ചിരികൊണ്ട് മനസുകൾ നേടിയ അദ്ധ്യാപകൻ യാത്രയായി

“ദൂരം. അത് ഒന്നേയുള്ളൂ; മരിച്ചവരും ജീവിച്ചിരിക്കുന്നവരും തമ്മിൽ. അകലവും അടുപ്പവും അത് ഒരിടത്തേയുള്ളൂ; ഹൃദയങ്ങൾ തമ്മിൽ” പതിനഞ്ചു വർഷങ്ങൾക്കു മുമ്പ് സിറിൾ സാർ എഴുതിയ വരികൾ. ഒരു നിയോഗം പോലെ അന്നെഴുതിയ ആ വരികൾ ഇന്ന് അനേകം മനസുകൾ നെഞ്ചോടു ചേർക്കുകയാണ്. ഒരു നോവായി അവശേഷിക്കുകയാണ്…

സിറിൾ സർ. ആ പേര് കേൾക്കുമ്പോഴേ അദ്ദേഹത്തെ ഒരു തവണയെങ്കിലും കണ്ടവർക്കു മുന്നിലേയ്ക്ക് ഓടിയെത്തുന്ന ഒരു ചിരി ഉണ്ട്. ശാന്തമായ ഒരു പുഞ്ചിരി. അധികം ഒച്ചപ്പാടുകളില്ല, ബഹളങ്ങളില്ല, സാറിന് പറയാനുള്ളതെല്ലാം ആ പുഞ്ചിരിയിൽ ഒളിപ്പിച്ചിരുന്നു. ഞാൻ കാണുമ്പോഴൊക്കെ ആ മുഖത്ത് ഒരു പുഞ്ചിരി ഉണ്ടായിരുന്നു. ഒരുപക്ഷേ, അദ്ദേഹത്തെ അറിയുന്നവരുടെ ഒക്കെയും മനസ്സിൽ തങ്ങിനിൽക്കുന്ന ഒന്നായിരുന്നു അത്. ഈ ലോകത്തിൽ സിറിൾ എന്ന അദ്ധ്യാപകനിൽ മാത്രമായി ദൈവം നിക്ഷേപിച്ച അമൂല്യനിധി.

മുപ്പതു വർഷത്തിലധികം നീളുന്ന മതാദ്ധ്യാപക വൃത്തി

പള്ളിമുറ്റത്ത് വച്ചാണ് ഞാൻ സാറിനെ അധികവും കണ്ടിരിക്കുന്നത്. പലപ്പോഴും തന്റെ അടുക്കൽ വന്നിരുന്ന ഓരോ കുട്ടിയേയും അദ്ദേഹം ആദ്യം സ്വാഗതം ചെയ്യുക, സ്വതസിദ്ധമായ ആ ചിരിയിലൂടെ ആയിരുന്നു. മുപ്പതു വർഷത്തോളം നീണ്ടുനിന്ന മതാദ്ധ്യാപനത്തിൽ തന്റെ കുട്ടികളെ വിശ്വാസത്തിലേയ്ക്കും അതിരില്ലാത്ത ആത്മവിശ്വാസത്തിലേയ്ക്കും കൂട്ടിക്കൊണ്ടു പോകുവാൻ അദ്ദേഹത്തിനു കഴിഞ്ഞിരുന്നു.

വളരെ ചെറുപ്പം മുതൽ തന്നെ ഫാത്തിമ മാതാ ഇടവക ദൈവാലയത്തിൽ മതാദ്ധ്യാപകനായി സേവനം ചെയ്തു തുടങ്ങിയ വ്യക്തിയായിരുന്നു അദ്ദേഹം. കുട്ടികളിലെ സർഗ്ഗാത്മക കഴിവുകളെ വളർത്തിയെടുക്കുവാൻ, കലോത്സവങ്ങൾക്കായി അവരെ ഒരുക്കുവാൻ രാപ്പകലില്ലാതെ ഓടിയെത്തുകയും പരിശീലനം നൽകുകയും ചെയ്തിരുന്നു അദ്ദേഹം. ദേവാലയത്തിനും അപ്പുറം നിൽക്കുന്ന ഒരു ലോകത്തിൽ പകച്ചുപോകാതെ ചിറകടിച്ചുയരുവാനുള്ള വലിയ പ്രചോദനമായി മാറിയിരുന്നു അദ്ദേഹത്തിന്റെ ഓരോ ക്ലാസുകളും.

