ജപമാല മധുരം: ഒക്ടോബർ 15 (മഹിമയുടെ രഹസ്യങ്ങൾ- 5)

കിരീടം വയ്ക്കാത്തവർ

ഫാ. അജോ രാമച്ചനാട്ട്

കിരീടമണിയിക്കപ്പെടുന്ന അമ്മയാണ് ഇന്നത്തെ highlight. ശുഭപര്യാവസാനിയായ ഒരു കഥയുടെ ലാസ്റ്റ് ഫ്രെയിം പോലെ..

എന്നാൽ, എന്റെ മനസ്സ് ഇങ്ങു താഴെയാണ്. ഇവിടെ കുറെ മനുഷ്യരുണ്ട്. പരിശുദ്ധ മറിയത്തെപ്പോലെ ചേർത്ത് പിടിക്കാൻ ഒരു മകന്റെ ഭാഗ്യമില്ലാത്തവർ.. കിരീടമണിയിക്കാൻ പ്രിയമുള്ള ഒരാളുടെ കൂട്ടില്ലാത്തവർ..!

വെറുതെ ഒരു യാത്രയ്ക്കിടയിൽ ആണ് സഹോദരങ്ങളായ കുറെ തമിഴ് സ്ത്രീകളെ   പരിചയപ്പെട്ടത്. ജീവ, വിജയ, ജയ, ഗോമതി.. ഉള്ളതിലും പ്രായം തോന്നും. നിരയായി ചേർത്ത് പണിതിരിക്കുന്ന ഒറ്റമുറിവീടുകൾ. ആരുടെയും ഭർത്താക്കന്മാർ കൂടെയില്ല. രണ്ടും മൂന്നും കുട്ടികളെ സമ്മാനിച്ചിട്ട്‌ അടുത്ത കൂട്ട് തേടി പോയിരിക്കുന്നവർ..
മിക്കവർക്കും പെൺകുട്ടികളാണ്. കൊടിയ ദാരിദ്ര്യത്തിന്റെ നടുവിൽ ഇവരെ പഠിപ്പിക്കണം, വിവാഹം ചെയ്തത് അയയ്ക്കണം. പിന്നെ, മരിക്കുവോളം ഒറ്റയ്ക്ക്. ആരുടെയോ മകനാണ്, ഒരു യുവാവ് ഇടയ്ക്ക് വന്നു പോയി. മദ്യത്തിന്റെ ഗന്ധം ചെറുതായുണ്ട്. ഒരുപക്ഷേ, അവനും അപ്പനെ പോലെ തന്നെ ആകും.. ഒരു പെൺകുട്ടികൂടി ജീവിതത്തിന്റെ ഇരുണ്ട തടവറയിൽ. ചരിത്രം പിന്നെയും ആവർത്തിക്കപ്പെടും !

കിരീടം ചാർത്തപ്പെടുന്നവരുടെ ആയിരം മടങ്ങ് കിരീടം ചൂടാത്തവരാണ്, സുഹൃത്തേ.

വീടിനും, മക്കൾക്കും, ജീവിത പങ്കാളിക്കും വേണ്ടി മാത്രം ജീവിച്ചിട്ടും മരണനേരത്ത് ഒരു കൂട്ടില്ലാതെ പോയവർ..
ആരും ഇന്നുവരെയും ഒരു നല്ല വാക്ക് പറഞ്ഞിട്ടില്ലാത്തവർ..
പടുവാർദ്ധക്യത്തിലും തൊഴിലുറപ്പിന്‌ പോയില്ലെങ്കിൽ ഒരു വറ്റ് ചോറില്ലാത്തവർ..
“പൊന്നാട വേണ്ട, ഒരു പുതപ്പ് മതി പഴയതാണെങ്കിലും” എന്ന് ജൂബിലി കമ്മറ്റിക്കാരനോട് അടക്കം പറഞ്ഞൊരമ്മ..
വൃദ്ധസദനങ്ങളിൽ മൂകത മാത്രം കൂട്ടുകാരായുള്ള, ഒരുകാലത്ത് തീക്ഷ്ണതയോടെ ആയിരങ്ങളെ സേവിച്ച അനേകം വൈദികരും കന്യാസ്ത്രീയമ്മമാരും..

ഒരുപാടുണ്ട്, കിരീടമില്ലാത്തവർ..
ആരും വാഴ്ത്താനില്ലാത്തവർ..
ജീവിതമങ്ങനെയാണ്, ആർക്കും ഒരുറപ്പും കൊടുക്കാതെ..
ഖസാക്കിലെ രവിയെപ്പോലെ ജീവിതം വച്ചുനീട്ടിയ ഏതൊക്കെയോ “കരിമ്പനക്കാടുകളിൽ സ്വയം നഷ്ടപ്പെടുന്നവർ”..

എന്നിട്ടും നമ്മൾ തകരുന്നില്ലല്ലോ.
എന്തെന്നോ? ദൈവമുള്ളതുകൊണ്ട് ! എന്റെയും നിന്റെയും ഞരമ്പുകളിൽ ദൈവത്തിന്റെ ചൈതന്യം ഊർജമായി പ്രവഹിക്കുന്നത് കൊണ്ട് മാത്രം !

ശുഭമാകട്ടെ, എല്ലാം.
സ്നേഹപൂർവം..

ഫാ. അജോ രാമച്ചനാട്ട്