ഒരു നാടൻ പെരുനാൾ പാട്ട് ഹിറ്റായ കഥ

    മരിയ ജോസ്

    സജോ, തൃശൂരുവരെ പോയതാ… പോണ വഴിക്ക്‌ ഒന്നു കണ്ടിട്ട്‌ പോകാലോന്നോർത്തു. കുറേ നാളായല്ലോ നിന്നെ കണ്ടിട്ടും കേട്ടിട്ടും. എന്തുണ്ട്‌ വിശേഷം? അപ്രതീക്ഷിതമായി തന്നെ കാണാനെത്തിയ ഫാ. മാത്യൂസ് പയ്യപ്പള്ളിയച്ചന്റെ ഈ ചോദ്യത്തിന് മറുപടിയായി നടുത്തുരുത്ത് ഇടവകയിലെ വികാരി സജോ അച്ചന് പറയാനുണ്ടായിരുന്നത് കൊറോണ മൂലം പാളിപ്പോയ പെരുനാളാഘോഷത്തെ കുറിച്ചായിരുന്നു.

    “കൊറോണയായോണ്ട് ഒരാഘോഷവും നടത്താൻ പറ്റാത്ത ഒരവസ്ഥയാണ്. ഏതായാലും ആളുകളൊക്കെ നല്ല ഉഷാറിലാ. നമ്മുക്കെന്തെങ്കിലും ചെയ്യാൻ പറ്റുമോ മത്തായി”? മറുചോദ്യം എത്തി. “എങ്കിൽ പിന്നെ ഈ പാട്ടങ്ങ് കാച്ചിയാലോ, സംഭവം കലക്കും”. അതെ, പാട്ടിറങ്ങി സംഭവം കലക്കുകയും ചെയ്തു. ഇനി ഈ പാട്ടിനു എന്താ ഇത്ര പ്രത്യേകത എന്ന് ചോദിച്ചാൽ ഈ പെരുനാൾ പാട്ട് തയ്യാറാക്കിയത് നാടൻ പാട്ടിന്റെ താളത്തിൽ ആണ്. നടുത്തുരുത്ത് ഇടവക ജനത്തെ മാത്രമല്ല ഇന്ന് സോഷ്യൽ മീഡിയയെ മുഴുവൻ ആവേശത്തിലാക്കിയ ആ പാട്ടിന്റെ പിന്നിലെ പ്രവർത്തനങ്ങളുമായി ഫാ. മാത്യൂസ് പയ്യപ്പിള്ളിയും ഫാ. സജോ പടയാറ്റിലും ലൈഫ് ഡേയ്ക്ക് ഒപ്പം ചേരുകയാണ്…

    അപ്രതീക്ഷിതമായി ആണ് മാത്യൂസ് അച്ചൻ നടുത്തുരുത്ത് സെന്റ് ആന്റണീസ് ഇടവക വികാരിയായ ഫാ. സജോയെ കാണാൻ എത്തുന്നത്. പതിവുള്ള കുശലാന്വേഷണത്തിൽ ഒക്കെയും സാജോ അച്ചൻ പറഞ്ഞതിൽ നിറഞ്ഞു നിന്നത് കഴിഞ്ഞ വർഷത്തെ പെരുനാൾ അനുഭവങ്ങൾ ആയിരുന്നു. ഇടവക ജനങ്ങളോടും ഇടവക ദൈവാലയത്തോടും ചേർന്നു നിന്ന വികാരിയച്ചനും വിശ്വാസികളും. കൊറോണ മൂലം കടന്നു പൊക്കോണ്ടിരിക്കുന്ന പെരുനാൾ ജീവനില്ലാത്തതുപോലെ തോന്നിപോയിരുന്നു. ഒന്നും ചെയ്യാൻ പറ്റുന്നില്ലല്ലോ എന്നതായിരുന്നു സജോ അച്ചന്റെ സങ്കടം. “ആളുകളെല്ലാം ഉഷാറാണ്. നമുക്ക് എന്തേലും ചെയ്യാൻ പറ്റുവോ” -എന്ന് ചോദിച്ച സാജോ അച്ചന് മുന്നിലേയ്ക്ക് “എന്നാ പിന്നെ ഒരു പാട്ട് അങ്ങ് സെറ്റാക്കിയാലോ” എന്ന് മാത്യൂസ് അച്ചൻ. ഡബിൾ ഒക്കെ എന്ന് സാജോ അച്ചനും.

    പാട്ടുകളുടെ തോഴനായ മാത്യൂസ് അച്ചന് വരികൾക്കും ഈണത്തിനുമായി അധികം ചിന്തിക്കേണ്ടി വന്നില്ല. സാധാരണ ശൈലികളിൽ നിന്നും വ്യത്യസ്തമായി നാടൻപാട്ടിന്റെ ശൈലിയിലാണ് ഈ പാട്ട് തയ്യാറാക്കിയത്. പള്ളിപെരുനാളിന്റെ പാട്ടുകൾ ഒക്കെയും ഭക്തിനിർഭരവും വിശുദ്ധരും ഒക്കെയാണ് നിറഞ്ഞു നിൽക്കുന്നതെങ്കിൽ നടുത്തുരുത്ത് ഇടവകയിലെ പെരുനാളിനോട് അനുബന്ധിച്ചു ഇറങ്ങിയ ഈ പാട്ടിൽ കൊറോണ മൂലം ദൈവാലയത്തിൽ എത്തി തിരുനാൾ ആഘോഷിക്കാൻ കഴിയാതിരുന്ന ജനത്തിന്റെ വേദനയും മുൻകാല പെരുനാളുകളുടെ ഓർമകളും ആയിരുന്നു നിറഞ്ഞു നിന്നത്. അങ്ങനെ നടുത്തുരുത്തുകാരുടെ സ്വന്തം പെരുനാൾ പാട്ട് തയ്യാറായി.

