പ്രാർത്ഥിക്കുവാൻ സമയം ഇല്ലേ? ഈ കാര്യങ്ങൾ നിങ്ങളെ പ്രാർത്ഥിക്കുവാൻ സഹായിക്കും

വളരെ വേഗത്തിൽ ഓടുന്ന ഒരു ലോകത്തിലാണ് നാം ജീവിക്കുന്നത്. ഒന്നിനും സമയം ഇല്ല. എല്ലാം വേഗത്തിലാക്കാൻ ആധുനിക രീതിയിലുള്ള സൗകര്യങ്ങൾ ലഭ്യമെങ്കിലും മനുഷ്യന് ഇന്ന് ഒന്നിനും സമയമില്ല. ആത്മീയജീവിതത്തിന്റെ കാര്യത്തിലും ശ്രദ്ധിക്കാൻ നേരമില്ല. സ്വസ്ഥമായി പ്രാർത്ഥിക്കുവാനോ ശാന്തമായി അല്പസമയം ആയിരിക്കുവാനോ സാധിക്കാത്ത അവസ്ഥ. ജോലിഭാരമോ ക്ഷീണമോ മൂലം പ്രാർത്ഥിക്കുവാൻ സാധിക്കുന്നില്ല. അടുക്കും ചിട്ടയോടും കൂടി പ്രാർത്ഥനാജീവിതത്തെ ക്രമപ്പെടുത്താൻ ഇതാ ചില കാര്യങ്ങൾ.

1. പ്രാർത്ഥിക്കുവാനുള്ള ആഗ്രഹത്തെ ദൈവകരങ്ങളിൽ കൊടുക്കുക

പ്രാർത്ഥിക്കുവാനുള്ള ആഗ്രഹം നഷ്ടപ്പെടാതെ സൂക്ഷിക്കുക എന്നതാണ് പ്രധാനപ്പെട്ട കാര്യം. ദൈവം നമ്മിൽ നിന്നാഗ്രഹിക്കുന്നത് നാം പ്രാർത്ഥനയിൽ അവിടുത്തോടു കൂടെ ആയിരിക്കുവാനാണ്. കുറേ കാര്യങ്ങൾ പ്രവർത്തിക്കുന്നവരായിരിക്കാം നമ്മൾ. എന്നാൽ മനോഭാവത്തിൽ ദൈവത്തോടൊപ്പം ആയിരിക്കുക.

2. ദിവസവും കുറച്ചു നിമിഷങ്ങൾ പ്രാർത്ഥനയ്ക്കായി മാറ്റിവയ്ക്കുക

എല്ലാ ജോലിയും തീർന്ന ശേഷം പ്രാർത്ഥിക്കാം എന്നുവിചാരിച്ചാൽ ഒരിക്കലും സാധിക്കുകയില്ല. എല്ലാ ദിവസവും കുറച്ചു നിമിഷങ്ങൾ പ്രാർത്ഥനയ്ക്കായി മാറ്റിവയ്ക്കുക. അത് വ്യക്തിപരമായി എടുക്കേണ്ട തീരുമാനവും സമയവുമാണ്. ഒരു സമയം പ്രാർത്ഥനയ്ക്കായി മുൻകൂട്ടി തയ്യാറാക്കുക. അത്യാവശ്യമായ ഒരു കാര്യമുണ്ടെങ്കിൽ എന്തു തിരക്കാണെങ്കിലും നാം സമയം അതിനായി മാറ്റിവയ്ക്കും. ഇതിലും കൂടുതൽ ഉത്സാഹം പ്രാർത്ഥനയുടെ കാര്യത്തിലും ആവശ്യമാണ്.

3. ഒരു നല്ല നിമിഷത്തിനായി ഒരിക്കലും കാത്തിരിക്കരുത്

പ്രാർത്ഥിക്കുവാനായി നല്ല ഒരു സമയത്തിനായി ഒരിക്കലും കാത്തിരിക്കരുത്. അത് ഒരിക്കലും ഉണ്ടാവുകയില്ല. അതിനാൽ കിട്ടുന്ന അവസരങ്ങൾ, സാഹചര്യങ്ങൾ ഇവ പ്രാർത്ഥിക്കുവാൻ ഉപയോഗിക്കുക. അല്ലെങ്കിൽ പ്രാർത്ഥനയുടെ മനോഭാവത്തിൽ ആയിരിക്കുവാൻ പരിശ്രമിക്കുക.

4. തിരഞ്ഞെടുക്കുന്ന സമയം പ്രാർത്ഥനയിൽ തന്നെ ചിലവഴിക്കുക

നാം പ്രാർത്ഥനയ്ക്കായി മാറ്റിവച്ചിരിക്കുന്ന സമയം അതിനായിത്തന്നെ വിനിയോഗിക്കുക. നിസ്സാരകാര്യങ്ങളുടെ പേരിൽ അവ മാറ്റിവയ്ക്കാതിരിക്കുക. കുറച്ചു സമയമേ ചിലപ്പോൾ കാണുകയുള്ളൂ. പക്ഷേ, അതിൽ നിലനിൽക്കാൻ പരിശ്രമിക്കുക. എത്ര സമയം പ്രാർത്ഥിച്ചു എന്നതിലല്ല, പ്രാർത്ഥിക്കുന്ന സമയം നന്നായി വിനിയോഗിച്ചോ എന്നതാണ് പ്രധാനപ്പെട്ടത്.

5. ദിവസം മുഴുവനും പ്രാർത്ഥിക്കാം

ഏതവസരത്തിലും പ്രാർത്ഥനയിൽ ആയിരിക്കുവാൻ നമുക്ക് സാധിക്കും; മനോഭാവത്തിലൂടെ. ചിലപ്പോൾ വണ്ടി ഓടിക്കുകയാവാം, ഭക്ഷണം പാകം ചെയ്യുകയാവാം. എന്തു തന്നെയാണെങ്കിലും മനോഭാവത്തിൽ ദൈവത്തോടൊപ്പം ആയിരിക്കുക എന്നത് പ്രധാനപ്പെട്ട ഒന്നാണ്.

6. പോസിറ്റിവ് ആയ കാര്യങ്ങൾ ചിന്തിക്കുക  

പ്രാർത്ഥനയുടെ ഒരു അത്യാവശ്യ ഘടകമാണ് നന്മയുടെ മനോഭാവം കാത്തുസൂക്ഷിക്കുക എന്നത്. പോസിറ്റീവ് ആയ മനോഭാവം കാത്തുസൂക്ഷിക്കുന്നത് പ്രാർത്ഥന പോലെ തന്നെ പ്രധാനപ്പെട്ടതാണ്. എല്ലാറ്റിനെയും നന്മയായി കാണുവാൻ പരിശ്രമിക്കുക.

7. പ്രവർത്തികളെ പ്രാർത്ഥനയാക്കുക

നമ്മുടെ പ്രവർത്തികളെ പ്രാർത്ഥനയാക്കുക എന്നത് മറ്റൊരു പ്രധാനപ്പെട്ട കാര്യമാണ്. മറ്റുള്ളവരെ സഹായിക്കുക, അറിവില്ലാത്തവരെ പഠിപ്പിക്കുക, നന്മ ചെയ്യുക ഇവയെല്ലാം പ്രാർത്ഥനയോളം വിലയുള്ള പ്രവൃത്തികളാണ്. ദൈവം തന്ന നന്മകൾക്ക് നന്ദി പ്രകാശിപ്പിക്കുന്ന ജീവിതവും പ്രാർത്ഥന തന്നെ.