“എന്റെ കുഞ്ഞിനെ വെട്ടിനുറുക്കിയവനോട് ക്ഷമിക്കുവാൻ ശക്തി നൽകിയത് ദൈവമാണ്”: റുവാണ്ടൻ യുവതിയുടെ സാക്ഷ്യം

    റുവാണ്ട – ഹുതു വിഭാഗക്കാരുടെ നേതാവ് വിമാനാപകടത്തിൽ കൊല്ലപ്പെട്ടതിന്റെ പേരിൽ ബലിയാടാകേണ്ടി വന്ന പതിനായിരക്കണക്കിന് നിഷ്കളങ്കരായ ക്രിസ്ത്യാനികളുടെ നാട്. ക്രിസ്ത്യാനികളെ തിരഞ്ഞുപിടിച്ച് ആക്രമിച്ച നൂറ് ദിനങ്ങൾ. എന്നും ഈ ക്രിസ്തീയ വംശഹത്യയുടെ ഉണങ്ങാത്ത പാടുകൾ അവശേഷിക്കുന്നുണ്ടിവിടെ.

    ഉറ്റവരുടെ വേർപാടിന്റെ ഓർമ്മകളുടെയും വേദനകളുടെയുമിടയില്‍ ഒരു യുവതിയുടെ സാക്ഷ്യം അനേകം മനസുകളെ നന്മയിലേക്ക് നയിക്കുന്നു. ഈ യുവതിയുടെ പേരാണ് ആലീസ്. തന്റെ കണ്മുൻപിൽ നിന്ന് കുഞ്ഞിനെ പിടിച്ചുവാങ്ങി രണ്ടു കഷണമാക്കിയ വ്യക്തിയോട് ക്ഷമിച്ചുകൊണ്ടാണ് ഈ അമ്മ ദൈവസ്നേഹത്തിന്റെ അർത്ഥം അനേകരിലേയ്ക്ക് പകരുന്നത്. താൻ നേരിടേണ്ടിവന്ന അനുഭവങ്ങളെക്കുറിച്ച് ആലീസ് പറയുന്നത് ഇങ്ങനെയാണ്.

    “ക്രിസ്ത്യാനികൾക്കെതിരായ ആക്രമണങ്ങൾ തുടങ്ങി. വീടുകൾ തോറും കയറിയിറങ്ങി കലാപകാരികൾ ക്രിസ്ത്യാനികളെ കൊന്നുതള്ളിക്കൊണ്ടിരുന്നു. തെരുവുകൾ ശവങ്ങൾ കൊണ്ടു നിറഞ്ഞു. ഈ സമയം കലാപകാരികളിൽ നിന്ന് കുഞ്ഞിനെയും കൊണ്ട് എങ്ങനെയും രക്ഷപ്പെടണം എന്നുമാത്രമായിരുന്നു ഞങ്ങളുടെ ചിന്ത. ശവശരീരങ്ങൾക്കിടയിൽ പോലും ഒളിച്ചുകഴിഞ്ഞ ദിവസങ്ങൾ… അങ്ങനെയിരിക്കെ ഒരു ഒഴിഞ്ഞ സ്ഥലത്ത് നദിക്കരയിൽ കുഞ്ഞുമായി മറഞ്ഞിരിക്കുകയായിരുന്നു. പെട്ടന്നാണ് ഒരുകൂട്ടം കലാപകാരികൾ ഞങ്ങള്‍ക്കു നേരെ ആക്രോശിച്ചു കൊണ്ടെത്തിയത്. അവർ കുഞ്ഞിനെ എന്റെ കയ്യിൽ നിന്നും തട്ടിപ്പറിച്ച്, ഞങ്ങളുടെ കണ്മുമ്പിൽ വച്ച് വെട്ടിനുറുക്കി. ഭർത്താവിനെ ക്രൂരമായി മർദ്ദിച്ചു. എങ്കിലും അദ്ദേഹം ജീവനോടെ രക്ഷപെട്ടു.”

    കണ്മുമ്പിൽ വച്ച് സ്വന്തം കുഞ്ഞിനെ രണ്ടായി വെട്ടിമുറിക്കുന്നത് കാണേണ്ടിവന്ന ആ അമ്മയ്ക്ക് പിന്നീട് സാധാരണ ജീവിതത്തിലേയ്ക്ക് കടന്നുവരാൻ ഏറെക്കാലമെടുത്തു. സാധാരണ നിലയിലേയ്ക്ക് എത്തിയ നിമിഷം മുതൽ അവൾ  ദൈവത്തിലേക്ക് അടുത്തു തുടങ്ങി. ദൈവസ്നേഹത്താൽ, സമാശ്വാസത്താൽ നിറയുവാൻ ആത്മാർത്ഥമായി പ്രാർത്ഥിച്ചു തുടങ്ങി.

    ദൈവത്തിൽ കൂടുതൽ ആഴപ്പെട്ടതോടെ അവളുടെ പ്രാർത്ഥന ‘ദൈവമേ, എന്നെ ക്ഷമിക്കുവാൻ പഠിപ്പിക്കണമേ’ എന്നായി. തന്റെ കണ്മുമ്പിൽ വച്ച് കുഞ്ഞിനെ കൊന്ന ആ മനുഷ്യനു വേണ്ടി അവള്‍ പ്രാർത്ഥിക്കുവാൻ തുടങ്ങി. അയാളുടെ മാനസാന്തരത്തിനായി… അയാളെപ്പോലെ കഠിനമായ മനസുള്ള അനേകരുടെ മാനസാന്തരത്തിനായി… ഈ പ്രാർത്ഥനകളൊക്കെ അവളറിയാതെ തന്നെ ആ മനുഷ്യനിൽ മാറ്റങ്ങൾ ഉണ്ടാക്കുന്നുണ്ടായിരുന്നു.

    ഒരിക്കൽ അയാൾ അവളെ കാണുവാൻ വന്നു. അവളുടെ കാലിൽവീണ് ‘എന്നോട് ക്ഷമിക്കണമേ…’ എന്ന് യാചിച്ചു. തന്റെ തെറ്റ് തുറന്നുപറഞ്ഞു. ആദ്യം അവൾക്ക് മറുപടി ഒന്നും പറയാൻ കഴിഞ്ഞില്ല. പിറ്റേദിവസം അവൾ അയാളെ കാണാനെത്തി. അയാളോട് സംസാരിച്ചു. ക്ഷമിച്ചു. മാപ്പുനല്കി. അത് അയാളെ ജയിൽജീവിതത്തിൽ നിന്നും പഴയ ജീവിതത്തിൽ നിന്നും മോചിപ്പിച്ചു.

    എന്റെ കുഞ്ഞിനോട് കൊടുംക്രൂരത കാട്ടിയ ആ മനുഷ്യനോട് എനിക്ക് ക്ഷമിക്കുവാൻ കഴിഞ്ഞത് ദൈവം നല്‍കിയ ശക്തി ഒന്നുകൊണ്ട് മാത്രമാണ്. ദൈവമായിരുന്നു, എന്റെ മനസിനെ ക്ഷമിക്കുവാനും – പൊറുക്കുവാനും സഹായിച്ചത്. ആ ദൈവസ്നേഹത്തിനു മുന്നിൽ ഞാൻ തല കുനിക്കുന്നു. ആലീസ് പറഞ്ഞു നിർത്തി.

    ഈ വാക്കുകൾ ഇന്ന് അനേകർക്ക്‌ പ്രചോദനമായി മാറുകയാണ്.