പത്തു മക്കൾ; അതിൽ മൂന്നു പേർ സന്യാസിനിമാർ – മക്കളെ ദൈവം തന്ന അനുഗ്രഹമായി കണ്ട മാതാപിതാക്കളുടെ കഥ

സി. സൗമ്യ DSHJ

പത്തു മക്കളടങ്ങിയ കുടുംബം. അതിൽ മൂന്നു പേർ സന്യാസിനിമാർ. ഈ മാതാപിതാക്കൾക്ക് തങ്ങളുടെ വിശ്വാസജീവിതത്തെക്കുറിച്ചും പത്തു മക്കളെ എങ്ങനെ വിശ്വാസജീവിതത്തിൽ വളർത്തി എന്നതിനെക്കുറിച്ചും ഏറെ പറയാനുണ്ട്. പാലക്കാട് രൂപതയിലെ ഇരുമ്പകച്ചോല സെന്റ് സെബാസ്റ്റ്യൻസ് ഇടവകയിലെ കോമ്പേരിൽ, ജോയി – എൽസി എന്ന മാതാപിതാക്കൾക്ക് കഷ്ടപ്പാടിന്റെയും വേദനയുടെയും നാളുകളിൽ ദൈവം കൂടെയുണ്ടായിരുന്ന ഒട്ടേറെ അനുഭവങ്ങളുണ്ട്. ഈ കുടുംബത്തെ നമുക്കൊന്ന് പരിചയപ്പെടാം…

മൂത്ത മകന്റെയും കുടുംബത്തിന്റെയും കൂടെയാണ് ഈ മാതാപിതാക്കൾ ഇന്ന് താമസിക്കുന്നത്. എന്നാൽ, മക്കളുടെ ചെറുപ്പത്തിൽ ഇരുമ്പകച്ചോലയിലെ തന്നെ ഇഞ്ചിക്കുന്ന് എന്ന സ്ഥലത്തായിരുന്നു താമസം. ഇതൊരു മലമ്പ്രദേശമായിരുന്നു. മൂന്നു വശവും വനത്താൽ ചുറ്റപ്പെട്ട അവിടെ നിന്നുമാണ് ഈ പത്തു മക്കളും തങ്ങളുടെ പ്രാഥമികവിദ്യാഭ്യാസം പൂർത്തിയാക്കിയത്. ജീവിതത്തിന്റെ ബുദ്ധിമുട്ടുകളിലും വേദനകളിലും ദൈവം കൈപിടിച്ചു നടത്തിയ അനുഭവങ്ങളാണ് ഈ മാതാപിതാക്കൾക്ക് പറയാനുള്ളത്.

മണ്ണിൽ വിയർപ്പൊഴുക്കി അദ്ധ്വാനിച്ച് വളർത്തിയ മക്കൾ

“വളരെയേറെ കഷ്ടപ്പാടുകൾ സഹിച്ചാണ് പത്തു മക്കളെയും വളർത്തിയത്. കൃഷിയായിരുന്നു മുഖ്യം. ദൈവകൃപയാലാണ് ഞങ്ങൾ ഇവിടെ വരെ എത്തിയത്. ഭേദപ്പെട്ട ഒരു സാമ്പത്തിക ചുറ്റുപാട് ആയിരുന്നില്ല അന്നൊന്നും ഉണ്ടായിരുന്നത്. സാമ്പത്തിക ബുദ്ധിമുട്ടുകളിൽ നിന്നും വന്യമൃഗങ്ങളുടെ ശല്യങ്ങളിലും നിന്നും എല്ലാവിധ അപകടങ്ങളിൽ നിന്നും രക്ഷപ്പെടുവാൻ ദൈവം മാത്രമേ തുണയായിട്ടുണ്ടായിരുന്നുള്ളൂ. ഓരോ കാലഘട്ടത്തിലും മക്കളുടെ ഓരോ വളർച്ചയിലും ദൈവം കൃത്യസമയത്ത് ഇടപെട്ടു” – അടിയുറച്ച ദൈവവിശ്വാസത്തോടെയായിരുന്നു ഈ അമ്മയുടെ വാക്കുകള്‍.

