സംസാരിക്കുന്ന ഊമൻ

ഫാ. ജെൻസൺ ലാസാലെറ്റ്
ഫാ. ജെൻസൺ ലാസാലെറ്റ്

ഒരാൾ സംസാരിക്കാൻ വന്നു. “അച്ചാ, ഭാര്യ മരിച്ചിട്ട് ഇപ്പോൾ രണ്ടു മാസം. ഞാൻ വിദേശത്തായിരുന്നു. ഭാര്യയുടെ മരണവാർത്തയറിഞ്ഞ് നാട്ടിലെത്തിയതാണ്. പിന്നെ തിരിച്ചുപോയില്ല.”

മരിക്കുന്നതിന് ഒരു മാസം മുമ്പ് ഞങ്ങൾ തമ്മിൽ വഴക്കിട്ടിരുന്നു. സാധാരണ ഗതിയിൽ ഒന്നു-രണ്ടു ദിവസങ്ങൾ മാത്രമേ ഞങ്ങൾക്കിടയിൽ പിണക്കങ്ങൾ ശേഷിക്കാറുള്ളൂ. എന്നാൽ ഇത്തവണ അല്പം നീണ്ടുപോയി. പലതവണ അവൾ ഫോൺ വിളിച്ചെങ്കിലും ഞാന്‍ എടുത്തില്ല. പിന്നീട് ഒരു ദിവസം ഫോൺ എടുത്തപ്പോൾ…” വാക്കുകൾ മുഴുമിപ്പിക്കാനാകാതെ അയാൾ എങ്ങലടിച്ചു.

അയാളുടെ സങ്കടങ്ങൾ കേട്ട ശേഷം പ്രാർത്ഥനാപൂർവ്വം അയാളെ യാത്രയാക്കി. നമ്മുടെയെല്ലാം വ്യക്തിബന്ധങ്ങളിൽ പരസ്പരം ആശയസമ്പർക്കങ്ങളില്ലാതെ കടന്നുപോയ ദിവസങ്ങളില്ലേ? എതിരെ വരുന്ന വ്യക്തിയിൽ നിന്ന് മുഖം തിരിച്ചു നടന്ന നിമിഷങ്ങളില്ലേ? പലതവണ മനസ് ആവർത്തിച്ചു പറഞ്ഞിട്ടും നിസാരകാര്യത്തിന്റെ പേരിൽ നമ്മൾ സ്വയം മൂകരായ് മാറിയിട്ടില്ലേ? എന്തെങ്കിലും അസ്വാരസ്യങ്ങൾ വരുമ്പോൾ നാം പ്രഖ്യാപിക്കുന്ന യുദ്ധമാണ് മൗനം. വീർത്തുകെട്ടിയ മുഖവുമായ് ചിലവഴിച്ച ദിവസങ്ങൾ എത്രയെന്ന് ഓർത്തുനോക്കൂ.

ക്രിസ്തു ഒരു ഊമനിൽ നിന്ന് പിശാചിനെ പുറത്താക്കുന്ന രംഗം സുവിശേഷത്തിലുണ്ട്: “പിശാച്‌ പുറത്തുപോയപ്പോള്ആ ഊമന് സംസാരിച്ചു” (ലൂക്കാ 11:14) എന്നാണ് വചനം സാക്ഷ്യപ്പെടുത്തുന്നത്. സ്വന്തബന്ധങ്ങളോടും മിത്രങ്ങളോടും കൂടപ്പിറപ്പുകളോടും കൂടെ വസിക്കുന്നവരോടുമെല്ലാം സംസാരിക്കാൻ ബുദ്ധിമുട്ട അനുഭവപ്പെടുമ്പോൾ സത്യത്തിൽ നമ്മിലും ആ പിശാച് കയറിയിട്ടുണ്ട്. അതിനെ ആട്ടിയോടിക്കാൻ കർത്താവിനോട് നമുക്കും ആവശ്യപ്പെടാം. അല്ലാത്തപക്ഷം നമ്മൾ സംസാരശേഷിയുള്ള ഊമരായി മാറും.

ഫാ. ജെൻസൺ ലാസലെറ്റ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.