ബൈബിളിൽ നിന്നും പരിശുദ്ധ മറിയത്തെ കണ്ടെത്തിയ പ്രൊട്ടസ്റ്റന്റുകാരനായ ആറു വയസുകാരൻ വൈദികനായി മാറിയപ്പോൾ

“മമ്മീ, എത്ര മനോഹരമായ പ്രാർത്ഥന”

കത്തോലിക്കർ ‘നന്മ നിറഞ്ഞ മറിയമേ’ എന്ന പ്രാർത്ഥന ചൊല്ലുന്നതു കേട്ട് ആറ് വയസുകാരൻ അവന്റെ അമ്മയോട് പറഞ്ഞു. കത്തോലിക്കർ ഈ പ്രാർത്ഥന ചൊല്ലുന്നത് അവൻ മുൻപും കേട്ടിട്ടുണ്ട്. ഈ പ്രാർത്ഥന അവന് വളരെ ഇഷ്ടമാണ്. അവനും ‘നന്മ നിറഞ്ഞ മറിയമേ’ എന്ന പ്രാർത്ഥന മനഃപാഠമാക്കി പ്രാർത്ഥിക്കാൻ തുടങ്ങി. എന്നാൽ, അവന്റെ അമ്മ അവനോട് പറഞ്ഞു:

“ഇനി ഈ പ്രാർത്ഥന ചൊല്ലരുത്.”

ഒരു പ്രൊട്ടസ്റ്റന്റ് മതവിശ്വാസി, കത്തോലിക്കനും തുടർന്ന് വൈദികനും ആയ ജീവിതസാക്ഷ്യം ഇതാ…

ഇനി ‘നന്മ നിറഞ്ഞ മറിയമേ’ എന്ന പ്രാർത്ഥന ചൊല്ലരുത് എന്ന് അവനോടു പറയാൻ ആ അമ്മക്ക് ഒരു കാരണമുണ്ടായിരുന്നു, “മറിയത്തോടുള്ള കത്തോലിക്കരുടെ അന്ധവിശ്വാസപരമായ പ്രാർത്ഥനയാണിത്. മറ്റേതൊരു സ്ത്രീയും പോലെ ഒരു സാധാരണ സ്ത്രീയാണ് മറിയം. നമ്മുടെ പ്രോട്ടെസ്റ്റന്റ് ബൈബിൾ എടുത്തു വായിക്കൂ. നമ്മൾ ചെയ്യേണ്ടതെല്ലാം അതിലുണ്ട്” – ആ അമ്മ മകനോട് പറഞ്ഞു. അന്നുമുതൽ, ആ കുട്ടി എല്ലാ ദിവസവും മറിയത്തോട് പ്രാർത്ഥിക്കുന്നത് നിർത്തി ബൈബിൾ വായിക്കാൻ കൂടുതൽ സമയം ചെലവഴിച്ചു.

ഒരു ദിവസം സുവിശേഷം വായിച്ചുകൊണ്ടിരിക്കുമ്പോൾ, പരിശുദ്ധ കന്യകയോടുള്ള മാലാഖയുടെ അഭിവാദ്യ ഭാഗം അവൻ കണ്ടു. സന്തോഷത്തോടെ അവൻ അമ്മയുടെ അടുത്തേക്ക് ഓടിച്ചെന്നു പറഞ്ഞു: “അമ്മേ, ഞാൻ ബൈബിളിൽ മറിയത്തെ കണ്ടെത്തി. നന്മ നിറഞ്ഞ മറിയമേ എന്ന പ്രാർത്ഥന ബൈബിളിൽ ഉണ്ട്. പിന്നെ എന്തുകൊണ്ടാണ് ഈ പ്രാർത്ഥന ചൊല്ലരുത് എന്ന് പറഞ്ഞത്.”

അതിന് ആ അമ്മ മറുപടിയൊന്നും പറഞ്ഞില്ല.

