ഇതെന്റെ ശരീരം; ഇതെന്റെ രക്തം: ദിവ്യകാരുണ്യത്തില്‍ ഈശോയുടെ യഥാര്‍ത്ഥ സാന്നിദ്ധ്യം

ഡോ. ജോയ് ഫ്രാൻസിസ്,  കൺസൾട്ടന്റ് ഫിസിഷൻ, കാർമ്മൽ മെഡിക്കൽ സെന്റർ – പാലാ

ആമുഖം

2019 ഫെബ്രുവരിയില്‍ പ്യു സെന്റര്‍ (Pew Center) അമേരിക്കയിലെ കത്തോലിക്കാ സമൂഹത്തില്‍ നടത്തിയ സര്‍വ്വേയുടെ ഫലം വെളിപ്പെടുത്തുന്ന കണക്കുണ്ട്. പരിശുദ്ധ പരമ ദിവ്യകാരുണ്യമാണ് കത്തോലിക്കാ വിശ്വാസജീവിതത്തിന്റെ ‘ഉറവിടവും ഉച്ചകോടിയും’ (Source and Summit) എന്നു പഠിപ്പിക്കുന്ന തിരുസഭയിലെ അംഗങ്ങളില്‍ 70 % പേരും ദിവ്യബലിയില്‍ അര്‍പ്പിക്കുന്ന അപ്പത്തിലും വീഞ്ഞിലും ഈശോയുടെ യഥാര്‍ത്ഥ സാന്നിദ്ധ്യം ഇല്ല എന്ന് കരുതുന്നവരാണ് എന്നതായിരുന്നു ആ സർവേയുടെ റിപ്പോർട്ട്. കുറേക്കൂടി വിശദമായി ഈ സര്‍വ്വേയുടെ ഫലങ്ങള്‍ വിലയിരുത്തുമ്പോള്‍ അമേരിക്കന്‍ കത്തോലിക്കാ വിശ്വാസികളില്‍ പത്തില്‍ ഏഴും ദിവ്യബലിയില്‍ അര്‍പ്പിക്കുന്ന അപ്പവും വീഞ്ഞും ഈശോയുടെ മാംസരക്തങ്ങളുടെ പ്രതീകങ്ങള്‍ (symbols) മാത്രമാണ് എന്ന് കരുതുന്നവരാണ്. ശേഷം 30 % പേര്‍ മാത്രമാണ് കുര്‍ബാന മദ്ധ്യേ വാഴ്ത്തപ്പെടുന്ന അപ്പവും വീഞ്ഞും ഈശോയുടെ മാംസവും രക്തവുമായി മാറുന്നു എന്നു വിശ്വസിക്കുന്നത്. സര്‍വ്വേയില്‍ പങ്കെടുത്തവരില്‍ അപ്പവും വീഞ്ഞും കേവലം പ്രതീകങ്ങളാണ് എന്ന് കരുതുന്നവരില്‍ 22 % പേര്‍ക്ക്, സഭ പഠിപ്പിക്കുന്ന ‘സത്താഭേദം’ (Transubstantiation) എന്ന വിശ്വാസസത്യത്തെപ്പറ്റി അറിവുള്ളവരാണ്. 4 % പേര്‍ക്ക് സഭയുടെ പഠനങ്ങളെപ്പറ്റി ബോദ്ധ്യങ്ങളില്ല. ചെറിയൊരു ഗണം (< 1 %) ‘ഇതിലൊക്കെ എന്തു പ്രതികരിക്കാന്‍’ എന്ന ചിന്താഗതിയാണ് സര്‍വ്വേയില്‍ പ്രകടിപ്പിച്ചത്.

ആഗോളവത്ക്കരണം മൂലം ജീവിതവ്യാപാരങ്ങളിലും പ്രത്യേകിച്ച്, മതവിശ്വാസ-മതാനുഷ്ഠാന നിഷ്ഠകളിലും നാം കാത്തുസൂക്ഷിച്ചിരുന്ന ഏകാന്തതക്ക് ശക്തി കുറയുകയും സാംസ്‌കാരിക അനുരൂപണം ദ്രുതഗതിയിലാവുകയും ചെയ്തു. വര്‍ത്തമാനകാല സാഹചര്യത്തില്‍ രാജ്യാന്തരയാത്രകളും പ്രവാസജീവിതവും പ്രചുരപ്രചാരത്തിലായി. അതുകൊണ്ട് ഭൂമിശാസ്ത്രപരമായ വേര്‍തിരിവുകളും വംശീയത (Ethnicity) അടിസ്ഥാനമാക്കിയുള്ള സാമൂഹ്യ-സാംസ്‌ക്കാരിക തനിമകളും പ്രസക്തമല്ലാതായി.

2019 -ലെ പ്യു സർവ്വേയുടെ ഫലങ്ങള്‍ അമേരിക്കന്‍ ജനതയുടെ പൊതുവെയുള്ള ‘കുന്തളിപ്പിന്റെ’ പ്രതിഫലനമല്ലേ? നമ്മള്‍ കേരളീയര്‍ ക്രിസ്തുവര്‍ഷം അര നൂറ്റാണ്ട് പിന്നിടുന്നതിനു മുമ്പു തന്നെ മാര്‍ത്തോമായില്‍ നിന്നും ‘മാര്‍ഗ്ഗം’ സ്വീകരിച്ച്, വിശ്വാസം അതിന്റെ ഉറവിടവിശുദ്ധി കലര്‍പ്പോ, കൂട്ടിച്ചേര്‍ക്കലോ ഇല്ലാതെ കാത്തുപരിപാലിക്കുന്നവരല്ലേ എന്നൊക്കെ സ്വയം സമാധാനിപ്പിക്കലില്‍ ആശ്വാസം കണ്ടെത്തിയിട്ട് കാര്യമില്ല. അമേരിക്കയിലും ജര്‍മ്മനിയിലും ഇന്ന് നടക്കുന്നത് നാളെ കേരളമനസ്സിനെ സ്വാധീനിക്കാതിരിക്കുകയില്ല.

ദിവ്യബലിയര്‍പ്പണത്തില്‍ വാഴ്ത്തുന്ന അപ്പവും വീഞ്ഞും പരിശുദ്ധാത്മാവിന്റെ ശക്തിയാല്‍ തിരുശരീര-രക്തങ്ങളായി മാറുന്നു എന്ന് കത്തോലിക്കാസഭ വിശ്വസിക്കുകയും പഠിപ്പിക്കുകയും പ്രഘോഷിക്കുകയും ചെയ്യുന്നു. അക്ഷയവും (Inexbaustible) അക്ഷരവും (Indestructible) ആയ ഒരു രഹസ്യം (Mystery) എന്നത്രേ കുര്‍ബാനമദ്ധ്യേ സംഭവിക്കുന്ന ഈ മഹാത്ഭുതം വിശേഷിപ്പിക്കപ്പെടുന്നത്. മഹത്വീകൃതനായ ഈശോയുടെ യഥാര്‍ത്ഥസാന്നിദ്ധ്യം അപ്പത്തിന്റയും വീഞ്ഞിന്റെയും രൂപം നിലനിര്‍ത്തിക്കൊണ്ട് സത്താഭേദം സാധിതമാക്കുന്ന ദൈവികസിദ്ധിയാണ്. വിശ്വാസത്തിന്റെ തലത്തില്‍ വിശ്വാസിക്ക് അനുഭവവേദ്യമാകുന്ന ദിവ്യകാരുണ്യം എന്ന ആത്മീയാനുഭൂതി. വിശ്വാസത്തിലൂടെ (Fides) അല്ലാതെ യുക്തിയിലൂടെയും (Ratio) പഞ്ചേന്ദ്രിയനിബദ്ധമായും ദിവ്യകാരുണ്യത്തിലെ ദൈവികസാന്നിധ്യം വിവരിക്കാനോ അനുഭവിക്കാനോ ആസ്വദിക്കാനോ സാധ്യവുമല്ല.

