ഇടം

ഫാ. ജെൻസൺ ലാസാലെറ്റ്
ഫാ. ജെൻസൺ ലാസാലെറ്റ്

കുറച്ച് വീട്ടുവിശേഷങ്ങൾ പങ്കുവയ്ക്കാനാണ് സുഹൃത്ത് വന്നത്. അവന്റെ വിവാഹം കഴിഞ്ഞിട്ട് പത്തുവർഷം. സന്ധ്യയ്ക്ക് വീട്ടിലെത്തിയപ്പോൾ ഭാര്യയുടെ മുഖം വീർത്തിരിക്കുന്നതു കണ്ട് അവൻ ചോദിച്ചു: “എന്തു പറ്റി, മുഖം വീർത്തിരിക്കുന്നല്ലോ?”

“ഓ, നിങ്ങളുടെ അപ്പനും അമ്മയും… ഒരു രക്ഷയുമില്ലാട്ടാ. അപ്പന് എന്താ ദേഷ്യം? അമ്മയ്ക്കാണെങ്കിൽ സ്നേഹം മുഴുവനും നിങ്ങളുടെ പെങ്ങന്മാരോടാണ്. ഈ വീട്ടിലെ ജീവിതം വല്ലാത്ത ബുദ്ധിമുട്ടാണ്.”

അവളുടെ വാക്കുകൾ കേട്ട് ചിരിച്ചുകൊണ്ട് അയാൾ പറഞ്ഞു: “നമ്മുടെ കല്യാണത്തിന്റെ ആദ്യദിനങ്ങളിൽ ഞാൻ പറഞ്ഞ കാര്യങ്ങൾ നീ മറന്നുവോ? നീ വരുന്നതിനു മുമ്പേ ഈ ഭവനത്തിലുള്ളവരാണ് അപ്പനും അമ്മയും പെങ്ങന്മാരും. പെങ്ങന്മാരും ഞങ്ങളും നല്ല സ്നേഹത്തിലാണെന്നും അപ്പൻ അല്പം മുൻശുണ്ഠിക്കാരനാണെന്നും ഞാൻ പറഞ്ഞിരുന്നല്ലോ? അപ്പനും അമ്മയും പെങ്ങന്മാരുമൊക്കെയായി ഞാൻ വഴക്കിട്ടാലും നീ ഒരിക്കലും എന്റെ പക്ഷം ചേരരുതെന്നും ഞാൻ പറഞ്ഞതാണ്. കെട്ടിച്ചുവിട്ട പെങ്ങന്മാർ, മാതാപിതാക്കൾ ജീവിച്ചിരിക്കുന്ന കാലത്തോളമേ വീട്ടിൽ വരികയുള്ളൂ. ഇവിടേയ്ക്കല്ലാതെ മറ്റെവിടേയ്ക്കാണ് അവർ കയറിച്ചെല്ലുക? മാസത്തിൽ പലവട്ടം നീ വീട്ടിൽ പോകുമ്പോൾ നിന്റെ നാത്തൂൻ മുഖം വീർപ്പിച്ചുകാണിച്ചാൽ നിനക്ക് ഇഷ്ടപ്പെടുമോ? നാത്തൂൻ പറയുന്നതു കേട്ട് നിന്റെ ആങ്ങള, മാതാപിതാക്കളെ ഉപേക്ഷിക്കണമെന്ന് നീ ആഗ്രഹിക്കുന്നുണ്ടോ?

നീ പറഞ്ഞതു ശരിയാണ്, ജീവിതം വല്ലാത്ത ബുദ്ധിമുട്ടാണ്. ഇങ്ങനെയുള്ള ബുദ്ധിമുട്ടുകൾ സഹിച്ചാണ് ഓരോ അമ്മമാരും കുടുംബത്തെ ഒരുമിച്ചു നിർത്തുന്നതും ചേർത്തുപിടിക്കുന്നതും. വെട്ടിമുറിക്കാൻ എളുപ്പമാണ്. പിന്നീടുള്ള യോജിപ്പിക്കലുണ്ടല്ലോ, അത് വളരെ ക്ലേശകരമാണ്.

നീ ഇന്ന് പള്ളിയിൽ പോയി കുമ്പസാരിച്ചു വന്നതല്ലേ? ആവർത്തിച്ചു ചെയ്ത പാപങ്ങൾ പോലും ഈശോ നിന്നോട് പൊറുത്തില്ലേ? പരസ്പരം പൊറുക്കാൻ കഴിയാതെ വരുമ്പോൾ നമ്മൾ എപ്പോഴും കുറ്റം കണ്ടുപിടിക്കുന്നവരും പറയുന്നവരുമാകും. നന്മ കാണാനുള്ള കാഴ്ചയ്ക്ക് മങ്ങലേൽക്കും. ഒരു കാര്യം ഉറപ്പിച്ചുപറയാം, എനിക്ക് നീയും നമ്മുടെ മക്കളും മാതാപിതാക്കളും കുടുംബാംഗങ്ങളും എല്ലാവരും വേണം. ബന്ധങ്ങൾ വെട്ടിമുറിച്ചിട്ടുള്ള സന്തോഷത്തേക്കാൾ നല്ലത് ചേർന്നുനിൽക്കുമ്പോഴുള്ള നൊമ്പരങ്ങളും പിണക്കങ്ങളുമാണ്.”

എന്റെ സുഹൃത്തിന്റെ വാക്കുകൾ കേട്ടപ്പോൾ സത്യത്തിൽ എന്റെയും മിഴികൾ നിറഞ്ഞു. അവനും കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കാമെന്ന് പറഞ്ഞ് ഞാനവനെ പറഞ്ഞയച്ചു.

തിരുവചനത്തിൽ എത്രയോ പ്രാവശ്യമാണ് സഹോദരനോട് ക്ഷമിക്കണമെന്നും കരുണ കാണിക്കണമെന്നുമെല്ലാം ആവർത്തിച്ച് എഴുതിയിട്ടുള്ളത്? (Ref: മത്തായി 18:23-35; 5:21-26). എന്നിട്ടും നാം അവയെല്ലാം അവഗണിച്ച് സ്വാർത്ഥതയുടെ ചിറകിലേറി സഞ്ചരിക്കുമ്പോൾ ശാന്തിയും സമാധാനവും എങ്ങനെ ലഭിക്കും? അതിനാൽ മുന്നോട്ടുള്ള ഓട്ടത്തിനു മുമ്പ് ഒരു നിമിഷം നിൽക്കാം. ജീവിതത്തിന് ഒരു പൊളിച്ചെഴുത്തിന് നേരമായെന്നും കരുണയും ക്ഷമയുമാണ് ജീവിതത്തെ നിറം പിടിപ്പിക്കുന്നതെന്നും തിരിച്ചറിയാൻ ഇന്ന് നമുക്ക് കഴിയട്ടെ!

വി. പൗലോസ് ശ്ലീഹായുടെ തിരുനാൾ ആശംസകൾ!!!

ഫാ. ജെൻസൺ ലാസലെറ്റ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.