പരിശുദ്ധ അമ്മയുമായി കത്തോലിക്കർക്ക് മികച്ച ഒരു ബന്ധം ഉണ്ടാകുന്നതിനുള്ള ആറ് കാരണങ്ങള്‍

    ക്രിസ്ത്യാനികൾക്കും എന്തിന് അകത്തോലിക്കാരായ ആളുകൾക്കുപോലും പരിശുദ്ധ അമ്മയോട് ഒരു പ്രത്യേക ബന്ധമുണ്ട്. പെന്തകൊസ്ത് വിഭാഗക്കാർ അതിനെ പലപ്പോഴും ആരാധനയായും മറ്റും തെറ്റിധരിക്കാറുണ്ട്. മാർപാപ്പായായിരുന്ന ജോൺപോൾ രണ്ടാമൻ പാപ്പാ പോലും ഈശോയുടെ അമ്മയായ പരിശുദ്ധ മറിയത്തിന് നാം, കൂടുതൽ ബഹുമാനം കൊടുക്കുന്നതിൽ അത്ഭുതപ്പെട്ടിട്ടുണ്ട്. എന്നാൽ, അതിൽ പേടിക്കാനില്ല എന്നാണ് വിശുദ്ധ ജോൺപോൾ രണ്ടാമൻ പാപ്പാ പഠിപ്പിക്കുന്നത്.

    പരിശുദ്ധ അമ്മയുമായി കത്തോലിക്കർക്ക് അഗാധമായ ബന്ധം ഉണ്ടാകുന്നതിന് ആറ് കാരണങ്ങൾ ഉണ്ടെന്ന് വി. ജോൺപോൾ രണ്ടാമൻ പാപ്പാ വ്യക്തമാക്കുന്നു. ആ ആറ് കാരണങ്ങൾ ഇതാ…

    1. പരിശുദ്ധ അമ്മയെ കത്തോലിക്കർ ആരാധിക്കുന്നില്ല

    കത്തോലിക്കർ പരിശുദ്ധ അമ്മയെ ആരാധിക്കുന്നില്ല. മറിച്ച്, ദൈവപുത്രന് ജന്മം നൽകുവാൻ ദൈവഹിതത്തോട് സഹകരിച്ച വ്യക്തി എന്ന നിലയിൽ മാതാവിനെ വണങ്ങുകയാണ് ചെയ്യുന്നത്. തന്റെ പുത്രന് ലോകത്തിലേയ്ക്ക് കടന്നുവരുവാൻ വഴി ഒരുക്കിയ വ്യക്തി എന്ന നിലയിൽ പരിശുദ്ധ അമ്മയുടെ പ്രാധാന്യം വളരെ വലുതാണ്. ആ അമ്മയുടെ ദൈവികപദ്ധതിയോടുള്ള സഹകരണത്തെ ഏറ്റവും ബഹുമാനത്തോടെ ആദരിക്കുകയാണ് ചെയ്യുന്നത്.

    2. സ്നേഹം ഇരുഭാവം ഉള്ള ഒന്നല്ല

    ഇവിടെ പരിശുദ്ധ അമ്മയെ വണങ്ങുന്നതുകൊണ്ട് ഈശോ വിശ്വാസികളോട് കോപിക്കുന്നില്ല. അനുഗ്രഹത്തിന്റെ കരം പിൻവലിക്കുന്നുമില്ല. പരിശുദ്ധ അമ്മയെ സ്നേഹിക്കുന്നതുകൊണ്ട് ഈശോയെ സ്നേഹിക്കാൻ പാടില്ല എന്നും ഇല്ല. ഇവിടെ സ്നേഹമെല്ലാം ഒന്നാണ്. തന്നോട് അപേക്ഷിക്കുന്നവരെ പരിശുദ്ധ അമ്മ, തന്റെ പുത്രനിലേയ്ക്കും പിതാവിലേയ്ക്കും നയിക്കുന്നു. അതിനാൽ സ്നേഹം എല്ലാ അർത്ഥത്തിലും ഇവിടെ ഒന്നായി ഭവിക്കുന്നു.

    3. പരിശുദ്ധ അമ്മയെ സ്നേഹിക്കുന്നതിൽ ഈശോ അസൂയപ്പെടുന്നില്ല

    തന്റെ അമ്മയെ സ്നേഹിക്കുന്നവരെ ഈശോ ഒരിക്കലും വെറുക്കുന്നില്ല. അമ്മയോടുള്ള സ്നേഹം ആളുകള്‍ക്ക്, തന്നോടുള്ള വിശ്വാസത്തിൽ ഇടിവ് വരുത്തുമോ എന്ന ചിന്തയും അവിടുത്തേയ്ക്കില്ല. തന്റെ അമ്മയെ ആദരിക്കുന്നവരെ ഈശോയും ആദരിക്കുന്നു എന്നതാണ് സത്യം. ഈശോ തന്റെ അമ്മയെ വിശ്വസിക്കുകയും അവിടെ ശരണം വയ്ക്കുന്നവരെ അനുഗ്രഹിക്കുകയും ചെയ്യുന്നു.

