ക്രിസ്തുസ്‌നേഹത്തിന്റെ നിഴല്‍ – പരിശുദ്ധ അമ്മ

ക്രിസ്തുസ്‌നേഹത്തിന്റെ നിഴലായിത്തീര്‍ന്ന പരിശുദ്ധ അമ്മയുടെ മാതൃസ്‌നേഹത്തിന്റെ തീവ്രത ഏതൊരു വ്യക്തിയുടെയും കരളലിയിപ്പിക്കുന്നതാണ്. ജീവന്റെ തുടിപ്പ് തന്റെ ഉദരത്തില്‍ ഉത്ഭവിച്ച ആ നിമിഷം മുതല്‍ ഹൃദയത്തോട് ഹൃദയം ചേര്‍ത്തുവച്ച് ജീവന്റെ ദാതാവായ ദൈവത്തിന്റെ വാക്ക് തന്നിലൂടെ നിറവേറ്റപ്പെടുന്നതിനായി തന്റെ ജീവിതത്തെ പൂര്‍ണ്ണമായി സമര്‍പ്പിച്ചവളാണ് പരിശുദ്ധ അമ്മ. ആര്‍ക്കും വര്‍ണ്ണിക്കാനാവാത്ത ഒരു ആത്മീയനിര്‍വൃതിയിലൂടെ അമ്മ കടന്നുപോയി. അത് അമ്മയുടെ ഉള്ളിന്റെയുള്ളില്‍ സന്തോഷമായി മാറി. ആ ആത്മീയസന്തോഷത്തിന്റെ ചാലകമായി അവള്‍ രൂപാന്തരപ്പെട്ടു. തന്റെ നിറസാന്നിദ്ധ്യത്തിലൂടെ ക്രിസ്തുസാന്നിദ്ധ്യം പങ്കുവയ്ക്കാന്‍ പരിശുദ്ധ അമ്മയ്ക്ക് സാധിച്ചു. അതുകൊണ്ടാണ് എലിസബത്ത് ഇങ്ങനെ ഉദ്‌ഘോഷിച്ചത്: “എന്റെ കര്‍ത്താവിന്റെ അമ്മ എന്റെ അടുത്തു വരാനുള്ള ഭാഗ്യം എവിടെ നിന്ന്.”

എലിസബത്ത് മറിയത്തെ അഭിസംബോധന ചെയ്യുന്നത് ദൈവമാതൃത്വത്തിന്റെ പ്രഖ്യാപനമാണ്. പുതിയ നിയമം മറിയത്തെ യേശുവിന്റെ അമ്മയായിട്ടാണ് അവതരിപ്പിക്കുന്നത്. “എന്നാല്‍ കാലസമ്പൂര്‍ണ്ണത വന്നപ്പോള്‍ ദൈവം തന്റെ പുത്രനെ അയച്ചു. അവന്‍ സ്ത്രീയില്‍ നിന്നു ജാതനായി. നിയമത്തിന് അതീതനായി ജനിച്ചു. അങ്ങനെ നമ്മെ പുത്രന്മാരായി ദത്തെടുക്കേണ്ടതിന് അവന്‍ നിയമത്തിന് വിധേയരായിക്കഴിഞ്ഞവരെ വിമുക്തരാക്കി” (ഗലാ. 4:4-5). രക്ഷാകര രഹസ്യത്തിലുള്ള മറിയത്തിന്റെ ഭാഗഭാഗിത്വം അവളുടെ ദൈവമാതൃത്വത്തിലാണ് കുടികൊള്ളുന്നത്. നസ്രത്തില്‍ മറിയത്തിന്റെ പരിലാളനയില്‍ വളരുന്ന യേശുവില്‍ പരിശുദ്ധ അമ്മയുടെ സ്വാധീനം പ്രകടമായിരുന്നു.

