യഹോവസാക്ഷി ആയിരുന്നയാൾ ഇപ്പോൾ ഡീക്കൻ പദവിയിൽ; ഒരു ചെറുപ്പക്കാരന്റെ മാനസാന്തര കഥ

യഹോവസാക്ഷി ആയിരുന്ന 25 വയസുള്ള ഒരു ചെറുപ്പക്കാരനായിരുന്നു മിഗുവൽ മെൻഡോസ. എന്നാൽ, ഇന്നദ്ദേഹം വൈദികനാകാനുള്ള ഒരുക്കത്തിൽ ഡീക്കൻ പദവിയിൽ എത്തിയിരിക്കുന്നു. വി. ജോൺ പോൾ രണ്ടാമൻ പാപ്പാ വിശുദ്ധ കുർബാന അർപ്പിക്കുന്ന ഒരു ചിത്രം കണ്ടപ്പോൾ മുതലാണ് അദ്ദേഹത്തിന്റെ മാനസാന്തര കഥ ആരംഭിക്കുന്നതും. ഇന്ന് ഡീക്കൻ പദവിയിൽ എത്തിയിരിക്കുന്ന അദ്ദേഹം ഏതാനും മാസങ്ങൾക്കുള്ളിൽ ഒരു വൈദികനാകും.

അമേരിക്കൻ ഐക്യനാടുകളിലെ കൊളറാഡോയിലാണ് മെൻഡോസ ജനിച്ചത്. ഫെബ്രുവരി 13 -ന് ഡെൻവർ അതിരൂപതയിലെ മറ്റ് എട്ട് ചെറുപ്പക്കാർക്കൊപ്പം അദ്ദേഹവും ഡീക്കനായി നിയമിതനായി. യഹോവ സാക്ഷികളുള്ള ഒരു കുടുംബത്തിലാണ് മിഗുവേൽ വളർന്നത്. “ഞാൻ ജനിച്ചപ്പോൾ എന്റെ കുടുംബം യഹോവസാക്ഷികളായിരുന്നു. മെക്സിക്കോയിൽ ആയിരിക്കുമ്പോൾ ചെറുപ്പത്തിൽ എന്റെ അമ്മ ഒരു സന്യാസിനിയാകാൻ ആഗ്രഹിച്ചിരുന്നുവെന്ന് പിന്നീട് ഞാൻ മനസിലാക്കി. പക്ഷേ എന്റെ മുത്തശ്ശി അമ്മയെ അതിനു അനുവദിച്ചില്ല. പിന്നീട്, അവർ കത്തോലിക്കാ വിശ്വാസം ഉപേക്ഷിച്ച് അധികം താമസിയാതെ, യഹോവസാക്ഷിയായി തീർന്നു” -അദ്ദേഹം വെളിപ്പെടുത്തി.

ദൈവത്തോട് യഥാർത്ഥ സ്നേഹം പുലർത്താൻ താൻ പഠിച്ചത് തന്റെ അമ്മ കാരണമാണ്. അതിന് ഞാൻ അമ്മയ്ക്ക് നന്ദി പറയുന്നുവെന്ന് അദ്ദേഹം പറയുന്നു. കാരണം യഹോവസാക്ഷികൾക്ക് കത്തോലിക്കരിൽ നിന്ന് വളരെ വ്യത്യസ്തമായ ആശയങ്ങൾ ആണുള്ളത്. കത്തോലിക്കാ വിശ്വാസം എന്താണെന്ന് യഹോവ സാക്ഷികൾക്ക് വളരെ തെറ്റായ ധാരണയാണുള്ളത്. കത്തോലിക്കാസഭയുടെ പഠിപ്പിക്കലുകളോട് അവർ യോജിക്കുന്നില്ല. സഭയോട് അവർക്ക് വിദ്വേഷമാണുള്ളത്. കത്തോലിക്കാ സഭ ഒരു നല്ല കാര്യമല്ലെന്ന് അറിഞ്ഞുകൊണ്ടാണ് ഞാൻ വളർന്നത്,” -ഭാവി പുരോഹിതൻ പറയുന്നു.

