ബുക്ക് ഓഫ് ട്രൂത്തിനു പിന്നിലെ രഹസ്യങ്ങൾ

ബിബിൻ മഠത്തിൽ

മരിയ ഡിവൈൻ മേർസി എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന ഒരാൾ എഴുതിയ പുസ്തകമാണ് ബുക്ക് ഓഫ് ട്രൂത്ത്. 2010 മുതൽ തനിക്ക് വെളിപാടുകൾ ലഭിക്കുന്നുണ്ട് എന്നാണ് മരിയ ഡിവൈൻ മേർസി എന്ന ആൾ അവകാശപ്പെടുന്നത്. അന്ത്യകാല പ്രവചനങ്ങളും യേശുവിന്റെ രണ്ടാം വരവും ഒക്കെയാണ് ഈ വെളിപാടുകളിൽ പ്രധാനമായും പ്രതിപാദിക്കുന്നത്. ഈ പുസ്തകത്തിന്റെ ചുവടുപിടിച്ച് ധാരാളം ഡൂംസ്ഡേ കൾട്ട് (Doomsday Cult) ഗ്രൂപ്പുകൾ അഥവാ ‘അന്ത്യകാലം അടുത്തിരിക്കുന്നു’ എന്നു പ്രതീക്ഷിക്കുന്ന ധാരാളം ഗ്രൂപ്പുകൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. കത്തോലിക്കാ വിശ്വാസികളെയാണ് ഈ ഗ്രൂപ്പുകൾ പ്രധാനമായും ഉന്നംവയ്ക്കുന്നത്. വൈദികരും സന്യസ്തരും പോലും ബുക്ക് ഓഫ് ട്രൂത്തിനെ ചുറ്റിപ്പറ്റിയുള്ള ഇത്തരം ഗ്രൂപ്പുകളിൽ അംഗങ്ങളായിട്ടുണ്ട് എന്നാണ് പലയിടത്തും നിന്നും വരുന്ന റിപ്പോർട്ടുകളിൽ നിന്നു മനസ്സിലാകുന്നത്. ഇത്തരം കൾട്ടുകൾ അടിസ്ഥാനമാക്കിയിരിക്കുന്ന ‘ബുക്ക് ഓഫ് ട്രൂത്തിന്റെ’ പുറകിലുള്ള ചില ട്രൂത്തുകളെക്കുറിച്ച് നടത്തിയ അന്വേഷണത്തിന്റെ കണ്ടെത്തലുകളാണ് ഈ പോസ്റ്റിന്റെ ആധാരം.

ബുക്ക് ഓഫ് ട്രൂത്തിനു പിന്നിലെ ‘മരിയ ഡിവൈൻ മേർസി’ എന്നറിയപ്പെടുന്ന ആൾ ആരാണ്?

ക്ലെയിം

സന്ദേശങ്ങളിൽ നിന്നു ശ്രദ്ധ തിരിയാതിരിക്കാനും തന്റെയും തന്റെ കുടുംബത്തിന്റെയും രക്ഷയ്ക്കുവേണ്ടി യേശു തന്നെ, തന്നോട് ‘അനോണിമസ്’ ആയിരിക്കാന്‍’ (മറഞ്ഞിരിക്കാൻ) ആവശ്യപ്പെട്ടു എന്നാണു മരിയ ഡിവൈൻ മേർസിയുടെ ക്ലെയിം.

പ്രശ്നങ്ങൾ

മരിയ ഡിവൈൻ മേർസി ആരാണ് എന്നതിലേയ്ക്ക് കടക്കുന്നതിനുമുമ്പ് അവരുടെ ക്ലെയിമിലെ ചില പ്രശ്നങ്ങൾ സൂചിപ്പിക്കാം.

1. മറഞ്ഞിരിക്കുന്ന ഒന്നാണ് പലപ്പോഴും ശ്രദ്ധ കൂടുതൽ ആകർഷിക്കുന്നത്. വെളിപാട് കിട്ടിയ വ്യക്തി ആരാണെന്നറിഞ്ഞാൽ, ആ വ്യക്തി പറയുന്ന കാര്യങ്ങൾക്ക് കൂടുതൽ ആധികാരികത വരും. മറഞ്ഞിരുന്നാൽ വെളിപാടുകൾ തന്നെ സംശയാസ്പദമാവും എന്നു മാത്രമല്ല, വെളിപാടുകൾ സത്യമാണെങ്കിൽക്കൂടി അവയിൽ ശ്രദ്ധ പതിക്കാതിരിക്കുകയോ അവയിൽ നിന്ന് ശ്രദ്ധ മാറുകയോ ചെയ്യാം.

