ടാൻസാനിയൻ തടവറയിൽ ആശ്വാസമേകുന്ന മലയാളി സന്യാസിനിമാർ 

സി. സൗമ്യ DSHJ

“23 വർഷമായി ഇവിടെ ആരും എന്നെ കാണാൻ വന്നിട്ടില്ല. പത്തൊൻപതാമത്തെ വയസിൽ ജയിലിൽ അടയ്ക്കപ്പെട്ടതാണ് ഞാൻ,” ആഫ്രിക്കയിൽ ജയിലിൽ കഴിയുന്ന യുവതി തന്നെ ആദ്യമായി കാണുവാൻ വന്ന സിസ്റ്റർ മേഴ്‌സിയോട് കണ്ണീരോടെ പറഞ്ഞു. ആഫ്രിക്കയിലെ ടാൻസാനിയയിൽ 15 വർഷമായി മിഷൻ പ്രവർത്തനം ചെയ്യുന്ന സി. മേഴ്‌സി SABS തൻ്റെ ജീവിതത്തെ വളരെയേറെ സ്പർശിച്ച ഈ മിഷൻ അനുഭവം പങ്കുവയ്ക്കുമ്പോൾ മിഴികളിൽ തൻ്റെ ജീവിതം തന്നെ അവർക്കായി മാറ്റി വെച്ചതിന്റെ തീക്ഷ്ണതയുണ്ടായിരുന്നു.

കെനിയ, ടാൻസാനിയ, ഉഗാണ്ട എന്നിവിടങ്ങളിലായി SABS സന്യാസിനി സഭക്ക് ഒരു മിഷൻ പ്രൊവിൻസ് ഉണ്ട്. വളരെയേറെ പാവപ്പെട്ട ആളുകളുടെ ഇടയിലാണ് ഇവരുടെ ശുശ്രുഷ. ജീവിതത്തിൽ ഒരു സന്യാസിനിയെപ്പോലും പോലും നേരിൽ കണ്ടിട്ടില്ലാത്ത മനുഷ്യർ. പക്ഷേ, ആ മനുഷ്യരുടെ മുൻപിൽ തങ്ങളുടെ എളിയ പ്രവർത്തനങ്ങളിലൂടെ ഈശോയെ സ്വന്തം ജീവിതം വഴി ഇവർ പകർന്നു കൊടുക്കുന്നു.

ജയിലിൽ എത്തിയ മാലാഖമാർ 

“ടാൻസാനിയയിലെ സ്ത്രീകൾക്കുള്ള ജയിൽ സന്ദർശിച്ചപ്പോൾ വളരെ പേടിയോടെയാണ് അവിടെയുള്ളവരുമായി ഇടപെട്ടത്. കാരണം കൊലപാതകികളും വളരെയേറെ കുറ്റകൃത്യങ്ങൾ ചെയ്തവരും നിരാശയിൽ കഴിയുന്നവരുമായ അവർ എങ്ങനെ പ്രതികരിക്കും എന്ന ഭയം ഉള്ളിൽ ഉണ്ടായിരുന്നു. 750 – ഓളം സ്ത്രീകളായ തടവുപുള്ളികൾ! വളരെ ഭീകരത നിറഞ്ഞ ഒരു അന്തരീക്ഷമായിരുന്നു അവിടം. ആരുടെയും മുഖത്ത് സന്തോഷത്തിന്റെ ഒരു കണിക പോലും ഇല്ലായിരുന്നു. ചെയ്ത തെറ്റിനും ചെയ്യാത്ത കുറ്റത്തിനും ജയിൽ ശിക്ഷ അനുഭവിക്കുന്നവർ വർഷങ്ങളായി പുറംലോകം കണ്ടിട്ട്.” ഒന്ന് നിർത്തിയിട്ട്  സി. മേഴ്‌സി സംസാരം തുടർന്നു.

ആരും കാണാൻ വരാതിരുന്ന തങ്ങളെ അന്വേഷിച്ച് ചില സന്യാസിനികൾ എത്തിയപ്പോൾ ചിലർക്ക് ഉത്സാഹമായി, സന്തോഷമായി, ചിലർ വീണ്ടും നിരാശയിൽ തന്നെ. ചെറിയ സമ്മാനവുമായി ഈ സിസ്റ്റേഴ്സ് കടന്നു ചെന്നപ്പോൾ ഈ ലോകത്ത് തങ്ങളെ കാണാനും  അന്വേഷിക്കാനും ആളുണ്ട് എന്ന തിരിച്ചറിവ് അവരുടെ ലോകത്തിന് പുതിയ നിറങ്ങൾ ചാർത്തി. പേടിയോടെയാണ് ആദ്യം അവരെ സമീപിച്ചെങ്കിലും പതിയെ അവർ അടുപ്പം കാണിച്ചു തുടങ്ങി. നിരാശയിൽ കഴിഞ്ഞിരുന്നവർ പതിയെ സംസാരിക്കുവാൻ തുടങ്ങി. പിന്നീട്  ചെറിയ ക്‌ളാസുകൾ കൊടുക്കുവാൻ തുടങ്ങി. പതിയെ ചെറിയ ധ്യാനങ്ങളും കൗൺസിലിങ്ങും ആരംഭിച്ചു. ഇപ്പോൾ ആഴ്ചയിൽ രണ്ടു ദിവസം ഈ തടവറയുടെ ഏകാന്തതയിൽ ക്രിസ്തുവിനെ പകർന്ന് കൊടുക്കുവാൻ ഇവർ എത്തുന്നു.