പ്രാഥമിക വിദ്യാഭ്യാസത്തിന് ഒരുപാട് ദൂരം പോകേണ്ടി വന്നില്ല എങ്കിലും യുപി ക്ലാസിലെത്തിയപ്പോൾ പതിനാല് കിലോമീറ്ററോളം അപ്പുറത്തുള്ള സ്‌കൂളിലേക്ക് പോയി പഠിക്കണമായിരുന്നു. ബസ് ഉണ്ടെങ്കിലും വളരെ ചുരുക്കമായിരുന്നു. ബസ് കിട്ടാത്തപ്പോൾ എല്ലാവരും കൂടി നടന്നുപോരുമായിരുന്നു. ബസ് കിട്ടണമെങ്കിൽ തന്നെ മൂന്നു-നാല് കിലോമീറ്റര്‍ നടക്കണം. ഇഞ്ചിക്കുന്നിൽ ആയിരുന്നപ്പോൾ സ്‌കൂൾ വിട്ടു വരുമ്പോൾ തന്നെ സന്ധ്യയാകുമായിരുന്നു.

അന്നത്തെ കാലഘട്ടത്തിലെ ഒരു സാഹചര്യമനുസരിച്ച് വളരെയേറെ കഷ്ടപ്പാടുകൾ സഹിച്ചാണ് സ്‌കൂൾ പഠനം. പിതാവ് കൃഷിയോടൊപ്പം തന്നെ കല്ലുകീറി കൊടുക്കുന്ന ജോലിയിലേക്കും പിന്നീട് തിരിഞ്ഞു. മുൻപോട്ട് ജീവിക്കാനായി എല്ലാ ജോലിക്കും പോകുമായിരുന്നു. പത്തു മക്കളും തമ്മിൽ ഒന്നര വയസിന്റെ വ്യത്യാസമേ ഉള്ളൂ.

ദൈവാലയത്തോട് ചേർന്ന ജീവിതം

എൽസി എന്ന ഈ അമ്മ ചെറുപ്പത്തിൽ തന്നെ ദൈവാലയത്തോട് ചേർന്ന ഒരു ജീവിതം നയിച്ച വ്യക്തിയായിരുന്നു. മാതാവ് എല്ലാം നടത്തിത്തരുമെന്ന ആഴമേറിയ വിശ്വാസമായിരുന്നു ഇവരുടെ സ്വത്ത്. മിക്കവാറും ദിവസങ്ങളിൽ വളരെ ദൂരെയുള്ള ഇടവക ദൈവാലയത്തിലേക്ക് വിശുദ്ധ കുർബാനയ്ക്കായി പോകുമായിരുന്നു. വിവാഹം കഴിഞ്ഞു ഇഞ്ചിക്കുന്നിലെത്തിയപ്പോൾ അവിടെ ഇടവക ദൈവാലയം ആയിട്ടില്ല. ഉള്ള ഒരു ദൈവാലയമോ, കിലോമീറ്ററുകൾക്ക് അപ്പുറവും. അതിനാൽ തന്നെ വിവാഹത്തിനു ശേഷം വലിയ വിഷമമായിരുന്നു ദൈവാലയത്തിൽ പോകാൻ സാധിക്കാത്തത്.

എന്തു കൃഷി ചെയ്താലും ആദ്യത്തെ വിളവ് പള്ളിക്കായിരുന്നു. കൃത്യസമയത്ത് സന്ധ്യാപ്രാർത്ഥന ചൊല്ലുന്ന ഒരു കുടുംബവുമായിരുന്നു അത്. ഇങ്ങനെയുള്ള നല്ല ശീലങ്ങൾ ചെറുപ്പത്തിലേ അഭ്യസിച്ചതുകൊണ്ട് അത് പിന്നീടുള്ള തന്റെ കുടുംബജീവിതത്തിൽ അനുഗ്രഹമായി മാറിയെന്ന് ഈ അമ്മ ഉറച്ചു വിശ്വസിക്കുന്നു.