2. തന്റെയും തന്റെ കുടുംബത്തിന്റെയും ‘സുരക്ഷ’യെ ബാധിക്കും എന്നുപറഞ്ഞ് ഏത് പ്രവാചകന്‍/ പ്രവാചികയാണ് മറഞ്ഞിരുന്നിട്ടുള്ളത്? സുവിശേഷത്തിനുവേണ്ടിയും തനിക്കുവേണ്ടിയും പീഡനങ്ങൾ അനുഭവിക്കുവാൻ തയ്യാറാകണമെന്നും സ്വന്തം കുരിശുമെടുത്ത് തന്നെ അനുഗമിക്കണമെന്നും ആവശ്യപ്പെടുന്ന ക്രിസ്തു എന്നുമുതലാണ് ‘സുരക്ഷ’യെ കരുതി ഒളിഞ്ഞിരിക്കണം എന്ന് ആവശ്യപ്പെട്ടിട്ടുള്ളത്? “ഭയപ്പെടേണ്ട, ഞാൻ നിന്നോടു കൂടെയുണ്ട്” എന്നല്ലേ അവൻ എപ്പോഴും പറഞ്ഞിട്ടുള്ളത്? ഭയത്തിന്റെ ആത്മാവ് പരിശുദ്ധാത്മാവാണോ?

3. ‘മറഞ്ഞിരിക്കുന്ന മരിയ ഡിവൈൻ മേർസി’ മറ്റൊരു പ്രശ്നം കൂടി സഭയിൽ സൃഷ്ടിക്കുന്നുണ്ട്. അത് സ്വകാര്യവെളിപാടുകളെ സംബന്ധിച്ചുള്ളതാണ്. സ്വകാ‍ര്യവെളിപാടുകളെ പൂർണ്ണമായും സഭ ഒരിക്കലും തള്ളിക്കളയാറില്ല. എന്നാൽ, അവയെ പരിശോധിച്ചു നോക്കാറുണ്ട്. വചനം പഠിപ്പിക്കുന്നത് ഇപ്രകാരമാണ്: “ആത്മാവിനെ നിങ്ങള്‍ നിര്‍വീര്യമാക്കരുത്. പ്രവചനങ്ങളെ നിന്ദിക്കരുത്. എല്ലാം പരിശോധിച്ചു നോക്കുവിന്‍. നല്ലവയെ മുറുകെപ്പിടിക്കുവിന്‍. എല്ലാത്തരം തിന്മയിലും നിന്ന് അകന്നുനില്‍ക്കുകയും ചെയ്യുവിന്‍” (1 തെസ. 5:19-22).

സഭ എങ്ങനെയാണ് ഈ പരിശോധന നടത്തുന്നത്? സഭയ്ക്ക് അതിനൊരു പ്രോട്ടോക്കോൾ ഉണ്ട്. വളരെ സിമ്പിളായി പറഞ്ഞാൽ, മൂന്നു കാര്യങ്ങളാണ് ഈ പരിശോധനയിൽ പ്രധാനം. (വിശദമായി അറിയണമെന്ന് ആഗ്രഹമുള്ളവർക്ക് ഈ ലിങ്കിൽ ക്ലിക്ക് ചെയ്യാം. http://www.vatican.va/…/rc_con_cfaith_doc_19780225_norme-ap… )

a. സ്വകാര്യവെളിപാട് ആവശ്യപ്പെടുന്ന വ്യക്തിയുടെ ധാർമ്മിക നിലവാരം എന്താണ്? അവർ സത്യം പറയുന്ന വ്യക്തിയാണോ?

b. അവരുടെ ഭക്തജീവിതം എപ്രകാരമുള്ളതാണ്? അവർ ദൈവത്തിൽ വിശ്വസിക്കുന്നുണ്ടോ? സഭയിലും വിശുദ്ധ ഗ്രന്ഥത്തിലും വിശ്വസിക്കുന്നുണ്ടോ? അപ്പസ്തോലിക അധികാരത്തെ അംഗീകരിക്കുന്നുണ്ടോ? ഒരു ക്രൈസ്തവജീവിതത്തിനു ചേർന്ന ഫലം പുറപ്പെടുവിക്കുന്നുണ്ടോ?

c. അവരുടെ വെളിപാടിന്റെ സ്വഭാവം എപ്രകാരമുള്ളതാണ്‌? ഏതെങ്കിലും തരത്തിൽ മുമ്പ് വെളിപ്പെടുത്തപ്പെട്ട കാര്യങ്ങൾ തന്നെയാണോ? അതോ പുതിയതായിട്ട് എന്തെങ്കിലുമാണോ?