ദൈവശാസ്ത്ര ഭാഷ ഉപയോഗപ്പെടുത്തി വിവരിക്കുകയാണെങ്കില്‍ കുര്‍ബാനമദ്ധ്യേ അപ്പവും വീഞ്ഞും പുരോഹിതന്‍ കൂദാശാവചനങ്ങള്‍ ഉച്ചരിച്ച് വാഴ്ത്തുമ്പോള്‍ സത്താഭേദത്തിലൂടെ ഈശോയുടെ ശരീരവും രക്തവുമായി മാറുന്നു. എന്നാല്‍ അപ്പത്തിനും വീഞ്ഞിനും രൂപമാറ്റം (Accidental Changes) സംഭവിക്കുന്നില്ല. വിശ്വാസിയെ സംബന്ധിച്ചിടത്തോളം അള്‍ത്താരയിലെ കാസായിലും വീഞ്ഞിലും അരുളിക്കയിലും മഹത്വീകൃതനായ ഈശോ യഥാര്‍ത്ഥത്തില്‍ സന്നിഹിതനാകുന്നു എന്ന മഹാരഹസ്യത്തെ പരിപൂര്‍ണ്ണമായി ഉള്‍ക്കൊണ്ടു കൊണ്ടാണ് ദിവ്യകാരുണ്യത്തെ സ്വീകരിക്കുന്നത്. പുരോഹിതന്‍ ‘ക്രിസ്തുവിന്റെ തിരുശരീരം’ (Corpus Christi) എന്ന് മന്ത്രിച്ചുകൊണ്ടാണ് ഓരോ വിശ്വാസിക്കും വിശുദ്ധ കുര്‍ബാന നല്‍കുന്നത്. ദിവ്യകാരുണ്യത്തില്‍ ഈശോയുടെ യഥാര്‍ത്ഥ സാന്നിദ്ധ്യം ഉണ്ടെന്നും ദിവ്യകാരുണ്യ സ്വീകരണം ആത്മീയപോഷണവും രക്ഷാകരവുമാണ് എന്ന ബോദ്ധ്യമുള്ളവര്‍ക്ക് പുരോഹിതന്‍, ‘ഇതാ ക്രിസ്തുവിന്റെ ശരീരവും രക്തവും നിങ്ങള്‍ക്കായി നല്‍കുന്നു’ എന്ന് ഉച്ചരിക്കുമ്പോള്‍ ‘ആമ്മേന്‍’ എന്നു പറയാന്‍ മാത്രമേ കഴിയുകയുള്ളൂ.

ഞാന്‍ ഏറെ ബഹുമാനിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്ന ഒരു ബൈബിള്‍ പ്രഭാഷകനാണ് ലോസ് ആഞ്ചലസ് അതിരൂപതയുടെ സഹായമെത്രാനും വേഡ് ഓണ്‍ ഫയര്‍ (Word on Fire) എന്ന ടെലിവിഷന്‍ പരിപാടിയുടെ സ്ഥാപകനുമായ ബിഷപ്പ് റോബര്‍ട്ട് ബാരണ്‍ (Bp. Robert Barron). ഈ അടുത്തിടെ അദ്ദേഹത്തിന്റെ ഒരു പ്രഭാഷണം യൂട്യൂബില്‍ കേള്‍ക്കാനിടയായി. 2020 ഫെബ്രുവരി ഏഴാം തീയതി ലോസ് ആഞ്ചലസ് റിലീജിയസ് കോണ്‍ഗ്രസില്‍ അദ്ദേഹം നടത്തിയ പ്രസംഗം എന്നെ ഏറെ ആകര്‍ഷിച്ചു. Real presence of Jesus in the Eucharist എന്നതായിരുന്നു വിഷയം.

അമേരിക്കയിലെ കത്തോലിക്കര്‍ക്കിടയില്‍ സംഘടിപ്പിച്ച അഭിപ്രായ സര്‍വ്വേയുടെ ഫലങ്ങള്‍ ഒരുപക്ഷേ, കേരളീയ കത്തോലിക്കരുടെ ഇടയില്‍ സംഘടിപ്പിച്ചാലും അഭിപ്രായസമാനത കണ്ടെത്തിയേക്കാം. ബിഷപ്പ് റോബര്‍ട്ട് ബാരണിന്റെ പ്രഭാഷണമാണ് എന്റെ ഈ ലേഖനത്തിന്റെ പ്രചോദനം. അദ്ദേഹത്തിന്റെ ലളിതവും ചിന്തോദ്ദീപകവുമായ പ്രഭാഷണം എന്നെ ഏറെ സ്വാധീനിക്കുകയും എന്റെ രചനയെ സഹായിക്കുകയും ചെയ്തിട്ടുണ്ട്.

പ്യൂ റിസേർച്ച് സെന്റർ പക്ഷപാതമന്യേ വിവരങ്ങള്‍ ശേഖരിച്ച് വിശകലനം ചെയ്യുന്ന ഒരു അമേരിക്കന്‍ ചിന്താസംഭരണിയാണ് (Think Tank). അമേരിക്കയിലെ കത്തോലിക്കാ വിശ്വാസികളെ സംഘടിച്ചിച്ചുകൊണ്ട് ഫെബ്രുവരി 2019 -ല്‍ നടത്തിയ സര്‍വ്വേയുടെ ഫലങ്ങള്‍ തങ്ങളുടെ അടിസ്ഥാന വിശ്വാസപ്രമാണങ്ങളിലൊന്നായി കരുതുന്ന ദിവ്യകാരുണ്യ ഈശോയുടെ യഥാര്‍ത്ഥ സാന്നിദ്ധ്യത്തെപ്പറ്റിയുള്ള (real presence) അവബോധമില്ലായ്മ അല്ലെങ്കില്‍ അജ്ഞത മാറ്റാന്‍ ഈശോയുടെ യഥാര്‍ത്ഥ സാന്നിദ്ധ്യം മനസ്സിലാക്കാനും ഉത്തേജനമാകേണ്ടതാണ്. സാധാരണ കത്തോലിക്കാ വിശ്വാസികളെ സംബന്ധിച്ച് സര്‍വ്വേകളില്‍ പറയുന്ന ശതമാനകണക്കുകള്‍ക്കോ അക്കപ്പെരുക്കങ്ങള്‍ക്കോ വലിയ പ്രസക്തിയില്ല. മതബോധന ഗ്രന്ഥവ്യാഖ്യാനങ്ങളും വിശുദ്ധ ഗ്രന്ഥസാക്ഷ്യങ്ങളും വായിച്ചറിഞ്ഞോ കേട്ടറിവിലൂടെയോ സ്വാംശീകരിച്ച് ജീവിക്കുന്ന സാധാരണ വിശ്വാസികള്‍ക്ക് മനസ്സിലാക്കാനുതകുന്ന വിശദീകരണങ്ങള്‍ക്കേ പ്രായോഗിക പ്രസക്തിയേയുള്ളൂ.

കൗദാശിക ദൈവശാസ്ത്രത്തിന്റെ ലാബരിന്തൈന്‍ (Labyrinthine) ഇടനാഴികളില്‍ ചുറ്റിക്കറങ്ങി അറിവ് നേടി വിശ്വാസദാര്‍ഢ്യം കൈവരിക്കാന്‍ സാധാരണക്കാരനാവുകയില്ല. യഥാര്‍ത്ഥ സാന്നിദ്ധ്യം എന്ന സമസ്യയ്ക്ക് എളുപ്പത്തില്‍ ഗ്രഹിക്കാവുന്ന ഒരു കൗദാശിക ദൈവശാസ്ത്ര (Sacramental Theologica) വിശദീകരണം നല്‍കാനാകുമോ എന്ന ഒരു എളിയ പരിശ്രമമാണ് ഈ ലേഖനം കൊണ്ട് ഉദ്ദേശിക്കുന്നത്.

ക്രിസ്തീയ വിശ്വാസസംഹിതകളെക്കുറിച്ചുള്ള ഏതൊരു വിചിന്തനവും ആരംഭിക്കേണ്ടത് വിശുദ്ധ ഗ്രന്ഥത്തില്‍ നിന്നാണ്. അത്തരം വിശകലനങ്ങളുടെ ആധികാരികതയും വിശ്വാസ്യതയും വിചിന്തനങ്ങള്‍ വിശുദ്ധ ഗ്രന്ഥാധിഷ്ഠിതമയിരിക്കുമ്പോള്‍ മാത്രമേ ലഭ്യമാകൂ.

ദിവ്യകാരുണ്യ ഈശോയുടെ യഥാര്‍ത്ഥ സാന്നിദ്ധ്യം ഒരു നളാഗമക്രമത്തില്‍ ചര്‍ച്ച ചെയ്താല്‍ ആ ചര്‍ച്ചയ്ക്ക് ഒരു പദയാത്രയുടെ അനുഭവം കൈവരും. വിശുദ്ധ ഗ്രന്ഥത്തില്‍ നിന്നാണ് പദയാത്ര ആരംഭിക്കുന്നത്. വചനം മാംസമായി നമ്മുടെയിടയില്‍ വസിച്ച ഈശോ എന്ന ഗലീലിയാക്കാരന്റെ ജീവിതചെയ്തികളില്‍ നിന്നാണല്ലോ ചര്‍ച്ചയുടെ തുടക്കം. ഈ വിഷയത്തിലെ മാസ്റ്റര്‍പീസ്, യോഹന്നാന്റെ സുവിശേഷം ആറാം അദ്ധ്യായമാണ്. സമകാലീന യഹൂദര്‍ക്ക് ഉതപ്പും പില്‍ക്കാല ക്രിസ്ത്യാനികള്‍ക്ക് ആത്മീയപോഷകത്തിന് ഉതകുന്ന കൗദാശിക വരപ്രസാദത്തിന്റെ വറ്റാത്ത ഉറവക്കണ്ണികളും ഈശോയുടെ ഈ തിരുവചനത്തില്‍ നിന്നും ഊറിയിറങ്ങുന്നു.