    4. മനുഷ്യകുലത്തിന്റെ അമ്മ

    പരിശുദ്ധ അമ്മ ലോകം മുഴുവന്റെയും അമ്മയാണ്. അന്ന് കാല്‍വരി കുരിശിൻ ചുവട്ടില്‍ ‘ഇതാ, നിന്റെ അമ്മ’ എന്നു പറഞ്ഞുകൊണ്ട് യോഹന്നാന് അമ്മയെയും ‘ഇതാ, നിന്റെ മകന്‍’ എന്നു പറഞ്ഞുകൊണ്ട് അമ്മയ്ക്ക് യോഹന്നാനെയും നൽകിയപ്പോൾ ദൈവം ലോകം മുഴുവനുമായി ഒരു അമ്മയെ നൽകുകയായിരുന്നു. ഈ അമ്മയിലൂടെയാണ് ദൈവം തന്റെ അനുഗ്രഹങ്ങള്‍ ലോകത്തിലേയ്ക്ക് ചൊരിയുക. തന്നെ വിളിച്ചപേക്ഷിക്കുന്ന മക്കൾക്കായി അമ്മ ദൈവത്തിന്റെ മുമ്പിൽ യാചനകൾ സമർപ്പിക്കുകയും അവയെ ദൈവത്തിൽ നിന്നും വാങ്ങിക്കൊടുക്കുകയും ചെയ്യുന്നു. തന്റെ മക്കൾ വേദനിക്കുന്നതും, മക്കൾ ഈശോയെ വേദനിപ്പിക്കുന്നതും ഒരിക്കലും ഈ അമ്മ ഇഷ്ടപ്പെടുന്നില്ല.

    5. എല്ലാവരുടെയും നന്മയ്ക്കായി വർത്തിക്കുന്ന നല്ല അമ്മ

    മനുഷ്യകുലത്തിന് ദൈവം നൽകിയ അമ്മയാണല്ലോ പരിശുദ്ധ കന്യകാമറിയം. ഈ അമ്മ തന്റെ മക്കളുടെ ആവശ്യങ്ങളിൽ അവർക്കു മുമ്പേ പോകുന്നു. അവരുടെ കാര്യങ്ങൾ നേരെയാക്കുന്നു. തന്നിൽ അഭയം വയ്ക്കുന്നവർ ഒരിക്കലും വേദനിക്കുവാൻ ആഗ്രഹിക്കാത്ത ഈ സ്നേഹനിധിയായ അമ്മ, തന്റെ മക്കളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിന് ദൈവതിരുമുമ്പിൽ അഭ്യർത്ഥിക്കുകയും അങ്ങനെ മനുഷ്യനെ ദൈവത്തിങ്കലേയ്ക്ക് നയിക്കുകയും ചെയ്യുന്നു.

    6. വൃക്ഷത്തെ ഫലം കൊണ്ട് തിരിച്ചറിയാം

    മരിയഭക്തി – അത് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. ഈശോയുടെ ജീവിതകാലം മുഴുവൻ അവിടുത്തോട് ഒപ്പമായിരുന്നു പരിശുദ്ധ അമ്മ. ഈശോയുടെ മരണശേഷം ശിഷ്യന്മാർക്ക് ഒപ്പമായിരുന്നുകൊണ്ട് അവരെ ധൈര്യപ്പെടുത്തി. പരിശുദ്ധ അമ്മയുടെ മാദ്ധ്യസ്ഥത്താൽ യുദ്ധങ്ങൾ ഇല്ലാതാവുകയും ക്ഷാമങ്ങൾ അവസാനിക്കുകയും രോഗങ്ങൾ സുഖപ്പെടുകയും കൊടുങ്കാറ്റുകൾ ശാന്തമാവുകയും ചെയ്യുന്ന അനേകം അത്ഭുതങ്ങൾ ചരിത്രത്തിലുടനീളം കാണുവാൻ കഴിയും. അതിനാൽ മാതാവിനോടുള്ള ആഴമായ ബന്ധം ഒരു ദിവസം കൊണ്ട് പൊട്ടിമുളച്ച ഒന്നല്ല. മറിച്ച്, ആഴമായ വിശ്വസത്തിൽ നിന്ന് ഉണ്ടായതാണ്.