ഫൊറോനാ കലോത്സവങ്ങളുടെ സമയങ്ങളിൽ വൈകി മാത്രം, കുട്ടികളുടെ ഇടയിൽ നിന്നും മടങ്ങിയിരുന്ന ഒരു അദ്ധ്യാപകൻ. ഒരു പരിപാടിക്കായി പള്ളിയിൽ വിളിച്ചുകൂട്ടുന്ന കുട്ടികള്‍ സുരക്ഷിതരായി വീട്ടിൽ മടങ്ങിയെത്തുന്നുണ്ട് എന്ന് ഉറപ്പു വരുത്തുന്ന ഒരു കാവൽക്കാരൻ. രാവിലത്തെ ക്ലാസിനു ശേഷം ഒരു മടിയും കൂടാതെ ഉച്ചയ്ക്കും ക്ലാസിനെത്തുന്ന മതാദ്ധ്യാപകൻ. വിശേഷണങ്ങൾ പലതാണ്. സ്റ്റാഫ് സെക്രട്ടറിയായി സേവനം ചെയ്തു വരുന്നതിനിടയിലാണ് ഒരു അപകടത്തിന്റെ രൂപത്തിൽ വിധി ആ പുഞ്ചിരി കവരുന്നത്.

വിദ്യാർത്ഥികളുടെ സ്വന്തം അദ്ധ്യാപകൻ

സെപ്റ്റംബർ 5. അദ്ധ്യാപക ദിനം. ഈ അദ്ധ്യാപക ദിനത്തിൽ ആയിരക്കണക്കിന് കുട്ടികൾ ലോകത്തിന്റെ പല ഭാഗങ്ങളിലിരുന്നു പ്രാർത്ഥനയിലായിരുന്നു – തങ്ങളുടെ പ്രിയ അദ്ധ്യാപകൻ ഒരിക്കൽ കൂടി മടങ്ങിവരണമേ എന്നുള്ള പ്രാർത്ഥനയിൽ.

എട്ടു നോമ്പ് ദിവസങ്ങളിൽ പള്ളിയിൽ പോയി സാറിനായി മാത്രം കരഞ്ഞു പ്രാർത്ഥിച്ച അനേകം കുട്ടികളുണ്ട്. അപകട വാർത്തയറിഞ്ഞു നിറകണ്ണുകളോടെ ആശുപത്രിയിൽ ഓടിയെത്തിയ അനേകം വിദ്യാർത്ഥികളുണ്ട്. അവർക്കൊക്കെ ഒരു പ്രാർത്ഥനയേ ഉണ്ടായിരുന്നുള്ളു “ദൈവമേ, ‘ഞങ്ങളുടെ സാറിനെ’ തിരികെ തരേണമേ. ആ പ്രാർത്ഥനയ്ക്ക് കാരണം തേടിയുള്ള യാത്ര ചെന്നവസാനിക്കുന്നത് വിദ്യാർത്ഥികളുടെ ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നും സിറിൾ എന്ന അദ്ധ്യാപകനുമായുള്ള ആഴമായ ബന്ധത്തിലേയ്ക്കാണ്.

