“വന്ദ്യ പുരോഹിതാ, നിങ്ങളില്ലായിരുന്നെങ്കിൽ ഇന്ന് ഞാൻ ഉണ്ടാകുമായിരുന്നില്ല” – മരണമടഞ്ഞ ഫാ. പ്ലാസിഡോ ഫൊൻസെക്ക എന്ന നല്ല അപ്പനെക്കുറിച്ചുള്ള കണ്ണീരിൽ കുതിർന്ന ഓർമ്മ

നമ്മുടെയൊക്കെ കണ്ണിൽ ‘സ്നേഹസദൻ’ തെരുവുകുട്ടികൾക്കായുള്ള ഒരു പുനരധിവാസ കേന്ദ്രം മാത്രമാണ്. എന്നാൽ അത് അങ്ങനെയല്ലായിരുന്നു എന്ന് തെളിയിക്കുന്ന കാഴ്ചകളാണ് നമുക്ക് ഇപ്പോൾ കാണാൻ കഴിയുന്നത്. ഫാ. പ്ലാസിഡോ ഫൊൻസെക്ക എന്ന ജെസ്യൂട്ട് പുരോഹിതന്റെ വിയോഗവാർത്ത അറിഞ്ഞ് സമൂഹമാധ്യമങ്ങളിലൂടെ ആദരാഞ്ജലികൾ അർപ്പിക്കുന്നത് അനേകം കുട്ടികളാണ്. ക്ഷമിക്കണം, അവർ ഇന്ന് കുട്ടികളല്ല; മുതിർന്നവരാണ്. ഒരു പുരോഹിതന്റെ സ്നേഹകരങ്ങളിലൂടെ വളർന്നുവലുതായി ജീവിതം കരുപ്പിടിപ്പിച്ചവർ.

1970 -ൽ ഫാ. പ്ലാസിഡോ, സ്നേഹസദന്റെ ഡയറക്ടറായി ചുമതലയേൽക്കുമ്പോൾ ദൈവം അദ്ദേഹത്തെ സ്നേഹമുള്ള ഒരു അപ്പന്റെ മനസ്സും കൂടി നൽകി അനുഗ്രഹിച്ചു. കാരണം അവിടുത്തേയ്ക്കറിയാമായിരുന്നു, ഈ പുരോഹിതന് അനേകം കുട്ടികളുടെ സ്നേഹമുള്ള അപ്പൻ ആകേണ്ടിവരുമെന്ന്. ഇക്കാലഘട്ടം കൊണ്ട് 17 ഭവനങ്ങളിലായി 40,000 കുഞ്ഞുങ്ങളാണ് അദ്ദേഹത്തിന്റെ കരങ്ങളിലൂടെ കടന്നുപോയത്. അത് വെറുമൊരു കടന്നുപോകലായിരുന്നില്ല; സ്നേഹത്തിലും സംരക്ഷണത്തിലും നിന്ന് ലഭിച്ച വലിയൊരു ആത്മവിശ്വാസം ഉണ്ടായിരുന്നു അവർക്ക്. ഈ മണ്ണിൽ സ്വന്തം കാലിൽ ഉറച്ചുനിൽക്കാനുള്ള ആത്മവിശ്വാസവും കൂടിയായിരുന്നു ഫാ. ഫൊൻസെക്ക എന്ന വൈദികനിലൂടെ ദൈവം അവരിലേക്ക് പകർന്നത്.

ആരംഭിച്ച് കുറച്ചു വർഷങ്ങൾക്കു ശേഷം തന്നെ കുട്ടികളുടെ സംരക്ഷണത്തിന് മാതൃകയാകേണ്ട ഒരു സ്ഥാപനമായി ‘സ്നേഹസദൻ’ വളർന്നു. അതിന്റെ ഒരു തെളിവായിട്ടാണ് ശിശുക്ഷേമത്തിനുള്ള ദേശീയ അവാർഡ് 1985 -ൽ ഫാ. ഫൊൻസെക്കയെ തേടിയെത്തിയത്. തെരുവിൽ ആരോരുമില്ലാത്ത അനാഥബാല്യങ്ങളെ കണ്ടെത്തി ചേർത്തുനിർത്തി ഒരു ഭവനത്തിന്റെ അന്തരീക്ഷത്തിൽ വളർത്തിക്കൊണ്ടു വരിക എന്ന ലക്ഷ്യമായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്. അതിനാൽ തന്നെ അവരെ നോക്കുവാനും ശുശ്രൂഷിക്കുവാനും ഒരു കെയർ ടേക്കറെ അല്ലായിരുന്നു അദ്ദേഹം ഓരോ ഭവനങ്ങളിലും നിയമിച്ചിരുന്നത്. അപ്പനും അമ്മയും മക്കളും അടങ്ങുന്ന കുടുംബങ്ങളെയായിരുന്നു ഫാ. പ്ലാസിഡോ തന്റെ ഓരോ സ്നേഹസദനത്തിലും കുട്ടികൾക്കൊപ്പം നിർത്തിയിരുന്നത്. അദ്ദേഹത്തിന്റെ കാഴ്ചപ്പാടിൽ അത് ഒരു അനാഥാലയം അല്ലായിരുന്നു; ഒരു കുടുംബമായിരുന്നു.

