ജപമാല മധുരം: ഒക്ടോബർ 14 (മഹിമയുടെ രഹസ്യങ്ങൾ – 4)

ഓർമ്മകൾക്കെന്തു സുഗന്ധം !

ഫാ. അജോ രാമച്ചനാട്ട്

മറ്റൊരാളുടെ ഓർമ്മയിൽ ഞാനുണ്ട് എന്ന ചിന്ത തന്നെ എന്തൊരു ഉന്മേഷമാണ് നമുക്ക് തരുന്നത് ! ഹൃദയത്തോട് ചേർത്തു നിർത്തിയ ആരെങ്കിലുമൊക്കെ മറന്നു തുടങ്ങിയോ എന്ന് doubt അടിക്കുമ്പോഴാണ് നമ്മൾ വഴക്കാളികൾ ആകുന്നതും !

സ്നേഹത്തിന്റെ കടലായ ഒരമ്മയെ ആ മകൻ എങ്ങനെ മറക്കും? മാലാഖമാരെ അയയ്ക്കുകയാണ്, അല്ലെങ്കിലും മാലാഖമാർ അമ്മയ്ക്ക് പുത്തരിയല്ലല്ലോ. മനസ്സ് നിറഞ്ഞ് ഒരമ്മ ! മനസ്സിൽ അങ്ങനെ ഒന്ന് സങ്കല്പിക്കുകയാണ്, ജീവിതം അന്നുവരെ ഏൽപിച്ച പ്രഹരങ്ങളൊന്നും ആ മുഖത്തില്ല. ജീവിതകാലത്ത് കിട്ടിയ കയ്പുകളെയൊക്കെ മറക്കുന്നൊരു പുഞ്ചിരി മാത്രം!

ജപമാല രഹസ്യത്തിൽ മാലാഖമാർ മാത്രേയുള്ളൂവെങ്കിലും പുത്രൻ തമ്പുരാനും സ്വർഗ്ഗത്തിന്റെ പടിയിറങ്ങി വന്നിട്ടുണ്ടാവണം, അല്ലേ? ആരൊക്കെ ഏതൊക്കെ പടവുകൾ ചവിട്ടിയാലും പിന്നിലുണ്ടാകും, കൈപിടിച്ച ഗുരുക്കന്മാർ.. സ്നേഹമൂട്ടിയ മാതാപിതാക്കൾ.. ചേർത്തുപിടിച്ച കൂടപ്പിറപ്പുകൾ.. ചങ്കെടുത്തു തന്ന സുഹൃത്തുക്കൾ.. കണ്ണീരും പ്രാർത്ഥനയുമായി നിൻ്റെ കുരിശിൻ്റെ വഴികളിൽ കൂടെ നടന്നവർ..

ആരെ മറക്കാനാണ്, നമ്മൾ ? മറന്നാൽ തന്നെ അത് കാലം പൊറുക്കുമോ?
ഇടയ്ക്കൊക്കെ തിരക്കുകളുടെ ആകാശത്തു നിന്ന് താഴെയിറങ്ങണം, മറന്നിട്ടില്ല എന്ന് ഓർമ്മപ്പെടുത്തണം. ഓർമ്മകൾക്ക് സുഗന്ധം തന്നെയാണ്, സുഹൃത്തേ – ജീവിതം ഭാരപ്പെടുത്തുമ്പോഴും !

ശുഭദിനം സ്നേഹപൂർവം..

ഫാ. അജോ രാമച്ചനാട്ട്