വിശുദ്ധ യൗസേപ്പിതാവ് പണിത സ്റ്റെയര്‍കേയ്‌സ് 

ചരിത്രത്തില്‍ യൗസേപ്പിതാവ് പണിതതായി അറിയപ്പെടുന്ന ഒരു സ്റ്റെയര്‍കേയ്‌സ് ഉണ്ട്. യൗസേപ്പിതാവോ! അത്ഭുതം തോന്നുണ്ടെങ്കില്‍ അതെ. ഈശോയുടെ വളര്‍ത്തു പിതാവായ യൗസേപ്പിതാവ് തന്നെ പണിതതായാണ് ആ സ്റ്റെയര്‍കേയ്‌സ് അറിയപ്പെടുന്നത്. വിശുദ്ധ യൗസേപ്പിതാവ് പണിത ആ  സ്റ്റെയര്‍കേയ്‌സിന്റെ വിശേഷങ്ങളിലൂടെ നമുക്ക് കടന്നു പോകാം.

അമേരിക്കയിൽ ന്യു മെക്‌സിക്കോ സംസ്ഥാനത്തിലെ സാന്‍ സാന്റാ ഫെയിലെ ലൊറേറ്റോ ചാപ്പലിലാണ് വിശുദ്ധ യൗസേപ്പിതാവ് പണിത സ്റ്റെയര്‍കേയ്‌സ് സ്ഥിതി ചെയ്യുന്നത്. 1982 ലാണ് സംഭവം. ഇവിടുത്തെ ബിഷപ്പ് ലൊറേറ്റോ സന്യാസിനികളുടെ ഒരു സ്‌കൂളിലേക്ക് ഒരു ദേവാലയം പണിയുവാന്‍ ആരംഭിച്ചു. മാതാവിന്റെ നാമത്തില്‍ മനോഹരമായ ഒരു ചാപ്പല്‍ ആയിരുന്നു അദ്ദേഹത്തിന്റെ ഭാവനയില്‍.

നിര്‍മ്മാണം ഏകദേശം പൂര്‍ത്തിയായി. അങ്ങനെ ഇരിക്കുമ്പോഴാണ് അപ്രതീക്ഷിതമായി ഒരു പ്രതിസന്ധി ഉണ്ടാകുന്നത്. പള്ളിയുടെ മധ്യഭാഗത്ത് നിന്നും ഗായക സംഘം നില്‍ക്കുന്നിടത്തേയ്ക്കു കയറുവാന്‍ ഒരു വഴിയും ഇല്ല. കെട്ടിടത്തിന്റെ ഡിസൈനില്‍ വന്ന പാകപ്പിഴയാണ് ഈ പ്രതിസന്ധിയിലേയ്ക്ക് നയിച്ചത്. സ്റ്റെയര്‍ ഉണ്ടാക്കുവാനും കഴിയാത്ത അവസ്ഥ. കെട്ടിട നിര്‍മ്മാണത്തില്‍ പ്രഗത്ഭരായ എല്ലാവരും പറഞ്ഞു, ഗായക സംഘത്തിനായി നിര്‍മ്മിച്ച ഭാഗം പൊളിച്ചുകളയണം. അല്ലാതെ ഒന്നും ചെയ്യാന്‍ കഴിയില്ല എന്ന്. സിസ്റ്റര്‍മാര്‍ക്കും സങ്കടം ആയി.

ഉടനെ ഒരു പൊളിച്ചു മാറ്റലിനു മുതിരാതെ തൊഴിലാളികളുടെ മധ്യസ്ഥനായ യൗസേപ്പിതാവിനോട് മാധ്യസ്ഥം വഹിച്ചു പ്രാര്‍ത്ഥിക്കുവാന്‍ തുടങ്ങി. നൊവേനയുടെ ദിനങ്ങള്‍ കടന്നു പോയി. അവസാന ദിവസം പ്രാര്‍ഥനയൊക്കെ കഴിഞ്ഞപ്പോള്‍ ചാപ്പലിനു മുന്നില്‍ ഒരാള്‍ വന്നു. അയാള്‍ മരപ്പണിക്കാരനാണെന്ന് സ്വയം പരിചയപ്പെടുത്തുകയും അവരുടെ പ്രതിസന്ധിക്കു ഒരു പരിഹാരം ഉണ്ടാക്കുവാന്‍ തനിക്കു കഴിയും എന്ന് വെളിപ്പെടുത്തുകയും ചെയ്തു .