“സ്നേഹസദൻ – അതായിരുന്നു അവർ നൽകിയ പേര്. പക്ഷേ, എന്നെ സംബന്ധിച്ചിടത്തോളം അത് എന്റെ സ്വപ്നങ്ങളുടെ വീടായിരുന്നു. ചിലപ്പോൾ എന്റെ എല്ലാ സ്വപ്നങ്ങളും സത്യാമാകില്ല. എന്നാൽ ഇത് തീർച്ചയായും സത്യമായ ഒരു കാര്യമാണ്. കാരണം സ്നേഹസദനിലെ ആളുകൾ ഒരു വൃക്ഷം പോലെയാണ്. കുട്ടികൾക്കു വേണ്ടി ജീവിതം സമർപ്പിച്ച ഒരുപാട് ആളുകൾ ചേർന്ന ഒരു വൃക്ഷം. ആളുകൾ ഇല്ലാതെ സ്നേഹസദൻ എന്നത് ഒരു പേര് മാത്രമാണ്” – സ്നേഹസദനിലെ അംഗമായിരുന്ന അമിൻ ഷെയ്ഖ് ഓർമ്മിക്കുകയാണ്.

വീടു പോലെയുള്ള ഒരു അന്തരീക്ഷം. അവിടെയുള്ള കുട്ടികളെ, അവർക്കിഷ്ടമുള്ളത് ചെയ്യുന്നതിൽ നിന്ന് ആരും വിലക്കാറില്ല. മതിലുകളോ ഗേറ്റുകളോ ഇല്ലാത്ത ഒരിടം. അപ്പനും അമ്മയും സഹോദരങ്ങളുമുള്ള ഒരു സാധാരണ കുടുംബം. അവിടെയായിരുന്നു ഫാ. പ്ലാസിഡോ എന്ന മാലാഖ ഈ കുട്ടികളുടെയെല്ലാം രക്ഷകനായി മാറിയത്. ഈ ഭവനത്തിലുള്ള അല്ലെങ്കിൽ ഉണ്ടായിരുന്ന ഓരോ കുട്ടിക്കും അവരുടെ വ്യത്യസ്തതയാർന്ന കഥകൾ പറയാനുണ്ടാകും. പക്ഷേ എല്ലാത്തിന്റെയും അവസാനം അവർ കൂട്ടിച്ചേർക്കുക ഒന്നു തന്നെയായിരിക്കും – “ഫാ. പ്ലാസിഡോ എന്നെ കണ്ടെത്തിയില്ലായിരുന്നെങ്കിൽ എന്റെ ജീവിതം എന്തായി മാറുമെന്ന് എനിക്ക് ചിന്തിക്കാൻ പോലും സാധിക്കുകയില്ല” – എന്ന്.

കരുണയുടെ മാലാഖയായി അനേകം കുട്ടികൾക്ക് അദ്ദേഹം തന്റെ ജീവിതം കൊണ്ട് വെളിച്ചം നൽകി. സ്നേഹമോ പരിചരണമോ വീടോ ഇല്ലാതെ ആരും ഉണ്ടാകാതിരിക്കാൻ അദ്ദേഹം കഠിനമായി പരിശ്രമിച്ചു. മുംബൈയിലെ തെരുവോരങ്ങളിൽ ഭിക്ഷ യാചിച്ചോ, പട്ടിണി കിടന്നോ ജീവിക്കേണ്ടിയിരുന്ന അനേകായിരങ്ങളെ ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തിയ ആ കരുണയുടെ മാലാഖ ഇപ്പോൾ സ്വർഗ്ഗത്തിന്റെ കവാടത്തിലുണ്ട്.

84 -കാരനായ അദ്ദേഹം കാൻസർ ബാധിതനായി മലബാർ ഹില്ലിലെ സെന്റ് എലിസബത്ത് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ജൂലൈ 31 -നാണ് മരണമടഞ്ഞത്. 43 വർഷക്കാലം അദ്ദേഹം സ്നേഹസദന്റെ ഡയറക്ടറായി സേവനമനുഷ്ഠിച്ചു. സ്നേഹസദനിലെ ഓരോ കുട്ടിയുടെയും മനസ്സിൽ ഒരേയൊരു കാര്യമേ ഉണ്ടാകൂ, “വന്ദ്യ പുരോഹിതാ, നിങ്ങളില്ലായിരുന്നെങ്കിൽ ഇന്ന് ഞാൻ ഉണ്ടാകുമായിരുന്നില്ല.”

സുനീഷ വി.എഫ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.