പതിനാറാമത്തെ വയസ്സിൽ ആണ് കത്തോലിക്കാ വിശ്വാസം എന്താണെന്നതിനെക്കുറിച്ച് കൂടുതൽ അന്വേഷിക്കാൻ താൻ ആരംഭിച്ചതെന്ന് മെൻഡോസ പറയുന്നു. “എന്തുകൊണ്ടാണ് ഞങ്ങൾ കത്തോലിക്കാ സഭയ്‌ക്കെതിരായതെന്ന് അറിയാൻ ഞാൻ ആഗ്രഹിച്ചു. എന്തുകൊണ്ടാണ് കത്തോലിക്കർ പരിശുദ്ധ കന്യാമറിയത്തോട് മാധ്യസ്ഥം വഹിച്ച് പ്രാർത്ഥിക്കുന്നത്? എന്തുകൊണ്ടാണ് മാർപ്പാപ്പയെ അനുസരിക്കുന്നത്? എന്നിങ്ങനെ യഹോവ സാക്ഷികൾ തെറ്റായി വ്യാഖ്യാനിച്ച കാര്യങ്ങളുടെ സത്യാവസ്ഥ മനസിലാക്കുവാൻ ആരംഭിച്ചു,” -അദ്ദേഹം കൂട്ടിച്ചേർത്തു.

എന്നാൽ കർത്താവിന് എന്നെക്കുറിച്ച് വ്യത്യസ്ത പദ്ധതികളുണ്ടായിരുന്നു. കാരണം എല്ലാറ്റിന്റെയും പഠിപ്പിക്കലുകൾ ഞാൻ അന്വേഷിച്ചുകൊണ്ടിരിക്കുമ്പോഴാണ്, അക്കാലത്ത് വിശുദ്ധനായിട്ടില്ലാത്ത ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പയെ ഞാൻ കണ്ടെത്തിയത്. അക്കാലത്ത് അദ്ദേഹം മരിച്ചിരുന്നു, പക്ഷേ അദ്ദേഹം വിശുദ്ധ കുർബാന അർപ്പിക്കുന്ന ഒരു ചിത്രം ഞാൻ കണ്ടു. ഇദ്ദേഹം എന്താണ് ചെയ്യുന്നത്? എന്തുകൊണ്ടാണ് ഇത്രയും ആരോഗ്യപരമായ പ്രശ്‌നങ്ങൾ ഉള്ളപ്പോഴും ഇദ്ദേഹം ഇങ്ങനെ ചെയ്യുന്നത്. ഈ അപ്പവുമായി യാഗപീഠത്തിലും ജനങ്ങൾ മുട്ടുകുത്തിയും നിൽക്കുന്നത് എന്തിനാണ്?” ഇത്തരത്തിൽ ഉള്ള ചിന്തകൾ മനസ്സിൽ നിറഞ്ഞ ആ നിമിഷത്തിലാണ് കർത്താവ് അദ്ദേഹത്തിൽ വിശ്വാസത്തിന്റെ വിത്ത് പാകുന്നത്. അതോടൊപ്പം ഹൃദയത്തിൽ, അത് എന്താണെന്ന് കൂടുതൽ അറിയാനുള്ള ആഗ്രഹം നൽകുകയും ചെയ്‌തെന്ന് ഡീക്കൻ മെൻഡോസ വെളിപ്പെടുത്തുന്നു.

പിന്നീട് വിശുദ്ധ കുർബാനയെക്കുറിച്ചും പൗരോഹിത്യത്തെക്കുറിച്ചും കൂടുതൽ വായിക്കാൻ അദ്ദേഹം തീരുമാനിച്ചു. ആ നിമിഷം മുതൽ പൗരോഹിത്യ ദൈവവിളിയിൽ പ്രവേശിക്കുവാനുള്ള ആഗ്രഹം അദ്ദേഹത്തിനുണ്ടായി. അങ്ങനെ അദ്ദേഹം കത്തോലിക്കാ സഭയിൽ ചേരുവാൻ തീരുമാനിച്ചു. രണ്ട് വർഷത്തിന് ശേഷം അദ്ദേഹം സെമിനാരിയിൽ പ്രവേശിച്ചു. മാത്രമല്ല, അദ്ദേഹത്തിന്റെ കുടുംബം മുഴുവനും ഇപ്പോൾ കത്തോലിക്കാ സഭയിലേക്ക് തിരിച്ചു വന്നു. അതിനും അദ്ദേഹം ദൈവത്തിന് നന്ദി പറയുകയാണ്.

സി. സൗമ്യ മുട്ടപ്പിള്ളില്‍ DSHJ 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.