കുട്ടിക്ക് പതിനാലു വയസ്സായപ്പോൾ, ഒരു ദിവസം തന്റെ കുടുംബം പരിശുദ്ധ അമ്മയെക്കുറിച്ച് ചർച്ച ചെയ്യുന്നത് അവൻ കേൾക്കാനിടയായി. മറിയം ഒരു സാധാരണ സ്ത്രീയാണെന്ന് എല്ലാവരും പറഞ്ഞു. അവരുടെ തെറ്റായ ന്യായവാദം കേട്ട്, അവന് അത് ഉൾക്കൊള്ളാൻ കഴിഞ്ഞില്ല. അവൻ അവരോട് ദേഷ്യപ്പെട്ടു കൊണ്ട് പറഞ്ഞു: “മറിയം യേശുവിന്റെ അമ്മയും തത്ഫലമായി ദൈവമാതാവുമാണ്. ഒരു സൃഷ്ടിക്ക് നൽകാൻ ഇതിലും വലുതായ മഹത്വം മറ്റൊന്നില്ല. നിങ്ങൾ അവളെ നിന്ദിക്കാൻ ശ്രമിക്കുമ്പോൾ എല്ലാ തലമുറകളും അവളെ ഭാഗ്യവതി എന്ന് വിളിക്കുമെന്ന് സുവിശേഷം പറയുന്നു. നിങ്ങളുടെ ആത്മാവ് സുവിശേഷത്തിന്റെയോ, ബൈബിളിന്റെയോ ആത്മാവല്ല.”

അവന്റെ വാക്കുകൾ ആ കുടുംബത്തെ മുഴുവൻ ആശങ്കാകുലരാക്കി. അവന്റെ അമ്മ, തന്റെ മകൻ താമസിയാതെ കത്തോലിക്കാ വിശ്വാസം സ്വീകരിക്കുമോ എന്ന് ഭയപ്പെട്ടു. താമസിയാതെ അവന് കാര്യങ്ങൾ മനസിലായി; കത്തോലിക്കാ വിശ്വാസം സ്വീകരിക്കേണ്ടതിന്റെ ആവശ്യകതയും ബോധ്യമായി. അങ്ങനെ കുറച്ചു നാളുകൾക്കു ശേഷം അവൻ കത്തോലിക്കാ വിശ്വാസം സ്വീകരിക്കുകയും ചെയ്തു. അതോടെ അവന്റെ കുടുംബം മുഴുവനും അവനെതിരായി.

ഒരിക്കൽ സഹോദരിയെ കണ്ട് ആശംസകൾ അറിയിക്കാനെത്തിയ അവനോട് സഹോദരി ദേഷ്യത്തോടെ പറഞ്ഞു: “ഞാൻ എന്റെ മക്കളെ എത്രമാത്രം സ്നേഹിക്കുന്നുവെന്ന് നിനക്കറിയില്ല. അവരിൽ ഒരാൾക്ക് കത്തോലിക്കനാകാൻ ആഗ്രഹമുണ്ടെങ്കിൽ, അതിന് അനുവദിക്കുന്നതിനേക്കാൾ ഭേദം അവരെ കൊല്ലുന്നതാണ്.”

അങ്ങനെയിരിക്കെ, സഹോദരിയുടെ മകന് ഗുരുതരമായ രോഗം ബാധിച്ചു. ഡോക്ടർമാർ എല്ലാം കൈയ്യൊഴിഞ്ഞു; ജീവിക്കുമെന്നുള്ള എല്ലാ പ്രതീക്ഷയും നഷ്ടപ്പെട്ടു. അറിഞ്ഞയുടനെ അവളുടെ സഹോദരൻ അവളെ കാണാൻ ആശുപത്രിയിൽ ചെന്നു. വാത്സല്യത്തോടെ സഹോദരിയോട്‌ പറഞ്ഞു: “നിന്റെ മകൻ സുഖം പ്രാപിക്കണമെന്ന് നീ ആഗ്രഹിക്കുന്നുണ്ടല്ലോ. എങ്കിൽ ഞാൻ നിന്നോട് പറയുന്നത് ചെയ്യുക. നമുക്കൊരുമിച്ച് ഒരു ‘നന്മ നിറഞ്ഞ മറിയമേ’ പ്രാർത്ഥിക്കാം. നിങ്ങളുടെ കുട്ടി സുഖം പ്രാപിച്ചാൽ നിങ്ങൾ കത്തോലിക്കാ വിശ്വാസത്തിൽ അവനെ വളർത്തുമെന്ന് പ്രതിജ്ഞ ചെയ്യുക.”

