സന്തുഷ്ടരായി ജീവിക്കാം; ഈ ദമ്പതികളെ മാതൃകയാക്കാം  

സ്‌നേഹത്തിന്റെ മാതൃക കാട്ടിയ വിശുദ്ധരായ ദമ്പതികളാണ് ചാൾസും സിറ്റയും. അവരുടെ ജീവിതം ലോകം മുഴുവനുമുള്ള ദമ്പതികൾക്ക് പ്രചോദനം പകരുന്ന ഒന്നായിരുന്നു. വിശുദ്ധിയിലധിഷ്ഠിതമായ അവരുടെ സ്‌നേഹത്തെ അംഗീകരിച്ച സഭ, അവരെ വാഴ്ത്തപ്പെട്ട പദവിയിലേയ്ക്ക് ഉയർത്തി.

ചില മുത്തശ്ശിക്കഥകളിലെ മനോഹരമായ പ്രണയകഥകൾ കേട്ടിട്ടില്ലേ? അതിനേക്കാളും മനോഹരമായ ജീവിതമായിരുന്നു ഓസ്ട്രേലിയയിലെ ചാൾസ് – സിറ്റ ദമ്പതികളുടെ ജീവിതം. ചെറുപ്പം മുതൽ കൂട്ടുകാരായിരുന്നു ചാൾസും സിറ്റയും. കളിച്ചുനടന്ന കാലം പിന്നിട്ടു. സിറ്റയ്ക്ക് പത്തൊൻപതും ചാൾസിന് ഇരുപത്തിനാലും വയസ് ആയതു മുതൽ ഇരുവരും ഏറെ നേരം സംസാരിക്കുവാനും മറ്റും തുടങ്ങി.

ഒരിക്കൽ സിറ്റ മറ്റൊരാളെ വിവാഹം ചെയ്യാൻ പോകുന്നതായി ചാൾസ് കേട്ടു. വാസ്തവം അന്വേഷിച്ച ചാൾസിന് താൻ കേട്ടത് തെറ്റായ വാർത്തയാണെന്നു മനസിലാക്കുവാൻ കഴിഞ്ഞു. ചാൾസ് വൈകാതെ തന്നെ സിറ്റയെ വിവാഹം കഴിക്കുവാൻ തീരുമാനിച്ചു. പക്ഷേ, അന്നുവരെ അവർ ഇരുവരും വിവാഹത്തെക്കുറിച്ച് സംസാരിച്ചിരുന്നില്ല. അതിനാൽ തന്നെ അനുയോജ്യമായ ഒരു ദിവസത്തിനായി ചാൾസ് കാത്തിരുന്നു. അങ്ങനെ മാതാവിന്റെ പിറവിത്തിരുന്നാൾ വന്നെത്തി. മാതാവിനോട് ആഴമായ ഭക്തിയുള്ള അവർ ഇരുവരും തിരുനാൾ കർമ്മങ്ങളിൽ പങ്കെടുക്കുവാൻ മരിയസിൽ ദേവാലയത്തിലെത്തി. പ്രാർത്ഥനയ്ക്കും കർമ്മങ്ങൾക്കും ശേഷം അവർ ഏറെനേരം അവിടെ ചിലവിട്ടു. ആ ദേവാലയത്തിനുള്ളിൽ വച്ച് ചാൾസ് തന്റെ ഇഷ്ടം തുറന്നുപറഞ്ഞു. സിറ്റയ്ക്കും സമ്മതമായിരുന്നു. അവർ തങ്ങളുടെ പ്രണയത്തെ ദൈവത്തിനു മുമ്പിൽ സമർപ്പിച്ച്, പ്രാർത്ഥനയോടെ മുന്നോട്ടുനീങ്ങി.

കത്തോലിക്കാ സഭയുടെ നിയമപ്രകാരം വിവാഹിതരായ അവര്‍ ഇരുവരും അവരുടെ വിവാഹമോതിരത്തിനുള്ളിൽ ഇങ്ങനെ എഴുതിയിരുന്നു: “ദൈവമാതാവിന്റെ സംരക്ഷണത്തിൽ ഞങ്ങൾ പറക്കുകയാണ്.” ഇത് പുരാതനമായ ഒരു പ്രാർത്ഥനയുടെ ആദ്യഭാഗം ആയിരുന്നു. വിവാഹശേഷം അവർ വീണ്ടും ആ മരിയൻ ദേവാലയത്തിലെത്തി; നന്ദി പറയുവാൻ. പിന്നീടുള്ള അവരുടെ ജീവിതം ആരെയും കൊതിപ്പിക്കുന്ന രീതിയില്‍ മനോഹരമായിരുന്നു. ജീവിതത്തിലെ പ്രശ്നങ്ങളിലും പ്രതിസന്ധികളിലും അവർ തോളോട് തോൾ ചേർന്നുനിന്നു. പ്രാർത്ഥനയിൽ അടിയുറച്ച ജീവിതം. എല്ലാം മാതാവിന്റെ സംരക്ഷണയിൽ അവർ സമർപ്പിച്ചു.

മരണനേരം ചാൾസ് സിറ്റയോട് പറഞ്ഞത് ഇപ്രകാരമായിരുന്നു: “ഞാൻ നിന്നെ ഇപ്പോഴും സ്‌നേഹിക്കുന്നു.” ചാൾസിന്റെ മരണശേഷം സിറ്റ കറുത്ത വസ്ത്രമാണ് ധരിച്ചിരുന്നത്. തന്റെ പ്രിയതമന്റെ ഓർമ്മയ്ക്കായി. സിറ്റയും മരണമടഞ്ഞു. രണ്ടു പേരെയും രണ്ടു സ്ഥലങ്ങളിലാണ് അടക്കം ചെയ്തതെങ്കിലും അവരുടെ ഹൃദയങ്ങൾ ഒരുമിച്ച് സ്വിറ്റ്‌സർലൻഡിലെ മരിയൻ ചാപ്പലിൽ സൂക്ഷിച്ചിരിക്കുകയാണ്.

എല്ലാ കാര്യങ്ങളിലും ദൈവഹിതം ആരാഞ്ഞു ജീവിക്കുകയും തീരുമാനങ്ങൾ എടുക്കുകയും ചെയ്ത അദ്ദേഹത്തിന്റെ ജീവിതമൂല്യങ്ങൾ പരിഗണിച്ച് 2004-ൽ ചാള്‍സിനെ വി. ജോൺപോൾ രണ്ടാമൻ പാപ്പാ വാഴ്ത്തപ്പെട്ട പദവിയിലേയ്ക്ക് ഉയർത്തി. 2009-ൽ സിറ്റയെ ദൈവദാസി പദവിയിലേയ്ക്കും ഉയർത്തി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.