ഇവിടെ മരിയ ഡിവൈൻ മേർസിയുടെ കാര്യത്തിൽ അവസാനത്തെ കാര്യമൊഴിച്ച് ആദ്യത്തെ രണ്ടു കാര്യങ്ങളും പരിശോധിക്കാൻ പോലും സാധ്യമല്ല. സ്വയം വെളിപ്പെടുത്താതെ മറഞ്ഞിരിക്കുന്ന ഒരു വ്യക്തിക്ക് സത്യത്തിൽ വിശ്വാസമുണ്ടോ? അവർ ധാർമ്മികജീവിതം നയിക്കുന്ന വ്യക്തിയാണോ? സത്യം പറയുന്ന വ്യക്തിയാണോ? ഏതെങ്കിലും ഹാലുസിനേഷനോ മറ്റു മാനസികപ്രശ്നങ്ങളോ ഉള്ള വ്യക്തിയാണോ? എന്നൊക്കെ അറിയാൻ യാതൊരു നിർവ്വാഹവുമില്ല. അതുകൊണ്ടു തന്നെ, മരിയ ഡിവൈൻ മേർസിയുടെ വെളിപാടിനെ ഒരിക്കലും ഒരു സ്വകാര്യവെളിപാടായി പോലും അംഗീകരിക്കുവാൻ സാധ്യമല്ല.

ഇനി അവർ സ്വയം വെളിപ്പെടുത്തുന്നില്ലെങ്കിലും അവരുടെ വെളിപാടുകളിൽ സത്യമില്ലേ എന്നു ചിലരൊക്കെ ചിന്തിക്കാം. അങ്ങനെ സ്വയം വെളിപ്പെടുത്താത്ത ഒരു വ്യക്തിയെ എങ്ങനെ വിശ്വസിക്കാനാണ്‌? അവരിലൂടെ വെളിപ്പെടുന്നത് അവരുടെ ഹാലുസിനേഷന്റെയൊ അതുമല്ലെങ്കിൽ പൈശാചികതയുടെയോ ഫലമല്ല എന്ന് എങ്ങനെ അറിയാനാണ്? പിശാചു പോലും പ്രഭാപൂർണ്ണനായ ദൂതനായി വരാം എന്നാണല്ലോ പറയപ്പെടുന്നത്. ഇവിടെ മരിയ ഡിവൈൻ മേർസിയുടെ വെളിപാടുകളെ വിശകലനം ചെയ്താൽ അവ സത്യസഭയ്ക്ക് എതിരാണെന്നും വളരെയേറേ ദൈവശാസ്ത്ര തെറ്റുകൾ ഉൾപ്പെട്ടിരിക്കുന്നവയാണെന്നും കാണുവാൻ സാധിക്കും. അയർലണ്ടിലെ ഡബ്ലിൻ രൂപത ഇത് ചൂണ്ടിക്കാണിച്ചിട്ടുണ്ട് (ലിങ്ക്: https://www.dublindiocese.ie/statement-on-maria-divine-mer…/).

കൂടാതെ, ഇവരുടെ വെളിപാടുകൾ മുമ്പ് പലർക്കും നൽകപ്പെട്ട വെളിപാടുകൾ കോപ്പിയടിച്ചതാണെന്ന ആരോപണവും പലഭാഗത്തു നിന്നും ഉയർന്നിട്ടുണ്ട് (വ്യക്തിപരമായി അത് ക്രോസ് ചെക്ക് ചെയ്തിട്ടില്ല). ഇത്രയും പറഞ്ഞതിൽ നിന്നുതന്നെ ഈ പറഞ്ഞ മരിയ ഡിവൈൻ മേർസി എന്ന വ്യക്തിയുടേത് എന്ന പേരിൽ പരക്കുന്ന വെളിപാടുകൾ വിശ്വാസയോഗ്യമല്ല എന്നു മാത്രമല്ല, അത് വെളിപാടുകളായി അംഗീകരിക്കാൻ പോലും സാധ്യമല്ല എന്ന് വ്യക്തമാണ്.