ഇടവക ദൈവാലയം ഇല്ലാതിരുന്നുവെങ്കിലും വിവാഹം കഴിഞ്ഞു വലിയ താമസമില്ലാതെ തന്നെ പുതിയ ദൈവാലയത്തിന് ആരംഭം കുറിച്ചു. മക്കൾ തീരെ ചെറുതായിരുന്നപ്പോൾ പള്ളിയിൽ പോകാൻ സാധിക്കുമായിരുന്നില്ല. മൂത്തയാൾക്ക് കുറച്ച് പ്രായമായപ്പോൾ ഇളയവരെ അവരെ ഏൽപ്പിച്ചിട്ട്‌ രാവിലെ പണികളൊക്കെ തീർത്തിട്ട് പള്ളിയിലേക്ക് പോകും. ഇന്നും മാതാവ് ചെയ്ത ഒരു അത്ഭുതമായി ഈ അമ്മ ഉറച്ചു വിശ്വസിക്കുന്ന ഒരു കാര്യമുണ്ട്: ഒരു ‘എത്രയും ദയയുള്ള മാതാവേ’ എന്ന ജപവും മക്കളുടെ നെറ്റിയിൽ കുരിശും വരച്ചിട്ട് ഇളയവരെ മൂത്ത മക്കളെ ഏൽപിച്ച് പള്ളിയിലേക്ക് പോകും. തിരിച്ചു വരുന്നതുവരെ അവർ ഉണർന്ന് ഒന്ന് കരയുക പോലും ചെയ്തിട്ടില്ല. കേൾക്കുമ്പോൾ നിസാരമായി തോന്നാമെങ്കിലും മാതാവിന്റെ കരങ്ങളിൽ തന്റെ മക്കളെ ഏൽപ്പിച്ചിട്ടു പോകുന്ന ഒരു അമ്മയെ സംബന്ധിച്ചിടത്തോളം ഇത് വലിയ അത്ഭുതം തന്നെയാണ്.

‘മക്കൾ കൂടുതലായാൽ അത് നല്ലതല്ല’ എന്ന ഉപദേശവുമായി വന്നവരോട്

മൂന്നാമത്തെ കുട്ടിയുണ്ടായപ്പോൾ ഹെൽത്തിൽ ഇന്നും ഒരു നേഴ്സ് വന്ന്, മക്കൾ അധികമായാൽ അത് ആരോഗ്യത്തെ ബാധിക്കും എന്നുപറഞ്ഞ് ഭയപ്പെടുത്തി. അന്ന് കുടുംബാസൂത്രണം കൊടിമ്പിരി കൊണ്ടിരിക്കുന്ന കാലം. എന്നാൽ, അമ്മ വീണ്ടും ഗർഭിണിയാകും. ഈ നേഴ്സ് വന്ന് ഭയപ്പെടുത്തും. അപ്പോൾ അമ്മ പറയുമായിരുന്നു. “മക്കളെ ദൈവം തരുന്നതാണ്. അതിനെ നോക്കാനും ദൈവത്തിനറിയാം” എന്ന്.

അടുത്ത വീടുകളിലുള്ളവരും കളിയാക്കുമായിരുന്നു. എന്നാൽ, മക്കൾ ദൈവത്തിന്റെ ദാനമാണെന്ന ഉറച്ച വിശ്വാസമുള്ള ഈ അമ്മയ്ക്ക് അതൊന്നും യാതൊരു പ്രശ്നവുമല്ലായിരുന്നു. അതിലും ആഴപ്പെട്ടതായിരുന്നു അവരുടെ വിശ്വാസം. തമ്പുരാൻ തരുന്ന മക്കളെ സന്തോഷത്തോടെ സ്വീകരിക്കുമെന്ന് ഈ മാതാപിതാക്കൾ നേരത്തെ തന്നെ തീരുമാനമെടുത്തിരുന്നു.

