അമ്മത്തണലിൻ്റെ വില!

ഫാ. ജെൻസൺ ലാസലെറ്റ്
ഫാ. ജെൻസൺ ലാസലെറ്റ്

ഗർഭിണിയായിരുന്ന അവൾ ദേഹാസ്വാസ്ഥ്യം മൂലം ആശുപത്രിയിൽ എത്തിയതായിരുന്നു. പരിശോധനയ്ക്കുശേഷം ഡോക്ടർ പറഞ്ഞു: “വാതപ്പനിയാണ്. പ്രത്യേകിച്ച് മരുന്നൊന്നുമില്ല. ഗർഭാവസ്ഥ തുടർന്നാൽ ശ്വാസകോശത്തിന് തകരാര്‍ വരാനും മരണപ്പെടാനും സാധ്യതയുണ്ട്. അതുകൊണ്ട് കുട്ടിയെ അബോർട്ട് ചെയ്യുക എന്നതല്ലാതെ നിങ്ങളുടെ ജീവൻ നിലനിർത്താൻ മറ്റ് ഉപാധികളൊന്നുമില്ല.”

ഭാര്യയും ഭർത്താവും കൂടിയാലോചിച്ചു. അവരൊരുമിച്ച് പ്രാർത്ഥിച്ചു. അതിനുശേഷം അവൾ പറഞ്ഞു: “എൻ്റെ ജീവൻ നഷ്ടപ്പെട്ടാലും സാരമില്ല, കുഞ്ഞിനെ കൊലയ്ക്കു കൊടുക്കണ്ട. അത് മാരകപാപമല്ലേ? നമുക്ക് ദൈവത്തോട് പ്രാർത്ഥിക്കാം. അവിടുത്തേയ്ക്ക് അസാധ്യമായി ഒന്നുമില്ലല്ലോ?”

ഉദരത്തിലെ കുഞ്ഞിൻ്റെ ഓരോ അനക്കവും അവൾ പ്രാർത്ഥനയാക്കി. പ്രസവസമയം അടുത്തപ്പോൾ കൂടെയുണ്ടായിരുന്ന സ്ത്രീയോട് അവൾ പറഞ്ഞു: “ദയവു ചെയ്ത് ആ ജാലകം തുറന്നിടൂ. ദൈവാലയത്തിൽ നിന്നുമുയരുന്ന സംഗീതം ശ്രവിച്ച് എൻ്റെ കുഞ്ഞ് ജനിക്കട്ടെ.”

അങ്ങനെ പരിശുദ്ധ കന്യകാമാതാവിൻ്റെ ലുത്തിനിയ കേട്ടുകൊണ്ടാണ് ആ കുഞ്ഞ് ജനിച്ചത്! ഡോക്ടർ പറഞ്ഞതുപോലെ ആ സ്ത്രീയുടെ ആരോഗ്യം ക്രമേണ ക്ഷയിച്ചു. അധികം വൈകാതെ ശ്വാസകോശവും ഹൃദയവും തകരാറിലായി. എന്നിട്ടും, മരണതുല്യമായ വേദനകൾ സഹിച്ച്, അവൾ ഒമ്പതു വർഷം കൂടി ജീവിച്ചു. പിന്നീട് ആ കുഞ്ഞ് അപ്പൻ്റെ തണലിലാണ് വളർന്നത്. അവൻ്റെ ജീവനുവേണ്ടി അമ്മ സഹിച്ച വേദനകള്‍ ഓരോന്നായി അപ്പൻ അവന് പറഞ്ഞുകൊടുത്തിരുന്നു. അപ്പൻ്റെ ചിറകിൻതണലിൽ വളർന്ന ആ മകൻ, ആത്മീയകാര്യങ്ങളിൽ ഏറെ ശ്രദ്ധാലുവായിരുന്നു. വൈദികരെ അവൻ സ്നേഹിച്ചു. അതുകൊണ്ടാകാം സെമിനാരിയുടെ പടികൾ അവൻ കയറിയത്. വൈദികശ്രേഷ്ഠരുടെ ശിക്ഷണത്തിൽ പരിശീലനമെല്ലാം പൂർത്തിയാക്കി, പുരോഹിതനായി. പൗരോഹിത്യ ശശ്രൂഷാജീവിതത്തിൽ ഏറെ ശ്രദ്ധേയനായി മാറിയ അദ്ദേഹം പിന്നീട് മെത്രാനായി. തുടർന്ന് 1978 ഒക്ടോബർ 16-ന് കത്തോലിക്കാ സഭയുടെ 264-ാം
പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടു!

അതെ, ഒരു അമ്മയുടെ ജീവത്യാഗത്തിൻ്റെ പേരാണ് തിരുസഭയ്ക്കു ലഭിച്ച, വി. ജോൺപോൾ രണ്ടാമൻ പാപ്പ! പ്രതിസന്ധികളെ അതിജീവിച്ച് സ്വന്തം ജീവനെക്കാളും ഗർഭസ്ഥശിശുക്കളെ കാത്തുപാലിക്കുന്ന എല്ലാ അമ്മമാർക്കും ബിഗ് സല്യൂട്ട്!

ജീവിതസുഖത്തിൻ്റെയും അഭിമാനത്തിൻ്റേയും പേരിൽ എത്രയെത്ര കുഞ്ഞുങ്ങളാണ് അമ്മമാരുടെ ഉദരത്തിൽ ഓരോ ദിവസവും കൊല ചെയ്യപ്പെടുന്നത്? വിവാഹം കഴിഞ്ഞ് വർഷങ്ങളേറെയായിട്ടും ഒരു കുഞ്ഞിക്കാൽ കാണാത്ത ദമ്പതികളോട് ചോദിക്കൂ… ഉദരശിശുവിൻ്റെ വിലയെപ്പറ്റി.

ഇന്ന് ഇതെഴുതാൻ കാരണം, സുവിശേഷത്തിലെ ഒരു കഥാപാത്രത്തെക്കുറിച്ചുള്ള ധ്യാനമാണ്. ജായ്റോസ് എന്ന ഭരണാധികാരി, തൻ്റെ മകൾ മരിച്ചെന്നും പറഞ്ഞ് നിലവിളിയോടെ ക്രിസ്തുവിനെ സമീപിക്കുന്നു. അയാളുടെ ദു:ഖം മനസിലാക്കിയ ക്രിസ്തു, ആ 12 വയസുകാരിയെ ജീവിതത്തിലേയ്ക്ക് തിരിച്ചുകൊണ്ടുവരുന്നു (Ref: മത്തായി 9:18-26; മർക്കോ. 5:21-43). അതെ, മക്കൾ രോഗാവസ്ഥയിലാകുമ്പോഴും മരണപ്പെടുമ്പോഴും എല്ലാ മാതാപിതാക്കൾക്കും ദു:ഖമുണ്ട്. എന്നാൽ, ഈ മക്കൾ അമ്മയുടെ ഗർഭപാത്രത്തിൽ കൊല ചെയ്യപ്പെടുമ്പോഴോ???

ഫാ. ജെൻസൺ ലാസലെറ്റ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.