അമ്മയോടുള്ള ബന്ധം സാധാരണഗതിയില്‍ ജീവിതകാലം മുഴുവന്‍ നിലനില്‍ക്കുന്ന ഒന്നാണ്. ഒരു നല്ല അമ്മ സ്വന്തം കുഞ്ഞിനെ ഒരിക്കലും മറക്കില്ല. കുഞ്ഞ് ഒരിക്കലും അമ്മയുടെ സ്‌നേഹം മനസ്സില്‍ നിന്ന് മായിച്ചുകളയുകയുമില്ല. യേശുവും പരിശുദ്ധ അമ്മയും തമ്മിലുള്ള ബന്ധത്തില്‍ ഇത് പ്രകടമായിരുന്നു. പരിശുദ്ധ മറിയത്തിന്റെ ദൈവമാതൃത്വം ദൈവകൃപയുടെ ഫലമായിരുന്നു. ദൈവകൃപയുടെ തണലിലായിരുന്നുകൊണ്ട് ആ മാതൃസ്‌നേഹത്തിന്റെ തീവ്രത അതിന്റെ പൂര്‍ണ്ണതയില്‍ തന്റെ പുത്രനായി പങ്കുവച്ചു നല്‍കാനും ആ സ്‌നേഹം തിരിച്ചറിഞ്ഞ് പുത്രന് ജ്ഞാനത്തിലും പ്രായത്തിലും ദൈവത്തിന്റെയും മനുഷ്യരുടെയും പ്രീതിയില്‍ വളര്‍ന്നുവരാന്‍ കഴിഞ്ഞതും മഹത്തായ ഭാഗ്യം തന്നെ.

ഇന്ന് നാം ജീവിക്കുന്ന ഈ സമകാലിക ചുറ്റുപാടുകളിലേയ്ക്ക് കണ്ണോടിച്ചാല്‍ ചില നേര്‍ക്കാഴ്ചകള്‍ നമ്മെ അമ്പരപ്പിക്കാറില്ലേ? മൂല്യശോഷണവും പാപബോധമില്ലായ്മയും മനുഷ്യജീവിതത്തിന്റെ ഭംഗി കെടുത്തിക്കളയുന്നു. മാതൃ-പിതൃ-പുത്രബന്ധത്തില്‍ വിള്ളലുകള്‍ സംഭവിച്ചിരിക്കുന്നു. സ്വന്തം സുഖത്തിനു വേണ്ടി, സാമ്പത്തിക ഉന്നമനത്തിനു വേണ്ടി, മാതാപിതാക്കളെ വഴിവക്കിലും ടെറസിന്റെ മൂലയിലും മുറിയുടെ അഴിക്കുള്ളിലും തളച്ചിടാന്‍ വെമ്പല്‍ കൊള്ളുന്ന മക്കളുടെ നീണ്ട നിര. ചുരുക്കിപ്പറഞ്ഞാല്‍ മാതൃ-പിതൃ-പുത്ര സ്‌നേഹവാത്സല്യത്തിന്റെ കണ്ണികള്‍ അകന്നിരിക്കുന്നു. ഇവിടെയൊക്കെയാണ് തിരുക്കുടുംബത്തിന്റെ മാതൃക പ്രസക്തമാകുന്നത്. ഈ മാതൃക നമ്മുടെ കുടുംബങ്ങളില്‍ വെളിച്ചം വീശണം.

പരിശുദ്ധ അമ്മയുടെ സാര്‍വ്വത്രിക മാതൃത്വം

യേശുവിന്റെ മഹത്വം പ്രകടിപ്പിക്കാന്‍ ചെയ്ത ആദ്യ അടയാളസമയത്തും കുരിശിലെ മഹത്വീകരണവേളയിലും തന്റെ അമ്മയുടെ സാന്നിദ്ധ്യം ഉണ്ടായിരുന്നു. യേശുവിന്റെ കുരിശിന്‍ചുവട്ടില്‍ യേശു, താന്‍ സ്‌നേഹിച്ചിരുന്ന ശിഷ്യന് തന്റെ അമ്മയായി നല്‍കപ്പെടുന്ന ചിത്രം യോഹ. 25:27-ല്‍ കാണാം. ഇവിടെ മറിയത്തിന്റെ മാതൃത്വം പ്രഖ്യാപിക്കപ്പെടുകയാണ്. മറിയം സദാ സമൂഹത്തിന്റെ മുഴുവന്‍ അമ്മയാണ്. യേശു അവരെ പരസ്പരം ഭരമേല്‍പിക്കുകയാണ്. “സ്ത്രീയേ, ഇതാ നിന്റെ മകന്‍… ഇതാ നിന്റെ അമ്മ…”

