വിശുദ്ധനാട്ടിലെ ദേവാലയ പുനരുദ്ധാരണത്തിന് കൈകോര്‍ത്ത് ഓര്‍ത്തഡോക്‌സ് – കാത്തലിക് – അര്‍മേനിയന്‍ സഭകള്‍

ക്രിസ്ത്യാനികളുടെ വിശുദ്ധമായ തീര്‍ത്ഥാടനകേന്ദ്രം സംരക്ഷിക്കാന്‍ സംയുക്ത പദ്ധതികളുമായി ജറുസലേമിലെ ഓര്‍ത്തഡോക്‌സ് – കാത്തലിക് – അര്‍മേനിയന്‍ സഭകള്‍. ക്രൈസ്തവ പാരമ്പര്യത്തില്‍ യേശു ക്രൂശിക്കപ്പെടുകയും അടക്കം ചെയ്യപ്പെടുകയും പുനരുത്ഥാനം ചെയ്യപ്പെടുകയും ചെയ്ത സ്ഥലത്തെ ദേവാലയത്തിന്റെ പുനരുദ്ധാരണ പരിപാടികള്‍ക്കായാണ് മൂന്ന് സഭകളും ചേര്‍ന്ന് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.

രണ്ട് ഘട്ടമായാണ് പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടക്കുക. നിലവിലുള്ള ഫൗണ്ടേഷനുകളുടെ നിലവിലെ സാഹചര്യം പഠിച്ചതിനു ശേഷം മാത്രമേ മറ്റ് പരിപാടികളിലേയ്ക്ക് കടക്കുകയുള്ളൂ എന്ന് അധികൃതര്‍ അറിയിച്ചു. ഉന്നത നിലവാരത്തിലുള്ള രണ്ട് ഇറ്റാലിയന്‍ ശാസ്ത്രപഠന സ്ഥാപനങ്ങളുടെ സഹായത്തോടെയാണ് പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുക.

ജോര്‍ദ്ദാന്‍ ഭരണാധികാരി അബ്ദുല്ല, മെയ് 7-ന് പ്രത്യേക ഫണ്ട് അനുവദിക്കുകയും പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളില്‍ എല്ലാവിധ പിന്തുണയും പ്രഖ്യാപിക്കുകയും ചെയ്തു.