാമത്തെ അവഹേളിക്കലാണ്. യുദ്ധം ചെയ്യാന്‍ പ്രേരിപ്പിക്കുന്നതും യുദ്ധത്തിലേയ്ക്ക് നയിക്കുന്നതും മതമല്ല. പ്രത്യുത, യുക്തിഹീനമായ പ്രവൃത്തികള്‍ ചെയ്യുന്നവരുടെ ഹൃദയങ്ങളിലുള്ള ഇരുട്ടാണെന്ന് പാപ്പാ ചൂണ്ടിക്കാട്ടി.

ബോംബ് സ്ഫോടനമുണ്ടായ ആ ദിനത്തിലെന്നപോലെ തന്നെ ഇന്നും താന്‍ ആ ദുരന്തത്തില്‍ ജീവന്‍ പൊലിഞ്ഞവരുടെ ആത്മശാന്തിക്കായി പ്രാര്‍ത്ഥിക്കുന്നുവെന്നും, യുഹൂദരോ ക്രൈസ്തവരോ ആയ അവരുടെ കുടുംബാംഗങ്ങളുടെ ചാരെ ആദ്ധ്യാത്മികമായി താന്‍ ഉണ്ടെന്നും പാപ്പാ കത്തില്‍ ഉറപ്പ് നല്കുന്നു. സഹോദരങ്ങളെപ്പോലെ ഒന്നിച്ചു ജീവിക്കാനാണ് ദൈവം നമ്മെ വിളിച്ചിരിക്കുന്നതെന്നും ഈ സാഹോദര്യമാകട്ടെ ഭൂമിശാസ്ത്രപരവും സൈദ്ധാന്തികവുമായ എല്ലാ അതിരുകളെയും ഉല്ലംഘിക്കുന്നതാണെന്നും പാപ്പാ ഉദ്ബോധിപ്പിച്ചു. ഒപ്പംതന്നെ ഈ സാഹോദര്യാവബോധത്തോടൊപ്പം ആദരവിന്‍റെയും സഹിഷ്ണുതയുടെയും മൂല്യവും വരുംതലമുറകള്‍ക്ക് നാം കൈമാറണമെന്നും പാപ്പാ ഓര്‍മ്മിപ്പിക്കുകയും ചെയ്യുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