എയ്ഡ്സ് രോഗികളുടെ കൂട്ടുകാർ 

മാതാപിതാക്കളാൽ ഉപേക്ഷിക്കപ്പെട്ട എയ്ഡ്സ് ബാധിച്ച 200 ഓളം കുട്ടികളെ ഇവർ പരിപാലിക്കുന്നു. രണ്ടാഴ്‌ച പ്രായമുള്ള കുഞ്ഞുങ്ങൾ മുതൽ ഈ സിസ്റ്റേഴ്സിന്റെ പരിപാലനയിൽ വളർന്നു വരുന്നു. ധാർമ്മികമായി വളരെ താഴ്ന്ന നിലവാരം പുലർത്തുന്നവർ ആണ് ഇവിടുള്ളവർ. അംഗപരിമിതികൾ ഉള്ളവരും ഇവരുടെ കുഞ്ഞുങ്ങളിൽ ഉൾപ്പെടുന്നു. മലേറിയ ബാധിച്ച് നിരവധിപ്പേർ മരിക്കുന്നു. അങ്ങനെ അനാഥമാക്കപ്പെടുന്ന കുഞ്ഞുങ്ങൾ തെരുവോരങ്ങളിൽ അലഞ്ഞു തിരിയുകയും അപകട സാഹചര്യങ്ങളിലേയ്ക്ക് എത്തിപ്പെടുകയും ചെയ്യുന്നു. ആരും നോക്കാൻ ഇല്ലാതെ ഇതുപോലെ ദുരിതം അനുഭവിക്കുന്നവർക്കാണ് ഈ സിസ്റ്റേഴ്സ് കൈത്താങ്ങാകുന്നത്.

ദുരിതം പേറുന്ന ഗ്രാമങ്ങൾ

ഒരു നേരം മാത്രം ആഹാരം കഴിക്കുന്നവർ ആണ് ഗ്രാമവാസികളിൽ ഭൂരിഭാഗവും. വളരെയേറെ ദാരിദ്ര്യം അനുഭവിക്കുന്ന ഒരു ജീവിത പശ്ചാത്തലമാണ് ഇവർക്കുള്ളത്. വീടുകളിൽ തന്നെ ഒറ്റപെട്ടു ജീവിക്കുന്നവരും ആരും നോക്കാൻ ഇല്ലാതെ രോഗബാധിതരും ഉണ്ട്. ഇവരുടെ സമീപത്ത് ക്രിസ്തുവിനെ പോലെ കടന്നു ചെല്ലുവാൻ ഈ സമർപ്പിത ജീവിതങ്ങൾക്ക് സാധിക്കുന്നു. വില്ലേജുകളിൽ കയറിയിറങ്ങി പ്രാർത്ഥിക്കുകയും നല്ല മൂല്യബോധം പകരുന്ന കാര്യങ്ങൾ അവരുമായി പങ്കുവയ്ക്കുകയും ചെയ്യുന്നു.

നാം പറയുന്ന കാര്യങ്ങൾ ശ്രവിക്കുവാൻ വളരെ താത്പര്യമുള്ളവർ ആണ് ഇവിടുള്ളവർ. അതിനുവേണ്ടി എത്ര സമയം വേണമെങ്കിലും ഇവർ ചിലവഴിക്കും. നഷ്ടപ്പെട്ടുപോയ മൂല്യബോധം തിരികെ കൊണ്ടുവരുവാൻ ഈ സിസ്റ്റേഴ്സിന്റെ സാന്നിധ്യം വളരെ സഹായകരമാണ്. കാരണം, വീടുകളിൽ അപ്പനും അമ്മയും മക്കളും എന്ന ഒരു രീതി ഇവിടെ നഷ്ട്ടമായിക്കൊണ്ടിരിക്കുന്നു. മക്കൾ സ്കൂൾ വിട്ടു വീട്ടിൽ വരുമ്പോൾ ചിലപ്പോൾ അപ്പനോ അമ്മയെയോ ചിലപ്പോൾ നഷ്ടമായേക്കാം. അതിന് പകരം മറ്റാരെങ്കിലും ആകാം. ഇത്തരത്തിലുള്ള ഒരു മൂല്യ ശോഷണം വളരെ ആപത്കരമായ രീതിയിൽ ഇവരുടെ ഇടയിൽ വളർന്നിരിക്കുന്നു.

അറിവോടൊപ്പം ദൈവവും 

സ്കൂളിൽ പഠനം വലിയ കാര്യമായി നടക്കുന്നില്ല. അദ്ധ്യാപകരാൻ പോലും കുട്ടികൾ ദുരുപയോഗിക്കപ്പെടുന്ന സാഹചര്യത്തിൽ മിഷനറിമാരുടെ മേൽനോട്ടത്തിൽ നടത്തുന്ന സ്കൂളുകൾ ഇവിടെ വളരെ സഹായകരമാണ്. കുട്ടികളുടെ ഇടയിൽ മയക്കുമരുന്നും മദ്യപാനവും ലൈംഗിക അരാജകത്വവും വ്യാപകമായി കാണപ്പെടുന്നു എന്നത് മറ്റൊരു വലിയ പ്രശ്നമാണ്. കുട്ടികൾക്ക്  പഠനത്തോടൊപ്പം നല്ല കാര്യങ്ങൾ പറഞ്ഞു കൊടുത്തും പ്രാർത്ഥനാശീലം വളർത്തിയും കൂടുതൽ  മൂല്യബോധമുള്ളവരാക്കുവാൻ ഈ സഹോദരിമാർ ശ്രമിക്കുന്നു.

ഈ ലോകം നന്മ നിറഞ്ഞ ഇത്തരം സമർപ്പിത നക്ഷത്രങ്ങളാൽ പ്രകാശിച്ചുകൊണ്ടേയിരിക്കുന്നു, ഇരുളടഞ്ഞ ജീവിതങ്ങളെ വീണ്ടും പ്രകാശമാനമാക്കാൻ!

സി.സൗമ്യ DSHJ 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.