“കോളേജിലെ മുത്തശ്ശി മരങ്ങളുടെ ചുവട്ടിൽ പോയിരുന്ന്‌ ഇനിയും ബഹളം വെച്ച്‌ പൊട്ടിച്ചിരിക്കാൻ, ആരുടെയെങ്കിലും ടിഫിനിലെ കപ്പക്കും മുളകു പൊട്ടിച്ചതിനും വേണ്ടി അടിപിടി കൂടാൻ, ഇനിയും സാറിന്റെ കിടിലൻ ഇംഗ്ലീഷ് ഡയലോഗുകളെ ട്രോളാൻ, നിറയെ അലമ്പുണ്ടാക്കിയിട്ട്‌ ‘ടീച്ചറേതാ, പിള്ളേരേതാ’ എന്ന്‌ മനസ്സിലാകാതെ മറ്റേതേലും ഡിപാർട്‌മെന്റിലെ സ്‌റ്റാഫ്‌ എല്ലാവരെയും ഒന്നിച്ച്‌ ഇറക്കിവിടുന്നത്‌ കണ്ട്‌ അപ്പുറത്ത്‌ പോയിരുന്ന്‌ പിന്നെയും ചിരിക്കാൻ…” സാറിന്റെ അപകടം അറിഞ്ഞപ്പോഴും, പ്രതീക്ഷയില്ല എന്ന് ഡോക്ടർമാർ ആവർത്തിച്ചു പറഞ്ഞപ്പോഴും എന്തിന് മരണവാർത്ത അറിഞ്ഞപ്പോഴും ഒരുപാട് മനസുകൾ ഇങ്ങനെയൊക്കെ ആഗ്രഹിച്ചിരുന്നു.

സിറിൾ സാർ വിദ്യാർത്ഥികൾക്ക് ഒരു അദ്ധ്യാപകൻ മാത്രമായിരുന്നോ? ഒരിക്കലും അദ്ധ്യാപകൻ എന്ന ലേബലിൽ മാത്രം അദ്ദേഹത്തെ ഒതുക്കി നിർത്തുവാൻ അവർക്കു കഴിയില്ലായിരുന്നു. കുട്ടികളോടൊപ്പം, കുട്ടികളിൽലൊരാളായി പ്രത്യേകിച്ച് സ്ഥാനം നിർണ്ണയിക്കാൻ കഴിയുന്നതിലും അപ്പുറമുള്ള ഒരു സ്ഥാനത്തേയ്ക്ക്, മനസുകളിലേയ്ക്ക് അദ്ദേഹം കുടിയേറുകയായിരുന്നു.

തന്റെ ഓരോ വിദ്യാർത്ഥിയെയും അടുത്തറിയുന്ന ഒരു അദ്ധ്യാപകൻ. അവന്റെ/ അവളുടെ മുഖം ഒന്ന് വാടിയാൽ അത് മനസിലാക്കുവാൻ തക്കവിധത്തിൽ വ്യക്തിപരമായ ഒരു ബന്ധം അദ്ദേഹത്തിന് ഉണ്ടായിരുന്നു. വാടിയ മുഖത്തോടെ ഇരിക്കുന്ന വിദ്യാർത്ഥിയുടെ തോളിൽ തട്ടി അദ്ദേഹം ചോദിക്കും. “എന്ത് പറ്റിയെടാ?” എത്ര വലിയ സങ്കടമാണെങ്കിലും പറയേണ്ടെന്ന് എത്ര വിചാരിച്ചാലും ആ സ്നേഹപൂർവ്വമുള്ള ചോദ്യത്തിനു മുന്നിൽ മനസ് തുറന്നുപോകും. എല്ലാം ക്ഷമയോടെ കേട്ടിട്ട് തോളിൽ ഒന്ന് പിടിച്ചിട്ട് ഉപദേശങ്ങളുടെയോ വഴക്കുകളുടെയോ ഒന്നും പിൻബലമില്ലാതെ സാർ ഒന്ന് ചിരിക്കും. ആ ചിരി മതിയായിരുന്നു വിദ്യാർത്ഥികളുടെ ഉള്ളിലെ സംഘർഷത്തിന്റെ, വേദനയുടെ കാർമേഘത്തെ മാറ്റിക്കളയുവാൻ.

