പരിശുദ്ധാത്മാവ് നമ്മിലേക്ക്‌ വരുന്ന രണ്ടു മാർഗ്ഗങ്ങൾ 

പന്തക്കുസ്താ തിരുനാളിനായി ഒരുങ്ങുകയാണ് നാം. ഈ ദിനങ്ങളിൽ നാം ചിന്തിച്ചതും ധ്യാനിച്ചതും ഒക്കെ. ഈശോ അയച്ച സഹായകനായ പരിശുദ്ധാത്മാവിനെ കുറിച്ചാണ്. പരിശുദ്ധാത്മാവിന്റെ ആഗമനത്തിനായി ഒരുങ്ങുമ്പോൾ വിശുദ്ധ ഗ്രന്ഥം അനുസരിച്ച് അവിടുന്ന് നമ്മിലേക്ക്‌ വരുന്ന രണ്ട്‌ മാർഗ്ഗങ്ങളെ കുറിച്ച് നമുക്ക് ചിന്തിക്കാം.

1 . വ്യക്തിപരമായി നമ്മിലേക്ക്‌ കടന്നു വരുന്ന പരിശുദ്ധാത്മാവ് 

” ഈശോ അവരുടെ നടുക്ക് വന്നു നിന്നു. എന്നിട്ട് ശിഷ്യന്മാരോട് പറഞ്ഞു, സമാധാനം നിങ്ങളോടു കൂടെ. പിതാവ് എന്നെ അയച്ചതു പോലെ ഞാനും നിങ്ങളെ അയയ്ക്കുന്നു. നിങ്ങൾ പരിശുദ്ധാത്മാവിനെ സ്വീകരിക്കുവിൻ എന്ന്  പറഞ്ഞു കൊണ്ട് അവൻ അവരുടെ മേൽ നിശ്വസിച്ചു. ” അപ്പസ്തോല പ്രവർത്തനത്തിൽ ഈശോ ശിഷ്യന്മാരുടെ മേൽ പരിശുദ്ധാത്മാവിനെ വാർഷിച്ചതായി പറയുന്നത് ഇപ്രകാരമാണ്.

ഈ വാക്കുകൾ വളരെ പ്രധാനപ്പെട്ടവയാണ്. ഈശോ തന്റെ സുഹൃത്തുക്കളുടെ, ശിഷ്യന്മാരുടെ പക്കൽ എത്തി അവർക്കു സമാധാനം ആശംസിച്ചു കൊണ്ട് അവരുടെ മേൽ നിശ്വസിക്കുന്നു. ഈശോയുടെ ശ്വാസം അത് ദൈവത്തിന്റെ ശ്വാസം ആണ്. അത് പരിശുദ്ധാത്മാവിനെ പ്രദാനം ചെയ്യുന്നു. ഇത് തന്നെയാണ് കൂദാശകളിലൂടെയും സംഭവിക്കുന്നത്. നമ്മോടു കൂടെ ആയിരിക്കുവാൻ ഈശോ സ്ഥാപിച്ച കൂദാശകളിലൂടെ നാം ഓരോരുത്തരിലേയ്ക്കും എത്തുന്നു. പരിശുദ്ധാത്മാവിന്റെ പ്രവർത്തനത്തിലൂടെ അവിടത്തെ തിരുശരീര രക്തങ്ങൾ നമുക്ക് നൽകി കൊണ്ട് അവിടുന്ന് നമുക്ക് ജീവൻ നൽകുന്നു.

ഇത്തരത്തിൽ പരിശുദ്ധാത്മാവിന്റെ ആവാസം നമുക്ക് അനുഭവേദ്യമായാൽ പിന്നെ നാം മറ്റൊരു വ്യക്തിയായി മാറും. റോമാക്കാർക്ക് എഴുതിയ ലേഖനത്തിൽ പൗലോസ് ശ്ലീഹാ പറയുന്നു, പരിശുദ്ധാത്മാവ്  അടിമത്വത്തിന്റെ ആത്മാവല്ല അല്ല. ആബാ പിതാവേ എന്ന് ദൈവത്തെ വിളിക്കുവാൻ നിങ്ങളെ പ്രേരിപ്പിക്കുന്ന ആത്മാവാണ് എന്ന്.  പരിശുദ്ധാത്മാവ് വന്നുകഴിഞ്ഞാൽ നാം ദൈവത്തിന്റെ മക്കളായി മാറും.

2 . നമ്മെ കൂട്ടായ്മയുടെ അനുഭവത്തിലേക്ക് നയിച്ചു കൊണ്ട് കടന്നു വരുന്ന പരിശുദ്ധാത്മാവ് 

പരിശുദ്ധാത്മാവ് പെന്തക്കുസ്താ തിരുനാൾ ദിനത്തിൽ ഒരുമിച്ചു കൂടി പ്രാർത്ഥിച്ചു കൊണ്ടിരുന്ന ശിഷ്യന്മാരുടെ മേൽ തീനാവുകളുടെ രൂപത്തിൽ എഴുന്നള്ളി വന്നു. പിന്നെ അവിടെ നടന്നത് അസാധാരണമായ ഒന്നായിരുന്നു. പലഭാഗങ്ങളിൽ നിന്നുള്ള ആളുകൾ ഒരുമിച്ചു കൂടിയിരുന്നു അവിടെ. വെറും മുക്കുവരായ ശിഷ്യൻമാർ പറഞ്ഞത് അവരവരുടെ ഭാഷകളിൽ അവർ കേൾക്കുകയും മനസിലാക്കുകയും ചെയ്തു.

ഇതാണ് പരിശുദ്ധാത്മാവിന്റെ ഒരുമിപ്പിക്കുന്ന ശക്തി. നമ്മൾ ഓരോരുത്തരും വ്യത്യസ്തരെങ്കിലും ദൈവ തിരുമുമ്പിൽ നമ്മെ ഒരുമിപ്പിക്കുന്ന ദൈവമക്കൾ എന്ന പ്രത്യേകതയെ പരിശുദ്ധാത്മാവ്  ഓർമിപ്പിക്കുകയും ആ കൂട്ടായ്മയിലൂടെ നമ്മിലേക്ക്‌ കടന്നു വരുകയും ചെയ്യും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