ഇത്രയൊക്കെ ഉണ്ടായിട്ടും ഏതാനും വർഷങ്ങളായി ലോകത്തിന്റെ പല ഭാഗങ്ങളിലും മരിയ ഡിവൈൻ മേർസിയുടെ പുസ്തകത്തെ അടിസ്ഥാനമാക്കിയുള്ള കൾട്ടുകൾ വളർന്നുകൊണ്ടിരിക്കുകയായിരുന്നു. അതുകൊണ്ടാണ് ഏതാനും വർഷങ്ങൾക്കു മുമ്പ് ലോകത്തിന്റെ പല ഭാഗങ്ങളിലുമുള്ള ചില കത്തോലിക്കാ ബ്ലോഗർമാർ മരിയ ഡിവൈൻ മേർസി ആരാണെന്നുള്ള അന്വേഷണം ആരംഭിച്ചത്. ഇനി ആ അന്വേഷണത്തെക്കുറിച്ചും അതിനുശേഷം നടന്ന ചില കാര്യങ്ങളെക്കുറിച്ചും സൂചിപ്പിക്കാം.

2010-ലാണ് മരിയ ഡിവൈൻ മേർസി എന്ന പേരിൽ ഒരു വ്യക്തി, തനിക്ക് വെളിപാടുകൾ കിട്ടുന്ന കാര്യം ഇന്റർനെറ്റിന്റെ സഹായത്തോടെ പബ്ലിഷ് ചെയ്തുതുടങ്ങിയത്. തുടക്കകാലം മുതൽ അവർ ഉപയോഗിച്ചിരുന്നത് “Jesus to Mankind” (https://www.facebook.com/JesusToMankind) എന്ന ഫേസ്ബുക്ക് പേജും “the warnings second coming” (http://www.thewarningsecondcoming.com) എന്ന വെബ്സൈറ്റും ആയിരുന്നു. ഇവരുടെ ഫേസ്ബുക്ക് പേജിന് റീച്ച് കിട്ടിത്തുടങ്ങിയപ്പോൾ 2011-ൽ ഫിലാഡെൽഫിയായിലുള്ള ഒരു ക്രിസ്ത്യൻ റേഡിയോയുമായി ഇവർ ഒരിക്കൽ ഫോണിൽ അഭിമുഖം നടത്തിയിരുന്നു. അന്ന് അവർ സംസാരിച്ചിരുന്നത് ഐറിഷ് ആക്സന്റ് ഉള്ള ഇംഗ്ലീഷ് ആയിരുന്നു. മാത്രമല്ല, ആ ഇന്റർവ്യൂവിനിടയിൽ തന്റെ പേരു വെളിപ്പെടുത്തിയില്ലെങ്കിലും താൻ ഐറിഷുകാരിയാണെന്ന് അവർ പറഞ്ഞിരുന്നു.