എസ്.ബി കോളേജ് ചങ്ങനാശേരി, സിഎംഎസ് കോളേജ് കോട്ടയം, സ്കൂൾ ഓഫ് ടൂറിസം സ്റ്റഡീസ്, മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി, കാതോലിക്കേറ്റ് കോളേജ് പത്തനംതിട്ട, സെന്റ് ഗിറ്റ്സ് കോളേജ് പത്താമുട്ടം തുടങ്ങി നിരവധി കോളേജുകളിൽ അദ്ധ്യാപകനായി സേവനം ചെയ്തിരുന്ന വ്യക്‌തിയായിരുന്നു അദ്ദേഹം. ഇവിടെയൊക്കെ ഈ സാർ ഞങ്ങളെയും പഠിപ്പിച്ചിരുന്നെങ്കിൽ എന്ന് ഹൃദയം കൊണ്ട് ആഗ്രഹിച്ചിരുന്ന, അദ്ദേഹത്തിന്റെ ശിഷ്യനാകുവാൻ ഭാഗ്യം ലഭിച്ചിരുന്ന വിദ്യാർത്ഥികളെ അസൂയയോടെ നോക്കിയിരുന്ന വിദ്യാർത്ഥികൾ മറ്റു ഡിപ്പാർട്ട്മെന്റുകളിൽ ഉണ്ടായിരുന്നു. ഇടവേളകളിൽ വിദ്യാർത്ഥികളെയും കൂട്ടി കാന്റീനിലും മറ്റും പോവുകയും അവരുമായി യാത്രകൾ നടത്തുകയും ചെയ്യുന്ന സിറിൾ സാർ എന്നും അവർക്ക് ഒരു അത്ഭുതമായിരുന്നു. താങ്ങായിരുന്നു…

വിദ്യാർത്ഥികളുമായി മാത്രമല്ല, അവരുടെ മാതാപിതാക്കളുമായും ആഴമായ ഒരു ബന്ധം ഉണ്ടാക്കിയെടുക്കുവാൻ അദ്ദേഹത്തിന് കഴിഞ്ഞു. തങ്ങളുടെ കുട്ടികൾ സാറിന്റെ ഒപ്പമാണ് എന്നു പറഞ്ഞാൽ അത് അവർക്കു വലിയ ഒരു ആശ്വാസമാകുവാൻ തക്കവിധം അവർ ആ അദ്ധ്യാപകനെ വിശ്വസിച്ചിരുന്നു.

വിദ്യാലയമായി മാറിയ ഭവനം

“നമുക്ക് സിറിൾ സാറിന്റെ വീട്ടിൽ പോയാലോ?” ചങ്ങനാശേരിയിൽ എത്തിയാൽ വിദ്യാർത്ഥികളുടെ ആദ്യ ചോദ്യം ഇതാണ്. സാറിന്റെ വീട്ടിൽ കയറാതെ പോകുന്ന വിദ്യാർത്ഥികൾ ആരും തന്നെയില്ല. എപ്പോൾ വേണമെങ്കിലും സാറിന്റെ വീട്ടിൽ കടന്നുവരാം. ഒരു ചെറുപുഞ്ചിരിയോടെ ഏതു നേരവും തന്റെ ശിഷ്യഗണങ്ങളെ/  സുഹൃത്തുക്കളെ സ്വീകരിക്കുവാൻ അദ്ദേഹം അവിടെയുണ്ടാകും.

ഇടവേളകളിൽ വീട് ഒരു സൗഹൃദ കൂട്ടായ്മയാണെങ്കിൽ പരീക്ഷാ സമയങ്ങളിൽ ആ ഭവനം ഒരു വിദ്യാലയമായി മാറും. പ്രയാസമുള്ള കാര്യങ്ങൾ എത്ര ആവർത്തി പറഞ്ഞു കൊടുക്കുവാനും തയ്യാറുള്ള അദ്ദേഹം, വീട്ടിലും വിദ്യാർത്ഥികൾക്കായി ക്ലാസുകൾ എടുത്തിരുന്നു. അവരെ തന്റെ ഒപ്പം ഇരുത്തിക്കൊണ്ട് വിദ്യ എന്ന മഹാധനത്തെ ലാഭേഛയോ പ്രതിഫലമോ കൂടാതെ വിദ്യാർത്ഥിയുടെ മനസുകളിലേയ്ക്ക് പകർന്നു നൽകുമ്പോൾ അത് ഇരുകയ്യും നീട്ടി സ്വീകരിക്കുവാൻ തയ്യാറായി ആയിരക്കണക്കിന് കുട്ടികളാണ് അദ്ദേഹത്തിന്റെ അടുക്കൽ എത്തിയിരുന്നത്.