അവന്റെ സഹോദരി ആദ്യം മടിച്ചു, എന്നാൽ തന്റെ മകൻ സുഖം പ്രാപിക്കണമെന്ന് അവൾ ആഗ്രഹിച്ചു, അതിനാൽ അവൾ അവന്റെ സഹോദരന്റെ നിർദ്ദേശം സ്വീകരിക്കുകയും അവനോടൊപ്പം പരിശുദ്ധ മറിയത്തോട് പ്രാർത്ഥിക്കുകയും ചെയ്തു. അടുത്ത ദിവസം, സഹോദരിയുടെ മകൻ പൂർണ്ണമായും സുഖപ്പെട്ടു. സഹോദരി ചെയ്ത വാഗ്‌ദാനം നിറവേറ്റുകയും തന്റെ മകനെ കത്തോലിക്കാ വിശ്വാസം പഠിക്കാൻ തുടങ്ങുകയും ചെയ്തു. വളരെ നീണ്ട ഒരുക്കത്തിനു ശേഷം അവൾ കുടുംബത്തോടൊപ്പം കത്തോലിക്കാ സഭയിൽ ചേർന്ന് മാമ്മോദീസ സ്വീകരിച്ചു.

ഈ സംഭവം ഫാദർ ഫ്രാൻസിസ് ടക്ക്വെൽ തന്റെ ഒരു പ്രസംഗത്തിൽ പറഞ്ഞതാണ്. പ്രസംഗത്തിന്റെ അവസാനം അദ്ദേഹം പറഞ്ഞു: “പ്രൊട്ടസ്റ്റന്റ് ആൺകുട്ടി കത്തോലിക്കനായിത്തീർന്നു. തന്റെ സഹോദരിയെ അവൻ കത്തോലിക്കാ വിശ്വാസത്തിലേക്ക് കൊണ്ടുവന്നു. പിന്നീട് അവൻ തന്റെ ജീവിതം മുഴുവൻ ദൈവസേവനത്തിനായി സമർപ്പിച്ചു. ഇപ്പോൾ നിങ്ങളോട് സംസാരിക്കുന്ന ആ വ്യക്തി തന്നെയാണ് ആ പുരോഹിതൻ.”

“ഞാൻ പരിശുദ്ധ അമ്മയോട് വളരെയധികം കടപ്പെട്ടിരിക്കുന്നു. എന്റെ പ്രിയ സഹോദരന്മാരേ, നിങ്ങളും പരിശുദ്ധ മാതാവിനോട് മാദ്ധ്യസ്ഥം യാചിക്കുക. നിങ്ങളെ തന്നെ സ്വയം സമർപ്പിക്കുക. ജപമാല ചൊല്ലാതെ ഒരു ദിവസം പോലും കടന്നുപോകാൻ അനുവദിക്കരുത്” – ഫാ. ഫ്രാൻസിസ് തന്റെ പ്രസംഗം നിർത്തി.

പരിശുദ്ധ അമ്മയുടെ മാദ്ധ്യസ്ഥശക്തിയാൽ അസാധ്യമെന്നു കരുതുന്ന കാര്യങ്ങൾ പോലും സംഭവിക്കും. ഈ ലോകത്തെ തിന്മയുടെ കെണികളിൽ നിന്നും മോചിപ്പിക്കാൻ പരിശുദ്ധ അമ്മയുടെ മാദ്ധ്യസ്ഥത്തിനേ സാധിക്കുകയുള്ളൂ എന്ന് ഈ സംഭവം നമ്മെ ഓർമ്മിപ്പിക്കുന്നു.

സി. സൗമ്യ മുട്ടപ്പിള്ളിൽ DSHJ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.