ആദ്യമായി ബൈബിൾ സ്വന്തമായി ലഭിച്ചപ്പോൾ

ഫൊറോനാ പള്ളിയിൽ നിന്നും ആദ്യമായി ബൈബിളിന്റെ മൂന്ന് കോപ്പികൾ ലഭിച്ചപ്പോൾ അതിലൊരെണ്ണം സ്വന്തമാക്കാന്‍ കഴിഞ്ഞത് ഈ അമ്മയെ സംബന്ധിച്ച് വലിയ ഭാഗ്യമായി കാണുന്നു. ഏഴാം ക്ലാസിൽ പഠിക്കുന്ന സമയം. അന്നൊന്നും മലയാളം ബൈബിൾ ആരും കണ്ടിട്ടില്ല. വേദപാഠ ക്ലാസുകളിൽ അദ്ധ്യാപകർ പറഞ്ഞുതരുന്ന അറിവാണ് ബൈബിളിനെക്കുറിച്ച് കൂടുതലായിട്ടുള്ളത്. ബൈബിൾ വന്നിട്ടുണ്ട്. ആവശ്യക്കാർ വന്ന് മേടിച്ചുകൊണ്ട് പൊക്കോളാൻ പറഞ്ഞതനുസരിച്ച് കുർബാന കഴിഞ്ഞതേ വികാരിയച്ചന്റെ അടുത്തെത്തി ബൈബിൾ മേടിച്ചു. അടുത്ത ദിവസം വരുമ്പോൾ പണം നൽകാമെന്ന് പറഞ്ഞാണ് വാങ്ങിയത്. പിന്നീട് ആ ബൈബിൾ എന്നും വീട്ടിൽ വായിക്കാൻ തുടങ്ങി. ആദ്യമായി ബൈബിൾ സ്വന്തമായി ലഭിച്ചപ്പോൾ ഉള്ള സന്തോഷം ഒന്നു വേറെ തന്നെ. എൽസി അമ്മച്ചിയുടെ മനസ്സിൽ ഇന്നും ആ സന്തോഷം പച്ചകെടാതെ നിൽക്കുന്നു.

വിവാഹശേഷം വന്ന വീട്ടിലും ബൈബിളില്ല. രണ്ടു രൂപാ വച്ച് അടച്ച് സമ്പൂർണ്ണ ബൈബിൾ സ്വന്തമാക്കി. വീട്ടിൽ സന്ധ്യാപ്രാർത്ഥനയ്ക്കു ശേഷം ആ അമ്മ കുറച്ചേറെ നേരം ബൈബിൾ തന്റെ ചെറിയ മക്കളെ വായിച്ചുകേൾപ്പിക്കും. അവർക്ക് മനസിലാകുന്ന ഭാഷയിൽ ബൈബിൾ കഥകളും സംഭവങ്ങളും വിവരിച്ചുകൊടുക്കും. അതായിരുന്നു ആ പത്തു മക്കളും ആദ്യം അഭ്യസിച്ച വിശ്വാസപരിശീലനം. മുതിർന്നപ്പോഴും തങ്ങളുടെ ജീവിതവഴിത്താരയിൽ ജ്വലിക്കുന്നതും അന്ന് കൊളുത്തിയ ആ വിശ്വാസനാളമാണെന്ന് ഈ കുടുബത്തിലെ മക്കൾക്ക് നന്നായിട്ടറിയാം.

എല്ലാ മക്കളെയും എല്ലാ ദിവസവും പള്ളിയിൽ പറഞ്ഞുവിടുമായിരുന്നു ഈ മാതാപിതാക്കൾ. “ഈശോയ്ക്കായിരിക്കണം ജീവിതത്തിൽ എന്നും ഒന്നാം സ്ഥാനം കൊടുക്കേണ്ടത്. ഈശോ അറിയാതെ നമ്മുടെ ജീവിതത്തിൽ ഒന്നും നടക്കുന്നില്ല.” ചെറുപ്പത്തിൽ അത് അവർക്ക് പറഞ്ഞുകൊടുത്തതിനാൽ പിന്നീട് പള്ളിയിൽ പോകുന്നതും സംഘടനകളിൽ പ്രവർത്തിക്കുന്നതുമൊക്കെ ഇവർക്ക് വലിയ താത്പര്യമുള്ള കാര്യങ്ങളായി മാറി.

സമ്പത്തിന്റെ സുരക്ഷിതത്വത്തേക്കാൾ ദൈവത്തിന്റെ സുരക്ഷിതത്വം പ്രധാനം

സമ്പത്ത് നൽകുന്ന സുരക്ഷയും സംതൃപ്തിയും ലഭിക്കുന്നതിനേക്കാൾ ദൈവം നൽകുന്ന സംരക്ഷണമാണ് കൂടുതൽ പ്രധാനപ്പെട്ടതെന്ന് ഈ മാതാപിതാക്കൾ ഉറച്ചു വിശ്വസിക്കുന്നു. അതാണവർ മക്കളെ പറഞ്ഞുപഠിപ്പിച്ചതും. മക്കൾ കൂടുതലുള്ള ഒരു കുടുംബമായതിനാൽ ഇവരുടെ ഭവനത്തിൽ സമൃദ്ധി വർദ്ധിച്ചിട്ടേ ഉള്ളൂ. കാരണം, പരസ്പരം സഹായിക്കാനും സ്നേഹിക്കാനും ഒക്കെ ഇവർ വീട്ടിൽ നിന്നും തന്നെ പഠിച്ചിട്ടുണ്ടെന്ന് എൽസിയമ്മ പറയുന്നു. മക്കൾ ഒരു മിഠായി പോലും പങ്കുവയ്ക്കാൻ പഠിച്ചത് ഈ വീട്ടിൽ നിന്നാണ്. അതൊരു മഹാഭാഗ്യമായി ഞാൻ കാണുന്നു.