വീട്ടിൽ കൊണ്ടുപോയി കിടക്കാൻ ഇടവും, കഴിക്കാൻ ഭക്ഷണവും, പഠിക്കാൻ പുസ്തകവും, വഴിതെറ്റുന്നു എന്നു കണ്ടാൽ ഓടിയെത്തുന്ന നുറുങ്ങ് ഉപദേശങ്ങളും… എല്ലാവരുടെയും മനസുകളിൽ ഒരു ചോദ്യം മാത്രം. “ഇനി ഞങ്ങൾക്ക് ആരുണ്ട്?” വലിയ ഒരു ശൂന്യത അനേകം മനസുകളിൽ അവശേഷിപ്പിച്ചാണ് ആ അദ്ധ്യാപകൻ വിടവാങ്ങുന്നത്.

ലാളിത്യത്തിന്റെ മനുഷ്യൻ

മുഖത്തെ നിറഞ്ഞ ചിരി. തന്റെ കാലടിയിൽ പെട്ട് ഒരു കുഞ്ഞുജീവി പോലും വേദനിക്കരുതെന്ന തരത്തിൽ അത്രയും സൂക്ഷ്മതയോടെയുള്ള നടത്തം. പരിചയമുള്ളവരെ കണ്ടാൽ തലയാട്ടിക്കൊണ്ട് പതിവ് രീതിയിലുള്ള കുശലാന്വേഷണം. ഒരു സംശയം, അത് എന്തുമായിക്കൊള്ളട്ടെ. ഉത്തരം തനിക്ക് അറിയാവുന്നതുo അന്വേഷിച്ചു കണ്ടെത്തിയതും ഒക്കെയായി തൃപ്തിപ്പെടുത്തി മടക്കി അയക്കുന്ന പ്രകൃതം. ആർഭാടങ്ങളില്ല. സഹായങ്ങളുമായി ഓടിയെത്താൻ കഴിയുന്നിടത്തെല്ലാം ഓടിയെത്തിയ സാർ. തന്റെ ലാളിത്യത്തെ ഒരു അലങ്കാരമാക്കി മാറ്റുവാൻ, അത് അനേകർക്ക്‌ മാതൃകയാക്കി നൽകുവാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു.

ആ മനുഷ്യൻ ഒരിക്കലും ബഹുമാനം ചോദിച്ചു വാങ്ങിയിട്ടില്ല. ബഹുമാനം ലഭിക്കുമെന്നോർത്ത് ഒരിടത്തും കാത്തു നിന്നിട്ടുമില്ല. അതിനായി ഒന്നും ചെയ്തിട്ടുമില്ല. ആവശ്യമുള്ളിടത്തൊക്കെ ഏറ്റവും ആത്മാർത്ഥതയോടെ ഓടിയെത്തി. ചോദിക്കാതെയും ആവശ്യപ്പെടാതെയും തന്നെ. അതിന് അദ്ദേഹം ആരുടേയും പ്രായമോ, സ്ഥാനമാനങ്ങളോ, സോഷ്യൽ സ്റ്റാറ്റസോ നോക്കിയില്ല. അവർക്ക് ആവശ്യമായതൊക്കെ ചെയ്തു. നിശബ്ദമായി അരങ്ങൊഴിഞ്ഞു. എന്നാൽ, ആദരവും ബഹുമാനവും അദ്ദേഹത്തെ തേടിയെത്തുകയായിരുന്നു.

