സമ്പത്ത് ഒരു തരത്തിലും യേശുവിന് പകരമാവില്ല! സിംഗപ്പൂര്‍ ശതകോടീശ്വരന്‍ തുറന്നു പറയുന്നു

സമ്പത്തും ആസ്തിയും ഒരു തരത്തിലും യേശുവിന് പകരമാവില്ലെന്ന് സിംഗപ്പൂരിലെ ഏറ്റവും വലിയ സമ്പന്നനും റിയല്‍ എസ്റ്റേറ്റ് സാമ്രാജ്യത്തിന്റെ ഉടമയുമായ ഫിലിപ്പ് ങ് ചീ റ്റാറ്റ്. ഒരു അഭിമുഖത്തിലാണ്, സമ്പത്തിനേക്കാളുപരി ക്രിസ്തുവിന് താന്‍ കൊടുക്കുന്ന മഹത്വത്തെക്കുറിച്ച് അദ്ദേഹം മനസു തുറന്നത്.

നമ്മളെല്ലാവരും തകര്‍ന്ന ഭാഗങ്ങളാണെന്നും എല്ലാവരെയും പൂര്‍ണ്ണരാക്കുന്ന നമ്മില്‍ നിന്നും നഷ്ടപ്പെട്ട ഒരു കഷണമുണ്ടെന്നും അതാണ് കര്‍ത്താവായ യേശു ക്രിസ്തുവെന്നും ഫിലിപ്പ് പറഞ്ഞു. യേശുവില്ലാതെ, ഭൗതീകതയിലൂന്നിയുള്ള ജീവിതം സങ്കടകരമായ ഒരു മാര്‍ഗ്ഗമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തെറ്റായ കാര്യങ്ങള്‍ക്ക് പിറകേയുള്ള നമ്മുടെ പരക്കം പാച്ചില്‍ തിരിച്ചറിഞ്ഞാല്‍ മാത്രമേ സന്തോഷകരവും പരിപൂര്‍ണ്ണവുമായ ഒരു ജീവിതം നയിക്കുവാന്‍ കഴിയുകയുള്ളൂ. നമ്മുടെ പക്കല്‍ ഒരുപക്ഷേ, ധാരാളം സമ്പത്തും ആഡംബര വസ്തുക്കളും ഉണ്ടായിരിക്കാം. എന്നാല്‍, നാമെല്ലാവരും തകര്‍ന്നവരാണെന്നും നമ്മില്‍ നിന്നും നഷ്ടമായ ഒരു ഭാഗമുണ്ടെന്നും അത് അംഗീകരിക്കുന്നതിലൂടെയാണ് എല്ലാം ആരംഭിക്കുന്നതെന്നും തന്നെ സംബന്ധിച്ചിടത്തോളം വ്യക്തിപരമായി പറഞ്ഞാല്‍ അത് യേശുക്രിസ്തുവാണെന്നും അദ്ദേഹം ആവര്‍ത്തിച്ചു.

സിംഗപ്പൂരിലെ ഏറ്റവും വലിയ റിയല്‍ എസ്റ്റേറ്റ് ഭീമനായ ‘ഫാര്‍ ഈസ്റ്റ് ഓര്‍ഗനൈസേഷന്‍ സെന്റര്‍ പ്രൈവറ്റ് ലിമിറ്റഡ്’ എന്ന കമ്പനിയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഒഫീസറും, സിനോ ഗ്രൂപ്പിന്റെ ഹോങ്കോങ്ങിലെയും, ചൈനയിലെയും പദ്ധതികളുടെ പ്ലാനിങ്ങിനും, പ്രവര്‍ത്തനങ്ങള്‍ക്കും ചുക്കാന്‍ പിടിക്കുകയും ചെയ്യുന്ന കണ്‍സള്‍ട്ടന്റുമാണ് ഫിലിപ്പ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.