സുവിശേഷങ്ങളില്‍

എ.ഡി. 33-ാം ആണ്ടിലെ കൂടാരത്തിരുനാളിന് ഏതാനും ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കേ ഒരു പ്രഭാതത്തില്‍ തിബേരിയാസ് കടലിന്റെ മറുകരയിലുള്ള ഒരു കുന്നിന്‍ചെരുവിലിരുന്ന് ഈശോ തന്റെ ചുറ്റും കൂടിയിരുന്ന് ശ്രദ്ധാപൂര്‍വ്വം തന്റെ വാക്കുകള്‍ക്ക് കാതോര്‍ത്തിരിക്കുന്ന അനുയായികളോട് പറഞ്ഞു: “സ്വര്‍ഗ്ഗത്തില്‍ നിന്നും ഇറങ്ങിവന്ന ജീവനുള്ള അപ്പം ഞാനാകുന്നു; ആരെങ്കിലും ഈ അപ്പത്തില്‍ നിന്നും ഭക്ഷിച്ചാല്‍ അവന്‍ എന്നേയ്ക്കും ജീവിക്കും” (യോഹ. 6:41). തമ്പുരാന്‍ പറഞ്ഞുതീര്‍ത്തില്ല. അതിനു മുമ്പു തന്നെ തര്‍ക്കങ്ങളും വിതര്‍ക്കങ്ങളും തുടങ്ങി. ഇവന്‍ ആ യൗസേപ്പ് തച്ചന്റെ മകനല്ലേ? ഇവനാര്? ഇവന് എന്തു യോഗ്യത?
ഈശോ തന്റെ പ്രബോധനങ്ങളും പഠിപ്പിക്കലുകളും നിര്‍ത്തിയില്ല. അടിവരയിട്ടു കൊണ്ടു തന്നെ പറഞ്ഞു: “നിങ്ങള്‍ മനുഷ്യപുത്രന്റെ ശരീരം ഭക്ഷിക്കുകയും രക്തം പാനം ചെയ്യുകയും ചെയ്യുന്നില്ലായെങ്കില്‍ നിങ്ങള്‍ക്ക് ജീവനുണ്ടായിരിക്കുകയില്ല” (യോഹ. 6:53).

കഫര്‍ണ്ണാമിലെ സിനഗോഗില്‍ വച്ചായിരുന്നു നിര്‍ണ്ണായകമായ ഈ ചര്‍ച്ചകള്‍ നടന്നത്. ലീഡറിന്റെ ഈ നിലപാടുകളോട് അണികളില്‍ ഒരു നല്ല വിഭാഗത്തിന് യോജിക്കാനായില്ല. പാര്‍ട്ടി പിളര്‍പ്പിന്റെ വക്കിലെത്തി. പലരും വിട്ടുപോയി. എ.ഡി. ഒന്നാം നൂറ്റാണ്ടിന്റെ ആദ്യപകുതിയില്‍ ജീവിച്ചിരുന്ന യഹൂദരുടെ വിശ്വാസങ്ങളും അനുഷ്ഠാനങ്ങളും അറിയാവുന്നവര്‍ക്ക് അണികളിലുണ്ടായ ‘ഇടര്‍ച്ച’യില്‍ അതിശയം തോന്നുകയില്ല. ആഹാരരീതികളില്‍ കടുത്ത നിഷ്ഠകളും നിയമങ്ങളും അനുഷ്ഠിച്ചു ജീവിക്കുന്ന യാഥാസ്ഥിതിക യഹൂദര്‍ക്ക് ‘ഈ വചനം കഠിനമാണ്’ എന്നു തോന്നിയില്ലെങ്കിലേ അത്ഭുതമുള്ളൂ (യോഹ. 6:60).

ഹെബ്രായ നിയമങ്ങളും നിഷ്ഠകളും അനുസരിച്ച് അനുവദനീയമല്ലാത്ത (Kosher) ഭക്ഷണപദാര്‍ത്ഥങ്ങള്‍ നിഷിദ്ധമാണ്. എന്റെ ശരീരം ഭക്ഷിക്കുക, എന്റെ രക്തം പാനം ചെയ്യുക എന്ന ആഹ്വാനം വിശ്വസിക്കുകയും അനുസരിക്കുകയും ചെയ്യുന്നത് നരഭോജനമാണ് (Cannibalism). ഈശോയുടെ ശരീരം ഭക്ഷിക്കുകയും രക്തം പാനം ചെയ്യുകയും ചെയ്യുന്നത് നിത്യജീവന്‍ ലഭിക്കാന്‍ ഉതകുന്നതാണ്. എങ്കില്‍പ്പോലും യഹൂദന് അത് ചിന്തിക്കാന്‍ പോലും വയ്യാത്ത കാര്യമാണ്. യോഗാനന്തരം ‘അവന്റെ ശിഷ്യന്മാരില്‍ വളരെപ്പേര്‍ അവനെ വിട്ടുപോയി. പിന്നീടൊരിക്കലും അവന്റെ കൂടെ നടന്നില്ല’ (യോഹ. 6:66).

അവസരത്തിനൊത്ത് വചനത്തില്‍ വെള്ളം ചേര്‍ക്കുന്നവനല്ല ഈശോ. അഭിമുഖം നടത്തി തിരഞ്ഞെടുത്ത പന്ത്രണ്ടു പേരോടുമായി ഈശോ ചോദിച്ചു: “നിങ്ങളും പോകാന്‍ ആഗ്രഹിക്കുന്നുവോ?” കായബലം കൊണ്ടും പ്രവൃത്തിപരിചയം കൊണ്ടും പ്രായം കൊണ്ടും തുറയില്‍ ആശാനായ ശിമയോന്‍ പത്രോസ് എല്ലാവര്‍ക്കുമായി മറുപടി പറഞ്ഞു: “കര്‍ത്താവേ, ഞങ്ങള്‍ ആരുടെ അടുത്തേക്ക് പോകും? നിത്യജീവന്റെ വചനങ്ങള്‍ നിന്റെ പക്കലുണ്ട്” (യോഹ. 6:68). “നീയാണ് ദൈവത്തിന്റെ പരിശുദ്ധന്‍ എന്ന് ഞങ്ങള്‍ വിശ്വസിക്കുകയും അറിയുകയും ചെയ്തിരിക്കുന്നു” (യോഹ. 6:68).

മുന്‍പിന്‍ നോക്കാതെ കേട്ടപാതി കേള്‍ക്കാത്ത പാതി മനുഷ്യരെ പിടിക്കാനുള്ള വിദ്യ പഠിക്കാന്‍ ചാടിപ്പുറപ്പെട്ടതിന്റെ കുണ്ഠിതമാണോ ഇങ്ങനെയൊരു കേവിയാത്ത് (Caveat emptor) ഉള്‍പ്പെടുത്താന്‍ ശിമയോനെ പ്രേരിപ്പിച്ചത്? അല്ല എന്നുവേണം കരുതാന്‍. ഉന്നതങ്ങളില്‍ നിന്നുള്ള ഉള്‍പ്രേരണയാവണം പത്രോസിനെക്കൊണ്ട് ഇത് പറയിച്ചത്. മത്തായി 16:17-ലെ ശിമയോന്റെ അസന്നിഗ്ദമായ വിശ്വാസപ്രഖ്യാപനവും പ്രഖ്യാപനത്തിന്റെ ദൈവിക ഉറവിടത്തെപ്പറ്റിയുള്ള ഈശോയുടെ എന്‍ഡോഴ്‌സ്‌മെന്റ് (endorsement) തുല്യം ചാര്‍ത്തുന്നു (പില്‍ക്കാലത്ത് തിരുസഭ ചിന്തിച്ചുണ്ടാക്കിയ അന്ധവിശ്വാസമോ അത് സ്ഥാപിക്കാനുതകുന്ന അജണ്ഡയുടെ വിവരണമോ അല്ല ഈശോയുടെ യഥാര്‍ത്ഥ സാന്നിദ്ധ്യത്തിന്റെ ആധാരം).

