തലയോട്

ഫാ. ജെൻസൺ ലാസലെറ്റ്
ഫാ. ജെൻസൺ ലാസലെറ്റ്

തലയോട് കണ്ടിട്ടുണ്ടോ? ഞാൻ കണ്ടിട്ടുണ്ട്. കുഞ്ഞുനാളിലാണ് ആദ്യമായി കാണുന്നത്. ഇടവക സെമിത്തേരിയിലെ കിണറ്റിൽ. അതിലേയ്ക്ക് എത്തിനോക്കിയാൽ എല്ലുകളും തലയോടുകളും ദൃശ്യമായിരുന്നു. അങ്ങനെയൊരു തലയോട് സമ്മാനമായി ലഭിച്ചാൽ എന്തായിരിക്കും നിങ്ങളുടെ മനോഭാവം?

അച്ചന് ഇതെന്തുപറ്റി എന്നായിരിക്കും നിങ്ങൾ ചിന്തിക്കുന്നത്? മുഴുവനും വായിച്ചുകഴിയുമ്പോൾ നിങ്ങൾക്ക് മനസിലാകും.

തലയോട് നോക്കി ധ്യാനിച്ച ഏതെങ്കിലും വ്യക്തിയെ നിങ്ങൾക്കറിയാമോ? അങ്ങനെ പലരുമുണ്ടായിരുന്നു സഭാചരിത്രത്തിൽ. അവരിൽ പ്രധാനിയാണ് നാലാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന താപസനും സഭാപിതാവുമായ വി. ജെറോം. അദ്ദേഹമാണ് ബൈബിൾ, ഭൂരിഭാഗവും ലത്തീനിലേയ്ക്ക് വിവർത്തനം ചെയ്തത്.

17-ാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഇറ്റാലിയൻ ചിത്രകാരനായിരുന്ന കരവാജ്യോ, തലയോടുമായി ഇരിക്കുന്ന വി. ജെറോമിൻ്റെ അതിമനോഹരമായ ചിത്രം വരച്ചിട്ടുണ്ട്. ഗൂഗിൾ നോക്കിയാൽ അത് കാണാനാകും.

നമ്മുടെ കേരളത്തിലുമുണ്ടായിരുന്നു തലയോട് നോക്കി ധ്യാനിച്ചിരുന്ന ഒരു വ്യക്തി. തൃശൂർ അതിരൂപതയിലെ ക്ലാരമഠങ്ങളുടെ സ്ഥാപകയായ ക്ലാരമ്മ. വലിയൊരു സത്യത്തെ ധ്യാനിച്ച് ജീവിതം നയിക്കാനാണ് ഇവരെല്ലാം തലയോട് സൂക്ഷിച്ചിരുന്നത്. അത് മറ്റൊന്നുമല്ല, ഈ ജീവിതം എപ്പോൾ വേണമെങ്കിലും നഷ്ടമാകാം എന്ന യാഥാർത്ഥ്യം. ക്രിസ്തു പറയുന്നുണ്ട്: “അപ്പോള്‍ രണ്ടുപേര്‍ വയലിലായിരിക്കും; ഒരാള്‍ എടുക്കപ്പെടും, മറ്റെയാള്‍ അവശേഷിക്കും. രണ്ടു സ്‌ത്രീകള്‍ തിരികല്ലില്‍ പൊടിച്ചുകൊണ്ടിരിക്കും; ഒരുവള്‍ എടുക്കപ്പെടും, മറ്റവള്‍ അവശേഷിക്കും. നിങ്ങളുടെ കര്‍ത്താവ്‌ ഏതു ദിവസം വരുമെന്ന്‌ അറിയാത്തതുകൊണ്ട്‌ നിങ്ങള്‍ ജാഗരൂകരായിരിക്കുവിന്‍” (മത്തായി 24: 40-42).

മരണത്തിന് സമയവും കാലവുമൊന്നുമില്ല. ഈ ബോധ്യത്തിൽ ജീവിതം നയിക്കാനായാൽ എത്രയോ നല്ലത്. നന്മകൾ ചെയ്യാൻ നമുക്കെല്ലാം ദൈവം ആയുസ് നീട്ടിത്തരട്ടെ!

ഫാ. ജെൻസൺ ലാസലെറ്റ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.