    പാട്ടിനു വരികൾ തയ്യാറാക്കിയതും സംഗീതം നൽകിയതും എല്ലാം ഒറ്റ ദിവസം കൊണ്ട് തന്നെയാണ് എന്നതാണ് അമ്പരിപ്പിക്കുന്ന മറ്റൊരു വസ്തുത. അടുത്ത ദിവസം തന്നെ പാട്ടു റെഡി ആയി അതിനുള്ള ദൃശ്യങ്ങളും തയ്യാറാക്കി. എഡിറ്റിങ് സാജോ അച്ചനും അതിനു വേണ്ട സഹായങ്ങൾ ടെക്ക് പ്രീസ്റ്റ് മീഡിയയും ചെയ്തു. ചുരുക്കി പറഞ്ഞാൽ രണ്ടു ദിവസം കൊണ്ട് ആ പാട്ട് റെഡി ആയി. നടുത്തുരുത്തിനെ ആവേശം കൊള്ളിച്ചു കൊണ്ട് കഴിഞ്ഞ ശനിയാഴ്ച, തിരുനാൾ ദിനത്തിന് മുൻപുള്ള ദിവസം പാട്ട് റിലീസ് ചെയ്തു. ഒന്നും ചെയ്യാനില്ലല്ലോ എന്ന് കരുതിയിരുന്ന ഇടവക ജനം ഇതോടെ ഉഷാറായി. അവരെ ആവേശകൊടുമുടിയിൽ എത്തിച്ചു ഈ നാടൻ പാട്ടും. പെരുനാൾ കഴിഞ്ഞിട്ടും ഈ പാട്ടിനു ലഭിച്ച സ്വീകാര്യത ഏറെയാണ്. സാമൂഹ്യമാധ്യമങ്ങൾ പാട്ട് ഏറ്റെടുത്തതോടെ ട്രെൻഡിങ് ആയി മാറിയിരിക്കുകയാണ് സംഭവം.

    ഇനി ഒരു പാട്ട് ഇറക്കിയതിലും സന്തോഷമാണ് ഇടവകയിൽ നടത്തിയ ദിവ്യകാരുണ്യ പ്രദക്ഷണത്തിലൂടെ ലഭിച്ചതെന്ന് വികാരി അച്ചൻ പറയുന്നു. ആദ്യമായി ആണ് ഇടവകയിലെ ഇത്തരത്തിൽ ഒരു ദിവ്യകാരുണ്യ പ്രദക്ഷിണം നടക്കുന്നത്. എല്ലാം കൊറോണയുടെ ഒരു പോസിറ്റിവ് വശം ആയി കരുതുകയാണ് ഇവർ.

    കൊറോണയും ലോക് ഡൗണും വിശ്വാസ പരിശീലനത്തിന് നൂതന സാധ്യതയാണ് വൈദികർക്ക് മുന്നിൽ തുറന്നു കൊടുത്തത്. നൂതന മാധ്യമങ്ങളുടെ പ്രവർത്തനത്തിൽ പരിശീലനം സ്വായത്ത്വമാക്കിയ സജോ അച്ചൻ ആ സാധ്യതകളെ എല്ലാം ദൈവജനത്തിനായി വിനിയോഗിച്ചു. മതബോധന ഡയറക്ടർ ആയ ഈ വൈദികൻ 11 മത്സര ഇനങ്ങൾ ഉൾപ്പെടുത്തി കൊരട്ടി ഫൊറോനായിൽ വെബ് കലോത്സവം നടത്തി. കാറ്റക്കിസം വെബ് ഫെസ്റ്റ് എന്ന യുട്യൂബ് ചാനലിലൂടെയാണ് ഈ മത്സരങ്ങൾ നടത്തിയത്. ഇതു കൂടാതെ കാർലോ ക്വിസ്, ക്രിസ്ത്യൻ കഥക് ഡാൻസ് തുടങ്ങി നിരവധി ഓൺലൈൻ മത്സരങ്ങൾ ഈ വൈദികന്റെ നേതൃത്വത്തിലൂടെ നടന്നു. ക്രിസ്തുമസ് കാലത്ത് കൊരട്ടി ഫൊറോനായിലെ ഇടവകകളെ ഒരുമിച്ചു ചേർത്തുകൊണ്ട് ഒരു ഓൺലൈൻ ഡാൻസ് മത്സരം നടത്തുന്നതിനുള്ള തിരക്കിലാണ് ഫാ. സജോ പടയാറ്റിൽ. എന്ത് തന്നെ ആയാലും ദൈവജനത്തെ ഇടവക ദൈവാലയത്തോടും ക്രൈസ്തവ വിശ്വാസത്തോടും ചേർത്തു നിർത്തുവാനുള്ള ഈ വൈദികരുടെ ശ്രമങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ.

    മരിയ ജോസ്

    1 COMMENT

    1. രണ്ട് അച്ചന്മാരും സംഗീതത്തെ ഒരുപാടു സ്നേഹിക്കുന്നവരാണ്.. അവർക്കു അഭിനന്ദനങ്ങൾ

    വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.