വിശുദ്ധ ഗ്രന്ഥത്തിന്റെ ഏടുകളിലെ മായാത്ത, മായം കലര്‍ത്താത്ത വചനങ്ങളെ അടിസ്ഥാനമാക്കി സഭ വിശ്വസിക്കുകയും പ്രഘോഷിക്കുകയും ചെയ്യുന്ന വിശ്വാസസത്യങ്ങളുടെ അടിസ്ഥാനശിലയാണ് യോഹന്നാന്റെ സുവിശേഷം ആറാം അദ്ധ്യായം മൊത്തത്തില്‍ ജീവന്റെ വചസ്സുകളുടെ ഭണ്ഡാരം എന്നു തന്നെ ഈ ബൈബിള്‍ ഭാഗത്തെ വിശേഷിപ്പിക്കാം.

സഭാപിതാക്കന്മാരുടെ മൊഴികള്‍

വി. ഇഗ്നേഷ്യസ്

ക്രിസ്തുവര്‍ഷം 108-ല്‍ കാലം ചെയ്ത സഭാപിതാവായ അന്ത്യോഖ്യായിലെ വി. ഇഗ്നേഷ്യസ്:– “പഴകി കെടുമ്പിച്ചു പോകുന്ന ആഹാരസാധനങ്ങളോടോ, ജീവിതകാലത്തെ നൈമിഷികസുഖങ്ങളോടോ എനിക്ക് ഒരു അഭിരുചിയുമില്ല. ജീവദായക അപ്പമായ ഈശോയുടെ തിരുശരീരവും കളങ്കമില്ലാത്ത സ്‌നേഹമായ തിരുരക്തവുമാണ് ഞാന്‍ കാംക്ഷിക്കുന്നത്” (റോമ 7:3). തിരുരക്തത്തിന്റെയും മാംസത്തിന്റെയും പ്രതീകങ്ങളെയെല്ലാം അപ്പവും വീഞ്ഞും വിവക്ഷിക്കപ്പെടുന്നു.

രക്തസാക്ഷിയായ വി. ജസ്റ്റിന്‍

ക്രിസ്തുവര്‍ഷം 165-ല്‍ രക്തസാക്ഷിത്വം വരിച്ച വി. ജസ്റ്റിന്റെ വാക്കുകളില്‍, “സര്‍വ്വസാധാരണമായ അപ്പവും വീഞ്ഞുമായല്ല ബലിയര്‍പ്പണത്തില്‍ ഉച്ചരിക്കുന്ന കൂദാശവചനങ്ങളിലൂടെ വചനം മാംസം ധരിച്ച് നമ്മുടെയിടയില്‍ വസിച്ച ദൈവപുത്രന്റെ മാംസരക്തങ്ങളായി മാറിയ ആ ദിവ്യഭോജനമാണ് നാം സ്വീകരിക്കുന്നത്” (First apology 66).

ഒരിജന്‍

ക്രിസ്തുവര്‍ഷം 185-254 കാലയളവില്‍ ജീവിച്ചിരുന്ന ഒരിജന്‍ എന്ന സഭാപിതാവ് യഥാര്‍ത്ഥ സാന്നിദ്ധ്യത്തെ ഇപ്രകാരം വിലയിരുത്തുന്നു: “എന്റെ ശരീരം യഥാര്‍ത്ഥ ഭക്ഷണവും യഥാര്‍ത്ഥ പാനീയവുമാണ് എന്ന് സര്‍വ്വരുടെയും മുമ്പാകെ തമ്പുരാന്‍ തന്നെ വെളിപ്പെടുത്തിയിരിക്കുന്നു” (Homilies Numbers 7:2).

വി. അഗസ്തീനോസ്

ക്രിസ്തുവര്‍ഷം 354-430 കാലഘട്ടത്തില്‍ ജീവിച്ചിരുന്ന ദൈവശാസ്ത്രവിശാരദനും പ്രത്യുത്പ്പനമതിയുമായ സഭാപിതാവാണ് വി. അഗസ്തീനോസ്. “നിങ്ങള്‍ അള്‍ത്താരയില്‍ കാണുന്ന പീലാസയിലെ അപ്പവും കാസായിലെ വീഞ്ഞും നിങ്ങളുടെ ബാഹ്യനയനങ്ങള്‍ നിങ്ങള്‍ക്ക് നല്‍കുന്ന അറിവാണ്. എന്നാല്‍ നിങ്ങളുടെ വിശ്വാസം അപ്പത്തിനെ ഈശോയുടെ തിരുശരീരമായും വീഞ്ഞിനെ തിരുരക്തമായും ഉള്‍ക്കൊള്ളാന്‍ പ്രാപ്തരാക്കുന്നു” (Sermons 272).

വി. ജോണ്‍ ക്രിസോസ്റ്റം

വിശുദ്ധന്റെ പേരിനെ അന്വര്‍ത്ഥമാക്കുന്ന ഭാഷയും ശൈലിയും പാണ്ഡിത്യവും ഒത്തുചേര്‍ന്നപ്പോള്‍ വിശ്വാസികളെ ഭക്തിയില്‍ ആഴപ്പെടുത്തുന്ന അറിവിന്റെ മൊഴിമുത്തുകളുടെ പ്രവാഹമായി. “തമ്പുരാന്റെ വാക്കുകള്‍ നമ്മുടെ കേവലബുദ്ധിക്ക് പൂര്‍ണ്ണമായി ഉള്‍ക്കൊള്ളാന്‍ കഴിയാത്തതുകൊണ്ട് അവയെ മറുതലിക്കാതെയും നമ്മുടെ പരിമിതികളുള്ള ഇന്ദ്രിയവ്യവസ്ഥകളാല്‍ അറിയാന്‍ കഴിയുന്നതു മാത്രമാണ് സത്യം എന്നു ശഠിക്കാതെയും അനന്തജ്ഞാനത്തിന് ഉടമയായ തമ്പുരാന്റെ വാക്കുകള്‍ക്ക് വഴങ്ങി ജീവിക്കുക. അവന്റെ വാക്കുകള്‍ക്ക് വഞ്ചിക്കാനാവുകയില്ല” (Homily on Mathew 82:4).

ബെറിംഗര്‍ന്റെ പരാജയപ്പെട്ട വാദങ്ങള്‍

ഫ്രാന്‍സിലെ ടൂര്‍സ് (Tours) നഗരിയില്‍ ജീവിച്ചിരുന്ന ബെറിംഗര്‍ സ്വതന്ത്രചിന്തകളും അഭിപ്രായങ്ങളും പുലര്‍ത്തിയിരുന്ന ഒരു പണ്ഡിതനായിരുന്നു. ടൂര്‍സിലെ പ്രശസ്തമായ ഒരു ദൈവശാസ്ത്ര വിദ്യാലയത്തിലെ പ്രധാനാദ്ധ്യാപകനുമായിരുന്നു. ബെറിംഗര്‍ ഉന്നയിച്ച വാദമുഖങ്ങള്‍ ദിവ്യകാരുണ്യ ഈശോയുടെ യഥാര്‍ത്ഥ സാന്നിദ്ധ്യത്തെ ചൊല്ലിയുള്ള പ്രക്ഷുബ്ധമായ വാദപ്രതിവാദങ്ങള്‍ക്ക് കാരണമായി. ഒടുവില്‍ പരാജയപ്പെട്ട് കെട്ടടങ്ങിയ ഒരു വാദകോലാഹലത്തിന്റെ നേതാവ് എന്ന നിലയിലാണ് അദ്ദേഹം ഓര്‍മ്മിക്കപ്പെടുന്നത്.

എട്ടാം നൂറ്റാണ്ടിന്റെ അവസാന ദശാബ്ദങ്ങളില്‍ ജിവിച്ചിരുന്ന വി. പസ്‌കാസിയൂസ് എന്ന ദൈവശാസ്ത്ര പണ്ഡിതന്‍ രൂപം നല്‍കി പ്രചരിപ്പിച്ച വിശദീകരണങ്ങള്‍ വിശ്വാസികളുടെ സ്വീകാര്യത നേടി. വിശുദ്ധ കുര്‍ബാന മദ്ധ്യേ ദിവ്യകാരുണ്യത്തിന് സംഭവിക്കുന്ന ‘സത്താമാറ്റം’ എന്ന ആശയത്തിന്റെ ഉപജ്ഞാതാവ് കോര്‍ബി (Corbie) സന്യാസാശ്രമത്തിലെ ആബട്ട് (Abbot) ആയിരുന്ന പസ്‌കാസിയൂസ് ആയിരുന്നു.

