പാക്കിസ്ഥാനിലെ യുവജനങ്ങളെ പഠിപ്പിച്ച കന്യാസ്ത്രിയെ ആദരിച്ച് ബ്രിട്ടണിലെ യൂണിവേഴ്സിറ്റി

പാക്കിസ്ഥാനിലെ പാവങ്ങളെ പഠിപ്പിച്ച അയര്‍ലണ്ടുകാരി സന്യാസിനിയെ ബ്രിട്ടണിലെ യൂണിവേഴ്സിറ്റി ആദരിച്ചു. 89 വയസ്സുകാരി സി. ബെര്‍ക്കുമന്‍സാണ് ഇംഗ്ലണ്ടിലെ ട്വിക്കിങ്ഹാം യൂണിവേഴ്സിറ്റിയുടെ പുരസ്കാരത്തിന് അര്‍ഹയായത്.

പാക്കിസ്ഥാനിലെ സമ്മിശ്രമായ സാമൂഹ്യ ചുറ്റുപാടില്‍ മുസ്ലിം, പാര്‍സി, ക്രിസ്ത്യന്‍, ഹിന്ദു യുവജനങ്ങളെ 65 വര്‍ഷക്കാലം പഠിപ്പിച്ച സ്തുത്യര്‍ഹമായ സമര്‍പ്പണസേവനം പരിഗണിച്ചാണ് മുന്‍പാപ്പാ ബെനഡിക്ട് 16-ാമന്‍റെ നാമത്തില്‍ ടിക്കിങ്ഹാമിലെ സെന്‍റ് മേരീസ് യൂണിവേഴ്സിറ്റി സിസ്റ്ററിനെ ആദരിച്ചത്. ഇംഗ്ലണ്ടിലെ വെസ്റ്റ്മിനിന്‍സ്റ്റര്‍ അതിരൂപതാദ്ധ്യക്ഷ്യന്‍, ആര്‍ച്ചുബിഷപ്പ് വിന്‍സെന്‍റ് നിക്കോള്‍സ് ജൂലൈ 21-ാം തീയതി ഞായറാഴ്ച യൂണിവേഴ്സിറ്റി ഓഡിറ്റോറിയത്തില്‍ വച്ച് സി. ബെര്‍ക്കുമാന്‍സിന് സമുന്നത വിദ്യാഭ്യാസ സേവനത്തിനുള്ള ബെനഡിക്ട് മെഡല്‍ നല്കി അഭിനന്ദിച്ചു.

എല്ലാ മതക്കാരെയും സംസ്കാരങ്ങളെയും ഉള്‍ക്കൊണ്ട സി. ബെര്‍ക്കുമാന്‍സിന്‍റെ ജീവിതം ഭാവിതലമുറയെ കൂട്ടായ്മയുടെ സംസ്കാരത്തില്‍ നിലനിര്‍ത്താന്‍ സഹായകമാകും. അധ്യാപന മേഖലയിലെ തന്‍റെ സവിശേഷമായ സമര്‍പ്പണത്തിലൂടെ അധ്യാപനകലയുടെ മനോഹാരിതയും അപാരസാധ്യതകളുമാണ് സി. ബെര്‍ക്കുമന്‍സ് കാട്ടിത്തരുന്നതെന്നും ആര്‍ച്ചുബിഷപ്പ് നിക്കോള്‍സ് ആശംസാപ്രഭാഷണത്തില്‍ പ്രസ്താവിച്ചു.

അയര്‍ലണ്ടിന്‍റെ പ്രസിഡന്‍റ് മൈക്കിള്‍ ഹിഗ്ഗിന്‍സ്, ഇംഗ്ലണ്ടിലേയ്ക്കുള്ള പാക്കിസ്ഥാനി ഹൈ-കമ്മിഷണര്‍ മഹമ്മദ് നഫാസ് സക്കാറിയ എന്നിവരും സി. ബെര്‍ക്കുമാന്‍സിന്‍റെ ആദരിച്ച ചടങ്ങില്‍ ആശംസകളര്‍പ്പിച്ചു.

സി. ബെര്‍ക്കുമന്‍സ് പഠിപ്പിച്ച വലിയ വിദ്യാര്‍ത്ഥിസമൂഹത്തില്‍ മുന്‍ പാക്കിസ്ഥാനി പ്രധാനമന്ത്രി ബേനസീര്‍ ബൂട്ടോ, നോബല്‍ സമ്മാനജേതാവ് നേഗ്രിസ് മവാല്‍വാല എന്നിവര്‍ ഉള്‍പ്പെടുന്നു. കോണ്‍ഗ്രിഗേഷന്‍ ഓഫ് ജീസസ് ആന്‍റ് മേരി സഭാംഗമാണ് സി. ബെര്‍ക്കുമാന്‍സ് കോണ്‍വെ. ഇപ്പോള്‍ 89 വയസ്സെത്തിയ സി. ബെര്‍ക്ക്മാന്‍സ് അയര്‍ലണ്ടിലെ കൗണ്ടി ക്ലെയര്‍ സ്വദേശിനിയാണ്. പാക്കിസ്ഥാനില്‍ ലാഹോര്‍, മുരീ, കറാച്ചി എന്നിവിടങ്ങളിലെ വിദ്യാലയങ്ങളില്‍ 1954-മുതല്‍ സേവനമനുഷ്ഠിച്ചു. പാക്കിസ്ഥാന്‍റെ സമുന്നത പൗരപുരസ്കാരമായ “സിത്താര ഈ-ക്വെയിദി അസ്സ”മും സി. ബെര്‍ക്കുമന്‍സിനെ തേടിയെത്തുകയുണ്ടായി.