സിസ്റ്റേഴ്‌സ് ഡോക്‌ടേഴ്‌സ് ഫോറം സംസ്ഥാനതല സംഗമം സംഘടിപ്പിച്ചു

കോട്ടയം: കത്തോലിക്കാ സഭയിലെ വിവിധ സന്യാസിനീ സമൂഹങ്ങളിൽ നിന്നുള്ള ഡോക്ടർമാരുടെ ദേശീയസംഘടനയായ സിസ്റ്റർ ഡോക്‌ടേഴ്‌സ് ഫോറം ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തിൽ സംസ്ഥാനതല ഡോക്‌ടേഴ്‌സ് സംഗമം സംഘടിപ്പിച്ചു. തെള്ളകം ചൈതന്യ പാസ്റ്ററൽ സെന്ററിൽ രണ്ട് ദിവസങ്ങളിലായി സംഘടിപ്പിച്ച സംഗമത്തിൽ ആയുർവേദം, അലോപ്പതി, ഹോമിയോ തുടങ്ങി വിവിധ മേഖലകളിൽ ഡോക്ടർമാരായി സേവനം ചെയ്യുന്ന 55 ഡോക്ടർമാരായ സന്യാസിനികൾ പങ്കെടുത്തു.

കോട്ടയം അതിരൂപതാ വികാരി ജനറാൾ ഫാ. മൈക്കിൾ വെട്ടിക്കാട്ട് സംഗമം ഉദ്ഘാടനം ചെയ്തു. സി. ഡോ. ഗീതി എസ്.ഡി ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. പാലാ ഐ.എം.എ പ്രസിഡന്റ് ഡോ. അലക്‌സ് ബേബി, ഡോ. സി. ബെറ്റി ജോസ്, സി. അൽഫോൻസ് എസ്.എച്ച്, സി. എൽസി എസ്. എച്ച് തുടങ്ങിയവർ പ്രസംഗിച്ചു.

സംഗമത്തോടനുബന്ധിച്ച് കൗമാരക്കാരിലെയും യുവജനങ്ങളിലെയും മാനസിക പ്രശ്‌നങ്ങളും പരിഹാരമാർഗ്ഗങ്ങളും എന്ന വിഷയത്തിൽ സി. ഡോക്ടർ ലീസയും, മാനസികസമ്മർദ്ദ നിയന്ത്രണമാർഗ്ഗങ്ങളെക്കുറിച്ച് ഡോ. തോമസ് കോട്ടരും, ഭിന്നശേഷിയുള്ള കുട്ടികളുടെ പരിപാലനത്തിൽ മാതാപിതാക്കൾക്ക് നൽകേണ്ട മാർഗ്ഗനിർദ്ദേശങ്ങൾ എന്ന വിഷയത്തിൽ ഷൈല തോമസും  ക്ലാസ്സ് നയിച്ചു. ആരോഗ്യരംഗത്തെ സമകാലിക വിവരങ്ങൾ പങ്കുവയ്ക്കുന്നതിനും ഡോക്ടർമാർ തമ്മിലുള്ള നെറ്റ്‌വർക്കിംഗ് ശക്തമാക്കുന്നതിനുമായാണ് സംഗമം സംഘടിപ്പിച്ചത്. വിവിധ കലാപരിപാടികളും സംഗമത്തോടനുബന്ധിച്ച് നടത്തപ്പെട്ടു.