പുരോഹിതന്‍ ഉച്ചരിക്കുന്ന കൂദാശവചനങ്ങളിലൂടെ പരിശുദ്ധാത്മാവിന്റെ ശക്തിയാല്‍ അപ്പവും വീഞ്ഞും ഈശോയുടെ തിരുശരീരവും തിരുരക്തവുമായി മാറുന്നു എന്ന് വിശദീകരിച്ചത് പസ്‌കാസിയൂസ് ആയിരുന്നു. എന്നാല്‍ മാറി ചിന്തിക്കുന്ന ബെറിംഗര്‍, തന്റെ തനത് സ്വതന്ത്രചിന്തകളിലൂടെ നാഥന്റെ തിരുരക്തത്തെയും തിരുശരീരത്തെയും കുറിച്ച് (De corpore et sanguine Domini) ‘കോര്‍ബിയിലെ ഒരു സന്യാസി’ എന്ന ഗ്രന്ഥത്തില്‍ പ്രതിപാദിക്കുന്ന വാദമുഖങ്ങളെ അനുകൂലിച്ച് പ്രസ്താവനകളിറക്കി. അപ്പത്തിനു വീഞ്ഞിനും സത്താമാറ്റം സാദ്ധ്യമല്ല. അവ കേവലം ശരീര-രക്തങ്ങളുടെ പ്രതീകങ്ങളായി നിലകൊള്ളുന്നു എന്നതായിരുന്നു ബെറിംഗറുടെ നിലപാട്.

ബെറിംഗര്‍ ഉണര്‍ത്തിവിട്ട വിവാദകൊടുങ്കാറ്റ് ഒട്ടേറെ വാദപ്രതിവാദങ്ങള്‍ക്കും വിശദീകരണങ്ങള്‍ക്കും വിചാരണകള്‍ക്കും സൂനഹദോസുകള്‍ക്കും ഇടയാക്കി. മേലധികാരികളുടെ പരസ്യമായ താക്കീതുകള്‍, വിശദീകരണങ്ങള്‍, മാപ്പപേക്ഷകള്‍. അവസാനം ബെറിംഗര്‍ അധികാരികളുടെ നിര്‍ബന്ധപ്രകാരം തന്റെ വാദങ്ങള്‍ തെറ്റായിരുന്നു എന്നും പസ്‌കാസിയൂസിന്റെ വിശ്വാസങ്ങളോട് കൂറ് പ്രഖ്യാപിച്ച് നിരുപാധികം മാപ്പിരക്കുകയും ചെയ്യേണ്ടിവന്നു. നിഷ്‌കാസിതനായി, നിശബ്ദനായി, ഏകാന്തസന്യാസിയായി ശിഷ്ടകാലം വി. കോസ്‌മേയുടെ നാമത്തിലുള്ള ആശ്രമത്തില്‍ കഴിഞ്ഞു. 1088 ജനുവരി 10-ാം തീയതി ചരമമടഞ്ഞു. (www.Britanica.com/biograpy/Beringer-Os-Tours, Editors of Encyclopedia Britanica, last updated on Jan 6th 2021. Accessed on 23.3.2021).

ഒന്നാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന യഹൂദര്‍ ദൈവത്തിന്റെ അരുളപ്പാടുകള്‍ പ്രതീകങ്ങളിലൂടെ വെളിപ്പെട്ടു കിട്ടിയതിന്റെ വിവരണങ്ങള്‍ കേട്ടുശീലിച്ചവരാണ്. പ്രവാചകരിലൂടെ ദൈവം നല്‍കിയ സന്ദേശങ്ങളും നിര്‍ദ്ദേശങ്ങളും പ്രതീകങ്ങള്‍ ഉപയോഗപ്പെടുത്തി അവതരിപ്പിക്കപ്പെട്ട അവസരങ്ങള്‍ നിരവധിയാണ്. ഒറ്റനോട്ടത്തില്‍ പൊട്ടത്തരം എന്നു തോന്നാവുന്ന എത്രയെത്ര വാങ്മയ ചിത്രങ്ങളാണ് വിശുദ്ധ ഗ്രന്ഥത്തില്‍. വേശ്യയെ വേള്‍ക്കാന്‍ നിര്‍ബന്ധിതനാവുന്ന ഹോസിയ (ഹോസിയ 1:2), തോല്‍ച്ചുരുള്‍ ഭക്ഷിക്കേണ്ടി വന്ന എസെക്കിയേല്‍ (എസെ. 3:1-3), സിറാഫുകള്‍ നാവിലെരിയുന്ന തീക്കനല്‍ കൊണ്ട് അക്ഷരം കുറിച്ച് ജിഹ്വാശുദ്ധി വരുത്തുന്ന ഏശയ്യ (ഏശ. 6:6-7), മനുഷ്യമലം കൊണ്ട് അപ്പം ചുട്ടു തിന്നേണ്ടി വന്ന എസെക്കിയേല്‍ (4:1).

വിചിത്രവിവരണങ്ങളിലൂടെയുള്ള ദൈവവചന വ്യാഖ്യാനങ്ങളിലെ പ്രതീകാത്മകത മനസ്സിലാക്കി ദൈവേഷ്ടം കണ്ടെത്തി നിറവേറ്റാന്‍ കഴിവു നേടിയ യഹൂദജനത്തിന് ബലിയര്‍പ്പണത്തിലെ അപ്പവും വീഞ്ഞും ഈശോയുടെ മാംസാ സ്ഥിരക്തമജ്ജകളുടെ പ്രതീകങ്ങളായി മനസ്സിലാക്കാന്‍ പ്രയാസമില്ല. ബെറിംഗറുടെ വാദമുഖങ്ങളിലെ പ്രതീകാത്മക വിശദീകരണങ്ങള്‍ ലഘുചേതസ്സുകള്‍ക്കിടയില്‍ സ്വീകാര്യതയേറ്റുന്നു. എന്നാല്‍ ഈശോമിശിഹായുടെ വചനങ്ങളിലെ സ്വീകാര്യതയും സുവ്യക്തതയും അര്‍ത്ഥപുഷ്ടിയും പ്രതീകാത്മക ചിന്തകള്‍ കൊണ്ട് കൈയ്യൊഴിക്കാവുന്നവയല്ല. ഇത് എന്റെ മാംസത്തിന്റെയും രക്തത്തിന്റെയും പ്രതീകങ്ങളാണ് എന്നല്ല ഈശോ പറഞ്ഞത്. ഇത് എന്റെ മാംസം, ഇത് എന്റെ രക്തം. ഭക്ഷിക്കുക, പാനം ചെയ്യുക, നിത്യജീവന് അര്‍ഹരാകുക… അര്‍ത്ഥശങ്കയ്ക്ക് ഇടയില്ലാത്ത പ്രസ്താവനകളാണ് ഈശോയുടേത്. വിശുദ്ധ ഗ്രന്ഥത്തില്‍ രേഖപ്പെടുത്തിയിരിക്കുന്ന മൊഴികളെ അടിസ്ഥാനമാക്കി രൂപപ്പെട്ട മാഗ്നകാര്‍ട്ട (Magna Carta) യാണ് യോഹന്നാന്‍ അറിയിച്ച പരിശുദ്ധ സുവിശേഷം ആറാം അദ്ധ്യായം (രചയിതാക്കള്‍ രണ്ടും യോഹന്നാന്മാരാണ് എന്നത് യാദൃശ്ചികം). ഒന്ന് സുവിശേഷകനായ യോഹന്നാന്‍ – John the Evangelist. രണ്ട്, ഇംഗ്ലണ്ടിലെ രാജാവായിരുന്ന യോഹന്നാന്‍ – King John.

വി. തോമസ് അക്വീനാസ്

എ.ഡി. 1225 -ല്‍ ഇറ്റലിയില്‍ ജനിച്ച് ഇറ്റലിയില്‍ തന്നെ സ്ഥിതിചെയ്യുന്ന ഫോസ്സാനോവ ആശ്രമത്തില്‍ ജീവിച്ച് 1274 മാര്‍ച്ച് 7-ാം തീയതി ചരമമടഞ്ഞ തോമസ് അക്വീനാസ് എന്ന ഡൊമിനിക്കന്‍ സന്യാസി കത്തോലിക്കാ സഭയിലെ ഏകാംഗചിന്താ സംഭരണി (Think Tank) എന്ന് വിശേഷിപ്പിക്കപ്പെടുന്ന പണ്ഡിതശ്രേഷ്ഠനാണ്. വിശുദ്ധ കുര്‍ബാനയില്‍ സംഭവിക്കുന്ന ‘സത്താഭേദം’ (Transubstantiation) എന്ന മഹാത്ഭുതം സ്‌കോളാസ്റ്റിക് ദൈവശാസ്ത്ര വിവക്ഷയിലൂടെ സത്ത മാറുന്നു. എന്നാല്‍, പദാര്‍ത്ഥങ്ങള്‍ക്ക് മാറ്റം സംഭവിക്കുന്നില്ല എന്ന വിശദീകരണം അക്വീനാസിന്റെ കുശാഗ്രബുദ്ധിയില്‍ നിന്ന് ഉരുത്തിരിഞ്ഞതാണ്.