എന്തെങ്കിലും ഒരു ആവശ്യവുമായി സാറിന്റെ മുന്നിലെത്തുന്നവരോട് ‘നോ’ എന്നു പറയുന്നത് ഒരിക്കൽപ്പോലും കണ്ടിട്ടില്ല. തന്നാൽ കഴിയുന്നതൊക്കെ ചെയ്യുവാൻ, ചെയ്തു കൊടുക്കുവാൻ അദ്ദേഹം എന്നും ശ്രമിച്ചിരുന്നു. ഒപ്പം തന്നെ, തന്റെ ചുറ്റുമുള്ളവർ എപ്പോഴും വളർന്നു കാണണം എന്ന വലിയ ഒരു ദുശാഠ്യം അദ്ദേഹത്തിനുണ്ടായിരുന്നു. ചുറ്റുമുള്ളവരിലേയ്ക്ക് പ്രതീക്ഷ നൽകി, തളരാതെ, തകരാതെ പ്രതിസന്ധികളിൽ കൈപിടിച്ച് നടത്തിയ സിറിൾ സർ. പറയാൻ അനേകം അനുഭവങ്ങൾ മുന്നിലുണ്ട്. എഴുതാൻ ഒരുപാട് കാര്യങ്ങളും…

അവസാനിക്കാത്ത നന്മകൾ. ചിരിക്കുന്ന മുഖത്തോടെയല്ലാതെ ആ മനുഷ്യനെ ആരും കണ്ടിട്ടില്ല. ജീവിതത്തിൽ മറ്റെല്ലാവരെയും പോലെ തന്നെ പ്രതിസന്ധികളും പ്രശ്നങ്ങളും അദ്ദേഹത്തിനും ഉണ്ടായിരുന്നു. അവയെ ഒക്കെ ഒരു ചെറുചിരി കൊണ്ട് അതിജീവിക്കുവാൻ അദ്ദേഹത്തിന് കഴിഞ്ഞു. ഒരിക്കൽപ്പോലും പരാതി പറയുന്നതായോ ദൈവത്തെ പഴിക്കുന്നതായോ കണ്ടിട്ടില്ല, കേട്ടിട്ടുമില്ല. മറിച്ച്‌, ജീവിതത്തിൽ സംഭവിച്ചവയെ ഒക്കെ സാധ്യതകളാക്കി. സാധ്യതകളുടെ ലോകം തുറക്കാൻ അനേകരെ പഠിപ്പിച്ചു. ചിരി കൊണ്ട് അനേകം മനസുകളെ കീഴടക്കി. പ്രത്യാശയോടെ അനേകരെ ജീവിതത്തിലേയ്ക്കു കൈപിടിച്ചു കയറ്റി. പകരമാവില്ല മറ്റൊരാളും.

എല്ലാം പഠിപ്പിച്ചു കഴിഞ്ഞോ? ഇല്ല. ഇനിയും അനേകം കാര്യങ്ങൾ പഠിപ്പിക്കാൻ ഉണ്ടായിരുന്നു. ഞങ്ങൾക്ക് പഠിക്കുവാനും. എങ്കിലും ദൈവത്തിന് ഒരു സഹായിയെ ആവശ്യമായിരുന്നു. സഹായിക്ക് ‘നോ’ എന്ന് ദൈവത്തോട് പറയുവാനും കഴിഞ്ഞില്ല. മറക്കില്ല. മരണശേഷവും അവയവങ്ങൾ ദാനം ചെയ്തുകൊണ്ട് ആ ചിരി ലോകത്തിൽ നിന്നും മായാതെ നിലനിർത്തി. അനേകം ശിഷ്യഗണങ്ങളിലൂടെ ആ ചിരി ജീവിക്കും. മറക്കില്ല. മായില്ല. എന്നും ജീവിക്കും ഞങ്ങളുടെ മനസുകളിൽ…

മരിയ ജോസ്