മറ്റുള്ളവരെക്കുറിച്ചൊരു കരുതൽ കൂടെപ്പിറപ്പുകൾക്ക് തമ്മിൽ തമ്മിലുണ്ട്. കൂടുതൽ മക്കളുള്ള വീടുകളിലാണ് പങ്കുവയ്ക്കുന്ന സ്വഭാവമുള്ളത്. അതിനാൽ, കൂടുതൽ മക്കൾ ഒരു അനുഗ്രഹമാണെന്നാണ് ഈ അമ്മ അനുഭവത്തിൽ നിന്നും പറയുന്നത്. ഈ ലോകത്തിന്റെ സമ്പത്ത് ഉണ്ടാക്കുവാനാണ് ഇന്നത്തെ തലമുറയുടെ നെട്ടോട്ടം. അതല്ല, ദൈവത്തിന് വിട്ടുകൊടുക്കണമെന്നാണ് ഈ അമ്മ പുതിയ തലമുറയോട് പറയുന്നത്.

മക്കൾ മാത്രമല്ല ഇവർക്ക് സമ്മാനമായി ലഭിച്ചത്

വർഷങ്ങൾക്കു മുൻപ്, ഈ മാതാപിതാക്കളുടെ ആ പ്രായത്തിലെ ഏറ്റവും കൂടുതൽ മക്കളുള്ള കുടുംബത്തിനുള്ള പാലക്കാട് രൂപതയുടെ പ്രത്യേക അവാർഡ് ഇവർക്ക് ലഭിച്ചു. രണ്ടു പ്രാവശ്യം രൂപതയിൽ നിന്നും ഇത്തരത്തിൽ അവാർഡ് ലഭിച്ചിട്ടുണ്ട്. എൽസിയമ്മ വർഷങ്ങളായി ഇടവകയുടെ മാതൃവേദി, വിന്‍സെന്റ് ഡി പോള്‍, കരിസ്മാറ്റിക് പ്രയർ ഗ്രൂപ്പ് സംഘടന എന്നിവയുടെയൊക്കെ പ്രസിഡന്റാണ്. കഥ, കവിത, കഥാപ്രസംഗം എന്നിവയൊക്കെ എഴുതുന്നയാളാണ് അമ്മ എൽസി. പിതാവ് ജോയിയാകട്ടെ, നല്ലൊരു പാട്ടുകാരനും. അതിനാൽ തന്നെ മക്കളൊക്കെ കലാപരമായ കാര്യങ്ങളിൽ ചെറുപ്പം മുതലേ മുൻപന്തിയിൽ തന്നെയായിരുന്നു.

ബിജു, ബിന്ദു, സി. ജീവന എംഎസ്ജെ, സി. ജിയാ എംഎസ്ജെ, ഷിജു, ജോമോൻ, ജിജോ, സി. ജീവാസ് സിഎംസി, ബിൽബി, ബിനിജ എന്നിവരാണ് പത്ത് മക്കൾ. എല്ലാ വർഷവും മക്കളെല്ലാവരും മാതാപിതാക്കളോടൊപ്പം ഒന്നിച്ചുകൂടും. അങ്ങനെ സ്വർഗ്ഗത്തിന്റെ സന്തോഷം ഈ കുടുംബം അനുഭവിക്കുകയാണ്.

സി. സൗമ്യ മുട്ടപ്പിള്ളിൽ DSHJ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

2 COMMENTS

  1. ഹൃദയംനിറഞ്ഞ അനുമോദനങ്ങൾ ….ഈ നല്ല കുടുംബത്തിന്റെ മാതൃക എല്ലാ കുടുംബങ്ങൾക്കും അനുകരണീയമാകട്ടെ എന്നാശംസിക്കുന്നു ,പ്രാർത്ഥിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.