നമ്മുടെ ഇന്ദ്രിയങ്ങള്‍ക്ക് അനുഭവവേദ്യമാകുന്നത് ഗോതമ്പപ്പവും മുന്തിരിവീഞ്ഞും തന്നെ. എന്നാല്‍ വിശ്വാസത്തിന്റെ വെളിച്ചത്തില്‍ ഈ പദാര്‍ത്ഥങ്ങളുടെ സത്ത സമൂലം മാറി അവ ഈശോയുടെ മാംസരക്തങ്ങളായി മാറുന്നു. അതുകൊണ്ട് കത്തോലിക്കാ വിശ്വാസികള്‍ വാഴ്ത്തപ്പെട്ട അപ്പത്തെയും വീഞ്ഞിനെയും ഈശോയുടെ ശരീരവും രക്തവും എന്നല്ലാതെ ഗോതമ്പപ്പവും വീഞ്ഞും എന്ന് വിവക്ഷിക്കാറില്ല. ആ നിലയില്‍ കൈകാര്യം ചെയ്യാറുമില്ല. ദൈവത്തിനു മാത്രം അര്‍ഹതപ്പെട്ട ലാട്രിയ (Latria) എന്ന് വിശേഷിപ്പിക്കപ്പെടുന്ന ആരാധനാ സ്തുതിസ്‌തോത്രങ്ങള്‍ അര്‍പ്പിക്കപ്പെടുന്നത് ദിവ്യകാരുണ്യ ഈശോയുടെ സന്നിധിയില്‍ മാത്രമാണ്. പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ എന്ന പ്രണാമജപം മൂന്നു പ്രാവശ്യം ഉരുവിട്ട ശേഷമാണ് ദിവ്യകാരുണ്യ സന്നിധിയില്‍ നിന്നും വിശ്വാസികള്‍ പിന്‍വാങ്ങുന്നത്.

കാഴ്ചയിലും സ്പര്‍ശനത്തിലും രുചിയിലും മണത്തിലും എന്നല്ല രാസഘടനയിലും അപ്പവും വീഞ്ഞുമായി തുടരുന്ന രണ്ട് പദാര്‍ത്ഥങ്ങളെ ഇത് എന്റെ ശരീരം, ഇത് എന്റെ രക്തം വാങ്ങി ഭക്ഷിപ്പിന്‍ എന്നു പറഞ്ഞ് തമ്പുരാന്‍ നമ്മെ പൊട്ടന്‍ കളിപ്പിക്കുകയാണോ? മൊത്തത്തില്‍ ഒരു ദൈവിക ജാലവിദ്യ (Divine Deception) എന്നു പുച്ഛിച്ച് ഒഴിയാനാകുമോ? ചോദ്യം പ്രസക്തം. ഉത്തരം ലളിതോക്തിയില്‍ ഒതുങ്ങുകയുമില്ല. നാം ഇന്ദ്രിയങ്ങളിലൂടെ അനുഭവിച്ച് മനസ്സിലാക്കുന്നത് സ്പീഷിസ് Species) ആണ്. ജോണ്‍ ലോക്കിന്റെ (John Lok) വിശദീകരണത്തില്‍ സ്പീഷിസ് എന്നാല്‍ തരം, ഇനം എന്നൊക്കെ അര്‍ത്ഥം നല്‍കാവുന്ന ഒരു ലത്തീന്‍ വാക്കാണ്. സ്പീഷിസിന്റെ തനതു പ്രത്യേകതകളായ നിറം, മണം, രുചി തുടങ്ങിയവ ഇന്ദ്രിയനിബന്ധമാണ്. എന്നാല്‍ സബ്സ്റ്റന്‍സ് (Substanc) എന്നത് ഒരു വസ്തുവിന്റെ പരമമായ ഉണ്മയാണ്. അല്ലെങ്കില്‍ തന്മയീഭാവമാണ്. ഈ ഉണ്മ (Ulimate reality) ബൗദ്ധികതലത്തില്‍ ഇന്ദ്രിയവ്യവസ്ഥകള്‍ എത്തിക്കുന്ന അറിവുകളെ (informations) വിശ്വാസത്തിന്റെയും ബോദ്ധ്യങ്ങളുടെയും അടിസ്ഥാനത്തില്‍ രൂപപ്പെടുത്തിയെടുത്ത് അനുഭവത്തിന്റെ തലത്തിലേക്ക് ആവാഹിക്കുമ്പോള്‍ സ്പീഷിസ് നിലനില്‍ക്കെ സബ്സ്റ്റന്‍സ് മാറും. ഇതാണ് സത്താഭേദം (Transubstantiation) എന്ന മഹാരഹസ്യം (Mysterion).

സുപ്രധാന സഭാപഠനങ്ങള്‍ (മജിസ്‌തേരിയും)

ത്രെന്തോസ് സൂനഹദോസ് 1545-1563 (Council of Trent)
13-ാം വിചാരണസഭ, കാനോന്‍ 1

പരിശുദ്ധ പരമ ദിവ്യകാരുണ്യത്തില്‍ സത്യത്തിലും സത്തയിലും പരമാര്‍ത്ഥത്തിലും ഈശോയുടെ തിരുശരീരവും തിരുരക്തവും ആത്മാവോടും ദൈവത്തോടും അതായത് – പരിപൂര്‍ണ്ണ ക്രിസ്തുവായിത്തന്നെ ഉപസ്ഥിതനല്ലേ – കേവലം അടയാളമോ പ്രതീകമോ ആണ് എന്ന് ചിന്തിക്കുന്നുവെങ്കില്‍ അവനു ശാപം.

കാനോന്‍ 2

ദിവ്യകാരുണ്യത്തില്‍ അപ്പവും വീഞ്ഞും സത്താഭേദം സംഭവിച്ച് ഈശോയുടെ തിരുശരീരവും തിരുരക്തവുമായി മാറുന്നുവെന്ന തിരുസഭാ വിശ്വാസത്തെ നിരാകരിക്കുന്നുവെങ്കില്‍ അവനു ശാപം.

ത്രെന്തോസ് സൂനഹദോസിലെ 13-ാം വിചാരണയിലെ ഒന്നു മുതല്‍ പതിനാലു വരെയുള്ള കാനോനുകളില്‍ ദിവ്യകാരുണ്യ സംബന്ധിയായ നിറമതങ്ങള്‍ വിവരിച്ചിരിക്കുന്നു.

രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍

സഭയില്‍ ഉടലെടുത്ത ചില ദുഷ്പ്രവണതകള്‍ക്ക് തടയിടുന്നതിന് രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ അവസാന നാളുകളില്‍ ഭാഗ്യസ്മരണാര്‍ഹനായ പോള്‍ ആറാമന്‍ ഒരു നല്ല ഇടയനടുത്ത തന്റെ ഉത്കണ്ഠയും ദൈവജനത്തെ നേര്‍വഴിക്കു നയിക്കാനുള്ള തന്റെ ധാര്‍മ്മിക ഉത്തരവാദിത്വവും കണക്കിലെടുത്ത് സദാ കൈക്കൊള്ളുന്ന കര്‍ക്കശമായ ചില നിലപാടുകള്‍ വിവരിച്ചു വിശദീകരിക്കുന്നതാണ് 1965 സെപ്റ്റംബറില്‍ പ്രസിദ്ധീകരിച്ച മിസ്റ്റേരിയും ഫിദേയി (Mysterium Fidei) എന്ന ചാക്രികലേഖനം.

അന്തോഖ്യായിലെ വി. ഇഗ്നേഷ്യസിന്റെ വാക്കുകളിലെ ധ്വനി ഉള്‍ക്കൊണ്ടു കൊണ്ട് ദിവ്യകാരുണ്യത്തെ നിത്യജീവന്‍ പ്രദാനം ചെയ്യുന്ന സ്വര്‍ഗ്ഗീയ ഔഷധമായി പാപ്പാ അവതരിപ്പിക്കുന്നു. ക്രിസ്തുവിന്റെ യഥാര്‍ത്ഥ സാന്നിദ്ധ്യം സഭയില്‍ ഒട്ടേറെ സന്ദര്‍ഭങ്ങളില്‍ ഉണ്ടെങ്കിലും ദിവ്യകാരുണ്യ അപ്പത്തിലുള്ള സാന്നിദ്ധ്യം യഥാര്‍ത്ഥവും സത്താപരമായി പരിപൂര്‍ണ്ണവുമാണ്. തന്റെ മൗതികശരീരമായ തിരുസഭയില്‍ ഈശോ സന്നിഹിതനായിരിക്കുന്ന സന്ദര്‍ഭങ്ങള്‍ ഏറെയുണ്ട് (Mysterium Fidei 35-39).

