സ്വവർഗ്ഗാനുരാഗിയെ തിരികെ ദൈവത്തിലേയ്ക്ക് കൊണ്ടുവന്ന തിരുവചനം

    “എന്റെ ജീവിതത്തിലേയ്ക്ക് തിരിച്ചറിവിന്റെ – വിജ്ഞാനത്തിന്റെ വെളിച്ചം വീശിയത് ദൈവമാണ്” ഇത് പറയുന്നത്, മുമ്പ് സ്വവർഗ്ഗഭോഗത്തിന് അടിമയായിരുന്ന സാറാ സദ്‌വിക്ക് എന്ന യുവതിയാണ്. വി. ഗ്രന്ഥത്തിലൂടെ നന്മ-തിന്മകളെക്കുറിച്ചുള്ള അറിവ് ലഭിച്ച ഇവൾ ഓടിയത് കുമ്പസാരക്കൂട്ടിലേയ്ക്ക്. അവിടെ നിന്നും ആ യുവതി എഴുന്നേറ്റത് ഒരു പുതിയ വ്യക്തി ആയിട്ടായിരുന്നു.

    സാറാ സദ്‌വിക്ക് ജനിച്ചതും വളർന്നതും ഒരു കത്തോലിക്കാ കുടുംബത്തിൽ ആയിരുന്നുവെങ്കിലും ആഴമായ വിശ്വാസമോ പ്രാർത്ഥനാജീവിതമോ അവൾക്കില്ലായിരുന്നു. ഒരു ഒഴുക്കിനൊത്തിങ്ങനെ പോയിരുന്ന അവളുടെ ജീവിതത്തിലേയ്ക്ക് തിന്മയുടെ ഇരുൾ പടരുകയായിരുന്നു. തെറ്റായ ജീവിതത്തിനിടയില്‍ ഇടയ്ക്കിടെ താന്‍ ചെയ്യുന്നത് തെറ്റാണെന്ന ബോധം അവളില്‍ ഉണ്ടായെങ്കിലും ബോധപൂര്‍വ്വം ആ തിരിച്ചറിവിനെ അവള്‍ ഒഴിവാക്കി. എങ്കിലും ദൈവം അവളെ പാപവഴികളില്‍ ഉപേക്ഷിക്കുവാന്‍ തയ്യാറായിരുന്നില്ല. പാപബോധവും തിരികെ ദൈവത്തിലെയ്ക്ക് വരാനുള്ള ആഗ്രഹവും അവളുടെ ഉള്ളില്‍ എപ്പോഴും തോന്നിപ്പിച്ചു കൊണ്ടിരുന്നു.

    ദൈവത്തിലേയ്ക്ക് അടുക്കണം – തിരികെ വരണം എന്ന ആഗ്രഹം ഉണ്ടെങ്കിലും, എന്റെ തെറ്റായ ജീവിതം മൂലം ദൈവത്തിന് എന്നെ സ്നേഹിക്കാന്‍ കഴിയില്ല എന്നാണ് ഞാന്‍ കരുതിയിരുന്നത്. അങ്ങനെയിരിക്കുമ്പോഴാണ് ആ പഴയ ബൈബിള്‍ എന്റെ ദൃഷ്ടിയില്‍പ്പെട്ടത്. പതിയെ ബൈബിള്‍ വായിക്കുവാന്‍ തുടങ്ങി. ആ ബൈബിള്‍ വായന ഒരു ശീലമായി തുടര്‍ന്നു. വി. ഗ്രന്ഥത്തിലൂടെ ദൈവം എന്നോട് പറഞ്ഞു: ഞാന്‍ നിന്നെ സ്നേഹിക്കുന്ന ദൈവമാണെന്ന് – സാറാ വ്യക്തമാക്കി.

    ബൈബിള്‍ വായന അവളുടെ ജീവിതത്തിന് വ്യക്തമായ ബോധ്യങ്ങള്‍ നല്‍കി. ദൈവം, മനുഷ്യനെ സ്ത്രീയും പുരുഷനുമായാണ് സൃഷ്ടിച്ചിരിക്കുന്നതെന്നും അവര്‍ തമ്മിലുള്ള ബന്ധമാണ് ദൈവം ആഗ്രഹിക്കുന്നതെന്നും അവള്‍ക്ക് ബോധ്യമായി. ആ തിരിച്ചറിവ് അവള്‍ക്ക്, സ്വവര്‍ഗ്ഗഭോഗത്തില്‍ നിന്നും പിന്തിരിയുവാനുള്ള ശക്തമായ പ്രേരണ നല്‍കി. ഉള്ളില്‍ നിന്നും പാപത്തെ വര്‍ജ്ജിക്കുവാനുള്ള ശക്തമായ പ്രേരണ. എന്നാല്‍ അവളുടെ സാഹചര്യങ്ങള്‍, പാപത്തില്‍ തന്നെ തുടരുവാന്‍ അനുകൂലമായിരുന്നു. ഈ അവസരത്തില്‍ അവള്‍ ആത്മാര്‍ഥമായി പ്രാര്‍ത്ഥിച്ചു, പ്രലോഭാനാഗ്നിയില്‍ നിന്നും തന്നെ രക്ഷിക്കണമേ… എന്ന്.

    ഒടുവില്‍ തന്റെ തെറ്റായ ബന്ധങ്ങള്‍ അവള്‍ അവസാനിപ്പിച്ചു. പള്ളിയിലേയ്ക്ക് നടന്നു. കുമ്പസാരത്തിലൂടെ ദൈവത്തിന്റെ മകളായി വീണ്ടും ജനിച്ചു. ഇന്ന് എന്റെ ജീവിതം മുഴുവന്‍ ഞാന്‍ ദൈവത്തിന് നല്‍കുകയാണ്. ഇപ്പോള്‍ ഞാന്‍ സഞ്ചരിക്കുന്നത് ശരിയായ വഴിയിലൂടെയാണെന്ന് വിശ്വസിക്കുന്നു. എന്റെ പ്രലോഭനങ്ങളില്‍ എനിക്ക് തുണയായത് ഈശോയാണ്. അവിടുന്ന് സഹായിച്ചതു കൊണ്ടുമാത്രം ആണ് ഇന്നെനിക്ക് പാപകരമായ ജീവിതത്തില്‍ നിന്ന് മോചനം നേടാന്‍ കഴിഞ്ഞത്. സാറാ പറഞ്ഞുനിര്‍ത്തി.

    ഇന്ന് വചനത്തിലൂടെ തന്നോട് സംസാരിച്ച, നേര്‍വഴി കാട്ടിയ ദൈവത്തോടൊപ്പം വിശുദ്ധമായ ഒരു ജീവിതം നയിക്കുകയാണ് ഇവര്‍.