വെറുമൊരു ഉത്തരവാദിത്വം ഏല്‍പിക്കല്‍ എന്നതിലുപരി യേശുവും മാതാവും തമ്മിലുള്ള വ്യക്തിബന്ധം യേശുവിന്റെ അമ്മയും ശിഷ്യനും തമ്മില്‍ ഉണ്ടായിരിക്കണമെന്ന് യേശു നിഷ്‌കര്‍ഷിക്കുന്നു. യേശുവിന്റെ സ്വന്തം സഹോദരന്റെ പദവിയിലേയ്ക്ക് ശിഷ്യന്‍ ഉയര്‍ത്തപ്പെടുന്നു. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ മാതാവുമായുള്ള ബന്ധത്തില്‍ ശിഷ്യര്‍ മറ്റൊരു ക്രിസ്തുവായി രൂപാന്തരപ്പെടുന്നു. ഇതാ നിന്റെ അമ്മ എന്ന് ശിഷ്യനോടു പറയുമ്പോള്‍ ശിഷ്യന്‍ ആരുടെ പ്രതിനിധിയായിരിക്കുന്നുവോ ആ സമൂഹവും മറിയവും തമ്മിലുള്ള ബന്ധം വ്യക്തമാകുന്നു. ക്രിസ്തുവും വിശ്വാസികളും അങ്ങനെ താദാത്മ്യം പ്രാപിക്കുന്നു. അതുവഴി മറിയത്തിന് ഒരു പുതിയ മാതൃത്വം ലഭിക്കുന്നു. സകല വിശ്വാസികളെയും ഉള്‍ക്കൊള്ളുന്ന ഒരു മാതൃത്വം, ഈ ലോകമാതൃത്വം ഏറ്റെടുക്കുന്നതിനും സഹരക്ഷകയാകുന്നതിനും അമ്മയുടെ സമര്‍പ്പണം അമ്മയോട് ആവശ്യപ്പെട്ടു. ആവശ്യപ്പെട്ടതെല്ലാം അമ്മ സ്‌നേഹപൂര്‍വ്വം നിവര്‍ത്തിച്ചു.

മക്കളെ മൂല്യബോധത്തില്‍ വളര്‍ത്താന്‍, അവരെ നെഞ്ചോട് ചേര്‍ത്തുപിടിക്കാന്‍, അവരുടെ ഹൃദയം തൊടാന്‍ മാതാപിതാക്കള്‍ക്ക് കഴിയണം. മാതാപിതാക്കന്മാരെ ദൈവത്തിന്റെ പ്രതിനിധികളായി കണ്ടുകൊണ്ട് അവര്‍ക്കു കൊടുക്കണ്ട സ്‌നേഹവും പരിഗണനയും വാത്സല്യവും കൊടുത്തുകൊണ്ട് അവരെ പരിചരിക്കാന്‍ മക്കള്‍ക്കു കഴിയണം. ആ കുടുംബത്തില്‍ ദൈവം വസിക്കും. സ്വര്‍ഗ്ഗീയജീവിതത്തിന്റെ മുന്‍ അനുഭവമായി അങ്ങനെയുള്ള കുടുംബങ്ങള്‍ രൂപാന്തരപ്പെടും. പരിശുദ്ധ അമ്മയുടെ നിറസാന്നിദ്ധ്യവും ആ മാതൃവാത്സല്യത്തിന്റെ തണലും മദ്ധ്യസ്ഥതയും നമ്മുടെ ജീവിതവഴിത്താരയില്‍ കൂടുതല്‍ ശക്തി പകരട്ടെ.

എന്തു നല്ല അമ്മ എന്നുടെ അമ്മ
എനിക്കും ഈശോയ്ക്കും ഒരേ അമ്മ

സി. റൂബി വാലേപറമ്പില്‍ DSHJ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.