2014-ൽ കുറച്ച് കത്തോലിക്കാ ഓൺലൈൻ ബ്ലോഗേർസ് ഇവരുടെ ഐഡന്റിറ്റി വെളിപ്പെടുത്തുവാൻ തീരുമാനിച്ചു. അവർ ആദ്യം അന്വേഷിച്ചത് മരിയ ഡിവൈൻ മേർസിയുടെ സെക്റ്റിന്റെ ഇന്റർനെറ്റ് സൈറ്റിന്റെ ഉടമസ്ഥരെക്കുറിച്ചായിരുന്നു. ആ അന്വേഷണം അവസാനിച്ചത്, ‘ബുക്ക് ഓഫ് ട്രൂത്ത്’ കൾട്ടിന്റെ വെബ്സൈറ്റിൽ നിന്നും അവരുടെ പുസ്തകവില്പനയിൽ നിന്നും ലഭിക്കുന്ന ലാഭം മേരി കാർബറി മക്ഗവേൺ എന്ന സ്ത്രീയും അവരുടെ മകൾ സാറായും ബിസിനസ് അസോഷ്യേറ്റ് ബ്രഫിനി കുള്ളിയും ചേർന്നു നടത്തുന മരിയ ഡിവൈൻ മേർസി എന്റർപ്രൈസിലാണു എത്തിച്ചേരുന്നത് എന്ന് മനസ്സിലാക്കിയതിലായിരുന്നു. ഇത് തിരിച്ചറിഞ്ഞതോടെ ഇവരെ കോണ്ടാക്റ്റ് ചെയ്യാനുള്ള ശ്രമം ബ്ലോഗേർസ് നടത്തി. എന്നാൽ, അവർ എം.ഡി.എമ്മുമായുള്ള ബന്ധം അംഗീകരിക്കുകയോ നിരാകരിക്കുകയോ ചെയ്യാൻ തയാറായില്ല. എന്നാൽ, അവരുമായുള്ള സംസാരം ബ്ലോഗേഴ്സ് റെക്കോർഡ് ചെയ്തിരുന്നു. ആ റെക്കോർഡും, 2011-ൽ അവർ അമേരിക്കൻ റേഡിയോയ്ക്കു നൽകിയ ഇന്റർവ്യൂവും അവർ അമേരിക്കൻ ഫോറൻസിക് കമ്പനിയായ പ്രിമ്യു ഫോറൻസിക് നടത്തുന്ന ഓഡിയോ അനലിസ്റ്റ് എഡ്വേർഡ് ജെ. പ്രിമ്യൂവിനു കൈമാറി. അമേരിക്കൻ കോടതികളിൽ പോലും പലപ്പോഴും തെളിവിനായി ഓഡിയോ അനാലിസിസ് നടത്താറുള്ള വ്യക്തിയാണ്ണു എഡ്വേർഡ്. അദ്ദേഹം നടത്തിയ അനാലിസിസിൽ 2011-ൽ റെക്കോർഡ് ചെയ്യപ്പെട്ട ഓഡിയോ മേരി കാർബറി മക്ഗവേണിന്റേതാണെന്നു വ്യക്തമായി.

ഈ കണ്ടെത്തലുകളെല്ലാം ഉൾപ്പെടുത്തി 2015 ഫെബ്രുവരിയിൽ മാർക്ക് സസീന്റെ നേതൃത്വത്തിൽ “The Outing of Mary Carberry: Exposing the woman behind the secret “visionary” Maria Divine Mercy” എന്ന പുസ്തകം പബ്ലിഷ് ചെയ്തു. മരിയ ഡിവൈൻ മേർസിയുടെ പുസ്തകങ്ങൾ പബ്ലിഷ് ചെയ്യുന്ന കോമ ബുക്സ്, ട്രമ്പറ്റ് പബ്ലിഷ് കമ്പനിയുടെ ഉടമസ്ഥതയിലുള്ളതാണെന്നും അതിന് ബ്രഫിനി കുള്ളിയുമായി ബന്ധമുണ്ടെന്നും തെളിയിക്കപ്പെട്ടു. ഈ കമ്പനിയുടെയും അതുമായി ബന്ധപ്പെട്ടവരുടെയുമൊക്കെ വിവരങ്ങൾ സസീർ തന്റെ പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഒരു പി.ആർ. കമ്പനി നടത്തുന്ന ഐറിഷ് ബിസിനസുകാരിയാണ് മേരി കാർബറി. 2010-ൽ ജപ്തിനടപടികളിലേയ്ക്കു വരെ എത്തുമെന്ന അവസ്ഥയിൽ മേരി കാർബറിക്കു തോന്നിയ ബിസിനസ് ആയിരുന്നു ‘ബുക്ക് ഓഫ് ട്രൂത്ത്’ എന്നാണ് അന്വേഷണങ്ങൾ തെളിയിക്കുന്നത്. വർഷങ്ങളോളം ഇന്റർനെറ്റ് സർക്കിളുകളിൽ സെലബ്രിറ്റി ആയിരുന്ന മരിയ ഡിവൈൻ മേർസിയുടെ യഥാർത്ഥ മുഖം മേരി കാർബറി ആണെന്ന് 2015 ഫെബ്രുവരി ഒന്ന് ഞായറാഴ്ച ഐറിഷ് മെയിൽ പ്രസിദ്ധീകരിച്ചു.

പരിഭ്രാന്തയായ മേരി കാർബറി ആ ദിവസത്തെ പത്രം മുഴുവൻ വാങ്ങിക്കൂട്ടി. തന്റെ കഥ അയർലണ്ടിലെ താൻ ജീവിക്കുന്ന സ്ഥലത്തെ ജനങ്ങൾ അറിയരുതെന്ന് അവർ ആഗ്രഹിച്ചു കാണണം. എന്നാൽ, പരിഭ്രാന്തയായി പത്രം വാങ്ങിച്ചുകൂട്ടുന്ന മേരി കാർബറിയുടെ ചിത്രങ്ങൾ പല സ്ഥലത്തെയും സിസി ടിവി ക്യാമറയിൽ പതിഞ്ഞു. അടുത്ത ഞായറാഴ്ച (ഫെബ്രുവരി 8-ലെ) ഐറിഷ് പത്രം ആ വാർത്ത കൂടി ഉൾപ്പെടുത്തി.