സഭ പ്രാര്‍ത്ഥിക്കുമ്പോള്‍

രണ്ടോ മൂന്നോ പേര്‍ എന്റെ നാമത്തില്‍ ഒരുമിച്ചു കൂടുമ്പോള്‍ അവരുടെ മദ്ധ്യേ ഞാനുണ്ട് എന്ന് വാഗ്ദാനം വീണ്‍വാക്കല്ല. നമ്മോടു കൂടെ ആയിരുന്നുകൊണ്ട് നമുക്കു വേണ്ടി നമ്മുടെ പ്രാര്‍ത്ഥനകള്‍ ശ്രവിക്കുന്നവനാണ് ഈശോ. ‘സഭ’ ഉപവിപ്രവര്‍ത്തനങ്ങള്‍ ചെയ്യുമ്പോള്‍ നിങ്ങളില്‍ എളിയവനു ചെയ്യുന്ന ഓരോ മനോഗുണപ്രവര്‍ത്തിയിലും ഈശോയുടെ സാന്നിദ്ധ്യവും കാര്‍മ്മികത്വവുമുണ്ട്. ‘സഭ’യുടെ വചനപ്രഘോഷണങ്ങളില്‍ തമ്പുരാന്റെ സാന്നിദ്ധ്യവും വഴിനടത്തലുമുണ്ട്. ദൈവവചനം തമ്പുരാന്റെ ജിഹ്വയായി സഭാതനയര്‍ വിളംബരം ചെയ്യുന്നു.

സഭയിലെ അംഗങ്ങളെ നേര്‍വഴിക്കു നയിക്കുകയും ജീവിതചെയ്തികള്‍ നിയന്ത്രിക്കുകയും ചെയ്യുമ്പോള്‍ സഭയിലെ ഇടയന്മാരുടെ ഇടയനായ യേശുക്രിസ്തുവിന്റെ ദിവ്യശക്തിയാണ്. സഭയുടെ ചാലകശക്തിയുടെ സ്രോതസ്സ്.
‘സഭ’ പരികര്‍മ്മം ചെയ്യുന്ന എല്ലാ കൂദാശകളുടെയും പവ്വര്‍ ബാങ്ക് ദൈവപുത്രനായ ഈശോയാണ്. സഭാജീവിതത്തിലെ ശക്തിയുടെ ഉറവിടവും ഉച്ചകോടിയും (Source and Summit) ദിവ്യകാരുണ്യമാണ് (CCC 1324; Lumen Gentuin 111).

ദിവ്യകാരുണ്യ സൂനഹദോസ് 2001, ആമുഖം (ലീനിയാമെന്റാ – Lineamenta)

അന്ത്യ അത്താഴവേളയില്‍ ഈശോ ചെയ്ത പ്രവര്‍ത്തികളും അരുളിച്ചെയ്ത വാക്കുകളും പ്രത്യേകിച്ച്, ‘എന്റെ ഓര്‍മ്മയ്ക്കായി ചെയ്യുവിന്‍’ എന്ന അഭ്യര്‍ത്ഥന കേവലം ഭ്രാതൃനിര്‍വിശേഷമായ കൂട്ടായ്മയിലെ വിരുന്നൊരുക്കലിന്റെ തുടക്കവും അത് തുടര്‍ന്നും നടത്തണമെന്ന ആഹ്വാനവും മാത്രമായിരുന്നില്ല. മറിച്ച്, ആത്മാവിലും സത്യത്തിലും പിതാവായ ദൈവത്തോട് ഐക്യപ്പെട്ട് ആരാധനാക്രമത്തില്‍ അധിഷ്ഠിതമായി ആവര്‍ത്തിച്ചാവര്‍ത്തിച്ച് അനുവര്‍ത്തിക്കേണ്ട ഒരു അനുഷ്ഠാനത്തിന്റെ സംസ്ഥാപനമായിട്ടാണ് ഈശോയുടെ ഈ വാക്യങ്ങളെ കാണേണ്ടത്.

ദൈവപുത്രനായ ഈശോയുടെ നിര്‍ദ്ദേശങ്ങളോട് മറുതലിക്കുന്നതിലാണ് നാം നമ്മുടെ വീറ് കാണിക്കുന്നത്. കൊല്ലരുത്, വ്യഭിചാരം ചെയ്യരുത്, നിന്നെപ്പോലെ തന്നെ നിന്റെ അയല്‍ക്കാരനെ സ്‌നേഹിക്കുക, ഒരു കരണത്ത് അടിക്കുന്നവന് മറ്റേ കരണവും കാണിച്ചുകൊടുക്കുക… ഈ സാരോക്തികളുടെ വിരുദ്ധോക്തികള്‍ നടപ്പിലാക്കുന്നതിലാണ് നമുക്ക് താല്‍പര്യം. എന്നാല്‍ ഈശോയുടെ ഒരു നിര്‍ദ്ദേശം നാളിതുവരെ അക്ഷരംപ്രതി നാം പാലിച്ചുവരുന്നുണ്ട് – ‘ഞാന്‍ ഈ ചെയ്തത് എന്റെ ഓര്‍മ്മയ്ക്കായി ചെയ്യുവിന്‍’ (ലൂക്കാ 22:19). ഈശോനാഥന്‍ നമ്മോടൊന്നിച്ച് ആയിരിക്കാനുള്ള – ദൈവം നമ്മോടു കൂടെ (God Emmanuel) – ആയി കല്‍പാന്തകാലത്തോളം തുടരാനുള്ള അഭിനിവേശത്തിന്റെ പൂര്‍ത്തീകരണമാണ് ദൈവംതമ്പുരാന്റെ കൗദാശിക യഥാര്‍ത്ഥ സാന്നിദ്ധ്യം.

സ്വര്‍ഗ്ഗാരോഹണം ചെയ്ത ഈശോ ശാരീരികമായി നമുക്ക് അദൃശ്യനായി, അപ്രാപ്യനായി. എന്നാല്‍ കൗദാശിക യഥാര്‍ത്ഥ സാന്നിദ്ധ്യത്തിലൂടെ ക്രിസ്തുനാഥന്‍ ശരീരവും രക്തവും, ആത്മാവും ദിവ്യത്വവും പരിപൂര്‍ണ്ണതയില്‍ ഉള്‍ക്കൊള്ളുന്ന ദിവ്യസാന്നിദ്ധ്യമായി ദിവ്യകാരുണ്യത്തില്‍ സന്നിഹിതനായിരിക്കുന്നു.

വിശുദ്ധ ഗ്രന്ഥത്തിലെ യോഹന്നാന്‍ ആറില്‍ നിന്ന് ആരംഭിച്ച പദയാത്ര പോള്‍ ആറാമന്റെ പ്രബോധനങ്ങളിലൂടെ കടന്ന് വീണ്ടും യോഹന്നാന്‍ ഒന്നിലെ ആമുഖവചനങ്ങളില്‍ എത്തുമ്പോള്‍ ഒരു ‘പരിക്രമം’ പൂര്‍ത്തിയാകുന്നു.

ഈശോയുടെ യഥാര്‍ത്ഥ സാന്നിദ്ധ്യത്തെ സാധിതമാക്കുന്ന ‘സത്താഭേദം’ എന്ന Transubstantiation) മിസ്റ്ററിയുടെ സ്രോതസ് ഏത്? സംശയം വേണ്ട; ദൈവവചനം തന്നെ (Dei Verbum). ‘ആദിയില്‍ വചനമുണ്ടായിരുന്നു. വചനം ദൈവത്തോടു കൂടെയായിരുന്നു. വചനം ദൈവമായിരുന്നു. വചനം ദൈവമായിരുന്നു. അവന്‍ ആദിയില്‍ ദൈവത്തോടു കൂടെയായിരുന്നു. സമസ്തവും അവനിലൂടെ ഉണ്ടായി.’ ഉണ്ടാകട്ടെ എന്ന വചനത്തിന്റെ ശക്തിയാല്‍ സകലതും ഉത്ഭൂതമായി. ‘വെളിച്ചമുണ്ടാകട്ടെ’ (Fiat Lux).; വെളിച്ചമുണ്ടായി. പ്രപഞ്ചവും സകല ചരാചരങ്ങളും അവന്റെ വാക്കാലാണ് സൃഷ്ടിക്കപ്പെട്ടത്.

