ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മാതാവിന്റെ പ്രതിമ

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മാതാവിന്റെ സ്റ്റാച്യു, പടിഞ്ഞാന്‍ വെനസ്വേലയിലെ ട്രുജിലോ എന്ന നഗരത്തില്‍ സ്ഥിതി ചെയ്യുന്ന “വെർജിൻ ദ ല പാസ്” ആണ്. വെര്‍ജിന്‍ ഓഫ് പീസ്‌ എന്ന പേരിലും ഈ സ്റ്റാച്യു അറിയപ്പെടുന്നു. 153 അടി ഉയരമുള്ള ഈ പ്രതിമ, 1983-ൽ സ്പാനിഷ്‌ ശിൽപിയായ മാനുവൽ ഡി ല ഫ്യൂന്റെയാണ് നിര്‍മ്മിച്ചത്.

24,00,000 പൗണ്ട് ഭാരമുള്ള ഈ ശില്‍പം പൂര്‍ണ്ണമായും കോണ്‍ക്രീറ്റിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. ലോകത്തില്‍ നിര്‍മ്മിക്കപ്പെട്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ മറിയത്തിന്റെ ശില്പമായ ‘വെര്‍ജിന്‍ ഓഫ് പീസിന്’ സ്റ്റാച്യൂ ഓഫ് ലിബര്‍ട്ടിയെക്കാള്‍ അല്പം ഇഞ്ചുകളും (151 ഫീറ്റ്‌) ക്രൈസ്റ്റ് ദി റെഡീമര്‍ പ്രതിമയെക്കള്‍ നിരവധി ഇഞ്ചുകളും (124.672 ഫീറ്റ്‌) കൂടുതല്‍ ഉയരം ഉണ്ട്.

വെനിസ്വേല പ്രസിഡന്റ് ലൂയിസ് ഹെർട്രയുടെ നിര്‍ദ്ദേശപ്രകാരം പണിത മറ്റൊരു പ്രതിമയാണ് ‘പീന ദ ല വെര്‍ജിന്‍.’ ഈ പ്രതിമ പണിയുന്നതിനു പിന്നിലും ഒരു കഥയുണ്ട്. ഒരിക്കല്‍ കുറച്ച് ചെറുപ്പക്കാര്‍ കാർമോണാ ഗ്രാമത്തിലൂടെ ഒരു യുവതി തനിയെ പോകുന്നതു കണ്ടു. ആ ചെറുപ്പക്കാര്‍ അവളോട് എന്തിനാണ് തനിയെ നടക്കുന്നത് എന്ന് ചോദിച്ചു. അപ്പോള്‍ ആ യുവതി പറഞ്ഞു. “ഞാന്‍ തനിച്ചല്ല, എന്റെ ഒപ്പം ദൈവം ഉണ്ട്. ഞാന്‍ ദൈവത്തോടും എന്റെ സംരക്ഷകരോടും ഒപ്പമാണ്.” എന്നുപറഞ്ഞ് അവള്‍ നടന്നുനീങ്ങി. അവള്‍ എങ്ങോട്ടാണ് പോയതെന്ന് അറിയാന്‍ അവളെ അനുഗമിച്ച ചെറുപ്പക്കാര്‍ക്ക് ആ യുവതിയെ പക്ഷെ, കണ്ടെത്താനായില്ല. പാറക്കൂട്ടത്തില്‍ മറഞ്ഞ ആ യുവതി പരിശുദ്ധ കന്യാമറിയമാണെന്ന് ഈ നാട്ടുകാര്‍ വിശ്വസിക്കുന്നു.

മാതാവിന്റെ ഈ പ്രത്യക്ഷപ്പെടലിനോട് അനുബന്ധിച്ചാണ് ഈ പ്രതിമ പണിയുന്നത്. സ്റ്റാച്യൂ ഓഫ് ലിബര്‍ട്ടിയെപ്പോലെ തന്നെ വെര്‍ജിന്‍ ഓഫ് പീസ്‌ പ്രതിമയുടെ അകത്തേയ്ക്ക് സന്ദര്‍ശകര്‍ക്ക് കയറാനാകും. ഈ ശില്പത്തില്‍ മാതാവിന്റെ വലതുകയ്യില്‍ സമാധാനത്തിന്റെ ചിഹ്നമായ പ്രാവിനെയും കാണുവാന്‍ കഴിയും.