തന്റെ ഐഡന്റിറ്റി വെളിവാക്കപ്പെട്ടതോടുകൂടി മേരി കാർബറി തന്റെ വെബ്സൈറ്റ് പിൻവലിച്ചു. നാലു ലക്ഷത്തിനു മുകളിൽ ഫോളോവേർസ് ഉണ്ടായിരുന്ന തന്റെ ഫേസ്ബുക്ക് പേജും അവർ ഡിലീറ്റ് ചെയ്തു (അതുകൊണ്ടാണ് മുകളിലെ ലിങ്കുകളിൽ നിങ്ങൾ ക്ലിക്ക് ചെയ്താൽ അവ കിട്ടാത്തത്). വെബ്സൈറ്റും ഫേസ്ബുക്ക് പേജും പിൻവലിക്കുക മാത്രമല്ല, അതിനുശേഷം ‘മരിയ ഡിവൈൻ മേർസി’ എന്ന പേരിൽ പുതിയ ഒരു വെളിപാടും ഉണ്ടായതുമില്ല. ഇന്നും ബുക്ക് ഓഫ് ട്രൂത്ത് പരിശോധിച്ചാൽ 2015 വരെയുള്ള വെളിപാടുകളേ നിങ്ങൾക്ക് കാണാൻ സാധിക്കൂ. ഐഡന്റിറ്റി വെളിപ്പെട്ടതോടെ വെളിപാടുകൾ നിന്നുപോയത് വളരെ വിചിത്രമാണ്.

ഉപസംഹാരം

ഈ ലേഖനത്തിന്റെ ആദ്യഭാഗത്തു നടത്തിയ അനാലിസിസിൽ നിന്നും സഭാ രീതി അനുസരിച്ചും ദൈവശാസ്ത്ര നിലപാടുകൾ അനുസരിച്ചും ബുക്ക് ഓഫ് ട്രൂത്ത് വിശ്വാസയോഗ്യമല്ല എന്ന് തെളിഞ്ഞതായിരുന്നു. രണ്ടാം ഭാഗത്തു നടത്തിയ അന്വേഷണമനുസരിച്ച് ബുക്ക് ഓഫ് ട്രൂത്ത് ഒരു ബിസിനസ് സംരംഭം ആയിരുന്നുവെന്നും മരിയ ഡിവൈൻ മേർസി ഒരു ഫ്രോഡ് ആണെന്നും വ്യക്തമാണ്.

ഈ മേരി കാർബറിയുടെ ബുക്കാണ് ഇന്ന് ചില മലയാളി കത്തോലിക്കർക്ക് വെളിപാടിന്റെ അവസാനവാക്ക് എന്നത് ആശ്ചര്യകരമാണ്. വ്യക്തമായി അന്വേഷിച്ചാൽ ‘ബുക്ക് ഓഫ് ട്രൂത്തും, മരിയ ഡിവൈൻ മേർസി എന്ന പേരുമൊക്കെ’ മലയാള സിനിമയിൽ ഈയിടെ ഉണ്ടായ ‘ട്രാൻസിനു’ തുല്യമാണ്. ഈ പുസ്തകത്തെയും വ്യക്തിയെയുമൊക്കെ കാണിച്ച് ആരും നിങ്ങളെ വഴിതെറ്റിക്കാതിരിക്കട്ടെ. “മായാദര്‍ശനങ്ങള്‍ വിശകലനം ചെയ്തുകൊണ്ട് കപടവിനയത്തിലും ദൈവദൂതന്മാരുടെ ആരാധനയിലും ആഭിമുഖ്യം കാണിക്കുന്ന ആളുകള്‍ നിങ്ങളെ വഞ്ചിക്കാതിരിക്കട്ടെ”(കൊളോ. 2:18).

ഫാ. ബിബിൻ മഠത്തിൽ

ബുക്ക് ഓഫ് ട്രൂത്തിനു പിന്നിലെ രഹസ്യങ്ങൾ PDF വേർഷൻ