പുരാതന അർമേനിയൻ ദൈവാലയം പിടിച്ചെടുത്ത് വില്പനയ്ക്കു വച്ച് തുർക്കി

തുർക്കിയിൽ നിന്നും പുറത്തുവരുന്നത്, ക്രിസ്തീയസമൂഹത്തിന് നേരിടേണ്ടിവരുന്ന വേദനാജനകമായ അനുഭവങ്ങളാണ്. തുർക്കിയിലെ മർമര കടലിന് തെക്ക് മെട്രോപോളിസായ ബർസയിലെ ഒരു പുരാതന അർമേനിയൻ ദൈവാലയം പിടിച്ചെടുത്ത് തുർക്കി അധികൃതർ 6.3 ദശലക്ഷം ലീയറക്കു വിൽപന നടത്തിയിരിക്കുകയാണ് ഇപ്പോൾ. ഇൻറർനെറ്റിൽ വിൽക്കാൻ വച്ചിരിക്കുന്ന വസ്തുക്കളുടെ പരസ്യത്തിന്റെ കൂടെയാണ് ഈ ദൈവാലയവും കണ്ടെത്തിയത്.

ആരാധനാലയത്തിന്റെ കൃത്യമായ സ്ഥലവും പേരും പരസ്യത്തിൽ വ്യക്തമാക്കിയിട്ടില്ല. എന്നാൽ ചിത്രങ്ങൾ നൽകിയിട്ടുണ്ട്. വ്യാപാരികളുടെയും വാങ്ങുന്നവരുടെയും വിവരങ്ങൾ രഹസ്യമാക്കി വച്ചുകൊണ്ടാണ് ഈ വിൽപന നടത്തുക. ഡെല്ലാ മിസിയ എന്ന പ്രശസ്ത ടൂറിസ്റ്റ് റിസോർട്ടിനാണ് ഈ ദൈവാലയം കൈമാറിയിരിക്കുന്നത് എന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്.

ബർസ മേഖലയിൽ സ്ഥിതിചെയ്യുന്നതും സ്വകാര്യസ്വത്തായി മാറിയതുമായ ഒരു പുരാതന ദൈവാലയം ഇപ്പോൾ വിൽപനയ്ക്ക്. അർമേനിയൻ ജനത നിർമ്മിച്ച ഈ പള്ളി പിന്നീട് സ്വകാര്യസ്വത്തായി പ്രഖ്യാപിക്കുകയും 1923-നു ശേഷം പുകയില വെയർഹൗസായും പിന്നീട് നെയ്ത്ത് ഫാക്ടറിയായി ഉപയോഗിക്കുകയും ചെയ്തു. ലോകപൈതൃക സൈറ്റുകളുടെ പേരിൽ യുനെസ്കോ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ള, ബർസയിൽ സ്ഥിതിചെയ്യുന്ന പള്ളി പ്രത്യേകതകളുള്ള സ്ഥലമായതിനാൽ ടൂറിസം ആവശ്യങ്ങൾക്കായി ഉപയോഗിക്കാം എന്ന വിവരണത്തോടെയാണ് ദൈവാലയം വിൽപനയ്ക്ക് വച്ചിരുന്നത്.

ഇതിനെതിരെ അർമേനിയൻ ക്രൈസ്തവർ വലിയ വിമർശനം ഉയർത്തുകയാണ്. ഏതെങ്കിലും ഒരു സ്ഥലത്ത് ഒരു ആരാധനാലയം പിടിച്ചെടുത്ത് വിൽപനയ്ക്ക് വയ്ക്കുന്നതായി കേട്ടിട്ടുണ്ടോ? ഭരണകൂടത്തിന്റെ ഇത്തരം പ്രവർത്തികൾ അങ്ങേയറ്റം ലജ്ജാവഹമാണെന്ന് തുർക്കിയിലെ ക്രൈസ്തവർ ചൂണ്ടിക്കാട്ടി. തുർക്കിയിലെ അർമേനിയൻ ക്രൈസ്തവർക്കെതിരെയുള്ള ആക്രമണങ്ങളുടെ തുടർച്ചയാണ് ഇത്. പ്രതികരിക്കുവാൻ പോലും കഴിയാതെ നിസ്സഹായാവസ്ഥയിലാണ് വിശ്വാസികൾ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.