ക്രിസ്തീയജീവിതത്തിന്റെ ആരംഭബിന്ദു നമ്മുടെ യോഗ്യതയല്ല: ഫ്രാൻസിസ് പാപ്പാ 

ക്രിസ്തീയജീവിതത്തിന്റെ ആരംഭബിന്ദു നമ്മുടെ യോഗ്യതയല്ല എന്ന പാഠമാണ് വിശുദ്ധരായ പത്രോസ്-പൗലോസ് ശ്ലീഹന്മാരിലൂടെ ക്രിസ്തു പകരുന്നത് എന്ന് ഫ്രാൻസിസ്‌ പാപ്പാ. വിശുദ്ധരായ പത്രോസ്-പൗലോസ് ശ്ലീഹാന്മാരുടെ തിരുനാൾ ദിനത്തിൽ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ ദിവ്യബലി മധ്യേ നൽകിയ സന്ദേശത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

നമ്മുടെ യോഗ്യത നോക്കിയല്ല ദൈവം നമ്മെ സ്‌നേഹിക്കുന്നത്. നീതിമാന്മാരെന്ന് കരുതുന്നവരിലല്ല മറിച്ച്, ആവശ്യമുള്ളവരിലാണ് കർത്താവ് അത്ഭുതങ്ങൾ പ്രവർത്തിക്കുന്നത്. തന്നെ തള്ളിപ്പറഞ്ഞ പത്രോസിനെയും ദൈവത്തിന്റെ സഭയെ പീഡിപ്പിച്ചിരുന്ന പൗലോസിനെയും യേശു പേര് പറഞ്ഞു വിളിക്കുകയും അവരുടെ ജീവിതത്തെ പരിവർത്തനം ചെയ്യുകയും ചെയ്തു. ഈ രണ്ടുപേരും ഇന്ന് നമ്മുടെ മുന്നിൽ സാക്ഷികളായി നിലകൊള്ളുന്നു. അനുതപിച്ച രണ്ട് പാപികളെ സാക്ഷികളാക്കി, യേശു നമുക്ക് വലിയ പാഠമാണ് പകരുന്നത്. തങ്ങളുടെ വീഴ്ചകളിൽ അവർ കർത്താവിന്റെ കാരുണ്യത്തിന്റെ ശക്തി കണ്ടെത്തി. ആ ശക്തി അവർക്ക് നവജീവൻ പകരുകയും ചെയ്തു – പാപ്പാ ചൂണ്ടിക്കാട്ടി.

തങ്ങളുടെ ജീവൻ തന്നെ നൽകിയാണ് അവർ ക്രിസ്തുവിന് സാക്ഷ്യമേകിയത്. അവരുടെ സാക്ഷ്യത്തിന്റെ വേരുകളിലേയ്ക്ക് നാം ഇറങ്ങിയാൽ അവർ ജീവന്റെയും പൊറുക്കലിന്റെയും യേശുവിന്റെയും സാക്ഷികളാണെന്ന് മനസിലാക്കാൻ കഴിയും – പാപ്പാ കൂട്ടിച്ചേർത്തു.