
പ്രളയക്കെടുതിയില്‍ മാലിന്യത്തിൽ മുങ്ങിക്കിടക്കുന്ന കുട്ടനാടിനെ വെടിപ്പാക്കാൻ വടവാതൂർ സെന്റ് തോമസ് അപ്പസ്തോലിക് സെമിനാരിയിലെ വൈദിക വിദ്യാർത്ഥികളും അച്ചന്മാരും എത്തി. 250 വൈദിക വിദ്യാർത്ഥികളും ഇരുപത് വൈദികരുമാണ് സംഘത്തിൽ ഉണ്ടായിരുന്നത്.
ക്ലീൻ കുട്ടനാട് പദ്ധതിയുടെ ഭാഗമായി ആണ് ഇവർ കുട്ടനാട്ടിൽ ശുചീകരണത്തിനായി എത്തിയത്. അമ്പത് പേരുള്ള അഞ്ചു സംഘങ്ങളായി തിരിഞ്ഞായിരുന്നു ഇവരുടെ പ്രവർത്തനങ്ങൾ. മുട്ടാർ സെന്റ് ജോർജ്ജ് , കുമരഞ്ചിറ സെന്റ് തോമസ്, വെളിയനാട് സെന്റ് സേവിയേഴ്‌സ്, കിടങ്ങറ സെന്റ് ഗ്രിഗൊറിയോസ്, പുല്ലങ്ങടി ഹോളി ഫാമിലി, തുടങ്ങി നിരവധി പള്ളികളും പള്ളിയോട് ചേർന്നുള്ള വീടുകളും പരിസരങ്ങളുമാണ് കഴിഞ്ഞ രണ്ടു ദിവസമായി ഇവർ ശുചീകരിച്ചത്.
സെമിനാരി റെക്ടർ റവ . ഡോ. ജോയ് ഐനിയാടന്റെ നേതൃത്വത്തിലാണ് വൈദിക വിദ്യാർത്ഥികൾ ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയത്. എല്ലായിടത്തു നിന്നും നല്ല സഹകരണമാണ് ഉണ്ടായതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.