പക്ഷെ, ഒരു കാര്യം ആ മനുഷ്യന്‍ മുന്നോട്ടു വച്ചു. തന്റെ പണി രഹസ്യമായിരിക്കണം. സിസ്റ്റര്‍മാര്‍ക്ക് സംശയമായി. കാരണം അദ്ദേഹത്തിന്റെ കൈവശം ഏതാനും ചെറിയ ചില ഉപകരണങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. പ്രഗത്ഭരായ ആളുകള്‍ പറ്റില്ലാ എന്ന് പറഞ്ഞിടത്ത് ഈ മനുഷ്യന്‍ എന്ത് ചെയ്യും? തന്നെയുമല്ല അവര്‍ക്കു ഒരു മുന്‍പരിചയവും ഇല്ല ആ വ്യക്തിയെ. എന്തായാലും ദൈവഹിതത്തിനു വിട്ടുകൊടുത്തു. ബാക്കി യൗസേപ്പിതാവിനോട് പറഞ്ഞ് ഏല്‍പ്പിച്ചിട്ടുണ്ടല്ലോ. ആ വിശ്വാസത്തില്‍ അവര്‍ പണി തുടര്‍ന്നോളാന്‍ പറഞ്ഞു.

അങ്ങനെ ആ മനുഷ്യന്‍ ചാപ്പല്‍ പൂട്ടി അതിനുള്ളില്‍ ഇരുന്ന് പണി തുടര്‍ന്നു. ഒരിക്കല്‍ പോലും അയാള്‍ തന്റെ കൂലി ആവശ്യപ്പെടുകയോ ഒന്നും ചെയ്തിട്ടില്ല. ഏകദേശം മൂന്നു മാസം കൊണ്ട് ദേവാലയത്തില്‍ അയാള്‍ ഒരു സ്റ്റെയര്‍കെയ്സ് നിര്‍മ്മിച്ചു. പണി പൂര്‍ത്തിയായതിനു ശേഷം അയാള്‍ എവിടേക്കോ അപ്രത്യക്ഷമായി. പിന്നീട് ആ മനുഷ്യനെ ആരും കണ്ടിട്ടില്ല.

ഇന്നും ആ സ്റ്റെയര്‍കെയ്സ് ഒരു അത്ഭുത ചിഹ്നമായി നിലകൊള്ളുന്നു. കാരണം പൂര്‍ണ്ണമായും തടി കൊണ്ട് നിര്‍മ്മിച്ച ആ സ്റ്റെയര്‍കെയ്സില്‍ ആണിയോ തടി ഒട്ടിക്കുന്ന പശയൊ കാണാന്‍ കഴിയില്ല. ആണിയും പശയും ഇല്ലാതെ ആ സ്റ്റെയര്‍കെയ്സ് എങ്ങനെ പണിയും? ആറ് മീറ്റര്‍ നീളമുള്ള ആ സ്റ്റെയര്‍കെയ്സ് ഗായക സംഘം നില്‍ക്കുന്ന സ്ഥലത്ത് എത്തുന്നത് വരെ രണ്ടു തവണ വളഞ്ഞു പുളഞ്ഞു വരുന്ന തരത്തില്‍ ആണ് നിര്‍മ്മിച്ചിരിക്കുക. എന്നാല്‍ അതിനെ താങ്ങുന്നതിനായി താഴെ നിന്ന് തൂണുകളോ താങ്ങുകളോ ഒന്നും നിര്‍മ്മിച്ചിട്ടില്ല  എന്നതും ആശ്ചര്യം വര്‍ധിപ്പിക്കുന്നു. അത്തരം ഒരു സ്റ്റെയര്‍കെയ്സ് ഒരിക്കലും ഒരു മനുഷ്യന് നിര്‍മ്മിക്കാന്‍ കഴിയില്ല എന്ന് പ്രഗത്ഭരായ പണിക്കാര്‍ വെളിപ്പെടുത്തുമ്പോള്‍ അതിനു പിന്നില്‍ കറതീര്‍ന്ന ഒരു തച്ചന്റെ ദൈവികമായ ഇടപെടല്‍ വെളിപ്പെടുന്നു.

ഏറ്റവും പ്രധാനപ്പെട്ട കാര്യം മറ്റൊന്നാണ്. ആ തടി എങ്ങനെ ദേവാലയത്തിനുള്ളില്‍ വന്നു? കാരണം ആ പണിക്കാരന്‍ വന്നത് കയ്യില്‍ കൊള്ളാവുന്ന ചില ഉപകരണങ്ങളുമായാണ്. പണി തുടങ്ങിയ നിമിഷം മുതല്‍ പൂര്‍ത്തിയാകുന്നത് വരെ തടിയുമായി ആരെങ്കിലും അകത്തേയ്ക്കു പോകുന്നത് ആരും കണ്ടിട്ടില്ല. അപ്പോള്‍ ആ സ്റ്റെയര്‍കെയ്സ് നിര്‍മ്മിക്കാന്‍ ഉപയോഗിച്ച തടി എവിടെ നിന്ന് വന്നു? അത് നിര്‍മ്മിച്ചത് ആരാണ്? ഉത്തരങ്ങള്‍ ശൂന്യത അവശേഷിപ്പിക്കുമ്പോള്‍ വിശ്വാസികള്‍ വിശ്വസിക്കുന്നു, ആ പ്രഗത്ഭനായ തച്ചന്‍ യൗസേപ്പിതാവ് തന്നെയാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.