കാലത്തിന്റെ തികവില്‍ വചനം മാംസം ധരിച്ചു. മനുഷ്യാവതാരത്തിലൂടെ നമ്മിലൊരുവനായി. പൂര്‍ണ്ണ മനുഷ്യനും പൂര്‍ണ്ണ ദൈവവുമായ ഈശോ വചനത്തിന്റെ സമൂര്‍ത്തരൂപമായിരുന്നു. പച്ചവെള്ളത്തെ വീഞ്ഞാക്കി മാറ്റാന്‍ വചനത്തിനായെങ്കില്‍ വീഞ്ഞിനെ തന്റെ രക്തവും അപ്പത്തിനെ മാംസവുമായി മാറ്റാനും കഴിയും. ‘തലീത്താ കൂമെ’ എന്ന അരമായ നിര്‍ദ്ദേശത്തിലൂടെ മരിച്ച ബാലികയ്ക്ക് ഉയിരും, ‘ലാസറേ, പുറത്തു വരൂ’ എന്ന ആജ്ഞയിലൂടെ മരിച്ച് മൂന്നു നാള്‍ കഴിഞ്ഞവന് പുനരുജ്ജീവനും ‘നിന്റെ പാപങ്ങള്‍ ക്ഷമിക്കപ്പെട്ടിരിക്കുന്നു. നീ നിന്റെ മഞ്ചലും എടുത്ത് മടങ്ങിപ്പോവുക’ എന്ന വചനത്തിലൂടെ തളര്‍വാതരോഗിക്ക് പാപമോചനവും രോഗശാന്തിയും പ്രദാനം ചെയ്യാന്‍ കഴിയുമെങ്കില്‍ അപ്പത്തിനും വീഞ്ഞിനും സത്താഭേദം വരുത്താന്‍ സര്‍വ്വശക്തനു കഴിയുമെന്ന് വിശ്വസിക്കാന്‍ പ്രയാസം തോന്നേണ്ടതുണ്ടോ? ദൈവത്തിന്റെ വചനം സജീവവും ഉര്‍ജ്ജസ്വലവുമാണ്. ഇരുതലവാളിനേക്കാള്‍ മൂര്‍ച്ചയേറിയതും ചേതനയിലും ആത്മാവിലും സന്ധിബന്ധങ്ങളിലും മജ്ജയിലും തുളച്ചുകയറി ഹൃദയത്തിന്റെ വിചാരങ്ങളെയും നിയോഗങ്ങളെയും വിവേചിക്കുന്നതുമാണ് (ഹെബ്രാ 4:12).

ദൈവത്തിന്റെ വചനം വിവരണാത്മകമാണ് (Descriptive/Expressive). അതിലുപരി, സര്‍ഗ്ഗശക്തിയുള്ളതാണ് (Creative). വചനം പരിവര്‍ത്തനക്ഷമവുമാണ് (Transformative). പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തനത്താല്‍ പുരോഹിതന്റെ അഭിഷിക്ത കരങ്ങളിലൂടെ വിശുദ്ധ കുര്‍ബാനയില്‍ ഗോതമ്പപ്പത്തിനും വീഞ്ഞിനും സത്താഭേദം വരുത്തി രക്ഷകന്റെ മാംസരക്തങ്ങളാക്കി മാറ്റുന്നത് വചനത്തിന്റെ ക്രിയേറ്റീവ്/ ട്രാന്‍ഫോര്‍മേറ്റീവ് ശക്തിയാലാണ്. കൂദാശാവചനങ്ങളുടെ ആദ്യഭാഗം പുരോഹിതന്‍ മധ്യമപുരുഷ (Second Person Speech) വാക്യങ്ങളുപയോഗിച്ച് ഉച്ചരിക്കുന്നു.

‘താന്‍ ഒറ്റിക്കൊടുക്കപ്പെട്ട രാത്രിയില്‍ ഈശോ…’ ഇവിടെ പുരോഹിതന്‍ ഈശോയുടെ പ്രതിപുരുഷനാണ്. സ്ഥാപനവിവരണം പുരോഗമിച്ച് അപ്പവും വീഞ്ഞും വാഴ്ത്തിക്കഴിയുമ്പോള്‍ പുരോഹിതന്‍ ക്രിസ്തുവായി മാറുന്നു. പ്രഥമപുരുഷ (First Person) വാക്യങ്ങളാണ് തുടരുന്നത്. ‘ഇത് എന്റെ ശരീരമാകുന്നു; ഇത് എന്റെ രക്തമാകുന്നു.’ ഈ ശരീര-രക്തങ്ങള്‍ ഭക്ഷിക്കുകയും പാനം ചെയ്യുകയും ചെയ്യുന്ന വിശ്വാസികള്‍ ക്രിസ്തുവത്ക്കരിക്കപ്പെടുന്നു (Christified). പുരോഹിതന്‍ തത്സമയം Perona Christi -യില്‍ താദാത്മ്യം പ്രാപിക്കുന്നു.

ലുഡ്വിഗ് ഫൊയര്‍ബാക് (Ludwig Feurback) എന്ന ജര്‍മ്മന്‍ തത്വചിന്തകന്‍ നാസ്തികചിന്തകളുടെയും ദൈവനിരാസത്തിന്റെയും ഉപജ്ഞാതാവ് ആണെങ്കിലും അദ്ദേഹത്തിന്റെ ചില വാക്കുകള്‍ ദിവ്യകാരുണ്യ സ്വീകരണത്തിന്റെ രക്ഷണീയതയില്‍ പ്രസക്തമാണ്. “Mam is what he easts” എന്ന അദ്ദേഹത്തിന്റെ നിരീക്ഷണം ദിവ്യകാരുണ്യ സ്വീകരണത്തിന്റെ പരിവര്‍ത്തനക്ഷമതയ്ക്ക് (Transformative Power) വിശദീകരണമാകുന്നു. വിശ്വാസപൂര്‍വ്വം കുര്‍ബാന സ്വീകരിക്കുമ്പോള്‍ ഓരോ ക്രിസ്ത്യാനിയും ക്രിസ്തുവായി മാറുന്നു.

ഉപസംഹാരം

യഥാര്‍ത്ഥ സാന്നിദ്ധ്യം (Real Presence) എന്നത് ദൈവശാസ്ത്ര സംബന്ധിയായ ഒരു പദപ്രയോഗമാണ്. വിശുദ്ധ കുര്‍ബാന മദ്ധ്യേ നാം ദര്‍ശിക്കുന്ന പീലാസായിലെ അപ്പത്തിലും കാസായിലെ വീഞ്ഞിലും ഈശോയുടെ മഹത്വീകൃത ശരീരം സ്ഥിതി ചെയ്യുന്നുണ്ട് എന്ന ഉത്തമബോദ്ധ്യത്തിന്റെ വിശദീകരണമാണ് ‘യഥാര്‍ത്ഥ സാന്നിദ്ധ്യത്തിലൂടെ’ നല്‍കുന്നത്.

‘സത്താഭേദം’ എന്നത് തത്വശാസ്ത്രത്തില്‍ ഉപയോഗിക്കുന്ന ഒരു സാങ്കേതികപദമാണ്. രൂപഭാവാദികള്‍ക്ക് മാറ്റം സംഭവിക്കാതെ നിലനില്‍ക്കെത്തന്നെ ഒരു വസ്തുവിന്റെ പരമമായ വാസ്തവത്തിന്/ ഉണ്മയ്ക്ക് (Ultimate Reality) സംഭവിക്കുന്ന മാറ്റത്തെ വിശദീകരിക്കുന്ന പദമാണ് ‘സത്താഭേദം’ അഥവാ Transubstantration.

‘സത്താഭേദം’ സംഭവിക്കുന്നു എന്ന വിശ്വാസത്തിന്റെ നിറവിലാണ് രക്ഷകന്റെ യതാര്‍ത്ഥ സാന്നിദ്ധ്യം വ്യക്തിഗതമായി അനുഭവിക്കാനാവുന്നത്. വിശ്വാസം എന്നത് പ്രത്യാശിക്കുന്നവ ലഭിക്കും എന്ന ഉറപ്പും കാണപ്പെടാത്തവ ഉണ്ട് എന്നുമുള്ള ബോദ്ധ്യവുമാണ് (ഹെബ്രാ. 11:1).

വിശ്വാസത്തിന്റെ ലെന്‍സിലൂടെ Lens) നോക്കുമ്പോള്‍ മാത്രമേ ഈശോയുടെ യഥാര്‍ത്ഥ സാന്നിദ്ധ്യം ഗോചരമാകൂ. വിശ്വാസിയുടെ രസനയ്ക്കു മാത്രമേ സത്താഭേദത്തിലൂടെ സംലഭ്യമായ നിത്യജീവന്‍ നല്‍കുന്ന അപ്പത്തിന്റെയും രക്ഷാകരമായ തിരുരക്തത്തിന്റെയും രുചി നുണയാനാവൂ.

ഡോ. ജോയ് ഫ്രാൻസിസ് 

കൺസൾട്ടന്റ് ഫിസിഷൻ, കാർമ്മൽ മെഡിക്കൽ സെന്റർ, പാലാ  

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.